മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Pearke Chenam

''നാശം പിടിച്ച ഈ അയല്‍ക്കാരുമായി യാതൊരു ബന്ധോം വേണ്ടാന്ന് ഞാന്‍ എത്ര തവണായി അമ്മയോട് പറയ്ണ്.'' മകള്‍ ആക്രോശിക്കുകയായിരുന്നു. വീടിനുപുറത്ത് നിന്നിരുന്ന രവീന്ദ്രന്‍ അതുകേട്ട് സ്ഥലം വിട്ടു.

''എന്താ മോളേ, നീ അങ്ങനെ പറഞ്ഞേ...''
''അമ്മയ്ക്കറിയോ... പടര്‍ന്നു പിടിയ്ക്കുന്ന വൈറസിനെപ്പറ്റി.''
''അതിലെല്ലാവര്‍ക്കും ആശങ്കയിേല്ല... ആര്‍ക്കും വരാതിരിക്കാനല്ലേ ഓരോരുത്തരും മാസ്‌ക്കും, സാനിറ്റൈസറും, സോപ്പും സാമൂഹിക അകലവുമൊക്കെ പാലിക്കുന്നത്...''
''എന്റെ അമ്മേ, അവരെല്ലാം എവിടെയൊക്കെ തെണ്ടിനടക്കുന്നവരാണെന്ന് നിങ്ങള്‍ക്കറിയോ...''
''അവര് മറ്റുള്ളോരെ സഹായിക്കാനല്ലേ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. അവര്‍ക്കിതേപ്പറ്റി ഒന്നും അറിയില്ലെന്നാണോ...''
''അതാ പറഞ്ഞത് പലയിടത്തുമായി കയറിയിറങ്ങി നടക്കുന്ന ഇവന്മാരുമായി ഒരു ബന്ധോം ഉണ്ടാക്കണ്ടാന്ന്''
''ഒരു അത്യാപത്ത് വന്നാല്‍ ആദ്യം ഉണ്ടാവുന്നത് അയല്‍ക്കാരല്ലേ, മോളേ...''
''അത്യാപത്ത് കൊണ്ടുവര്യാണ് അവര് ചെയ്യുന്നതെങ്കിലോ...''
''എന്താ മോളെ ഇങ്ങനെ... പ്രളയകാലത്ത് വീടെല്ലാം വെള്ളം കയറിയപ്പോള്‍ അവരല്ലേ ബോട്ടുമായി വന്ന് സുരക്ഷിതസ്ഥലത്തേയ്ക്ക് കൊണ്ടുപോയത്.''
''പ്രളയം പോല്യാണോ ഇത്. മനുഷ്യന്മാര് തമ്മില് അടുത്തു നില്‍ക്കുന്നതാ ഇവിടെ പ്രശ്‌നം.''
''എന്നാലും...''
''ഒരെന്നാലുമില്ല. അമ്മ വീടിനകത്തിരുന്നാല്‍ മതി. പുറമേ ആരുമായി ഒരു ബന്ധോം വേണ്ട. ആവശ്യമുള്ള സാധനങ്ങള്‍ നമുക്ക് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാം. അവര് പുറത്ത് വെച്ച് പോയ്‌ക്കോളും. ആരുമായി യാതൊരു നേരിട്ടുള്ള കോണ്ടാക്റ്റും വേണ്ട. പ്രായമായവര് പ്രത്യേകം ശ്രദ്ധിക്കണം. പറഞ്ഞത് മനസ്സിലായോ...''
