മുകളിലെത്തെ ആരവം കുറഞ്ഞ് നേർത്തു നേർത്തു ഇല്ലാതാവുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.. അത് തീർത്തും ഇല്ലാതായ നിമിഷത്തിൽ അയാൾ എഴുനേറ്റിരുന്നു. വെളുപ്പിന് തൊട്ടു കിടക്കുന്നതിനാൽ മുഷിവ് തോന്നിത്തുടങ്ങിയിരുന്നു. കൂടാതെ പിറകു വശത്ത് നല്ല വേദനയും..... ഇരുട്ട് പരന്ന വഴിയിലൂടെ വെളിയിലെത്തിയപ്പോൾ അവിടം നിറയെ പരിചയക്കാർ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ നാട്ടുകാരും ബന്ധുക്കളുമൊക്കെ മമ്മുക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന അയാൾക്ക് അല്പം ആശ്ചര്യം തോന്നാതിരുന്നില്ല. കഴിഞ്ഞ ദിവസം അസറിനു വന്നപ്പോൾ ഹജ്ജ് ക്ലാസിന്റെ കാര്യം ഉസ്താദ് പറഞ്ഞിരുന്നു. അതാവാം തിരക്ക്. പള്ളിയുടെ മുമ്പിലെ കോർട്ട് യാർഡിൽ മൂത്ത പെങ്ങൻമാരുടെ പേരക്കുട്ടികൾ കസേരകൾ വലിച്ചിടുന്നു.
അവരു രണ്ടു മൂന്നുപേരുമാത്രം ചെയ്യുന്നതു കണ്ടപ്പോ അയാൾക്ക് വിഷമം തോന്നിയതിനാൽ കുട്ടിക്കൾക്ക് പൊന്തിക്കാൻ പ്രയാസമുള്ള ഭാരമുള്ള തടി കസേരഎടുത്തു കൊടുക്കുവാൻ ശ്രമിച്ചു. പക്ഷേ അയാളെ തള്ളിമാറ്റി കൊണ്ട് വീട്ടിലെ പണിക്കാരൻ ഭായി കസേര പൊക്കി കോർട്ട് യാർഡിലെ പൊക്കമുള്ള ഡയസ് പോലുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. അയാൾക്ക് കഠിനമായ ദേഷ്യം തോന്നി. ഇപ്പോ എല്ലാം കൂടി തന്റെ തലയിൽ വീണാരുന്നേനെ .... ഭായി തിരിച്ചു വന്നപ്പോൾ അവനെ നോക്കി കൈയോങ്ങി ....നല്ല തിരക്കിലായോണ്ടോ എന്തോ അവനത് കാര്യമാക്കിയതായി അയാൾക്ക് തോന്നിയില്ല.
ഭാര്യയുടെ അമ്മാച്ചൻ അപ്പുറം നില്ക്കുന്നത് കണ്ടത്. സലാം പറയാൻ അങ്ങോട്ടേക്ക് നില്ക്കാൻ തുടങ്ങിയപ്പോഴാണ് ആരോ സലാം പറഞ്ഞ് കൈയിൽ പിടിച്ചത്"" മമ്മുട്ടിയല്ലെ?" ഒരു തൂവെള്ള വസ്ത്രധാരി, അയാളുടെ കൈപിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു. സത്യത്തിൽ എവിടെയോ കണ്ടു മറന്ന മുഖം.... എത്ര ശ്രമിച്ചിട്ടും മമ്മുക്കക്ക് ഓർത്തെടുക്കാൻ പറ്റിയില്ല.....എന്നാലും കൈ തന്ന ഒരാളോട് അറിയില്ലെന്നു പറയാൻ എന്തൊ അയാളുടെ മനസ്സമ്മതിച്ചില്ല." വ അലൈക്കും ... എപ്പോ വന്നു" കുശലം ചോദിക്കാനെന്നവണ്ണം മമ്മുക്ക ചോദിച്ചു." ഞാനിന്നലെ " അയാൾ അല്പം ഉറക്കേ ചിരിച്ചു കൊണ്ടു പറഞ്ഞു" പാവം ചെവി കേൾക്കിലെന്നു തോന്നുന്നു. അയാളുട മറുപടി കേട്ടപ്പോൾ മമ്മുക്ക പിറുപിറുത്തു.
