പഞ്ചമി ഒരു കുഞ്ഞിനു കൂടി ജന്മംനല്കി. കുട്ടിയുടെ കരച്ചിൽ കേട്ടു വരരുചി തിരക്കി. പ്രസവം കഴിഞ്ഞൂ അല്ലേ?
അതേ!
കുട്ടി ആണോ ,പെണ്ണോ?
ആൺകുട്ടിയാണ്. അവൾ പറഞ്ഞു.
അപ്പോൾ അയാൾ "കുഞ്ഞിന് വായ് കീറീട്ടുണ്ടോ?" എന്ന ആ പഴയ പല്ലവി വീണ്ടും ആവർത്തിച്ചു.
കുഞ്ഞിനു "വായ്" കീറീട്ടുണ്ടോ? എന്ന വരരുചിയുടെ ചോദ്യം കേട്ടവൾ നടുങ്ങി.
ഇല്ലെന്ന് പഞ്ചമി കള്ളം പറഞ്ഞു.
"എങ്കിൽ കുഞ്ഞിനേയുമെടുത്ത് കൂടെ പോരൂ " എന്നായി വരരുചി.
കുഞ്ഞിനെ എടുത്തോളൂ എന്ന ഭർത്താവിൻ്റെ വാക്ക് പഞ്ചമിയ്ക്കു വല്ലാത്തൊരു ആനന്ദവും നിർവൃധിയും നൽകി! അവൾ കുഞ്ഞിനേയും എടുത്ത് അയാൾക്കൊപ്പം നടന്നു.
അല്പദൂരം നടന്നിട്ടും കുഞ്ഞിൻ്റെ കരച്ചിലോ ഞരക്കമോ കേൾക്കതായ പ്പോൾ ഉള്ളിൽ വല്ലാത്തൊരു പിടച്ചിൽ. അടുത്തുകണ്ട മരത്തണലിൽ ഇരുന്നവൾ, വേഗം പഴംന്തുണിയിൽ പൊതിഞ്ഞു പിടിച്ച തന്റെ കുഞ്ഞിനെ തോളിൽ നിന്നും എടുത്തു കൈകളിൽ മലർത്തിക്കിടത്തി. ചുരത്തി നിന്ന മുലഞെട്ട് കുഞ്ഞിൻ്റെ വായിലേക്ക് എടുത്തു വെച്ചു.!
കുഞ്ഞു കരയുന്നുമില്ല, മുല ഞെട്ട് നുണയുന്നുമില്ല. അപ്പോഴാണ് കുഞ്ഞിന് വായില്ലെന്ന സത്യം പഞ്ചമി തിരിച്ചറിഞ്ഞത്! എന്തുചെയ്യണം എന്നറിയാതെ ഞെട്ടിത്തരിച്ചിരുന്നുപോയി അവൾ.
ചലനമറ്റു തൻ്റെ കൈയ്യിൽ കിടക്കുന്ന കുഞ്ഞിനു "വായില്ല"! ആ പ്രദേശമാകെ നടുങ്ങുമാറ് ഉച്ചത്തിൽ അവൾ അലറിക്കരഞ്ഞു. തൻ്റെ കുഞ്ഞിനു വായില്ല !. ദൈവമേ ഇതെന്തു വിധി?
വെറുതേ ഒരു കള്ളം പറഞ്ഞതാണ്. ഈ കുഞ്ഞിനെ എങ്കിലും നഷ്ടപ്പെടാതിരിക്കാൻ പറഞ്ഞ കള്ളം. ദൈവമേ അത് സത്യമായി തീരുമെന്ന് അറിഞ്ഞില്ല.
"ദൈവമേ എന്തിനെന്നെപ്പരീക്ഷിക്കുന്നൂ?" ആ മാതവിൻ്റെ ഹൃദയം പിടഞ്ഞു.