നിത്യവും കഥകളും നാട്ടുവിശേഷങ്ങളുമായി വീടിനുപുറത്തുള്ള ആലുക്കപറമ്പിലെ പേരാലിന്റെ കടയ്ക്കല്‍ അയല്‍ക്കാരുമായി സമയം കളഞ്ഞിരുന്ന യശോദമ്മയ്ക്ക് നിരാശയായി. അതിലേറെ മനസ്സിന് വല്ലാത്ത പ്രയാസവും. മകള്‍ ജോലിയ്ക്കുപോയാല്‍ വീട്ടിലൊറ്റയ്ക്കാവുന്ന യശോദമ്മയ്ക്ക് അയല്‍പ്പക്കത്തെ കുട്ടികളും ആളുകളുമാണ് പകല്‍ കൂട്ട്. കുട്ടികളുടെ ഗ്രൗണ്ടിലിറങ്ങിയുള്ള കളികളും സഹായികളായി അടുത്തുകൂടുന്നവര്‍ പറയുന്ന നാട്ടുവിശേഷങ്ങളുമാണ് യശോദമ്മയുടെ നേരംപോക്കുകള്‍. പിന്നെ പേരാലിന്റെ പടിഞ്ഞാറുമാറി നിലകൊള്ളുന്ന വായനശാലയില്‍ ഒത്തുകൂടുന്നവരുടെ ചര്‍ച്ചകളില്‍ ശ്രദ്ധാലുവാകും. ഒറ്റപ്പെടലിന്റെ പ്രയാസങ്ങള്‍ മകളോട് എങ്ങനെയാണ് പറഞ്ഞു ബോധ്യപ്പെടുത്തുക. ഒരു വീടിനകത്ത് ഒറ്റപ്പെട്ടുപോകുമ്പോഴേ അവള്‍ക്ക് കൂട്ടുകെട്ടിന്റെ വില അറിയൂ. എന്നാലും എന്റെ വൈറസ്സേ... എന്തിനുള്ള പുറപ്പാടാ നീ... ഒരാളോടുപോലും അടുത്തുചെന്ന് മിണ്ടാന്‍ പാടില്ല. അടുത്തിരിയ്ക്കാന്‍ പാടില്ല. കൈ കൊടുക്കാന്‍ പാടില്ല. കല്യാണങ്ങള്‍ പാടില്ല. ഉത്സവങ്ങള്‍ പാടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ആലുക്കല്‍ ഭഗവതിയ്ക്ക് ഭരണിവേല നടത്തിയിട്ടില്ല. ദേശവിളക്ക് നടത്തിയിട്ടില്ല. കുടുംബക്ഷേത്രങ്ങളിലെ പ്രതിഷ്ഠാദിനമോ തോറ്റങ്ങളോ നടത്തിയിട്ടില്ല. സ്‌ക്കൂളുകള് തുറന്നിട്ടില്ല. എന്തിന് ശവസംസ്‌കാരങ്ങളോ അടിയന്തിരങ്ങളോപോലും പാടില്ല. ചടങ്ങിനുവേണ്ടി എല്ലാം ചെയ്യാമെന്നാണെങ്കിലും പരിമിതമായ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. സമൂഹമായി വളര്‍ന്ന മനുഷ്യനെ ഒറ്റപ്പെടുത്താനും തകര്‍ക്കാനുമുള്ള ഓരോരോ പുതിയ പുതിയ നാശങ്ങള്‍. ഓരോ വ്യക്തിയും അവനിലേയ്ക്കുമാത്രം വളരുന്ന, കാലത്തിന്റെ ഓരോരോ വികൃതികള്‍. ദൈവങ്ങളെ പോലും തോല്പിക്കാന്‍ കഴിവുള്ള വൈറസ്സേ... നീ എന്തു കല്പിച്ചാ, ഈ ചെയ്‌ത്തെല്ലാം ചെയ്യുന്നേ...
വാക്‌സിന്‍ എടുത്തതിനാല്‍ പേടിക്കേണ്ടതില്ല എന്നതായിരുന്നു സമാധാനം. എന്നാല്‍ മകളുടെ കടുത്ത ശാസന അനുസരിക്കാതിരിക്കാനായില്ല. മകള്‍ കയര്‍ത്തുകൊണ്ടാണ് പറഞ്ഞത്.
''വാക്‌സിനെടുത്താലും അസുഖം പിടിപെടാം. അതുകൊണ്ട് ശ്രദ്ധിക്കണം.''
''അപ്പോള്‍ ഇത്രയും കഷ്ടപ്പെട്ട് ബുക്ക് ചെയ്ത്, ക്യൂ നിന്ന് വാക്‌സിനെടുത്തത് വെറുതേയായിരുന്നോ...''
''വാക്‌സിനെടുത്തവര്‍ മരിക്കാനുള്ള സാധ്യത കുറവാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്...''
