mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


'സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മഹാത്ഭുതം അമ്മ.' എന്ന തലക്കെട്ടോടെ മുഖപുസ്തകത്തിൽ ജയദേവൻ പോസ്റ്റു ചെയ്ത കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. മുലപ്പാലിലൂടെ ചുരന്ന സ്നേഹത്തിന്റെയും,

ശാസനയിലൂടെ പകർന്ന തിരുത്തലിന്റെയും, ചേർത്തുപിടിക്കലിലൂടെ പക‍ർന്നുതന്ന കരുതലിൻ്റെയും ഭാവങ്ങൾ വർണ്ണപ്പൊലിമയോടെ വിവരിച്ചുകൊണ്ട്, കുട്ടിക്കാലത്തെ സംഭവങ്ങളുടെ ഓർമപ്പെടുത്തലിലൂടെ അയാൾ  അമ്മയെക്കുറിച്ചുള്ള ഒരു വാഗ്മയ ചിത്രം മനോഹരമായി വായനക്കാർക്കു മുൻപിൽ വരച്ചുകാട്ടി.

കുട്ടിക്കാലത്തും, കൗമാരത്തിലും അമ്മയുടെ വിരലിൽ തൂങ്ങി നടന്ന നാളുകളിലെ മാധുര്യവും, യൗവ്വനത്തിൽ താങ്ങായും തണലായും കൂടെനിന്ന നിമിഷങ്ങളും മായാതെ മനസിൽ സൂക്ഷിച്ചു കൊണ്ട്
കൈവിട്ടുപോയൊരു ബാല്യത്തിനായും, ഇനിയൊരു ജന്മമുണ്ടേൽ ഈ അമ്മയുടെ മകനായി തന്നെ പിറക്കണമെന്നുമുള്ള ആഗ്രഹവുമയാൾ ഏതൊരു മക്കളുടേയും ഹൃദയത്തിൽ ആഴത്തിൽ പതിക്കും പോലെ പകർത്തി.

അമ്മ എന്ന ദൈവത്തെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകളായിരിക്കും മുന്നോട്ടുള്ള തൻ്റെ യാത്രയിലെ പാഥേയമെന്നും, അമ്മയുടെ കാലടിപ്പാടുകളിലാണ് തൻ്റെ സ്വർഗ്ഗമെന്നും അയാൾ വ്യക്തമാക്കി.

അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടതല്ല, അത് ഓരോ മക്കളും മരണം വരെ ആഘോഷിക്കാനുള്ളതാണെന്നും പ്രസക്തമാക്കുന്ന വാക്കുകൾ. മക്കളുടെ അവഗണനയാണ് ഒരു മാതാവിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വേദന. കാരണം മറ്റെല്ലാം അവർക്കു സഹിക്കുവാൻ കഴിഞ്ഞേക്കും. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ അവഗണിക്കാതെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കണമെന്ന് ആഹ്വാനം നൽകുന്ന മനോഹരമായ കഥ.

മാതൃദിനത്തിൻ്റെ പ്രസക്തി ഉൾക്കൊണ്ട് അയാൾ നിർമ്മിച്ച ബ്ലോഗുകൾക്കും വലിയ ഡിമാൻ്റ് ആയിരുന്നു. ആ ദിവസമയാൾ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് മുഴുവൻ സമയവും ഓൺലൈനിൽ ചിലവഴിച്ചു. അന്നു വന്ന പല ഫോൺകാളുമയാൾ അവഗണിച്ചു.

കഥയ്ക്ക് കിട്ടിയ ഉപഹാരത്തേക്കാൾ അയാളെ ത്രസിപ്പിച്ചത് ആരാധകരുടെ ലൈക്കും, കമൻ്റും, ഷെയറും ആയിരുന്നു. കമൻറുകൾക്കെല്ലാം മറുപടി കൊടുത്ത് ചാരിതാർത്ഥ്യത്തോടെ അത്താഴം കഴിയ്ക്കാനിരുന്നപ്പോൾ മണി പത്ത്.

"ജയേട്ടാ സ്നേഹാലയത്തിൽ നിന്നും സിസ്റ്റർ കാതറിൻ വിളിച്ചിരുന്നു. ഏട്ടനെ പലവട്ടം വിളിച്ചത്രേ. എന്തേ ഫോണെടുത്തില്ല? അവർക്ക് എന്തോ പറയാനുണ്ടെന്ന്! ഒന്നു തിരിച്ച് വിളിയ്ക്കാൻ പറഞ്ഞു."
വിനീത പറഞ്ഞു.

"ഓ ഇനി നാളെ വിളിയ്ക്കാം. മണി പത്തായി."

"എന്തോ അത്യാവശ്യമുണ്ടെന്നാ പറഞ്ഞത്. ഇനി അമ്മയ്ക്ക് ഏട്ടനെ കാണാൻ ആഗ്രഹമുണ്ട്ന്ന് പറയാനോ മറ്റോ ആണോ! ഏട്ടൻ ഇപ്പോൾ തന്നെ വിളിക്കൂന്നേ. "

"എന്തായാലും ഈ രാത്രി വേണ്ട. നാളെയാവാം. വേണമെങ്കിൽ നേരിട്ട് പോയി കാണാം." അയാൾ പറഞ്ഞു.

അടുത്ത ദിവസം രാവിലെ തന്നെ അയാൾ സിസ്റ്റർ കാതറിനെ വിളിച്ചു.
രണ്ടുവട്ടം വിളിച്ചിട്ടും ലൈൻ ബിസി.

"വിനീതാ ഞാൻ ഒന്നു സ്നേഹാലയം വരെ പോകുന്നു." അയാൾ സ്നേഹാലയത്തിലേയ്ക്ക് പുറപ്പെട്ടു.

വിശാലമായ കോമ്പൗണ്ടിൽ കാർ പാർക്കു ചെയ്ത് അയാൾ പുറത്തിറങ്ങി. മുറ്റത്തും ചാപ്പലിൻ്റെ വരാന്തയിലുമായി ഹൃദയത്തിലൊളിപ്പിച്ച വേദനയോടെ കുറേ അമ്മമാർ. അവരുടെ മുഖത്ത് തളം കെട്ടി നിൽക്കുന്ന അവഗണനയുടെ ദു:ഖഭാവം. അയാളെ കണ്ട സിസ്റ്റർ കാതറിൻ അരികിലെത്തി.

" ജയൻ, നിങ്ങൾ അൽപ്പം വൈകിപ്പോയി. ഇന്നലെ പലവട്ടം ഞാൻ നിങ്ങളെ വിളിച്ചു. നിങ്ങളെ ഒരു നോക്കു കാണാനായ് ആ അമ്മ ഏറെ കൊതിച്ചു. രാത്രിയിലും പലവട്ടം ചോദിച്ചു. ജയൻ വന്നോ എന്ന്."
"സിസ്റ്റർ.. എൻ്റെ അമ്മ."
അയാൾ ഉദ്വേഗത്തോടെ തിരിക്കി.

"സോറി മിസ്റ്റർ ജയൻ! ദൈവം തൻ്റെ അമ്മയെ തിരിച്ചു വിളിച്ചു."
"അമ്മേ.. "
തലേ ദിവസത്തെ ഹിറ്റ് ബ്ലോഗുകൾ അയാൾക്കു മുന്നിൽ നിന്ന് ഓർമ്മിപ്പിച്ചു.

"മക്കളുടെ അവഗണനയാണ് ഒരു മാതാവിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വേദന."

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