പഞ്ചമിയുടെ അലർച്ചയിൽ അയാൾ പകച്ചു നിന്നുപോയി. മുന്നേ നടന്ന വരരുചി പെട്ടന്ന് തിരിഞ്ഞു ഓടിയെത്തി. പഞ്ചമിയുടെ കൈയിൽക്കിടക്കുന്ന കുഞ്ഞിനെ നോക്കി.
മുൻപ് തനിക്ക് പിറന്ന പതിനൊന്നു കുഞ്ഞുങ്ങളേയും ഒരുനോക്കു കാണാൻ പോലും അഗ്രഹിക്കതിരുന്ന വരരുചി അന്നാദ്യമായി വായില്ലാത്ത പന്ത്രണ്ടാമത്തെ കുഞ്ഞിനെ വരിയെടുത്തു പൊട്ടിക്കരഞ്ഞു.
കുഞ്ഞിനെ കണ്ണിമ പൂട്ടാതെ നോക്കി തേങ്ങി. ആ കുഞ്ഞിനെ കൈകളിൽ കൊരിയെടുതപ്പോൾ മരണത്തിൻ്റെ തണുപ്പ് ആ പിതാവ് അറിഞ്ഞു.! വരരുചിയുടെ മനസ്സുപിടഞ്ഞൂ. ശരീരം തളർന്നു.
ആ നിമിഷം, താൻകാരണം ഉപേക്ഷിക്കേണ്ടി വന്ന പതിനൊന്നു കുഞ്ഞുങ്ങളുടെയും തേങ്ങൽ. അലമുറകളായി അയാളുടെ കാതുകളിൽ അലയടിച്ചു.
പന്ത്രണ്ടു മക്കളെയും നഷ്ടപ്പെടാൻ കാരണം തൻ്റെ ദുരഭിമാനം കാരണമാണെന്ന സത്യം അയാള് തിരിച്ചറിഞ്ഞു.
ലോകത്തിൽ ഇത്രയധികം ദുഃഖവും പശ്ചാത്താപവും കുറ്റബോധവും ഇതിന് മുമ്പ് മറ്റൊരു പിതാവിനും ഉണ്ടാകാൻ ഇടയില്ല.
തൻ്റെ കുഞ്ഞിൻ്റെ ജീവനറ്റ ജഡവുമായി വാവിട്ടു കരഞ്ഞു ആ ബ്രഹ്മണ പിതാവ്. തൻ്റെ വിധിയെ പഴിച്ചു നിർവികാരനായി നിന്നൂ മൂകനായി. തണുത്തു മരവിച്ച കുഞ്ഞിൻ്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഹൃദയ വേദനയോടെ നോക്കി നിന്നു. താൻ നേടിയ എല്ലാ അറിവുകളും അത്മശക്തിയും തൻ്റെ കുഞ്ഞിൻ്റെ കാൽക്കൽ വെച്ച് അയാൾ ഷമയാചിച്ചു. ഈ അവസ്ഥക്ക് കാരണം തൻ്റെ പിടിവാശിയും അപകർഷതാ ബോധവും ആണന്ന തിരിച്ചറിവിൽ ദൈവത്തോട് മാപ്പുപറഞ്ഞു, അയാൾ. സകല ദൈവങ്ങളെയും വിളിച്ചു കുട്ടികളെപ്പോലെ നിന്നു തേങ്ങി.
തൻ്റെ അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷയാണ്. അന്ന് വനദേവതമാർ പറഞ്ഞത് അയാൾ ഓർത്തു.
"ഇന്ന് ജനിച്ചഒരു പറയി പ്പെണ്ണിനെ വിവാഹം കഴിക്കാനാണ് ഇയാൾക്ക് യോഗം" എന്ന്.
