mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കണ്ണുകൾ തമ്മിൽ ഇടയുന്നത് ഒരപകടം പിടിച്ച സംഗതിയാണെന്ന് ഇടക്കിടെ സോഫി പറയാറുണ്ട്. പ്രേമഭംഗം നേരിട്ടതിൽ പിന്നെയാണ് അവളിങ്ങനെയൊക്കെ ഫിലോസഫികൾ പറയാൻ തുടങ്ങിയത്.

മുറിവേൽക്കപ്പെട്ട ആദ്യനാളുകളിൽ കാർമേഘത്തെപ്പോലെ ഉരുണ്ട് കൂടുകയും മിഴിനീർക്കണങ്ങൾ പൊഴിക്കുകയും ഒടുവിൽ ഇരുളടഞ്ഞ നിശാവേളയിൽ വിലപിച്ചലഞ്ഞലഞ്ഞു ഉറങ്ങുകയും ചെയ്യും. 

സ്നേഹം വേട്ടയാടിയിരുന്ന കാലത്ത് വെളുത്ത് നരച്ച അപ്പൂപ്പൻ താടി പോലെയായിരുന്നു അവൾ, എവിടേക്കെന്നില്ലാതെ പാറിപ്പറന്ന് നടന്നിരുന്നു. കടുംകാപ്പി അവൾക്ക് ഒരുപാടിഷ്ടമാണ്. തീപാറുന്ന കടുംകാപ്പി ആവേശമേതുമില്ലാതെ നുകരുമ്പോൾ, ഞങ്ങളെ നോക്കി ഒരു കൊച്ചുകുട്ടിയെപ്പോലെ പുഞ്ചിരിക്കും. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ ഒരുവശത്തേക്ക് വകഞ്ഞു മാറ്റി, ഒരു മുതിർന്ന വ്യക്തിയെപ്പോലെ ഞങ്ങളോട് ചില തത്വങ്ങൾ പറയും. സ്നേഹിതരോടൊപ്പം ഒരു കാപ്പി കുടിക്കുന്നത് ചിലപ്പോഴൊക്കെ ഒരു തെറാപ്പിയുടെ ഗുണം ചെയ്യും. 

ചില്ലിട്ട കുപ്പിയിൽ നിറച്ച ലഹരി പോലെയാണ് അവൾ, നുരഞ്ഞും പതഞ്ഞും അനിയന്ത്രിതമായി അങ്ങനെ ഒഴുകി കൊണ്ടിരിക്കും. സ്നേഹമെന്ന ഹൃദയ സാഗരത്തിലേക്കുള്ള നദി കൂടിയാണവൾ. കുഞ്ഞരുവിയായി തുടങ്ങി പതിയെ പതിയെ ഒരു കടലായി മാറും, വറ്റാത്ത കടൽ. നീണ്ട ഇടവേളകൾ അവൾക്കസ്വസ്ഥമാണ്. കലണ്ടറിലെ ചുവന്ന അക്കങ്ങൾ ഫൗണ്ടൻ പേന കൊണ്ട് ക്രോസ്സ് ചെയ്യുമ്പോൾ ആ മുഖത്ത് പ്രതീക്ഷകൾ അലതല്ലിമറിയുന്നത് കാണാം. 

കോളേജിന്റെ കൽപ്പടവുകൾ ഓടിക്കയറി ലക്ഷ്യത്തിലെത്തുമ്പോൾ കിതച്ചു കൊണ്ട്, ഉറക്കെ വിളിച്ചു പറയും ഞാൻ ഫസ്റ്റേ... 

ചിലപ്പോഴൊക്കെ ചില ക്ലാന്തചിന്തകൾ ഞങ്ങളുടെയും ഉറക്കം കെടുത്തിയിരുന്നു. ഇവൾക്ക് ഭ്രാന്താണോ ? അല്ലെങ്കിലും ഉള്ള് നിറയെ സ്നേഹമുള്ളവരെ ലോകം ഭ്രാന്തരെന്നാണല്ലോ വിളിക്കാറ്. അതുകൊണ്ട് ചില സ്നേഹങ്ങൾക്ക് ഭ്രാന്തെന്നും പറയും. 

