ഉന്തിയ തോൾ എല്ലുകളെ വകവയ്ക്കാതെ വീടിന്റെ നാലുമൂലകളിലേയ്ക്കും ഓടി എത്താൻ അവൾ ശ്രെദ്ധിച്ചു. ഓരോ ദിവസവും തെന്നി മാറുന്ന മുടിയിഴകളിലെ കറുപ്പ് പോലും അനാരോഗ്യത്തിന്റെ സൂചനകൾ നൽകി തുടങ്ങി.
എന്നിട്ടും അതൊന്നും വക വയ്ക്കാതെ വീടിന്റെ വടക്കും തെക്കും ദിശകൾ ശരിയായി അളക്കാൻ അവൾ ശ്രമിച്ചു. കൂർക്ക നന്നാക്കുന്നതിനിടയിൽ കയ്യിൽ പുരണ്ട കറ കഴുകി കളയാൻ പോലും അവൾ മിനക്കെട്ടില്ല, കാലുകൾ വരണ്ട പാടത്തിന്റെ സ്മൃതിമണ്ഡപം പോലെ കാണപ്പെട്ടു, എണ്ണയുടെ ഒരംശവും ഇല്ലാതെ മുടി പാറി പറന്നു.
'വീട്ടിൽ തന്നെയല്ലേ അണിഞ്ഞു ഒരുങ്ങീട്ട് ഇപ്പോൾ എന്തിനാ?'
ഒരിക്കലും ആലോചിക്കാൻ പാടില്ലാത്ത ഒരു ചിന്ത അങ്ങനെ പതിയെ പതിയെ അവളെയും വിഴുങ്ങി. കുറച്ചധികം തുരുമ്പിച്ച ഓർമയുടെ ഞരമ്പ് വല്ലാതെ കനത്ത് തന്നെ കാണപ്പെട്ടു.
മനപ്പൂർവം ഓർക്കാത്തതോ അതോ ഓർക്കാൻ മറന്നു പോയതോ ആയിട്ടുള്ള ഒരു കാലം. അന്നത്തെ ലോകം അവളിൽ തുടങ്ങി അവളിൽ അവസാനിച്ചിരുന്നു. കണ്ണെഴുതാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന തുടർച്ചയില്ലാത്ത ഒരു നീർച്ചാലാണ് താൻ എന്ന് അവൾക്ക് തന്നെ തോന്നി.
എത്ര വിചിത്രമാണ്.... എന്ത് പേക്കോലമാണ് ഇത്? മനസ്സിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നു.ആഴത്തിൽ ഇറങ്ങുന്തോറും വല്ലാത്ത നീറ്റൽ അനുഭവപെടുന്ന ഒരു ശബ്ദം.
'ലോകത്തിലെ ആദ്യത്തെ പെണ്ണല്ല നീ..... നീ മാത്രമല്ല വിവാഹിത, നിനക്ക് മാത്രമല്ല മക്കൾ ഉള്ളത്. ഒരുപ്രാവശ്യം എങ്കിലും തിരിഞ്ഞു നോക്ക് നീ എങ്ങനെയായിരുന്നുവെന്ന്..... ഒരു പ്രാവശ്യം എങ്കിലും മുന്നോട്ട് നോക്ക് നീ എന്താവാണമെന്ന്.'
മനസ്സിന്റെ ആഴത്തിലുള്ള അശരീരി വിയർപ്പ് ഗ്രന്ഥികളെ ഉത്യേചിപ്പിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു. അവൾക്ക് ഉറക്കം നഷ്ട്ടമാക്കുന്ന രാത്രികൾ സമ്മാനിക്കാൻ പാകത്തിൽ ആ നവശബ്ദം ഉള്ളിൽ കിടന്ന് ആഞ്ഞു പുകഞ്ഞു.... ആ പുക എന്നെങ്കിലും ഒരു തീ കനലായി മാറിയേക്കും.
അന്ന് വീണ്ടും അടുക്കളയിൽ നിന്നും മോചിക്കപെട്ട ഒരാത്മാവ് നിർവൃതിയിൽ ഉയർന്നു പൊങ്ങും.!