മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്വസ്ഥമായ ജീവിത സായാഹ്നത്തിൽ തിരക്കൊഴിഞ്ഞ തെരുവ് പോലെയായി ജീവിതം. അപാർട്മെന്റിന്റെ ചുമരിനോളം തന്നെ വലുപ്പമുള്ള ചില്ല് ജാലകത്തിൽ കണ്ണു നട്ടു കിടക്കുമ്പോൾ അയാൾക്ക്

എന്തെന്നില്ലാത്ത സന്തോഷം തോന്നി. കഴിഞ്ഞ കുറേവർഷങ്ങളായി ഇരിക്കാനും നിൽക്കാനും നേരമില്ലാതെ നെട്ടോട്ടമായിരുന്നു. എല്ലാം അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കാൻ തുടങ്ങിയതിൽ പിന്നെ നഷ്ടപ്പെട്ട പലതും തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ സംതൃപ്തി തോന്നി.

കുടുംബത്തേക്കാൾ കൂടുതൽ ബിസിനസിന് പ്രാധാന്യം കൊടുത്ത ഒരു കാലമുണ്ടായിരുന്നു. മക്കളുടെ വളർച്ചയോ ഭാര്യയുടെ കാത്തിരിപ്പോ ശ്രദ്ധിക്കാത്ത തിരക്ക് പിടിച്ച ഒരു ജീവിതം. പലതും വെട്ടിപ്പിടിക്കാനുള്ള ആഗ്രഹമായിരുന്നു. കുറെ വെട്ടിപ്പിടിക്കാനും സാധിച്ചു. എന്നാൽ ഇന്ന് സൂര്യനും മുമ്പേ ഉണർന്ന് കടലിലേക്ക് നോക്കിയിരുന്നു ഭാര്യ തന്ന ചായ കുടിക്കുമ്പോൾ അന്നൊന്നും കിട്ടാത്ത മനസ്സമാധാനം അനുഭവിക്കാൻ കഴിയുന്നുണ്ട്.

ഭാമയെ സ്നേഹിചു വിവാഹം കഴിച്ചതാണ്. കമ്പനിയിൽ സെക്രട്ടറിയായി ചേർന്ന ഭാമ പിന്നീട് എങ്ങനെയോ ജീവിതസഖിയായി മാറി. വളരെ ഊർജ്ജസ്വലയും കാരൃപ്രാപ്തിയുമുള്ള പെൺകുട്ടിയായിരുന്നു അവൾ. തൻറെ ബിസിനസ് ടൂറുകൾ അക്കാലത്ത് അവൾക്ക് ഒരു പാട് ഏകാന്തത നൽകിയിരുന്നു. എങ്കിലും പരിഭവമോ പരാതിയോ ഒരിക്കലെങ്കിലും പ്രകടിപ്പിച്ചതായി ഓർമ്മയില്ല. പലപ്പോഴും ബിസിനസ് മീറ്റിങ്ങുകളും കോൺഫറൻസുകളുമെല്ലാം അവളെക്കുറിചോ മക്കളെ കുറിച്ചോ ഓർക്കാതിരിക്കാൻ കാരണമായിട്ടുണ്ട്. താൻ ഇല്ലെങ്കിലും എല്ലാം അവൾ കൈകാര്യം ചെയ്യുമെന്ന വിശ്വാസമായിരുന്നു ഏറെ. അത് അവൾ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ താൻ കാണാതെ പോയ ജീവിതത്തിലെ വലിയ തെറ്റ് അവൾ ആഗ്രഹിച്ച തൻറെ സാമീപ്യം ആയിരുന്നു.

വളരെ വൈകിയാണ് അക്കാര്യം താൻ മനസ്സിലാക്കിയത്. പക്ഷേ പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റിയ ഒരു ബിസിനസ് ലോകമായിരുന്നില താൻ വളർത്തി എടുത്തിട്ടുണ്ടായിരുന്നത്. പിന്നെയും നാലഞ്ചുവർഷം എടുത്തു എല്ലാം ഒന്ന് അവസാനിപ്പിക്കാൻ.

മക്കളെല്ലാം തൻറെ വഴി തിരഞ്ഞെടുക്കാതെ അവരവരുടെ ജോലിയുമായി ജീവിക്കുന്നു. കാലത്ത് ഇറങ്ങി വൈകി തിരിച്ചെത്തുന്ന ജോലികളാണ് രണ്ടുപേർക്കും.ഭാര്യയോടും കുട്ടികളോടുമൊപ്പം ജീവിക്കുന്ന അവർ അവർ തികച്ചും സന്തുഷ്ടരാണ്. അടുത്തടുത്ത് അപ്പാർട്ട്മെൻറ്കളിലാണ് അവർ ജീവിക്കുന്നത്. തന്നെയും ഭാമയെയും തികച്ചും സ്വകാര്യതയിലേക്ക് വിട്ട് ജീവിക്കുകയാണെങ്കിലും എല്ലാ കാര്യങ്ങളിലും അവർ ശ്രദ്ധിക്കുന്നുണ്ട്.

ജീവിതം ഇപ്പോൾ പുഴയൊഴുകുന്നത്‌ പോലെയാണ്. കടലിരമ്പത്തിന് കാതോർക്കാതെ നിശബ്ദമായി ഒഴുകുന്ന പുഴയയെയാണിപ്പോൾ കേൾക്കുന്നത്.കൂറ്റൻ തിരമാലകൾ ഇല്ലാത്ത , തിമിംഗലങ്ങളും സ്രാവുകളും തീണ്ടാപ്പാടകലെയുള്ള വിജനമായ ദീപിൽ. ഇവിടെ സ്വസ്ഥതയുണ്ട് കൂടെ സ്വപ്നങ്ങളും. ഉറക്കത്തിൽ ആഴത്തിൽ മുങ്ങി മുത്തുകൾ എടുത്തു പൊങ്ങി വരുന്നത് സ്വപ്നം കാണാറുണ്ട്. പലപ്പോഴും ആ സമയത്ത് ശ്വാസമെടുക്കാനുള്ള വിമ്മിഷ്ടം ഉറക്കം മുറിയുന്നതിന് കാരണമാകുന്നു.

മരണത്തെ ഭയമാണിപ്പോൾ. ഭാമ തനിച്ചാകും എന്ന തോന്നലാണ് അതിൻറെ പിന്നിൽ. അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന, അവളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരേ ഒരാൾ താനാണെന്ന സത്യം താൻ എന്നോ തിരിച്ചറിഞ്ഞതാണ്. വർഷങ്ങളോളം ഫലത്തിൽ താൻ അവൾക്ക് മരിച്ചതിന് തുല്യം തന്നെയായിരുന്നു. സംസാരിക്കാനോ ഒപ്പം യാത്ര പോകാനോ സമയം നൽകാത്ത ഒരു ജീവിത പങ്കാളി.

ഓർമ്മയുടെ കണക്ക് പുസ്തകത്തിൽ എഴുതി വെച്ച കടങ്ങളെല്ലാം ഓരോന്നായി തീർത്തു കൊണ്ടിരിക്കുകയാണ്. അതിൽ ചില കണക്കുകൾ ഇനിയും ബാക്കിയാണ്. തീർക്കാൻ ആകുമോ ? അറിയില്ല.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