''എന്തായാലും ആരും പുറത്തിറങ്ങി നടക്കരുതെന്ന് സാരം.''
''അത്രതന്നെ.''
''എന്റീശ്വരാ, ഇങ്ങനെയുണ്ടോ ഒരു കാലം.''
യാശോദമ്മയ്ക്ക് പുറത്തുപോകാതെ വിമ്മിഷ്ടം വരാന്‍ തുടങ്ങി. ജനലഴികളിലൂടെ പുറത്തേയ്ക്ക് നോക്കി. പേരാലിന്റെ ചുവട്ടില്‍ കൂട്ടം കൂടാറുള്ള ആരും തന്നെ അവിടെയെത്തിയിട്ടില്ല. കിഴക്ക് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനരികില്‍ നില്‍ക്കുന്ന അരയാല്‍ത്തറയിലും ആരും ഒത്തു ചേര്‍ന്ന് ഇരിക്കുന്നില്ല. ഗ്രാണ്ടില്‍ നിത്യവും വോളിബോള്‍ കളിക്കാന്‍ വന്നിരുന്ന കുട്ടികളും അവിടെ വരാതായിരിക്കുന്നു. വായനശാലയുടെ പുറത്തുള്ള ഹാളില്‍ മേശകളും കസേരകളും ഒഴിഞ്ഞു കിടക്കുന്നു. പത്രങ്ങളും വാരികകളും അവിടവിടെ ചിതറികിടക്കുന്നുണ്ട്. രോഗം വായുവേഗത്തിലാണ് പടര്‍ന്നു കയറുന്നത് എന്നതുമാത്രം ടിവിയിലും പത്രങ്ങളിലും നിറയുന്ന വാര്‍ത്തകളിലൂടെ അറിയാനാവുന്നുണ്ട്. വായുവിലൂടെയും പകരുമെന്നതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്തകള്‍. വീട്ടിലാണെങ്കിലും മാസ്‌ക് വെക്കണം പോലും. എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോള്‍ യാതൊരു രൂപവുമില്ലാതായി.
വെറുതേ ഹാളില്‍ കറങ്ങിനടന്നപ്പോഴാണ് ഷോകേസില്‍ ഇരിക്കുന്ന ചിലങ്കകള്‍ കണ്ടത്. അതെടുത്ത് ഒന്നു കിലുക്കി നോക്കി. കാലില്‍ അണിഞ്ഞ് താളം ചവുട്ടി. മുറിയിലാകെ ചിലങ്കയുടെ നാദം മുഴങ്ങി. മകള്‍ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ മുറിയിലേയ്ക്കു പോയി. പതുക്കെ അവ അഴിച്ചെടുത്ത് യഥാസ്ഥാനത്ത് തന്നെ വെച്ചു. ഏതു നേരത്താണാവോ ഇതിനോടൊരു പൂതി തോന്നിയത്. കുട്ടിക്കാലത്ത് അവസരങ്ങള്‍ ധാരാളം വന്നതാണ്. അന്ന് അതിന് താല്പര്യം തോന്നിയില്ല. വിവാഹശേഷവും താമസിച്ചിരുന്ന വീടിനടുത്ത് സൗകര്യങ്ങളുണ്ടായിട്ടും അന്നൊന്നും തോന്നാത്ത താല്പര്യം ഇപ്പോള്‍ എന്തിനാണ് ഉടലെടുത്തത്. ആഗ്രഹം കേട്ടപ്പോള്‍ മകള്‍ പറയുകയും ചെയ്തു.
''അമ്മയ്ക്കിത് എന്തിന്റെ കേടാ... ഈ വയസ്സാന്‍ കാലത്താണോ മോഹിനിയാട്ടം.''
''എന്താ വയസ്സായവര്‍ക്ക് മോഹിനിയാട്ടം പഠിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ...''
