"ഇനി ഒട്ടു പോണോ കുഞ്ഞിട്ടാ", കാലുകൾ പെറുക്കി വെച്ചുകൊണ്ട് അനുരാധ ചോദിച്ചു. മാനത്തിന്റെ ഉച്ചിയിൽ പന്തം പോലെ എരിയുന്ന സൂര്യൻ. കുഞ്ഞുട്ടൻ തിരിഞ്ഞു നോക്കി. "ഇനി ഇത്തിരീം കൂടി.." അയാൾ
നടക്കുമ്പോൾ മണൽതരികൾ ഞെരിഞ്ഞു കരകര ഒച്ചയുണ്ടായി.
"ഇനി മിണ്ടാണ്ട് നടക്കൂട്ടൊ കുട്ടീ." അയാളുടെ ശബ്ദത്തിൽ ഇത്തിരി ഗൗരവം വന്നു. മെയിൻ റോഡ് കഴിഞ്ഞു വെട്ടുവഴിയിലേക്കിറങ്ങി.
"എത്തറായില്ലേ കുഞ്ഞിട്ടാ.? ഏട്ടൻ എന്നെ തിരയുന്നുണ്ടാവും..പഞ്ചവർണതത്ത വേണ്ട. തിരിച്ചു പോവാം.."
അയാൾചൂണ്ടുവിരൽ ചുണ്ടോട് ചേർത്തു. "ശൂപ്!!"
അയാൾ എപ്പോഴും വീട്ടിൽ വരാറുണ്ട്..വിറക് കീറുന്നത് അയാളാണ്. ഒരിക്കെ വിറകെല്ലാം കീറി ഊണ് കഴിച്ചു അയാൾ തിണ്ണയിൽ വിശ്രമിക്കുമ്പോൾ ആണ് അനുരാധ കുഞ്ഞൂട്ടനുമായി കൂട്ടായത്..
കുഞ്ഞൂട്ടന്റെ വീട്ടിലെ മാനം തൊടുന്ന ഞാവലിന്റെ പൊത്തിൽ ഒരു തത്തമ്മ മുട്ടയിട്ടിട്ടുണ്ടെന്നും,അതു വിരിഞ്ഞാൽ ഒരു തത്തക്കുഞ്ഞിനെ അനുരാധയ്ക്ക് നൽകാമെന്നും കുഞ്ഞൂട്ടൻ വാക്കുപറഞ്ഞു..
"തത്ത എന്നാ വിരിയാ.. കുഞ്ഞുട്ടേട്ടാ..?"
"സാദാ തത്തയൊന്നുമല്ല ഇദ്..ട്ടൊ..!നല്ല അസ്സൽ പഞ്ചവർണതത്ത..!!"
അയാളുടെ കണ്ണുകൾ വല്ലാതെ കുറുകി.
"കുട്ടീടെ ഈ ഉടുപ്പ് എവിടുന്നു വാങ്ങിയതാ..?" അയാൾ അവളുടെ തുടയിൽ കൈവെച്ചു..
"എന്തേ..?"
"ഒന്നൂല്ല..ഉടുപ്പിന് നല്ല മിനുസം..!"
"അച്ഛൻ മദിരാശിയിൽ നിന്നും വന്നപ്പോൾ കൊണ്ടു വന്നതാ.."
അയാൾ അനുരാധയുടെ ഉടുപ്പിന് മുകളിലൂടെ കയ്യൊടിച്ചു കൊണ്ടിരുന്നു. 'അമ്മ വരുന്നത് കണ്ടപ്പോൾ കൈ പിൻവലിച്ചു.
"അനൂ..അകത്തേക്ക് പോ..!"
അമ്മ കൂർപ്പിച്ചു നോക്കി.
"കുഞ്ഞൂട്ടൻ ചെല്ല്. ന്നാ കാശ്.."
അനുരാധ അകത്തുപോയി പടിഞ്ഞാറ്റയുടെ കിളി വാതിലിലൂടെ കുഞ്ഞൂട്ടനെ വിളിച്ചു.. "ശൂ..ശൂ..!" കയ്യാല കടക്കുന്ന കുഞ്ഞൂട്ടൻ തിരിഞ്ഞു നോക്കി..
"പഞ്ചവർണതത്ത... മറക്കല്ലേ.."
അയാൾ തലകുലുക്കി..
ഏട്ടന്റെയും കൂട്ടുകാരുടെയും കൂടെ കളിക്കുന്നതിനിടയിലാണ് പൂവത്തുമരങ്ങൾ തണലിടുന്ന ഇടവഴിയിൽ അങ്ങേതലക്കൽ അവൾ കുഞ്ഞൂട്ടനെ കണ്ടത്..
ഏട്ടൻ മരത്തോട് ചാരി എണ്ണൻ തുടങ്ങി.."1,2,3,4,...."