അയാൾ മറ്റെന്തോ പറയാൻ തുടങ്ങുമ്പോഴാണ്, പള്ളിയുടെ കിഴക്കേ അതിരിനോട് ചേർന്ന് അവൾ നിൽക്കുന്നത് കണ്ടത്. അയാൾ അവൾക്ക് നേരെ നടന്നു, അരമതിലിനു താഴെയാണ് അവളും കുറച്ചു സ്ത്രീകളും നിൽക്കുന്നത്, സാധാരണ ഇടാറുള്ള ചുരിദാറിനു പകരം പർദയാണ് വേഷം. ഇവൾ ക്ലാസിനു വന്നതാണോ...അയാൾ ഒരു വേള ശങ്കിച്ചു. ഉംറയ്ക്ക് പോകണമെന്ന താല്പര്യത്തിലായിരുന്നെല്ലോ ... പക്ഷേ അവളുടെ ദൈന്യത തുളുമ്പുന്ന മുഖവും നിറഞ്ഞ കണ്ണും കണ്ടു അയാൾ കൺഫ്യൂഷനായി. അയാളുടെ ഇളയമകളാണ്. കുടുംബത്ത് മമ്മുക്കയോടൊപ്പം താമസം. സ്ക്കൂൾ ടീച്ചറാണ്.
ഭർത്താവും അതേ സ്ക്കൂളിലെ മാഷാണ് , കൂടാതെ ലോക്കൽ രാഷ്ട്രീയ നേതാവുമാണ്.
"മോളെ എന്തുപറ്റി" മമ്മുക്ക ഗദ്ഗദത്തോടെ ചോദിച്ചു. വികാര തള്ളിച്ച കൊണ്ട് തൊണ്ടയിൽ കുരുങ്ങിയതോ എന്തോ തന്റെ ശബ്ദം കൃത്യമായി അവൾ കേട്ടിട്ടില്ലെന്നയാൾക്ക് തോന്നി. വീണ്ടും അയാൾ അവളെ വിളിക്കാനാഞ്ഞപ്പോൾ മീറ്റിംഗിന്റെ മൈക്കിന്റെ സൗണ്ട് അയാൾ കേട്ടു. എല്ലാവരും കസേരകളിൽ ഉപവിഷ്ടരാകണമെന്നും യോഗം ഉടൻ തുടങ്ങുമെന്നുള്ള അറിയിപ്പ് വന്നപ്പോൾ അയാൾ ഡയസിലേക്ക് കണ്ണോടിച്ചു. അവിടെ ജമാഅത്ത് പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ഇരിക്കുന്നു. പ്രസിഡന്റ് മൈക്ക് പോഡിയത്തിനടുത്തേക്ക് നടന്നു വരുന്നത് അയാൾ കണ്ടു. അയാളുടെ പ്രവർത്തികളിൽ , വളരെയധികം എതിർപ്പുള്ള ആളായതിനാൽ മമ്മുക്കക്ക് അത് കേൾക്കണമെന്നു പോലും തോന്നിയില്ല.. നാരങ്ങ വെളളം അങ്ങേത്തലയ്ക്കൽ വെച്ചിരിക്കുന്നതായി കണ്ടപ്പോൾ അയാളിൽ വല്ലാത്ത ദാഹം മൊട്ടിട്ടു. മമ്മുക്ക അങ്ങോട്ടേക്ക് നടക്കുന്നതിനിടയിൽ പ്രസിഡന്റ് തന്റെ പേര് പരാമർശിക്കുന്നത് കേട്ടു. പള്ളി പുനർ നിർമ്മാണ സമയത്ത് മമ്മുക്കയായിരുന്നു പള്ളി പ്രസിഡന്റ്. അന്നത്തെ കമ്മറ്റിയുടെയും വിശിഷ്യ മമ്മുക്കയുടെയും ത്യാഗം മറക്കാൻ കഴിയുകയില്ലെന്ന അയാളുട പ്രസ്താവന കേട്ടപ്പോൾ മമ്മുക്കയ്ക്ക് ചിരിവന്നു. ആ സമയത്ത് തനിക്കെതിരെ നിരന്തരം ഉപജാപകം നടത്തിയിരുന്ന ആളാണ്. പള്ളി പണിയുടെ സാധനം ഇറക്കി വെച്ചാണ് താൻ വീടു പണിഞ്ഞതെന്നു പറഞ്ഞും വീട്ടിലെ പെണ്ണുങ്ങളുടെ അടിപാവട നേർച്ച പള്ളിയിലെ പച്ച പട്ടു കൊണ്ടാെണെന്നും ആരോപിച്ച ആളാണ്. പിന്നെയും അയാൾ തന്നെക്കുറിച്ച് പുകഴ്ത്തി പറയുന്നതു കേട്ടപ്പോ മമ്മുക്കയ്ക്ക് കലി കയറി. നാരങ്ങ വെള്ളത്തിന്റെ മുമ്പിൽ വരെ ചെന്നിട്ട് ,ദാഹത്തെ മാറ്റി വെച്ച് സ്റ്റേജിലേക്ക് കേറി ചെല്ലാൻ തോന്നി.നീ കുറേശ്ശേ തള്ളന്റെ സുബേറെ...
അപ്പോഴാണ് പ്രസിഡന്റിന്റെ വാക്കുകൾ അയാളുടെ കർണ്ണപുടങ്ങളിൽ വീണത്." ഇത്തരത്തിൽ നമുക്കും നമ്മുടെ ജമാ അത്തിനും താങ്ങും തണലുമായി നിന്നിരുന്ന മമ്മുക്കാന്റെ പെട്ടന്നുള്ള മരണത്തിൽ എന്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു. ഈ വലിയ സമ്മേളനം അദ്ദേഹത്തിനുള്ള സമുചിതമായ യാത്രയയപ്പാണ്., പടച്ചവൻ അതു സ്വീകരിക്കുമാറാകട്ടെ ... ആമിൻ
മമ്മുക്കയ്ക് ചിരി വന്നു. ഇവൻ ഒരു പൊട്ടൻ തന്നെ താനിവിടെ ജീവനോടെ ഇരിക്കുമ്പോ പറയുന്ന കണ്ടില്ലേ : തുടർന്നു വന്ന സെകട്ടറി പറയുന്ന കേട്ടപ്പോ മമ്മുക്ക ആശ്വസിച്ചു." മമ്മുക്ക മരിച്ചെന്ന് ഞാൻ വിശ്വസിക്കില്ല." രണ്ടു ദിവസം മുൻപും ഞങ്ങൾ കണ്ടു കുറേ നേരം സംസാരിച്ചിരുന്നു" ശരിയാ ഇവന്റെ റേഷൻ കടയിലെ വെട്ടിപ്പിനെ കുറിച്ച് അല്പം ക്ഷോഭിച്ചു സംസാരിച്ചിരുന്നു.