യശോദമ്മയും വെറുതേ വിട്ടില്ല. വയസ്സായവര്‍ക്ക് ഒരാഗ്രഹവും ഉണ്ടാവരുതെന്ന് എവിടെയെങ്കിലും നിയമമുണ്ടോ... മകള്‍ എപ്പോഴും ഓരോന്നില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമായി പ്രായത്തെ എടുത്ത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കും. അതിനെയെല്ലാം ഒപ്പം നിന്ന് ഖണ്ഡിക്കും. അപ്പോള്‍ മകള്‍ നീരസത്തോടെ പറയും.
''അച്ഛന്‍ പോയാലും അച്ഛന്റെ പെന്‍ഷന്‍ കിട്ടുന്നുണ്ടല്ലോ... ഇഷ്ടംപോലെയായിയ്‌ക്കോ...''
അവളുടെ വാക്ക് അല്പം ഉള്ളില്‍ കയറി നോവിച്ചെങ്കിലും ആഗ്രഹത്തില്‍ നിന്ന് പിന്മാറിയില്ല. വായനശാലയുടെ സ്റ്റേജില്‍ വെച്ച് കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാന്‍ വരുന്ന ടീച്ചറുടെ അടുത്ത് അങ്ങനെയാണ് ദക്ഷിണവെച്ച് ശിക്ഷ്യത്വം നേടിയത്. ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും മഹാമാരിയുടെ പെയ്ത്ത് വര്‍ദ്ധിച്ചു. രാജ്യം ലോക്ക്ഡൗണ്‍ ആയി. ഓരോ ഗതികേടുകളേ... നേരംപോകാന്‍ ഒരു മാര്‍ഗ്ഗം കണ്ടു പിടിച്ചപ്പോഴേയ്ക്കും ഓരോരോ തടസ്സങ്ങള്‍. അതും അങ്ങനെ നിന്നുപോയി. ചിലങ്ക മാത്രം ഇപ്പോള്‍ ബാക്കിയായി.
നിത്യവും മകള്‍ ജോലിയ്ക്കുപോയി കഴിഞ്ഞാല്‍ ഒറ്റപ്പെടലില്‍ നിന്ന് പുറത്തു കടക്കാന്‍ വായനയാണ് മറ്റൊരു മാര്‍ഗ്ഗം. അതും ഇപ്പോള്‍ അടഞ്ഞുപോയിരിക്കുന്നു. വായനശാല ഇപ്പോള്‍ തുറക്കാറില്ല. അവിടെ നിന്നും എടുത്ത രണ്ടു പുസ്തകം ഷോകേയ്‌സില്‍ ഇപ്പോഴുമിരിക്കുന്നുണ്ട്. വായനശാല തുറക്കാത്തതിനാല്‍ തിരിച്ചുകൊടുക്കാനായില്ല. ഒറ്റയാകുമ്പോള്‍ അതെടുത്തു വീണ്ടും വായിക്കും. വായന തീര്‍ന്നാല്‍ വീണ്ടും അതുതന്നെ വായിക്കും. ഒരേ പുസ്തകംതന്നെ എത്ര തവണയാണ് വായിക്കുക. മടുപ്പ് അത്ര മാത്രം അലോസരപ്പെടുത്തുമ്പോള്‍ വായിച്ചതുതന്നെ വീണ്ടും വായിച്ച് നേരം കളയാന്‍ ശ്രമിക്കും.
