ചിലപ്പോൾ തോന്നാറില്ലേ. ജീവിതം. എങ്ങോട്ടോ ഒഴുകുന്ന പുഴ പോലെ. ആരാണ് അതിനെ നയിക്കുന്നത്. എങ്ങോട്ടാണ് ഒഴുകുന്നത്... എവിടെയാണ് എത്തിച്ചേരുന്നത്.?? ഒരിക്കൽ എങ്കിലും നാം ആഗ്രഹിച്ച ദിശയിൽ അത് ഒഴുകിയിരുന്നെങ്കിൽ.... ഒരിക്കൽ എങ്കിലും. അല്ലെങ്കിൽ ചുറ്റിലും കെട്ടി നിറുത്തിയ മതിൽക്കെട്ടുകളെ തച്ചുടച്ച് ഒരിക്കൽ ഒരു വൻദുരന്തമായത് മാറും.
കയ്യിൽ കിട്ടിയ പരീക്ഷ പേപ്പർ നോക്കി അവളിരുന്നു... നൂറിൽ തൊണ്ണൂറ്... കുറഞ്ഞു പോയി...
കണ്ണുകൾ നിറഞ്ഞൊഴുകി. കടലാസിൽ കണ്ണുനീർ വീണുടഞ്ഞു.... ജീവിതത്തിൽ എല്ലായിടത്തും തോറ്റു പോകുന്ന പോലെ....!!
വീട്ടിൽ ആണെങ്കിൽ ഇന്നലെക്കൂടെ ഒരു കൂട്ടർ വന്നു... പതിനെഴ് വയസ്സിലാണത്രെ കല്യാണയോഗം... പിന്നത് ഇരുപത്തിയെഴു കഴിഞ്ഞാണ്... അപ്പോഴേക്കും കിളവിയായിപ്പോവില്ലേ. അതാ ഇപ്പോഴേ കെട്ടിച്ചു വിടാനുള്ള തിടുക്കത്തിലാണ് വീട്ടുകാർ...
അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കൊച്ചു കുടുംബം... പക്ഷെ ഒരു ചെറിയ തീരുമാനം എടുക്കണമെങ്കിൽ പോലും കുടുംബക്കാരെ മുഴുവൻ വിളിച്ചൊരു സമുദായം കൂടണം... എപ്പോഴും വഴക്ക് കൂടുന്ന അനിയൻ... എപ്പോഴും പലഹാരം കൂടുതൽ തട്ടിയെടുക്കുന്നവൻ... അവനത് കിട്ടുന്നത് കൊണ്ടല്ല... മറിച്ച് അമ്മയെപ്പോഴും അറിഞ്ഞൊ അറിയാതെയോ തന്നെ അവഗണിക്കുന്നതാണ് സങ്കടം.
ചെറുത് ആയത്കൊണ്ടോ?? അതോ ആണായത്കൊണ്ടോ?? അറിയില്ല... അവനാണ് കുടുംബത്തിലെ പ്രതീക്ഷ. അവനാണ് നാളെ അവരെ നോക്കാൻ പോകുന്നത്... തനിക്ക് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാ... പക്ഷെ ഇടക്ക് തോന്നും അവരുടെ ഏറ്റവും വലിയ ബാധ്യത താൻ ആണെന്ന്....
സങ്കടമല്ല ഇപ്പോൾ... എന്തോ ഒരു മരവിപ്പ് ആണ്. എന്താണ് തന്റെ പ്രശ്നം?? അറിയില്ല...
പക്ഷെ ഇടക്ക് പെട്ടന്ന് ദേഷ്യം വരും... സങ്കടം വരും... പൊട്ടിത്തെറിക്കും. എല്ലാരോടും വെറുപ്പ് തോന്നും... എല്ലാത്തിനും ഉപരി. ഈ ലോകത്ത് ജീവിക്കാൻ അർഹയല്ലെന്ന് തോന്നും. എന്തിനാണ് ജനിച്ചത്?? എന്താണ് ഈ ജീവിതത്തിനർഥം.... സത്യത്തിൽ എന്താണ് തനിക്ക് വേണ്ടത്...
എങ്ങനെ അറിയാനാണ്... സ്വയം മനസ്സിലാക്കാൻ പോലും കഴിയാത്ത പ്രായം... കൗമാരം... പിന്നെ എങ്ങനെ കൂടെയുള്ളവർ തന്നെ മനസ്സിലാക്കും...
ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.... ഒന്നിലും സംതൃപ്തയല്ലാതെ അവളും... രാവിലെ എഴുന്നേൽക്കും... ക്ലാസിനു പോകും... വരും... അടുക്കളയിലാണ് അടുത്ത ക്ലാസ്സ്... പിന്നെ ഉറക്കം... ഇടക്ക് ചിലർ വരും... അളവ് എടുക്കാൻ.... പോറലുകൾ പരിശോധിക്കാൻ... തന്റെ വിധി എഴുതാൻ...
