മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പപ്പനാവൻറെ കുട കാണാതായിട്ട് മൂന്ന് മണിക്കൂറായി. മൂത്ത മകന് അവൻ ജോലി ചെയ്യുന്ന കമ്പനി  കൊടുത്ത കുടയാണ്. കുടയിൽ കമ്പനിയുടെ പേരും എംബ്ലവും പ്രിൻറ് ചെയ്തിട്ടുണ്ട്. ചുവപ്പ് നിറമുള്ള

കുട. കാലൻ പിടിയാണെങ്കിലും രണ്ടായി മടക്കാവുന്നതാണ്. ശ്വാസംമുട്ടിന് ഡോക്ടറെ കാണാൻ രാവിലെ ഇറങ്ങിയതാണ്. വരുന്ന വഴിക്കൊരു ഓട്ടോറിക്ഷ കിട്ടി. കണ്ടിട്ട് ജയദേവൻറെ മോനാണെന്ന് തോന്നുന്നു. ചിലപ്പോൾ ദേവകിയുടെ എളയത് ആയിരിക്കും. വണ്ടി അടുത്തുകൊണ്ടുവന്ന് നിർത്തി കേറാൻ പറഞ്ഞു, കയറി. വിശേഷമൊക്കെ ചോദിച്ചു. നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാളോട് ആരാണെന്ന് എങ്ങിനെയാണ് ചോദിക്കുക. ആ ഓട്ടോറിക്ഷക്കകത്ത് കുട വെച്ചത് ഓർമയുണ്ട്. അവിടുന്ന് തിരിച്ചെടുത്തെന്നും തോന്നുന്നുണ്ട്. എന്നാലും ഉറപ്പില്ല. ഓട്ടോറിക്ഷ സ്റ്റാൻറിൽ അന്വേഷിക്കാമെന്ന് വെച്ചാൽ ആരെ അന്വേഷിക്കും. എന്തായാലും പപ്പനാവൻ ഓട്ടോസ്റ്റാൻറിൽ ചെന്ന് കാര്യം പറഞ്ഞു. അവിടുള്ളവർ തമ്മിൽ തമ്മിൽ അന്വേഷണമൊക്കെ നടത്തിയെങ്കിലും കുട കണ്ടെത്തിയില്ല.

ഓട്ടോയിറങ്ങി നേരെ പോയത് ബാലൻറെ ബേക്കറിയിലേക്കാണ്, ചായ കുടിക്കാൻ.
അവിടെയും പോയി അന്വേഷിച്ചു.

'' അപ്പാപ്പൻ രാവിലെ ഇവിടുന്ന് തന്നെയാണോ ചായ കുടിച്ചത് ''

ബേക്കറിയിലെ ജോലിക്കാരൻ ചോദിച്ചു.

'' ഞാൻ വേറെയെവിടുന്നും ചായ കുടിക്കാറില്ല ''

അത് ശരിയാണെന്ന് ജോലിക്കാരനും തോന്നി. അയാളും പരിശ്രമിച്ച് തിരഞ്ഞു. ഒരു ചായേടെകൂടെ കാശുപോയത് മിച്ചം. കുട കിട്ടിയില്ല.

പപ്പനാവൻ ഇറങ്ങിപോയപ്പോൾ ബേക്കറിയിലെ ജോലിക്കാരിലൊരാൾ പുതിയതായിവന്ന ജോലിക്കാരനോട് പറഞ്ഞു.

'' പഴയ പോലീസുകാരനാണ്. ഒരു കൊലപാതകിയെ സ്റ്റേഷനിലിട്ട് ചവുട്ടിക്കൊന്നിട്ടുണ്ട്.''

പപ്പനാവൻ ആശുപത്രി വരാന്തയിലൂടെ ചുമച്ചുതുപ്പി പലയാവർത്തി നടന്നു. പരിചയക്കാരെന്ന് തോന്നിയവരോടൊക്കെ അന്വേഷിച്ചു. കുട കിട്ടിയില്ല. ഇന്ന് മരുമോളുടെ വായിലുള്ളതൊക്കെ കേൾക്കേണ്ടി വരും. പപ്പനാവൻ ഒരു കമ്പോണ്ടറോടു സമയം ചോദിച്ചു. രണ്ടുമണി കഴിഞ്ഞിരിക്കുന്നു. മൂന്ന് മണിക്കൂറായി കുടയും തപ്പി നടക്കുന്നു.
വീട്ടുലുള്ളവർ അന്വേഷിക്കുന്നുണ്ടാവും. പോരാത്തതിന് വയറ്റിൽ വിശപ്പും കത്തുന്നുണ്ട്. വരുന്നോടത്ത് വെച്ച് കാണാം എന്ന് ചിന്തിച്ച് പപ്പനാവൻ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു.

വീടിൻറെ ഗെയ്റ്റ് തുറന്നതും മരുമോള് ഒച്ചപ്പാട് തുടങ്ങി. പപ്പനാവൻ അത് ശ്രദ്ധിക്കാതെ അടുക്കളപ്പുറത്തുപോയി കാലുകഴുകി അകത്തുകയറി.

രണ്ടാമത്തവൻ മുഖം കടുപ്പിച്ച് മുന്നിൽ വന്നു.

'' വീട്ടിലുള്ളവർക്ക് സമാധാനം തരാതെ എവിടെ പോയി കിടക്കുവായിരുന്നു ''

ഇവൻ എത്ര പെട്ടെന്നാണ് വയസനായത്. മകൻറെ തലയിൽ പലയിടത്തായി നരച്ചമുടി വെള്ളവരച്ചിരിക്കുന്നത് നോക്കി പപ്പനാവൻ ചിന്തിച്ചു.

''അപ്പൻ കേക്കണുണ്ടോ ''
മകൻ ശബ്ദം കുറച്ചുകൂടി പരുഷമായി ഉയർത്തി.

തൻറെ അച്ഛൻറെ മുന്നിൽ താൻ നിന്നതുപോലെ, തൻറെ മുന്നിൽ തൻറെ മകൻ നിൽക്കുന്നു. അവൻറെ മകൻ ഈ രംഗം ശ്രദ്ധിച്ചുകൊണ്ട് അപ്പുറത്ത് കളിച്ചിരിക്കുന്നുണ്ട്. പണ്ട് ഇവൻ ഇരുന്നതുപോലെ. കാലത്തിൻറെ കാവ്യനീതി.

''ൻറെ കുട കാണാതായി, ചോന്നത് ''
പപ്പനാവൻ മകൻറെ കണ്ണിലേക്ക് നോക്കി. പിടിച്ചുനിൽക്കാനാവാതെ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു.

''മൂന്നു കൊല്ലായി ഒരു കുട കാണാതായിട്ട് ഇപ്പോഴും തെരഞ്ഞുകൊണ്ട് നടക്കാണ് പോലീസുകാരൻ'' പപ്പനാവൻറെ മരുമോളാണത് പറഞ്ഞത്.

പപ്പനാവൻ ആ വാക്കുകൾക്കൊപ്പം കസേരയിലിരുന്നു. ചുണ്ടുകൾ പിറുപിറുത്തു.

'' ശാരദ മരിച്ചിട്ട് മൂന്നു കൊല്ലായി, ല്ലേ ?? ''

ചുറ്റും നിന്ന അയാളുടെ ബന്ധങ്ങൾ പരസ്പരം മുഖം നോക്കി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