രോഗങ്ങള്‍ അല്പം ശമനം വന്നപ്പോഴാണ് നാട്ടുകാര്‍ പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയത്. അയല്‍ക്കാര്‍ ഓരോരുത്തരായി വീടിനു വെളിയില്‍ വന്നു നിന്ന് ഓരോ വിഷയങ്ങള്‍ സംസാരിക്കും. അകത്ത് വരാറില്ല. അവരെ അകത്തേയ്ക്ക് ക്ഷണിക്കാറുമില്ല. അതിനാണ് മകളുടെ ഓരോരോ വഴക്കു പറച്ചിലുകള്‍. അവളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ രോഗത്തിന്റെ വ്യാപനം ശക്തമായിട്ടുണ്ടെന്നാണ് ടിവിയിലെ വാര്‍ത്തകളിലൂടെ അറിയാനായത്. എന്തെങ്കിലും സംഭവിച്ചാല്‍ അവള്‍ക്കുള്ള കൂട്ട് ഇല്ലാതാവില്ലേ... അതിനാല്‍ അവള്‍ക്ക് പേടി കാണും പാവം. ഗള്‍ഫിലുള്ള അവളുടെ ഭര്‍ത്താവിന് നാട്ടിലെത്താനെങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു. അതിനും യാതൊരു നിവൃത്തിയുമില്ല. പലവട്ടം അവള് പറഞ്ഞതാണ്. എനിക്ക് ജോലിയുണ്ടല്ലോ നിങ്ങള് എന്തിനാ അവിടെ കിടന്ന് കഷ്ടപ്പെടുന്നതെന്ന്... ചെറിയൊരു സമ്പാദ്യമുണ്ടാക്കി കഴിഞ്ഞാല്‍ തിരിച്ചുപോരാം പിന്നെ പോവില്ല എന്നായിരുന്നു അവനും പറഞ്ഞിരുന്നത്. അപ്പോഴേയ്ക്കുമല്ലേ എല്ലാ യാത്രകളും തടസ്സപ്പെടുത്തികൊണ്ട് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നു കയറിയത്.
ഒരു ദിവസം ജോലി കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ക്കൊരു വല്ലായ്കയുണ്ടായിരുന്നു. വന്ന ഉടനെ അവള്‍ പറഞ്ഞു.
''അമ്മ എന്റെ അടുത്ത് വരണ്ട. എനിക്കു വേണ്ട സാധനങ്ങള്‍ മുറിയ്ക്കുപുറത്ത് വെച്ചാല്‍ മതി.''
''എന്തു പറ്റി.''
''ഒരു വല്ലായ്ക. ഒന്ന് ടെസ്റ്റ് ചെയ്യണം. അതിനാര്യാ സഹായത്തിന് വിളിയ്ക്ക്യാ...''
''അതിലൊന്നും നീ ബേജാറാവണ്ട. രവീന്ദ്രനും അവന്റെ സഹായികളും ഇവിടത്തന്നെയുണ്ടല്ലോ... അവര് വന്നു വേണ്ട സഹായങ്ങള് ചെയ്തുതരും.''
''അവര് വിളിച്ചാല്‍ വര്വോ...''
''എന്താ വരാണ്ട്... നീ കരുതുന്ന പോലല്ല മോളെ അവര്.''
''ഞാനൊരിക്കല്‍ അവര് നില്‍ക്കുമ്പോഴല്ലേ അവരെ ചേര്‍ത്ത് അമ്മയെ ചീത്ത പറഞ്ഞത്.''
''അവരതൊന്നും മനസ്സില്‍ വെയ്ക്കുന്നവരല്ല. അവര് മറ്റുള്ളവര്‍ക്ക് വേണ്ടി നന്മ ചെയ്യാനിറങ്ങിയവരാ...''
മകള്‍ക്ക് അവരെ വിളിക്കാനും കാര്യങ്ങള്‍ പറയാനും മടി തോന്നി. എന്നാല്‍ അവരുമായി ചങ്ങാത്തമുണ്ടായിരുന്നതിനാല്‍ വിളിച്ച് കാര്യം പറയാന്‍ തനിക്കു യാതൊരു മടിയും തോന്നിയില്ല. അവര്‍ വിവരമറിഞ്ഞതും ഓടിയെത്തി. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു. ശേഷം പറഞ്ഞു.
''അമ്മ ഒന്നിച്ചു കഴിയണ്ട. അടുത്ത മുറിയില് തങ്ങിയാല്‍ മതി. ജനലുകളെല്ലാം തുറന്നു കിടന്നോട്ടെ... ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടു വരാം.''
ഹാളിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന രണ്ടു മുറികളും ബാത്ത് അറ്റാച്ച്ഡ് ആയതിനാല്‍ അടുത്തു കാണാതെയും തൊടാതെയും താമസിക്കുവാന്‍ തടസ്സങ്ങളൊന്നുമില്ലായിരുന്നു.
