മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പാതിരാത്രിയായിട്ടും എവിടെയൊക്കെയോ എന്തെല്ലാമോ ബഹളങ്ങൾ. എല്ലാവരും ഏറെ അസ്വസ്ഥരാണ്. ശാന്തയായ നിശീഥിനിയ്ക്കു പോലും അവരുടെ മനസ്സിലെ തീയണയ്ക്കാനാവാത്ത നിസ്സഹായത.

നേരമേറെ വൈകിയിട്ടാണ് അവരവരുടെ താമസസ്ഥലങ്ങളിലേക്ക് എല്ലാവരും പിരിഞ്ഞു പോയത്. താമസസ്ഥലം എന്നല്ലാതെ വീട് എന്നു പറയാൻ മാത്രമുള്ള ആലങ്കാരികതയോ ആഢംബരമോ ഇല്ലാത്തിടമാണല്ലോ അവരുടെ വാസസ്ഥലം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് കേട്ടിട്ടുണ്ട്. എന്നാലിവിടെയോ. തമ്മിൽ കണ്ടാൽ തച്ചുകീറിതകർക്കാൻ നിൽക്കുകയാണ്. ഇപ്പോഴെല്ലാ പിണക്കങ്ങളും എല്ലാരും മറന്നത് വലിയൊരു ആശ്വാസമായിത്തോന്നി. എങ്കിലും, ഒന്നും പറയാറായിട്ടില്ല. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്നൊരു ഭീതി എല്ലാരുടേയും മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്.
"കുഞ്ഞുമോളിനിയും ഒറങ്ങീല്യേ കുട്ട്യേ..." അമ്മയാണ്. പാവം. താൻജനിച്ച അന്നു മുതൽ തുടങ്ങിയതാവും അമ്മയുടെ ഈ വേവലാതി.

താമസിക്കുന്നത് ആർക്കും വേണ്ടാത്ത ഒരു പുറമ്പോക്കിലായിരുന്നു എന്നതുകൊണ്ടുതന്നെ ഇവിടേക്കാരും അവകാശം പറഞ്ഞെത്തില്ല എന്നു കരുതിയതാണ്. കഴിഞ്ഞയാഴ്ച കുറേയാളുകൾ ഇടക്കും തലക്കും വന്ന് എന്തെല്ലാമോ കാര്യമായി സംസാരിക്കുന്നതും അളക്കുന്നതും കുറിക്കുന്നതുമൊക്കെ കണ്ടപ്പോഴേ പിടയ്ക്കാൻ തുടങ്ങിയതാണ് നെഞ്ച്. ഒടുവിൽ അതിനും ഒരു തീരുമാനമായി. അവിടെ നിന്ന് എല്ലാരും ഒഴിയണമെന്ന് ഒരു ആജ്ഞതന്നെയായിരുന്നു. ഒരു കൂട്ടം റൗഡികളെക്കൂട്ടിത്തന്നെയാണ് അവരവിടെയെത്തി മുന്നറിയിപ്പു തന്നത്. രണ്ടു ദിവസത്തിനകം പൊക്കോളണം ഇവിടന്ന് എന്ന് കല്പിക്കുമ്പോൾ ധാർഷ്ട്യം മാത്രമല്ല, ഈയൊരവസ്ഥയിലുള്ള തങ്ങളുടെ നേർക്കുള്ള പുച്ഛവും വല്ലാതെ പ്രകടമായിരുന്നു. കൂട്ടത്തിൽ നേതാവെന്നു തോന്നിക്കുന്ന ഉയരം കൂടിയ കഷണ്ടിക്കാരനിൽ നിന്ന്എന്ന് ഓർത്തപ്പോൾ കടുത്ത അമർഷം മനസ്സിൽ നുരച്ചുപൊങ്ങി.