ആ പെണ്ണിനെ വിവാഹം കഴിച്ചാൽ തനിക്ക് അധഃപതനം ആണന്ന തിരിച്ചറിവിൽ അന്ന് ആ വിധിയെ മറികടക്കാൻ ആ കുഞ്ഞിൻ്റെ തലയിൽ പന്തം തറച്ച് പേടകത്തിലാക്കി നദിയിലൂട് ഒഴുക്കിയിരുന്നൂ. കാലം കടന്നു പോയപ്പോൾ ആ പെണ്ണിനെ തന്നെ വിവാഹം കഴിക്കേണ്ടി വന്നു. ആ വിധിയെക്കുറിച്ചോർത്തു വരരുചി വിഷണ്ണനായി.
എല്ലാത്തിനും മൂകസാക്ഷിയായി ഹൃദയം തകർന്ന് പഞ്ചമി നിന്നു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർ ക്കണങ്ങൾ പുഴയായി ഒഴുകിപ്പരന്നൂ.! ആ കണ്ണീരിൽ വരരുചിയുടെ അഹംന്തയും ബ്രാഹ്മണ്യത്തിൻ്റെ മേൽക്കോയ്മയും ഒലിച്ചു പോയി.! തൻ്റെ പന്ത്രണ്ട് മക്കളെ നഷ്ട്ടപ്പെട്ട മാതാവിൻ്റെ തേങ്ങൽ പ്രകൃതിയെപ്പോലും നൊമ്പരപ്പെടുതി.
വരരുചിയോട് ഉള്ള പ്രതികാരത്തിൻ്റെ ജ്വാല കണ്ണിൽ കത്തിജ്വലിച്ചൂ ,ആ തീ ച്ചൂളയിൽ വരരുചി നിന്നു വെന്തുരുകി.!
പതിനൊന്നു മക്കളെയും ഗതികെട്ട് വഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പാപിയായ ഒരമ്മയാണ് ഞാൻ. എൻ്റെ മക്കൾ ജീവിച്ചിരിപ്പുണ്ടോ? അതോ മരിച്ചോ? എന്നെനിക്കറിയില്ല. എങ്കിലും എൻ്റെ മക്കളെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മാറിടം തുടിക്കും. മുലഞെട്ടുകൾ ചുരത്തും, മറിൽനിന്നും നഷ്ട്ടപ്പെട്ട മുലപ്പാലിൽ ഈ മാതൃഹൃദയം തേങ്ങിയിട്ടുണ്ട്.
"അല്ലയോ വരരുചി,ഒരു കരുണയും ദയയും ഇല്ലാതെ പതിനൊന്നു പിഞ്ചു കുഞ്ഞുങ്ങളെയും വഴിയിൽ ഉപേക്ഷിക്കുവാൻ പറഞ്ഞ നിങ്ങൾ ഒരു പിതാവാണോ?"
ഇക്കാലം അത്രയും നിങ്ങൾക്കൊപ്പം ഞാൻ കഷ്ടപ്പാടും പട്ടിണിയുമായി നിങ്ങളുടെ നിഴലായി ഊരു തെണ്ടി നടന്നു. നിങ്ങളുടെ ആഗ്രഹത്തിന് എതിർവാക്ക് പറയാതെ എല്ലാം സഹിച്ചു കൂടെ നടന്ന എന്നിലെ മത്രുഹൃദയം ഒരിക്കലും നിങൾ കണ്ടില്ല.
ഒരു കുഞ്ഞിനെ ലാളിക്കാനും മുലയൂട്ടി വളർത്താനുമുള്ള എൻ്റെ അടങ്ങാത്ത ആഗ്രഹം, നിങ്ങൽ അറിഞ്ഞില്ല.! ഞാനൊരു ചണ്ഡാല സ്ത്രീ ആണന്ന് അറിഞ്ഞിട്ടാണോ എൻ്റെ മക്കളെ മുലയൂട്ടി വളർത്താൻ നിങ്ങൾ അനുവദിക്കാതെ എല്ലാത്തിനെയും ഉപേക്ഷിക്കുവാൻ പറഞ്ഞത്.