എല്ലാത്തിനും നിന്നു കൊടുത്തു... വേറെന്ത് ചെയ്യാനാണ്....!! പക്ഷെ ഓരോ ദിവസം കടന്നു പോകും തോറും മനസ്സ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നി... എന്തൊക്കെയൊ നഷ്ടപ്പെടുന്നു... കൈവിട്ടു പോകുന്നു... ചിരിക്കാൻ മറന്നു പോകുന്നു... ഉറക്കം അകന്നു പോകുന്നു...
ചിലപ്പോൾ പ്രാന്ത് പിടിക്കും പോലെ... അന്നേരം കുത്തിയിരുന്ന് പഠിക്കും... വെറുതെയാണ്... എങ്കിലും ആരോടോ ദേഷ്യം തീർക്കുന്ന പോലെ....
എന്തോ നേടാൻ എന്ന പോലെ... വെറുതെ പഠിച്ചു....
എന്നിട്ടും നൂറിൽ തൊണ്ണൂറേ കിട്ടിയുള്ളൂ.... ആരെ ബോധിപ്പിക്കാൻ ആണെന്ന് അറിയില്ല... ആ നമ്പറുകൾക്ക് വിലയില്ലാതെയായിട്ട് കാലം കുറച്ചായി...
പപ്പടം മൊരിഞ്ഞു വന്നാൽ മതി... കറിക്ക് ഉപ്പ് കൂടാതിരുന്നാൽ മതി... ജീവിതം നന്നായിക്കോളും...
ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ അമ്മക്ക് ഒരു കാൾ വന്നു... എന്തോ സംസാരിക്കുന്നതിനിടെ അമ്മ അവളെ നോക്കി... പിന്നെ കാൾ കട്ടായി...
"നിനക്ക് മാർക്ക് കുറവാണോ??" അമ്മ ചോദിച്ചു... അവൾക്ക് അത്ഭുതം തോന്നി... അമ്മ അതൊന്നും അന്വേഷിക്കാറില്ല....
"തൊണ്ണൂറ് മാർക്ക് ഇല്ലേ... അതത്ര മോശം ഒന്നും അല്ലാ... നീ സങ്കടപ്പെടേണ്ട... ഈ ചെറിയ കാര്യത്തിന് എന്തിനാ ക്ലാസ്സിൽ ഇരുന്ന് കരഞ്ഞത്?? " അമ്മ ചോദിച്ചു...
ടീച്ചർ ആയിരിക്കാം വിളിച്ചത്.... പത്ത് മാർക്ക് കുറഞ്ഞതിനാണ് താൻ കരഞ്ഞത്... ചിലപ്പോൾ ആയിരിക്കാം.... ശരിയായിരിക്കാം...
ഇപ്പോഴും അവൾക്ക് വല്ലാതെ സങ്കടം വരുന്നു... പൊട്ടിക്കരയാൻ തോന്നുന്നു... പക്ഷെ കഴിയുന്നില്ല... ശ്വാസം മുട്ടുന്നു.... വല്ലാതെ ശ്വാസം മുട്ടുന്നു...
മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് പോയി... കണ്ണാടിക്ക് മുൻപിൽ നിന്നു... സ്വയം നോക്കി... അതാ കണ്മുന്നിൽ ഒരു കോമാളി.... അവൾക്ക് ചിരി വന്നു... ചുണ്ടുകൾ വിരിഞ്ഞു....
ബെഡ്ഷീറ്റ് എടുത്തു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കുമ്പോളും കണ്ണു തുറിച്ചു നാവ് കടിച്ചു കൈകാലുകൾ പിടയുമ്പോഴും ഒടുക്കം കണ്ണുകളിൽ മരണം വന്നു പുൽകുമ്പോഴും ആ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു....
പിറ്റേന്ന് ആളുകൾ കൂടിയപ്പോൾ ആരൊക്കെയോ ഉച്ചത്തിൽ നിലവിളിക്കുമ്പോൾ പുറത്ത് കാലങ്ങൾക്ക് ശേഷം മഴ തിമിർത്തു പെയ്തപ്പോൾ ആരോ പറഞ്ഞു....
"പരീക്ഷക്ക് മാർക്ക് കുറഞ്ഞപ്പോ കാണിച്ച പണിയാ... ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും താങ്ങാൻ പറ്റില്ല....!! "
അതുവഴി വന്ന കാറ്റ് പോലും അത് വിശ്വസിച്ചു കാണും.... ചില കഥകൾ അങ്ങനെയാണ്... പുതുമകൾ ഉണ്ടാവില്ല.... അത്ഭുതങ്ങൾ ഉണ്ടാവില്ല... അവർ ജനിക്കുന്നു.... മരിക്കുന്നു....!!!