തുടർന്ന് സെക്രട്ടറി പറഞ്ഞതു കേട്ട് മമ്മുക്ക അത്ഭുത പെട്ടു. മരണം അറിയിക്കാതെ വരുന്ന അതിഥിയാണ്, ഇന്നലെ രാത്രി അദ്ദേഹം ബാത് റൂമിൽ തലയിടിച്ചു വീണാണ് അപകടമുണ്ടായത്. തുടർന്നു പറഞ്ഞോരെല്ലാം തന്നെ പുകഴ്ക്കുന്നതും തന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തതോടെ മമ്മുക്ക അസ്വസ്ഥനായി. അപ്പോൾ സ്ഥലം എം.എൽ എ യും അനുയായികളും അവിടേയ്ക്ക് എത്തി. ഫ്ലക്സ് നിരോധനം ഏർപ്പെടുത്തണമെന്ന് പറഞ്ഞ് പണ്ട് മമ്മുക്ക സമരം ചെയ്തതിന്റെ ദേഷ്യത്തിലോ എന്തോ പ്രസുകാരൻ ജലാൽ കൈയിൽ ചുരുട്ടിയ ഫ്ലക്സ് ധൃതി പിടിച്ച് പണിക്കാരെ കൊണ്ട് കെട്ടിവെപ്പിച്ചു അനുശോചന യോഗം മർഹും മമ്മുക്ക ...... തന്റെ മരണം താനിവിടെ ഇരിക്കുമ്പോൾ ആഘോഷിക്കുകയും യാത്രയയപ്പു നല്കുന്നതും കണ്ടപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു '" ജനാബ് എന്താണ് ആലോചിക്കുന്നത്. നേരത്തെ കണ്ട വെള്ള കുപ്പായക്കാരൻ മമ്മുക്കയ്ക് അരികെ വന്നു നിന്നു." ഒന്നൂല്ല.... ഈ ലോകത്തെ ജാഹിലുകളെ കൊണ്ട് ജീവിക്കാൻ വയ്യ... ഞാനിവിടെ ഇരിക്കുമ്പോഴാ അവൻമാരുടെ പണി കണ്ടില്ലേ.… എനിക്ക് യാത്രയയപ്പ് നൽകുന്നത്!!!
"വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ!!" അയാൾ അല്യം ഉറക്കത്തിൽ ചിരിക്കുന്ന കണ്ടപ്പോ മമ്മുക്കയ്ക് അരിശം തോന്നി. "അല്ല ജനാബ് നിങ്ങളുടെ പുറകുവശത്തു എന്താ ഒരു കെട്ട്"
അയാൾ മെല്ലേ തലോടി കൊണ്ട് ചോദിച്ചു.
ശരിയാണെല്ലോ ....തന്റെ തലക്കു പുറകിൽ എന്തോ കെട്ടുള്ളതുപോലെ മമ്മൂട്ടിക്ക് തോന്നി. മെല്ലെ കൈ പുറകിലേക്ക് നീട്ടി പരിശോധിച്ചു. നനവ് ഫീലു ചെയ്യുന്നു. രക്തം പൊടിഞ്ഞു കട്ടപിടിച്ചതുപോലെ തോന്നി. മമ്മുക്ക ഒന്നും മിണ്ടാതെ രണ്ടു മിനിട്ട് തല തടവി കൊണ്ടിരുന്നു.. തലേന്ന് വീട്ടിൽ വച്ചു തനിക്ക് പരിക്ക് പറ്റിയത് മെല്ലെ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു. സന്ധ്യാ നമസ്ക്കാരം കഴിഞ്ഞു റൂമിൽ വിശ്രമിക്കുമ്പോഴാണ് അപ്പുറത്ത് എന്തോ ബഹളം കേട്ടത്. മുറിക്കു പുറത്ത് മകളും മരുമകനും തമ്മിൽ വാക്കു തർക്കവും കശപിശയും നടക്കുന്നു. ഈയിടെ ആയിട്ടു ഇതു പതിവായിരിക്കുന്നതായി മമ്മുക്കക്ക് തോന്നി.
