മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചേക്കേറാനിടം തേടി അലയുന്ന ചക്രവാക പക്ഷികൾ. ഇരുട്ടുവീണു തുടങ്ങുന്ന ആകാശത്തിന് കീഴിൽ കടൽക്കരയിൽ തിരക്കിൽ നിന്ന് അകന്നു മാറി മണൽപ്പരപ്പിൽ ഇരിക്കുമ്പോൾ വിജയൻ്റെ മനസ്സുനിറയെ

തകർന്നുപോയ ഗ്ലോബും അതിലെ വർണ ചിറകുള്ള മത്സ്യങ്ങളുമായിരുന്നു. തറയിൽ വീണു ചിതറിയ ജീവൻ്റെ തുടിപ്പുകൾ.  മറക്കാൻ ശ്രമിക്കും തോറും ഓടിയെത്തുന്ന ഓർമ്മകൾ. കടൽ കാറ്റിന്റെ തലോടലും, തിരമാല കളുടെ ആലിംഗനവും, ആകാശചെരുവിലെ മേഘക്കൂട്ടങ്ങളുടെ മനോഹാരിതയുമൊന്നും ആസ്വദിക്കാൻ തനിക്കു സാധിക്കുന്നില്ല.

എത്രയോ സന്ധ്യകൾ അവളോടൊത്ത് ഇവിടെ ചിലവഴിച്ചിരുന്നു. അന്നും താൻ പ്രകൃതിയെയല്ല, അവളുടെ ചിരിയും കളിയും കൊഞ്ചലുകളുമാണ് ആസ്വദിച്ചത്. കാലക്രമേണേ അവളോടൊപ്പം, മക്കളിലേയ്ക്കും മാത്രമായി ത്തീർന്നു തൻ്റെ പ്രദക്ഷിണപഥം.

നമ്മളറിയാതെ തന്നെ ജീവിതത്തിൻ്റെ കടിഞ്ഞാൺ പലപ്പോഴും നഷ്ടപ്പെട്ടു പോകുന്ന കാലം. എല്ലാ ആഗ്രഹങ്ങൾക്കും വിരുദ്ധമായി മോഹങ്ങൾ ഒരു വഴിയേ പോകുന്നു. നഷ്ടങ്ങൾ മറ്റൊരു വഴിയേ.

ജീവൻ്റെ ജീവനായ് വിശ്വസിച്ചവൾ ചതിക്കുമെന്ന് ഒരിക്കലും ചിന്തിച്ചതേയില്ല. ഒക്കെ തൻ്റെ വിധി ആയിരിക്കാം. പലരും ഉപദേശിച്ചിരുന്നു. നീ നിൻ്റെ വ്യക്തിത്വം പണയം വയ്ക്കരുത് എന്ന്. പക്ഷേ അവളുടെ സ്നേഹം സത്യമെന്ന് ധരിച്ച് താൻ എല്ലാം അവളുടെ പേരിലാക്കി.

അച്ഛനേയും, അമ്മയേയും, സഹോദരങ്ങളേയും അവൾക്കു വേണ്ടി തള്ളിക്കളഞ്ഞതോർക്കുമ്പോൾ ഇന്ന് ഹൃദയത്തിൽ വിങ്ങുന്ന നൊമ്പരം. അവളെന്ന സൗരയൂഥപഥത്തിൽ കറങ്ങുമ്പോൾ സ്വന്ത ബന്ധങ്ങൾ മറന്ന് പോയ നാളുകൾ. രോഗിയായ അച്ഛൻ്റെ കണ്ണീർ കണ്ട പലരുടേയും ചോദ്യങ്ങൾക്ക് മുൻപിൽ മൗനമായ് നിൽക്കേണ്ടി വന്നപ്പോഴും പതറിയില്ല. തനിക്ക് തൻ്റെ കുടുംബം മാത്രം മതി എന്ന നിലപാടിൽ താൻ ഉറച്ചു നിന്നു അതാണു ശരി എന്ന ധാരണയിൽ.

തൻ്റെ ശമ്പളം അവൾടെ കൈകളിൽ ഏൽപ്പിക്കുമ്പോഴും, കുടുംബ കാര്യങ്ങൾ ഭംഗിയായി അവൾ നിർവഹിച്ചപ്പോഴും അഭിമാനമായിരുന്നു. അതു വഴി താനറിയാതെ വീണത് അഗാധമായ ഗർത്തത്തിലാണെന്ന സത്യം മനസിലാക്കുവാൻ വൈകിപ്പോയി. അച്ഛന് മരുന്നിനു പോലും ചില്ലിക്കാശു നൽകാനവൾ അനുവദിച്ചിരുന്നില്ല.  അച്ഛൻ്റെ അവസ്ഥ താനും മനസിലാക്കിയില്ല. അതിനു ശ്രമിച്ചില്ല എന്നതാണ് സത്യം.

