പേരിനെ അന്വർത്ഥമാക്കുന്ന നിറക്കാരി. തിളങ്ങുന്ന കറുപ്പ്. വന്യമായ പുരിക കൊടികൾ. സമൃദ്ധമായ നിതംബവും, മാറിടങ്ങളും. സ്പ്രിംഗ് പോലുള്ള മുടി. അവൾ ബെല്ലടിച്ചപ്പോൾ ഞാൻ ഡോർ തുറന്നു.
ചിരിച്ചപ്പോൾ പല്ലുകൾ പ്രകാശിച്ചു..!! കാഴ്ചയിൽ ഒരു ഹിഡുംബി..!!
"അസ് വാദ", അവൾ പരിചയപ്പെടുത്തി.
അസ്സലാമു അലൈക്കും", അവൾ കൈ നീട്ടി..
എന്റെ കൈകള് അവളുടെ ബലിഷ്ഠമായ കയ്യിൽ കിടന്നു ഞെരിഞ്ഞു..!
പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല..
അവൾ പോയി. നൈജീരിയൻ ആയിരുന്നു അവൾ. രണ്ടു ദിവസം കഴിഞ്ഞു അവൾ വീണ്ടും വന്നു.. വലിയ കൂക്കിങ് പോട് ചോദിക്കാൻ ആയിരുന്നു വന്നത്. എന്റെ കയ്യിൽ ഉള്ളത് ചെറുതായിരുന്നു. അവൾ പുഞ്ചിരി യോടെ പോയി.
താഴെ ഫ്ളാറ്റിൽ കണ്ണൂർക്കാർആയിരുന്നു താമസിച്ചിരുന്നത്. അവിടുത്തെ ജമീല ത്തയായിരുന്ന എന്റെ മർഗ്ഗ നിർദേശിയും, ഉപദേഷ്ടാവും.
നീഗ്രോകൾ മനുഷ്യനെ തിന്നും എന്നും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങൾ ജമീലത്ത എനിക്ക് കൈമാറി..!
എന്റെ ഉള്ളിൽ..അസ് വാദ ഒരു നരഭോജി യായി മാറി..!!
മനക്കണ്ണിൽ ഞാൻ ചിലപ്രാകൃത നൃത്ത രൂപങ്ങൾ കണ്ടു. പറചെണ്ടയുടെ കാഹളം മുഴങ്ങി..!! സുഷിര വാദ്യങ്ങൾ.., ബലിപീഠം..!ചോര...!!
എനിക്ക് തല കറങ്ങി...
അവൾ ഇന്നലെ പാത്രം ചോദിച്ചത് ഏതോ മനുഷ്യനെ വേവിക്കാൻ ആവും. വാച്ചുമാൻ ഹംസക്കാനെ കണ്ടിട്ട് 2 ദിവസമായി..ഇനി അയാളെയെങ്ങാനും.?? കായബലം കൊണ്ട് അസ് വാദ ഹംസക്കാനെ തോൽപിക്കാൻ സാധ്യത യും ഉണ്ട്..!
ഭാഗ്യം അന്ന് വൈകുന്നേരം ചെടികൾ നനച്ചു നിൽക്കുന്ന ഹംസക്കാനെ ഞാൻ കണ്ടു. ഇല്ല..ഹംസക്കാനെ ശാപ്പിട്ടിട്ടില്ല..!
ഉച്ചമയക്കത്തിൽ വീണുപോയ ഞാൻ വിദൂരതയിൽ നിന്നും ഒരു ഡോലക് വാദനം കേട്ടു! ഉണരാൻ ആവാതെ കിടന്നു, അത് അടുത്തടുത്ത വ രുന്നു..കാളിങ് ബെല്ലടി ച്ചു.. വാതിൽ തുറന്നു..അസ് വാദ..!!
അതേ വേഗത്തിൽ ഞാൻ വാതിൽ വലിച്ചടച്ചു..'വാതിലിൽ ചാരി നിന്നു..കിതച്ചു..!!
ജമീലത്ത അപകട സൂചന തന്നില്ലയിരുന്നെങ്കിൽ..ഞാൻ വാതിൽ തുറന്നേനെ..,
2,3,ദിവസം കഴിഞ്ഞു..,
വീണ്ടും എന്റെ ചെവിയിൽ ഏതോ ഗോത്ര വാദ്യങ്ങൾ മുഴങ്ങി..ചെവി തുളക്കുന്ന ശംഖൊലി..
