(കുട്ടികൾക്കുവേണ്ടി ഒരു കഥ).
മഞ്ചാടി കുന്ന് ഗ്രാമം അവിടെ പാവപ്പെട്ടവരും ധനികരും ആയി ധാരാളം ആളുകൾപാർത്തിരുന്നു. പ്രകൃതി മനോഹരമായ ഗ്രാമം. നോക്കെത്താദൂരത്തോളം പൊന്നിൻ കതിർക്കുലയേന്തിയ നെൽപ്പാടങ്ങൾ .പച്ചപ്പുതപ്പു ചൂടിയ തെങ്ങിൻ തോപ്പുകൾ. മാവും, പ്ലാവും, പുളിയും,കവുങ്ങും നിറഞ്ഞ നാട്.
ഇവിടെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത് . എല്ലാ മതക്കാരും ഒന്നായി കഴിഞ്ഞിരുന്നു .കാക്കയും കുയിലും കുരുവികളും സന്തോഷത്തോടെ പാട്ടുപാടി ഗ്രാമത്തെ ഉണർത്തി.
മഞ്ചാടി കുന്നു ഗ്രാമത്തിൽ കുട്ടൻ എന്നൊരാൾ ജീവിച്ചിരുന്നു. കുട്ടൻ്റെ മീശ ഇന്നാട്ടിൽ പ്രസിദ്ധമിയിരുന്നൂ. കുട്ടികൾ മീശ കണ്ട് ഭയന്നു വിറച്ചു!
കുട്ടന് രണ്ടു നായ്ക്കൾ ഉണ്ടായിരുന്നു. നല്ല സൗന്ദര്യമുള്ള കൊഴുത്തുരുണ്ട രണ്ട് നാടൻ നായ്ക്കൾ!. കുട്ടൻ തൻ്റെ നായ്ക്കൾക്ക് വ്യത്യസ്ത മായ പേരാണ് ഇട്ടത്. തന്നെപ്പോലെ, തൻ്റെ നായ്ക്കളെയും ഗ്രാമത്തിൽ എല്ലാവരും ഓർത്തിരിക്കാൻ വേണ്ടിയാണ് നാട്ടിൽ എങ്ങും ഇല്ലാത്ത പേരിട്ടുവിളിച്ചത്.
ഒന്നിന്റെ പേര് "നന്നായിപ്പോയി" എന്നും മറ്റൊന്നിന്റെ പേര് "നശിച്ചുപോണേ" എന്നും ആയിരുന്നു!.
രണ്ടുനായ്ക്കൾക്കും പേരുപോലെ ആണ് സ്വഭാവവും.
എന്നും രാവിലെയും വൈകീട്ടും കുട്ടൻ നായ്ക്കളെയും കൊണ്ട് നടക്കാനിറങ്ങുക പതിവാണ്.
ഒരിക്കൽ പതിവുപോലെ നായ്ക്കളുമായി നടക്കാനിറങ്ങി. അപ്പോഴാണ് ആ വഴിക്കടുത്തായി ഒരു വീടിന് തീ പിടിച്ചതു കണ്ടത്. നാലു ദിക്കിൽനിന്നും ജനം ഓടി ക്കൂടികൊണ്ടിരുന്നു.വന്നവർവന്നവർ തീ അണക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് "നന്നായിപ്പോയി" എന്ന നായ് ആ വീട്ടിലേക്ക് ഓടിയത്.
കുട്ടൻ അതുകണ്ട് ഉറക്കെ തൻ്റെ നായെ വിളിച്ചു "നന്നായിപോയെ," "നന്നായിപോയെ "…എന്ന്
ഇതുകേട്ട് ഓടിക്കൂടിയവരിൽ ചിലർ കുട്ടനെ കണക്കറ്റ് മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.
ഒരു വീടിനു തീപിടിച്ചപ്പോഴാണോടാ നന്നായി എന്നു പറയുന്നത്.?
അല്ല. ഞാനെന്റെ നായെ വിളിച്ചതാണ്.
തൻ്റെ നായ് കാരണം തനിക്കേറ്റ അപമാനവും വേദനയും സഹിച്ച് അയാൾ തൻ്റെ നായ്ക്കളെയും കൊണ്ട് നടന്നകന്നു!.
ആ സംഭവത്തിനുശേഷം കുറച്ചു നാൾ അയാൾ തൻ്റെ നായ്ക്കളെയും കൊണ്ട് നടക്കാൻ പോകാറില്ല.
ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ വീണ്ടും കുട്ടനും നായ്ക്കളും പതിവുപോലെ നടക്കാൻതുടങ്ങി. അങ്ങനെ പതിവുപോലെ നടക്കാൻ ഇറങ്ങിയ ഒരു ദിവസം അടുത്തുള്ള ഒരു വീട്ടിൽ കല്ല്യാണം നടക്കുകയായിരുന്നു. പെട്ടെന്നാണ് "മുടിഞ്ഞുപോണേ" എന്ന നായ് ആ "വീട്ടിലേക്ക്" പാഞ്ഞത്. കല്ല്യാണ വീട്ടിൽ നിന്നും കറികളുടേയും മറ്റും ഗന്ധം അവൻ്റെ മൂക്കിൽവന്നടിച്ചപ്പോൾ അവന് പിന്നെ അവിടെ നില്ക്കാനായില്ല അവൻ യജമാനനെ വിട്ടിട്ട് ആ വീട്ടിലേക്ക് ഓടിപ്പോയത്.
ഉടൻ കുട്ടൻ തൻ്റെ നായെ വിളിച്ചു , "നശിപ്പിച്ചുപോണേ" , "നശിപ്പിച്ചുപോണേ"…എന്ന്
ഇതുകേട്ട് ജനം തിരിഞ്ഞു നോക്കി. കല്ല്യാണം കൂടാൻ വന്നബന്ധുക്കളിൽ ചിലർ ഓടിയെത്തി അയാളെ മർദ്ദിച്ച് അവശനാക്കി.
അതിൽ പിന്നെ കുട്ടൻ തൻ്റെ നായ്ക്കളെ കൂട്ടിലടച്ചു.
തന്റെ നായ്ക്കൾ കാരണം തൻ്റെ ശരീരത്തിനേറ്റ നൊമ്പരത്തേക്കാൾ വേദന മനസ്സിനേറ്റ അപമാനം ആയിരുന്നു.
മറ്റുള്ളവർക്ക് ദോഷം വരാത്ത ശരിയായ പേരിടാത്തതിൻ്റെ കുറ്റമാണ് തനിക്കേറ്റ അപമാനവും വേദനയും എന്ന് തിരിച്ചറിഞ്ഞ്, തന്റെ പ്രാണനായി സ്നേഹിച്ച നായ്ക്കളെയും, നാടിനേയും ഉപേക്ഷിച്ച് അയാൾ എവിടയോ പോയി മറഞ്ഞു.