തൻ്റെ സ്വത്തുക്കൾ എല്ലാമവളുടെ പേരിൽ എഴുതിക്കൊടുത്ത ശേഷമാണവൾക്ക് ഇത്രയേറെ മാറ്റം. പെൻഷൻ പറ്റിയ തനിക്ക് പണ്ടത്തെയത്ര വരുമാനവും ഇപ്പോഴില്ലല്ലോ.

വരുമാനമുള്ള മകനോടൊപ്പം നിൽക്കുന്നതാണ് നേട്ടമെന്നു അവൾക്കും തോന്നിയിരിക്കാം. രോഗിയായ താൻ ഇന്ന് എല്ലാവർക്കുമൊരു ബാധ്യതയാണല്ലോ. ഏറെ ലാളിച്ചു വളർത്തിയ മോൻ പോലും തന്നെ തിരസ്ക്കരിക്കും പോലെയാണ് പെരുമാറ്റം. തൻ്റെ അധ്വാനഫലമായ വീട്ടിൽ പോലും താൻ ഒറ്റപ്പെട്ടു. അല്ല വെറുക്കപ്പെട്ടു.

മോൻ്റെ കൂട്ടുകാർ വന്നപ്പോൾ താൻ അവരുടെ മുന്നിൽ വച്ച് ഒന്നു വേച്ചു വീഴാൻ പോയപ്പോൾ തൻ്റെ കൈ തട്ടി മീൻ ഗ്ലോബ് മറിഞ്ഞു വീണു പൊട്ടിയപ്പോഴാണ് അവളുടെ തനി സ്വഭാവം പുറത്തു വന്നത്. വർഷങ്ങൾക്കു മുൻപ് താൻ വാങ്ങിയ ഗ്ലോബു പോലും അവൾടെ സ്വന്തം .താൻ മാത്രം എവിടെ നിന്നോ വലിഞ്ഞുകയറി വന്നവനും.

" എല്ലാം മുടിപ്പിക്കാനായ് നടക്കുന്നു. ഞങ്ങളെ നാണം കെടുത്താനായി , എന്തിനാ ഇങ്ങനൊരു ജന്മം.നിങ്ങൾക്കു വല്ല വഴിയും പൊയ്ക്കൂടേ."

എല്ലാം കണ്ടു നിന്ന മകൻ പോലും തനിക്കു വേണ്ടി ഒരക്ഷരമുരിയാടിയില്ല. മരുമോൾക്കും അത് സന്തോഷമുള്ള കാഴ്ചയായി.


'സുഖദുഃഖങ്ങളിൽ എന്നും കൂടെ ഉണ്ടാകും എന്ന് പറഞ്ഞ പാർവ്വതിക്ക് ഇതുപോലെ പെരുമാറാൻ സാധിക്കുമോ ?'

'പാർവതീ.. മോൻ്റെ കുഞ്ഞുങ്ങൾ പറക്കമുറ്റുമ്പോൾ ഈ മകനും മരുമോളും നിന്നെയും തള്ളിക്കളയും. അന്ന് നിനക്ക് എന്നെപ്പോലെ എല്ലാം സഹിക്കാൻ സാധിക്കുമോ ?'

തൻ്റെ അച്ഛൻ്റെ ശാപമാണോ തനിക്ക് ഇന്നീ ഗതി വരാൻ കാരണം. അച്ഛാ .. മാപ്പ്.

വിജയൻ നെടുവീർപ്പുകളോടെ കടൽത്തീരത്തുനിന്ന് എഴുന്നേറ്റു. മുന്നോട്ട് നടക്കാൻ കാലുകൾക്ക്  ശക്തിയില്ല, എങ്കിലുമയാൾ വേച്ചു വേച്ചു നടന്നു. അയാൾക്ക് നെഞ്ചു പൊട്ടും പോലെ തോന്നി. ഒന്നു പൊട്ടിക്കരയാൻ പോലുമാവാതെ വിഷണ്ണനായി നടന്നു. അനന്തമായി കിടക്കുന്ന പാതയിലൂടെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