അസ് വാദ..!വീണ്ടും..!!
അവൾ അവളുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ എനിക്ക് എങ്ങനെ ഈ വാദ്യഘോഷങ്ങൾ കേൾക്കാൻ കഴിയുന്നു..? ഞാൻ ലെൻസിലൂടെ നോക്കി. അവൾ തന്നെ. കയ്യിൽ ഒരു പാത്രം..!അതിൽ കേക്ക് ആണെന്ന് തോന്നി..
അതേ. അതിൽ എന്തെങ്കിലും മയക്കുമരുന്ന് ഉണ്ടാവും. അതു തന്ന് എന്നെ കശാപ്പു ചെയ്യാനാവും പ്ളാൻ.!!
ഹെന്റെ പടച്ചോനെ. ഞാൻ മുറിയിലൂടെ പരക്കം പാഞ്ഞു.. അപസ്മാര രോഗിയെപ്പോലെ..വിറച്ചു..വാതിലിൽ ചാരി നിന്നു.!
ജമീലത്തക്ക് ഒരിക്കലും തെറ്റ് പറ്റില്ല! അന്ന് രാത്രി ഭർത്താവിനോട് ഞാൻ പറഞ്ഞു.."ന്റെ ന്നിക്കാ..നമ്മക്ക്..ഈ കറുപ്പന്മാർ ഇല്ലാത്ത എങ്ങോട്ടേലും പോവാം.."
എന്തുപറ്റി..?
ഞാൻ ഒറ്റ ശ്വാസത്തിൽ അസ് വാദ എന്ന നരഭോജിയെ കുറിച്ച് പറഞ്ഞു. ഭർത്താവ് ചിരിച്ചു.. ഉറക്കെയുറക്കെ..!
"ന്റെ..ബുദുസെ..! നീ വല്ലാത്തൊരു റേസിസ്റ് ആണല്ലോ..',
ആളുകളുടെ നിറത്തിൽ എന്തിരിക്കുന്നു? എല്ലാരും പടച്ചോൻറെ പടപ്പുകൾ. കറുത്ത തൊലിക്കുള്ളിൽ അവർക്ക് വെളുത്ത മനസ്സുണ്ടാവും! മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, ഇവരൊക്കെ മനുഷ്യരെ തിന്നുമോ ..?
പിന്നെ ബിലാൽ(റ) എന്തു നല്ല ഹൃദയത്തിൻ ഉടമ യായിരുന്നു.."
"അവളുടെ ബാബ ഒരു പാവം വൃദ്ധൻ ആണ്.. ആണ്. നീ ആളുകളെ കുറിച്ച് വേണ്ടാത്തത് പറയാതെ.."
"ആണോ.. ശോ.." ഞാൻ നഖം കടിച്ചു..
പിറ്റേന്ന് ബെല്ലടി.. ഭർത്താവ് വീട്ടിൽ ഉണ്ട്, ഞാൻ ചെന്നു ധൈര്യമായി വാതിൽ തുറന്നു.., അസ് വാദ വിവാഹ വേഷത്തിൽ..!! കൃഷ്ണ ശിലയിൽ കൊത്തിയ ഒരു വിഗ്രഹം പോലെ..!
അവൾ വിവാഹമുറപ്പിച്ച മധുരവുമായി ഇവിടെ വന്നിരുന്നു എന്നും, ആളില്ലാത്തത് കൊണ്ട് മടങ്ങിപ്പോയി എന്നും പറഞ്ഞു.
അവൾ എന്നെ ആലിംഗനം ചെയ്യാൻ കൈകൾ നീട്ടി. ഞെരിച്ചു കൊല്ലുമോ എന്ന ആശങ്കയോടെ ഞാൻ ചെന്നു..
അവൾ മൃദുവായി എന്നെ മാറോടു ചേർത്തു. പിന്നെ നിറയെ മുത്തുകൾ പതിച്ച പീത വർണ്ണ മാർന്ന മന്ത്രകോടിയുമായി..നടന്നുപോയി. എന്റെ വാതിൽക്കൽ ഞാൻ നിറകണ്ണുകളോടെ നോക്കിനിന്നു.
എത്രയോ. കഥകൾ എനിക്ക് സമ്മാനിക്കാൻ കഴിയുമായിരുന്ന ഒരു കൂട്ടുകാരിയെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന സങ്കടത്തോടെ.