നിങ്ങളുടെ കാമവികാരം എന്നിലൂടെ പുർത്തീകരിക്കുവാൻ മാത്രമായിട്ടാണോ എന്നെ നിങ്ങൾ വിവാഹം കഴിച്ചത് ?
ഒരു പക്ഷെ അന്നു നിങ്ങൾ കരുതിയിട്ടുണ്ടാവില്ല,പഞ്ചമി ഒരു പറയി പെണ്ണാണന്ന സത്യം. എൻ്റെ വളർത്തച്ചനും വളർത്തമ്മയും ബ്രാഹ്മണർ ആയിരുന്നു. അതാണല്ലോ അന്നു നിങ്ങൾക്ക് എന്നെ വിവാഹം കഴിക്കേണ്ടി വന്നത്?
ജന്മം കൊണ്ട് ഞാൻ ചണ്ഡാള ആയിരിക്കാം പക്ഷേ കർമ്മം കൊണ്ട് ഞാനും ബ്രാഹ്മണ്യയാണ്. എന്നിട്ടും നിങ്ങൾ എൻ്റെ മക്കളെ വളർത്താൻ അനുവദിച്ചില്ല. ഞാൻ വെറുമൊരു ചണ്ടലാസ്ത്രീ. എൻ്റെ മക്കൾ എന്നും സമൂഹത്തിൽ പഞ്ചമരായിത്തീരണം എന്നു കരുതിയിട്ടാണോ നിങ്ങൾ എൻ്റെ ചോരകുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിക്കുവാൻ കല്പിച്ചത്? ഞാനൊരു പാവം നിങ്ങളെ അന്ധമായി സ്നേഹിച്ചു , വിശ്വസിച്ചു നിങ്ങളുടെ പന്ത്രണ്ടു കുഞ്ഞുങ്ങൾക്കു ജന്മംനൽകി.
ഞാൻ നല്ലൊരു ഭാര്യയായിരിക്കാം ,പക്ഷേ നല്ലൊരു അമ്മയല്ല.! കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയാൽ മാത്രം പോരാ….. മുലയൂട്ടി മക്കളെ വളർത്തിയാൽ മാത്രമേ ഒരമ്മയാകൂ. എൻ്റെ ഹൃദയം ഒരമ്മയ്ക്കായി കൊതിക്കുന്നു.
കഠിന ഹൃദയനായ അല്ലയോ വരരുചി, വരേണ്യ വർഗത്തിൻ്റെ ആൾരൂപം ആയ നിങ്ങളുടെ ചതിയിൽപ്പെട്ടു വഞ്ചിക്കപ്പെട്ട പെണ്ണാണ് ഞാൻ.
നിങ്ങളുടെ ഉള്ളിലുള്ള നെറികെട്ട ജാതി ചിന്തകൾ, നിങ്ങളുടെ എല്ലാം നേടിയെന്ന അഹന്ത, എല്ലാ അറിവുകളും തികഞ്ഞവനാണന്ന അഹങ്കാരം, എന്നു തീരുന്നുവോ അന്നേ നിങ്ങൽ ഗതിപിടിക്കൂ .
എൻ്റെ മക്കളെ തിരിച്ചു താരതെ, ഇനിയും ഞാൻ നിങ്ങൾക്കൊപ്പം ജീവിക്കില്ല. ഇത് മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വാക്കാണ്. ഒരു പാവം പെണ്ണിൻ്റെ കണ്ണീർവീണു കുതിർന്ന നെഞ്ചിൽ നിന്നുള്ള വാക്ക്.
കടുത്ത യാഥാസ്ഥിതികനും, അഹങ്കാരിയും, ജാതി ചിന്തയാൽ അന്ധനുമായ വരരുചി, തൻ്റെ വിധിയെപ്പഴിച്ചു പഞ്ചമിയുടെ മുമ്പിൽ ഹൃദയവേദന കടിച്ചമർത്തി നമ്രശിരസ്‌ക്കനായി നിന്നൂ.