തന്റെ പൂർവികർ മുതൽ ഒരുപാടു തലമുറകൾ ഇവിടെയാണ് ജനിച്ചു വളർന്നത്. ഒടുവിൽ എല്ലാമൊടുങ്ങി അവർ അലിഞ്ഞു ചേർന്നതും ഈ മണ്ണിലാണ്. അമ്മയോടിതൊന്നും പറഞ്ഞിട്ടു കാര്യമില്ല. വല്ലാതെ പേടിച്ചരണ്ട ആ കണ്ണുകൾ നീരു വറ്റി കരയാൻ പോലും മറന്നു പോയി എന്നോർത്തപ്പോഴേ അവളുടെ മനസ്സു വീണ്ടുംപിടഞ്ഞു. ഇനിയും ആ മനസ്സിനെ വേദനിപ്പിച്ചു കൂടാ. മരിച്ചാലും ഇവിടെ വിട്ട് ഇനി എങ്ങുമില്ല എന്ന തന്റെ ഉറച്ച ശബ്ദം കേട്ട് അമ്മ ഞെട്ടിയത് കണ്ടപ്പോഴേ തീരുമാനിച്ചതാണ്, തന്റെ അമ്മയെ വേദനിപ്പിച്ചു കൊണ്ട് ഒന്നിനും തനിക്കാവില്ലെന്ന്.

ഇവിടത്തെ ഉദയത്തിനും അസ്തമയത്തിനും മാത്രമല്ല, അതിനിടക്ക് ആടിത്തീർക്കാനുള്ള സംഭവബഹുലമായ ജീവിത വേഷപ്പകർച്ചകൾക്കും ഒരു പ്രത്യേക മനോഹാരിതയുണ്ടെന്ന് കണ്ടെത്താനായത് ഈയടുത്ത കാലത്താണ്. അഥവാ അതെത്ര തന്നെ സങ്കീർണമായിരുന്നാലും ഒരു സമഷ്ടിയുടെ സാന്നിദ്ധ്യത്താൽ എത്ര പെട്ടെന്നാണവ ലളിതമായി നീഹാരകണമെന്ന പോലെ അലിഞ്ഞ് അപ്രത്യക്ഷമാകുന്നത്.

എന്തായാലും ഈയൊരു സംഭവത്തോടെ ആളുകൾ തമ്മിൽ പരസ്പര സ്നേഹം ഉടലെടുത്തല്ലോ എന്നോർത്തപ്പോൾ വേദനക്കിടയിലും വല്ലാത്തൊരുൾക്കുളിരു തോന്നി. തമ്മിൽ വളർന്നു വരുന്ന സ്നേഹവല്ലരി എത്ര പെട്ടെന്നാണ് തളിരിട്ടു പൂവണിയുന്നത്!

വീണ്ടും മനസ്സ് എങ്ങോട്ടെന്നില്ലാതെ മേഞ്ഞുനടന്നു.

"നീലിമാ..." എന്നാരോ കൂരിരുട്ടിൽ നിന്നും വിളിക്കുന്നതു കേട്ട് പെട്ടെന്നവൾ ചാടി എഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ ചുറ്റിനും കരിമ്പടം പുതച്ച പോലുള്ള അന്തരീക്ഷം തന്നെ ഒട്ടും തന്നെ പേടിപ്പെടുത്തുന്നില്ലെന്ന് നിർവ്വികാരതയോടെ അവളോർത്തു. അങ്ങിങ്ങായി നിയതമായൊരു രൂപമില്ലാത്ത നിഴലുകൾ. അവൃക്തരൂപങ്ങൾ .

എല്ലാം തന്റെ മനസ്സിന്റേതായ തോന്നലായിരുന്നു എന്ന തിരിച്ചറിവിന് പിന്നേയും ഏറെ നേരമെടുത്തു.
ഇനിയും ഏതാനും നിമിഷങ്ങൾ മാത്രം. അതു കഴിഞ്ഞാൽ ഇവിടെയുണ്ടായിരുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതം വെറുമൊരു സ്വപ്നം പോലെ... തെളിച്ചമില്ലാത്ത ഭൂതകാല ചിത്രം പോലെ വല്ലപ്പോഴും ഏതാനും പേരുടെ മാത്രം ഓർമയിലെപ്പോഴെങ്കിലും തെളിഞ്ഞു വന്നെങ്കിലായി.

ഓർക്കുമ്പോൾത്തന്നെ വല്ലാത്തൊരു മരവിപ്പാണ് മനസ്സിന് .ആ മരവിപ്പ് മെല്ലെ മെല്ലെ കൈകാലുകളിലേക്കും ശരീരം മുഴുവനും പടർന്നു കയറുന്നു. മരണ തുല്യമായ ഈ അവസ്ഥ മുഴുവനായി പിടിമുറുക്കുന്നതിൻ മുമ്പേ ഒരിക്കൽക്കൂടി തന്നെ വിളിച്ച മനോഹര ശബ്ദത്തിനായി അവൾ കാതോർത്തു. തന്റെ മനസ്സിന്റെ ശ്രീകോവിലിൽ താനെന്നേ പ്രതിഷ്ഠിച്ച ആ വിഗ്രഹത്തെ ഒരിക്കൽക്കൂടിയൊന്നു കാണാൻ അവളുടെ കണ്ണുകൾ പരതി.