പ്രേമ വിവാഹമായിരുന്നു. പക്ഷേ ഇപ്പോൾ ഇടയ്ക്കിടയ്ക്കുള്ള പൊട്ടലും ചീറ്റലും കൂടി വരുന്നു. തന്നെ കണ്ടിട്ടും രണ്ടാളും പിൻവാങ്ങാൻ തയ്യാറാകാതെ നിന്നത് അയാളിൽ അപകർഷത ജനിപ്പിച്ചു. താൻ പല്ലുകൊഴിഞ്ഞ സിംഹമായി അവർക്ക് തോന്നിയിരിക്കും.. വഴക്കിന്റെ കാരണം വ്യക്തമായില്ലെങ്കിലും സ്ക്കൂളിന്റെ പരിസരത്തെ പോലീസ് പിടിച്ചെടുത്ത പുകയില ശേഖരം കെട്ടിയോന്റെ പങ്കു കച്ചവടക്കാരന്റെ യാണെന്ന മകളുടെ ആക്രോശം അവനെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു. വഴക്കിന്റെ ഇടയക്കു കയറിയ തന്നെ മരുമകൻ ഊക്കോടെ പിടിച്ചു തള്ളിയത് മമ്മുക്കക്ക് ഓർമ്മ വന്നു. ഇങ്ങോര് ഇതു വല്ലതും അറിഞ്ഞിട്ടുണ്ടോ? മമ്മുക്ക അപരിചിതന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖതാവിലെ സംശയം വായിച്ചറിഞ്ഞ ആ മനുഷ്യൻ ചോദിച്ചു: എന്താണ് ജനാബ് നിങ്ങടെ സംശയം , ഞാനിതെല്ലാം അറിഞ്ഞോ ന്നാണോ?,,, ഞാനെല്ലേ നിങ്ങളെ ഇങ്ങോട്ടു കൂട്ടി കൊണ്ടുവന്നത്. ശരിയാണെല്ലോ ... ഗ്രാനൈറ്റ് തറയിൽ തലയടിച്ചു കിടന്നപ്പോൾ തന്നെ ആരോ . പൊക്കാൻ ശ്രമിക്കുന്ന പോലെ തോന്നിയിരുന്നു. കടുത്ത വേദന തോന്നിയ സമയത്ത് ഒരു നിമിഷം ഇയാളുടെ മുഖം കണ്ടതോർക്കുന്നു." ഞാനോർക്കുന്നു എന്നാലും ആളാരാണന്ന് അങ്ങോട്ട് ശരിക്കും മനസ്സിലായില്ല. "മമ്മുട്ടി എന്ന മമ്മുക്ക നിങ്ങളടക്കമുള്ള എല്ലാ ബലാലുകളും കൃത്യമായ സമയത്ത് ഈ ദുനിയാവിന്നു പിടിച്ചു കൊണ്ട് ചെല്ലാൻ എന്നെയല്ലെ ഏൽപിച്ചിരിക്കുന്നത്." മമ്മുക്കയുടെ ഉള്ളു കാളി. താൻ മരിച്ചിരിക്കുന്നു. അയാളുടെ സ്ഥൂലശരീരം പരിചയക്കാരുടെയും ബന്ധുമിത്രാതികളുടെയും അടുത്തേക്ക് ചെന്നു., വിഷമത്താൽ കണ്ണീർ വാർത്തു. പക്ഷേ അവർ മർഹും മമ്മുക്കയ്ക്ക് അർഹമായ യാത്രയയപ്പ് നൽകിയതിന്റെ നിർവൃതിയിൽ അയാളെ കണ്ടില്ല.എം.എൽ എ മരുമകനേയും ചേർത്ത് ആശ്വസിപ്പിച്ചു കൊണ്ട് അയാൾക്കരികിലൂടെ നടന്നു പോയി. മകൾ നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയ അയാൾക്ക് അവിടത്തെ ജനസഞ്ചയം അലിഞ്ഞില്ലാതായതായി തോന്നി.' വരു സാഹിബ് ഇതു നിങ്ങടെ ജീവിതത്തിലെ അവസാനത്തെ യാത്രയയപ്പാ യിരുന്നു. ഇനി നിങ്ങടെ ജീവിതം അവിടെയാണ് ....അയാൾ പള്ളിക്കാട്ടിലേക്ക് കൈ ചൂണ്ടി..….