എല്ലാരും ചിതറി ഓടി..പുല്ലാനിപ്പൊന്തകളിലും, നെല്ലിമരത്തിനു പിന്നിലുമൊക്കെയായി ഒളിച്ചു. അനുരാധ ഓടി പൂവത്തിന്റെ ചോട്ടിൽ കാത്തുനിൽക്കുന്ന കുഞ്ഞൂട്ടന്റെ അരികിലേക്ക്..
"കിട്ടിയോ..പഞ്ചവർണ തത്തയെ..?"
"കിട്ടി..വീട്ടിലുണ്ട്..വാ.."
അയാളുടെ കണ്ണിൽ ഇപ്പോൾ വിരിഞ്ഞിറങ്ങി വാ പിളർത്തി കരയുന്ന പഞ്ചവർണക്കിളി കുഞ്ഞുങ്ങൾ ഉണ്ടെന്നു അനുരാധയ്ക്ക് തോന്നി. ഇപ്പോൾ അയാളുടെ വീട്ടിലേക്കുള്ള മുള്ളുവേലി മാറ്റി അയാൾ അകത്തേക്ക് കടന്നു. എവിടെ ഞാവൽ മരം.? അവൾ നാലുപാടും നോക്കി..
ഒരു കാക്കക്കിരിയ്ക്കാൻ പോലും തണലില്ലാത്ത തൊടിയിൽ ഒരു മരവും കണ്ടില്ല, മുകളിൽ മാനവും, തീവെളിച്ചം ചൊരിഞ്ഞു കൊണ്ട് ഒരൊറ്റ സൂര്യനുമല്ലാതെ..!!
"അകത്തേക്ക് വാ.. അയാൾ അവളെ അകത്തേക്ക് വിളിച്ചു." അയാളുടെ പരുക്കൻ കയ്യിലെ വിറകുവെട്ടിയുണ്ടായ തഴമ്പെറ്റ് അനുരാധയ്ക്ക് നൊന്തു. അകത്തു കയറിയതും അയാൾ വാതിൽ സാക്ഷയിട്ടു.!
അനുരാധയുടെ തൊണ്ടയിൽ ഒരു പഞ്ചവർണക്കിളി പിടഞ്ഞു. ഇല്ലാത്ത ഞാവലിന്റെ കാണാത്തപൊത്തിൽ, ചുവന്ന വാപിളർത്തിക്കരയുന്ന കിളിക്കുഞ്ഞുങ്ങൾക്കു നേരെ അനുരാധ കണ്ണുകൾ ഇറുക്കിയടച്ചു.
പിന്നെ മെല്ലെ മെല്ലെ അവൾ ധൈര്യത്തിന്റെ ഒരു ചിറകെടുത്തു ചാർത്തി.
"എനിക്ക് വിശക്കുന്നു. കഞ്ഞിയുണ്ടോ ഇവിടെ കുഞ്ഞിട്ടാ?"
നാശം..അയാൾ അടുപ്പത്തെ കലത്തിൽ നിന്നും കഞ്ഞി വിളമ്പി.
"ആ ,അച്ചാറും.." ചുവന്ന നിറത്തിൽ ചില്ലുകുപ്പിയിലെ അച്ചാറിലേക്ക് അവൾ ചൂണ്ടി. "അത് കാന്താരി മുളകാണ്..എരിയും കൊച്ചെ." അയാൾ കുപ്പി എടുത്തു മേശയിൽ വെച്ചു..അവളുടെ മുന്പിലിരുന്നു..
"വേഗം കുടിക്ക് ..!"
ഇപ്പോൾ അയാളുടെ കണ്ണിൽ പഞ്ചവർണതത്തയു ടെയല്ല, കഴുകന്റെ കുഞ്ഞുങ്ങളാണ് എന്ന് അനുരാധയ്ക്ക് തോന്നി.
അച്ചാറു കുപ്പി കഴുകൻ കണ്ണിലേക്ക് അവൾ ആഞ്ഞൊഴിച്ചു. കണ്ണുകൾ പൊത്തിക്കൊണ്ട കുഞ്ഞൂട്ടൻ അലറി. ഓടാൻ തുനിഞ്ഞ അവളുടെ പാവടത്തുമ്പിൽ അയാൾക്ക് പിടുത്തം കിട്ടി. അയാളുടെ കൈ അവൾ കടിച്ചു മുറിച്ചു..ചുണ്ടിൽ ചോരയുടെ ഉപ്പുരസം അവൾ തുപ്പി. അയാൾ കണ്ണുപൊത്തിക്കൊണ്ടു കൈ കുടഞ്ഞു. അനുരാധ വാതിലിന്റെ സാക്ഷയെടുത്തു ഇറങ്ങിയോടി.!
പാർശ്വങ്ങളിൽ മുളച്ചു വന്ന ധൈര്യത്തിന്റെ പച്ചച്ചിറകുകൾ വീശി, ചോരയിൽ ചെഞ്ചായം മുക്കിയ ചുണ്ടുകളുമായി, മാനത്തു കൊളുത്തിവെച്ച കനൽ സൂര്യനു കീഴെ ഇടവഴിയിലൂടെ അവൾ പറന്നു..
ഒരു പഞ്ചവർണത്തത്തയായി.