ഇല്ല, വെറുമൊരു തോന്നലായിരുന്നു. എല്ലാമൊരു തോന്നൽ മാത്രം. സ്വപ്നം കാണാൻ സമയമില്ലെന്ന് മനസ്സിനെ വീണ്ടും വീണ്ടും അവൾ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

ജനിച്ചു വളർന്ന ഇടം ഏറെ പ്രിയതരം തന്നെ... പക്ഷേ.. ഇനിയുമിവിടെ പിടിച്ചു നിൽക്കാനാവില്ല. അല്ലെങ്കിൽത്തന്നെ നിസ്വരായ ഒരു കൂട്ടം ആളുകൾ ഒരുപാടൊന്നും ആഗ്രഹിച്ചു കൂടാ. വൃക്ഷങ്ങളുടെ വേരുകൾ ഏറെയഗാധങ്ങളിൽ ഭൂമിക്കടിയിൽ വെച്ച് ഭക്ഷണം പോലും പരസ്പരം കൈമാറുക പതിവുണ്ടത്രേ... ഇവിടെയുള്ള മനുഷ്യർ മാത്രമെന്തേയിങ്ങനെ?

എത്രയെത്ര ആഗ്രഹങ്ങളുടെ വിത്തുകളാണ് മനസ്സിൽ നട്ടുനനച്ച് മുളപ്പിച്ചെടുത്തത്‌. എത്ര പെട്ടെന്നാണവയെല്ലാം വളർന്നു പടർന്നു കയറി പന്തലിച്ചത്. തന്റെ മനസ്സിന്റെ നിയന്ത്രണം മറ്റാർക്കും തന്നെ വിട്ടു കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഏതൊരു അഭിശപ്ത നിമിഷത്തിലാണ് തനിക്കു കൈമോശം വന്നത്. അതിന്റെ പേരിൽ പ്രിയപ്പെട്ടവരുടെ സ്വപ്നച്ചിറകുകൾ അരിഞ്ഞു വീഴ്ത്തിയത് ദയനീയമായി നോക്കി നിൽക്കാനല്ലേ തനിക്കു കഴിഞ്ഞുള്ളൂ എന്നോർത്തപ്പോർ സ്വയം തോന്നിയ പുച്ഛം മനസ്സിലിപ്പോഴുമുണ്ട് അതേ തീവ്രതയോടെ.

ഇവിടം വിട്ടു പൊയ്ക്കൊള്ളണം എന്ന കല്പന ഒരു അശനിപാതം പോലെ വന്നു പതിച്ചപ്പോൾ ഒന്നെതിർക്കാനാവാത്ത വിധം എല്ലാവരും എത്ര പെട്ടെന്നാണ് തളർന്നു പോയത്. അഥവാ എതിർക്കാനും ചോദ്യം ചെയ്യാനും നിന്നാൽ വന്നു ഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഏറെ ബുദ്ധിപൂർവം ആലോചിച്ചെടുത്ത തീരുമാനം തന്നെയായിരുന്ന ശരിയെന്നിപ്പോൾ തന്റെ മനസ്സും പറയുന്നു. ഇനിയും മറ്റൊരിടത്തേക്ക്. പലായനത്തിന്റെ ദുരിതപർവ്വങ്ങൾക്ക് ഒരിക്കൽക്കൂടി തനിയാവർത്തനം. തീർത്തും അപ്രത്യക്ഷരാകുന്നതിനേക്കാർ, നിഷ്ക്കാസിതരാകുന്നതിനേക്കാൾ ഭേദമല്ലേ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നത്‌?

ഈയൊരു യാത്രയിലിനി ആർക്കും ആരും തുണയാവാനാവില്ല. തിരിഞ്ഞു നോക്കാതെ, അകലേക്കകലേക്ക്ല, ക്ഷ്യമില്ലാത്തൊരു യാത്ര...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