ഒരു മണിക്കൂറിനകം അവര്‍ ആരോഗ്യപ്രവര്‍ത്തകരെ കൂട്ടികൊണ്ടു വന്നു. കൂടിനുള്ളില്‍ പൂട്ടിയിട്ടപോലെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ മകളുടെയും എന്റേയും മൂക്കിനകത്തു നിന്നും സ്വാബ് തോണ്ടിയെടുത്തു കൊണ്ടുപോയി. മുന്നറിയീപ്പുകളും തന്നു.
''പരസ്പരം കൂടി കലരരുത്. നാളെ റിസള്‍ട്ട് വരുവോളം രണ്ടുപേരും രണ്ടു മുറികളിലായി കഴിഞ്ഞാല്‍ മതി. മറ്റു കാര്യങ്ങളെല്ലാം നാളെ പറയാം.''
അതും പറഞ്ഞ് അവര് പോയി. പോകുമ്പോള്‍ രവീന്ദ്രന്‍ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു.
''യശോദമ്മേ, പാചകമൊന്നും തനിച്ച് ചെയ്യണ്ട ട്ടോ... രണ്ടാള്‍ക്കും ഉള്ള ഭക്ഷണമെല്ലാം ഞങ്ങള് കൊണ്ടു വന്നു തരാം.''
അവര് പോയപ്പോള്‍ മകളോട് പറഞ്ഞു.
''ആരേയും നമ്മള്‍ കുറച്ചു കാണരുത്. ഈശ്വരന്‍ അനുഗ്രഹിക്കപ്പെട്ടവരാണവര്. അല്ലെങ്കിലിങ്ങനെ നാട്ടുകാരുടെ ക്ഷേമത്തിനായി ഓടിനടക്ക്വോ...''
മകള്‍ ഒന്നും പറഞ്ഞില്ല. മുമ്പ് അവരുടെ മുന്നില്‍ കയര്‍ത്തു സംസാരിച്ചതില്‍ കുണ്ഠിതപ്പെട്ടു. മകള്‍ പറഞ്ഞു.
''അവര് നല്ലവരാ... എന്നാലും അവരുവഴി അമ്മയ്ക്ക് രോഗം വരരുതെന്നു കരുത്യാണ് അന്ന് അങ്ങനെ കയര്‍ത്തു പറഞ്ഞത്.''
''ഇതാ പറഞ്ഞേ... ഒരു അത്യാവശ്യം വരുമ്പോഴാണ് നമ്മള്‍ക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനാവൂന്ന്.''
അടുത്ത ദിവസം റിസള്‍ട്ട് വരുവോളം രവീന്ദ്രനും കൂട്ടാളികളും നേരാനേരം ഭക്ഷണങ്ങളുമായി വന്നു. റിസള്‍ട്ട് വന്നപ്പോള്‍ മകള്‍ സംശയിച്ചത് സത്യമായിട്ടുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധമരുന്നുകളും പ്രികോഷണറി മരുന്നുകളും കൊണ്ടു വന്നിരുന്നു. അത് തന്ന് തിരിച്ചു പോകുമ്പോള്‍ അവര്‍ പറഞ്ഞു.
''ശാരീരികപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഇവിടത്തെ വളണ്ടിയര്‍മാരെ അറിയിച്ചാല്‍ മതി. അവര്‍ എല്ലാ സഹായങ്ങളും ചെയ്‌തോളും. അമ്മയുമായി കൂടി കലരാതെ നോക്കണം. വയസ്സാന്‍ കാലത്ത് അമ്മയ്ക്ക് രോഗം പിടിപെട്ടാല്‍ കഷ്ടമാണ്.''
ആരോഗ്യപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുമ്പോള്‍ പുറത്ത് എന്തിനും തയ്യാറായി രവീന്ദ്രനും കൂട്ടാളികളും നില്‍പുണ്ടായിരുന്നു. അവരെ കണ്ടതും തനിക്കേറ്റവും വേണ്ടപ്പെട്ടവരെ പോലെ തോന്നി. തെല്ലൊരു അഭിമാനത്തോടെത്തന്നെ മകളെ നോക്കി. അവളുടെ ആര്‍ദ്രമായ മിഴികളില്‍ കാരുണ്യത്തിന്റെ തിളക്കം നിഴലടിച്ചിരുന്നു. അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
''ഈ കാലവും കടന്നു പോകും.''

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