''നീയറിഞ്ഞോ രമേ.., ഫെയ്സുബുക്കിലൊരു പെണ്ണ് മോനെക്കൊണ്ട് മൊലയില് പടം വരപ്പിച്ചൂന്ന്'' കോളനിയിലെ കിണറ്റിൻ കരയിൽ പതിവ് വെള്ളംകോരലും സൊറ പറച്ചിലും നടക്കുകയാണ്. 'അതിലിപ്പെന്തായിത്ര
കാര്യം നിങ്ങളെ മൊല നിങ്ങളെ മക്കള് കണ്ടിട്ടില്ലേ..?' രമ ഏറ്റുപിടിച്ചു. ആദ്യം കോരിയ വെള്ളമെടുത്ത് ബക്കറ്റ് കഴുകികൊണ്ട് ഉഷ മറുപടി എറിഞ്ഞു. 'അതൊക്കെ ശരിതന്നെ പക്ഷെ, നമ്മളാരും അത് നാട്ടുകാരെ കാണിക്കാറില്ലല്ലോ'. ചർച്ച നീണ്ട് നീണ്ട് പല വഴിക്ക് പിരിഞ്ഞു. പാത്രങ്ങൾ നിറഞ്ഞുകൊണ്ടിരുന്നു. അവ കോളനിയിലെ വീടുകളിലേക്ക് പൊയ്ക്കോണ്ടിരുന്നു.
''ഏത് എരണംകെട്ടവനാണെങ്കിലും അവനുള്ള പണി ഉടനെ കിട്ടും, അതിനുള്ളത് ഞാൻ പുണ്യാളന് നേർന്നിട്ടുണ്ട് '' മേരിചേച്ചി കോളനി മുഴുവൻ കേൾക്കുന്ന ഉച്ചത്തിൽ പ്രാകികൊണ്ട് കിണറ്റിൻ കരയിലേക്ക് വന്നു. അവസാന നട വെള്ളമെടുക്കാൻ വന്ന ഉഷ മേരിചേച്ചിക്കു നേരെ നെറ്റിചുളിച്ചു. ''വീണ്ടും കോഴീനെ കാണാതായോ?''. മേരി ചേച്ചി കുടങ്ങൾ കരയിൽ വെച്ച്, കിണറ്റിൻ തൂണിലേക്ക് ചാരി. ''ആടീ.., ഇവളെ ഒരു പൂവനേം കൂടി കൊണ്ടുപോയി'. മേരിയേച്ചിയുടെ കണ്ണ് ചെറുതായി നനഞ്ഞിട്ടുണ്ടോയെന്ന് വെള്ളം കോരികൊണ്ടു നിന്ന രമക്ക് സംശയം തോന്നി. മേരിയേച്ചി തുടർന്നു. ' കൊണ്ടുപോയി നക്കിയത് ഏതവനാണെങ്കിലും ദഹിക്കൂല''. കോഴിയെ കട്ടത് എന്തായാലും കോളനിക്ക് അകത്തുള്ള ആളുതന്നെയാണെന്നതിൽ സംശയം വേണ്ടെന്ന് സെെക്കിളിൽ മീൻ തൂക്കികൊണ്ടിരുന്ന ഹുസെെനിക്ക നിസംശയം അവരെ ധരിപ്പിച്ചു. കോളനിയിലെ ആണുങ്ങളും പെണ്ണുങ്ങളും വീടുകളിറങ്ങി പല പല ജോലിക്കായി പല വഴിക്ക് പോയി. അവരുടെ കെെപിടിച്ചും അല്ലാതെയും കുട്ടികൾ സ്കൂളുകളിലേക്കും പോയി. പഞ്ചായത്തു കിണറ്റിൻ കരയിൽ പരസ്പരം ഒന്നും മിണ്ടാതെ ബീഡിവലിച്ചിരിക്കുന്ന രണ്ട് വൃദ്ധൻമാരും കാക്കകളും മാത്രമായി.
കഴിഞ്ഞ രാത്രി, പട്ടികളുടെ കണ്ണുവെട്ടിച്ച് വേലികൾ ശ്രദ്ധാപൂർവ്വം ചാടികടന്ന്, കെെയ്യിൽ നനഞ്ഞ തോർത്തുമായി നിലാവെളിച്ചത്തിൽ മേരിയേച്ചിയുടെ കോഴിക്കൂടിന് മുന്നിൽ പതുങ്ങി എത്തിയതിന് ശേഷം, വളരെ പതുക്കെ കൂട് തുറന്ന് ഉറക്കം തൂങ്ങികൊണ്ടിരിക്കുന്ന കോഴികളിൽ മുഴുത്ത ഒന്നിൻറെ തലയിലേക്ക് നനഞ്ഞ തോർത്തെറിഞ്ഞ് അടുത്തു കിടക്കുന്ന മറ്റു കോഴികളുപോലുമറിയാതെ ഒരു നിമിഷം കൊണ്ട് കെക്കലാക്കി നടന്നു നീങ്ങുന്ന ധീരയായ യുവതി താനായിരുന്നല്ലോ എന്നോർത്തപ്പോൾ ഉഷക്ക് അഭിമാനം തോന്നി. തൊഴിലുറപ്പുപണിക്ക് കൂടെയുള്ള പെണ്ണുങ്ങൾ കാണാതെ അവൾ ചെറുതായി ശബ്ദമുണ്ടാക്കി തന്നെ ചിരിച്ചു.
രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ രമയുടെ മകൻ ബബിലേഷ് അവൻറെ കൂട്ടുകാരനും ഉഷയുടെ മകനുമായ അഭിജിത്തിന് ഉച്ചക്ക് ചോറിന് കൂട്ടാൻ കോഴിക്കറി ആയിരുന്നെന്ന് അമ്മയോട് പറഞ്ഞു. തൊഴിലുറപ്പുപണിയുടെ മസ്ട്രോളിൽ നിന്നും തൻറെ പേര് പലപ്പോഴും മനപൂർവ്വം ഒഴിവാക്കിയതിന് ഉഷയോടുള്ള നിശബ്ദമായ പക ഊതി കത്തിച്ച് രമ രാത്രി തന്നെ ആ വിവരം മേരിയേച്ചിയുടെ വീട്ടിലെത്തി അറിയിച്ചു. ഉറങ്ങാൻ കിടന്ന കെട്ടിയോനെയും വലിച്ചെണീപ്പിച്ച് മേരിയേച്ചി ഉഷയുടെ വീട്ടിലേക്ക് ഇറങ്ങി. ബഹളം കേട്ട് കോളനിയിലെ ആളുകളെല്ലാം വീടിനു പുറത്തിറങ്ങി. ഉഷയുടെ വീടിന് മുൻപിലുള്ള സ്ട്രീറ്റ് ലെെറ്റ് മിന്നിയും കെട്ടും വീണ്ടും മിന്നിയും അതിൻറെ പാരന്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടിരുന്നു.
'നീയല്ലെടീ കള്ളീ.. ഞങ്ങടെ കോഴിയെ കട്ടത്' മേരിയേച്ചി അലറി. 'അല്ല' ഉത്തരം പറഞ്ഞത് മകൻ അഭിജിത്താണ്. 'നിങ്ങൾക്കിന്ന് ഉച്ചക്ക് കൂട്ടാൻ കോഴിയാണെന്ന് ഞങ്ങളറിഞ്ഞു' മേരിയേച്ചിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻറെ ഭാവം വന്നു. 'നിങ്ങളുടെ വീട്ടിലു മാത്രെ കോഴിയുള്ളോ പെണ്ണുന്പിള്ളെ' ഉഷ മുറ്റത്തേക്ക് ഇറങ്ങി. ആളുകൾ കേൾക്കെ ഉച്ചത്തിൽ ഇതും കൂടി പറഞ്ഞു. 'അരപ്പണി മതി ഒരു കോഴി വാങ്ങാൻ, അതിനും വേണ്ടി ആരെങ്കിലും അഭിമാനം വിൽക്കോ'. കേട്ടുനിന്ന ആളുകൾക്കും നത്തുകൾക്കും വടക്കെ പ്ളാവിലിരിക്കണ മൂങ്ങക്കും പിന്നെ മേരിയേച്ചിക്കും അത് ശരിയാണെന്ന് തോന്നി.
'ഒരു കോഴിയുടെ പേരും പറഞ്ഞ് പാതിരാത്രി ആളുകളെ നാണം കെടുത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലെ' ഉഷ പതുക്കെ മേരിയേച്ചിയോട് ചോദിച്ചു. മേരിയേച്ചി ഒന്നും പറഞ്ഞില്ല. ഉഷയുടെ കെെപിടിച്ച് തൻറെ കെെ അതിനുമീതെ വച്ചു. ''മറന്നേക്ക് ''.
അവൾക്ക് കോഴിയെ കട്ടു തിന്നേണ്ട ആവിശ്യമൊന്നുമില്ല. അവൾക്കെന്നല്ല ഇപ്പോൾ ഈ കോളനിയിലെ ആർക്കുമില്ല - മേരിയേച്ചി വീട്ടിൽ കയറുന്പോൾ കെട്ടിയോനോട് പറഞ്ഞു. പണ്ട് ഗോവിന്ദൻറെ മോളുടെ കല്ല്യാണതലേന്ന് അരപ്പവൻറെ ഒരു മാല കട്ടത് ഇവളാണെന്നൊരു ശ്രുതി ഉണ്ടായിരുന്നു. രമ വന്ന് പറഞ്ഞപ്പോൾ അതാണ് എൻറെ മനസിലേക്ക് വന്നത്. മേരിയേച്ചി പറഞ്ഞു നിർത്തി ചോറെടുത്ത് ചെരവയുടെ മീതെ ഇരുന്നു. 'അപ്പൊ പിന്നെ ഈ കോഴികളെയൊക്കെ ആരാ പിടിച്ചത്' ഒരു ഉരുള ചോറിനൊപ്പം കെട്ടിയോൻറെ സംശയവും മേരിയേച്ചി വിഴുങ്ങി.
ചട്ടിയിൽ ബാക്കിയുണ്ടായിരുന്ന കോഴിക്കറിയും കൂടി വടിച്ച് തിന്ന് ഉഷയും മകനും കെട്ടിപ്പിടിച്ച് കിടക്കയിലേക്ക് വീണു. 'നാളെ ചമ്മന്തി പോരെ ?' ഉഷ ചിരിച്ചുകൊണ്ട് ചോദിച്ചു. അഭിജിത്ത് അമ്മയുടെ വയറിലേക്ക് കാലെടുത്ത് വളച്ചുവെച്ചു.