സ്നേഹിതർ തമ്മിലുള്ള കൂടിക്കാഴ്ചകൾ സങ്കീർണമായിരിക്കരുതെന്ന് അവൾ പ്രാർത്ഥിക്കാറുണ്ട്. 

എന്തിനാണ് ഒരു മുറിവ് സൃഷ്ടിക്കുന്നത്? അത് ഓർമ്മകളുടെ മടിത്തട്ടിൽ ചാരം മൂടി കിടക്കുമെന്നല്ലാതെ. സ്നേഹം നെറുകയിലമരുന്ന ചുംബനം പോലെ ഉടലാകെ പൊള്ളിക്കുമ്പോൾ, കരിമഷി ചാലിച്ചെഴുതിയ മിഴികൾ കടൽ പോലെ ഇരമ്പി വരുന്നത് കാണാം. പീലികളിൽ തഴുകിപ്പോകുന്ന മിഴിനീർക്കണങ്ങൾ കുഞ്ഞു പുഞ്ചിരിയിൽ തുളുമ്പിപ്പോവുകയും ചെയ്യും. 

അപ്രതീക്ഷിതമായാണ് അവൾ അവനിലേക്ക് സന്നിവേശിച്ചത്. ഞങ്ങളാരുമറിയാതെ അവൾ ഒളിപ്പിച്ചു വെച്ച ആ നിഗൂഢത അവനായിരുന്നു. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഹൃദയോൻ. ഉദാത്തമായ പ്രണയത്തിന്റെ നൂലിഴകൾ കൊണ്ട് അവന്റെ ആത്മാവിനെ ബന്ധിയാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നാളിൽ അവളൊരു വിരൂപയായി മാറി. കാലാന്തരത്തിൽ അവൾ ഓർമ്മകൾക്ക് കൂട്ടിരുന്നു. 

ചിറക് കാറ്റിലുലഞ്ഞു മുറിവേറ്റപ്പോൾ, അവളെ കേൾക്കാൻ ആരുമില്ലാതെയായി. രാത്രിയുടെ ആദ്യ ഇതളുകൾ കൊഴിഞ്ഞു വീഴുമ്പോൾ അവൾ ഇരുളിലേക്ക് ചേക്കേറും, ഉടലു പൊള്ളുമ്പോൾ ഷവറിന്റെ അടിയിൽ നിന്ന് ദിവസത്തിന്റെ ആകുലതകൾ കഴുകിക്കളയുകയും ചെയ്യും. കണ്ണിൽ ഇരുട്ടരിച്ചിറങ്ങുമ്പോൾ വേദനയെ കടിച്ചമർത്തും, ഒടുവിൽ നിദ്രയിലേക്ക് മയങ്ങി വീഴും. 

അവസാനമായി അവളെ കണ്ടമാത്രയിൽ എന്നോട് മൊഴിയുകയുണ്ടായി, മുറിവുകളിൽ ചുംബിക്കുന്ന ചില മനുഷ്യരുണ്ട്. ജീവിതത്തിന്റെ കുഞ്ഞു യാത്രകളിൽ പുഞ്ചിരി കൊണ്ട് മുറിവുണക്കുന്നവർ, അവർക്കും ഏതോ നിമിഷത്തിൽ മുറിവേറ്റിരിക്കാം. അല്ലാത്തവർക്ക് മുന്നിൽ  മനസ്സ് തുറക്കാൻ നിന്നാൽ നമ്മൾ ഒരു കുറ്റവാളിയോ അല്ലെങ്കിൽ കോമാളിയോ ആയി മാറിയേക്കാം. 

യാത്ര പറയാൻ നിൽക്കാതെ ഇരുളിലേക്ക് നടന്നകലുമ്പോൾ അവളുടെ കാലുകൾ ചങ്ങലമർമരം പൊഴിക്കുന്നുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