മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

binoby

ചെമ്മണ്ണ് നിറഞ്ഞ ഇടവഴി. ബാല്യവും, കൗമാരവും, യൗവനവും ഒക്കെ ഓടി തീർത്ത ഇടവഴി. സന്ധ്യ മയങ്ങാൻ തുടങ്ങിയാൽ ഒരു നേർത്ത വെട്ടം മാത്രമേ ഈ ഇടവഴിയിൽ അവശേഷിക്കുകയുള്ളൂ. ഇടവഴിയുടെ ഒരറ്റത്ത് നിൽക്കുന്ന വൈദ്യുതി വിളക്കിലെ വെളിച്ചം ഒരു നേർത്ത നിഴലായി പരന്നു കിടക്കും.

എത്രയോ ജീവിതങ്ങൾ ഈ ഇടവഴിയിലൂടെ കടന്നുപോയിരിക്കുന്നു.  വടക്കേപ്പുറത്തെ മാധവേട്ടനെ കയ്യും കാലും ബന്ധിച്ച് വാഹനത്തിൽ കയറ്റിയത്  ഈ ഇടവഴിയിലൂടെയാണ്. ഭ്രാന്ത് മൂക്കുമ്പോൾ മാധവേട്ടനെ പിന്നീട് പലപ്പോഴും ഇത്തരത്തിൽ ഇതിലൂടെ കൊണ്ടുപോയിട്ടുണ്ട്.

തന്റെ വീടിന് രണ്ടു വീട് അപ്പുറമുള്ള അമ്മിണിയെ പ്രസവ വേദന കൊണ്ട് പുളഞ്ഞപ്പോൾ എല്ലാവരും ചുമന്ന് വാഹനത്തിൽ കയറ്റിയത് ഈ ഇടവഴിയിലൂടെയാണ്.

രണ്ടുപേർക്ക് ചേർന്നു നടക്കാൻ കഴിയാത്ത ഒരു ഇടവഴി. ഒരാളുടെ നിഴലിനു പിറകെ മറ്റൊരാളായി നീങ്ങുന്ന കാഴ്ച കാണാൻ രസമാണ്. സ്കൂൾ വിട്ടാൽ കുട്ടികൾ ഒരാൾക്ക് പിറകിൽ ഒരാളായി ജാഥപോലെ നടന്നു പോകുന്നത് കാണാൻ നല്ല ചന്തമാണ്. 

തന്റെ വീടിന്റെ ഉമ്മറത്തിരുന്നാൽ ഈ ഇടവഴിയിലെ ഓരോ യാത്രക്കാരനെയും തനിക്ക് കാണാൻ സാധിക്കും.  ഈ ഉമ്മറത്ത് ഇങ്ങനെ ഇരിക്കുമ്പോഴാണ് ഒരിക്കൽ തന്റെ മനസ്സിൽ പ്രണയം മൊട്ടിട്ടത്. 

കോളേജിൽ പഠിക്കുന്ന കാലം. ഇടവഴിയിലെ അങ്ങേ തലയ്ക്കലെ  ആതിര, ഇങ്ങേ തലയ്ക്കലെ ഹരിയെ പ്രണയിക്കുന്നു എന്ന് അങ്ങ് ഇങ്ങായി പറഞ്ഞു കേൾക്കാൻ തുടങ്ങി.

അമ്മയ്ക്കൊപ്പം അമ്പലത്തിലേക്ക് ആതിര പോയിക്കൊണ്ടിരുന്നത് തന്റെ വീടിനു മുന്നിലൂടെ ആയിരുന്നു.  ഒരാൾക്കു മാത്രം നടന്നു പോകാൻ കഴിയുമായിരുന്ന ആ ഇടവഴിയായിരുന്നു ആ പ്രണയത്തിന്റെ വിജയവും. അമ്മയ്ക്കൊപ്പം നടക്കുമ്പോൾ ആതിര എപ്പോഴും പിറകിൽ ആയിരുന്നു. അപ്പോഴുള്ള ആ നോട്ടമാണ് തങ്ങളെ പ്രണയത്തിന്റെ വക്കിൽ എത്തിച്ചത്.

ആ നോട്ടം പുഞ്ചിരിയായി.... സംസാരമായി.... പക്ഷേ ജീവിതം മാത്രമായില്ല. ഒരിക്കൽ മറ്റൊരുത്തന്റെ കയ്യും പിടിച്ച് അവൾ നടന്നു പോകുന്നത് ഈ ഉമ്മറത്തിരുന്ന് ഇങ്ങനെ തന്നെ താൻ കണ്ടു.

അന്നും അവൾക്ക് തന്നെ നോക്കാൻ ഒരു അവസരം കിട്ടി. കാരണം കെട്ടിയോൻ മുന്നിലും അവൾ പിറകിലും ആയിരുന്നു.  അങ്ങനെ ആ ഇടവഴിയിലൂടെ മറ്റുള്ളവരുടെ ജീവിതം കണ്ട താൻ തന്റെ ജീവിതത്തിന്റെ മറ്റൊരു മുഖവും കണ്ടു.  ഇന്നും ഈ ഇടവഴി ഇങ്ങനെ തന്നെ ഉണ്ട്. ഒറ്റയും തെറ്റയുമായി നിരനിരയായി കടന്നുപോകുന്ന മനുഷ്യർ.

ആ സംഭവത്തിനുശേഷം വിവാഹത്തെപ്പറ്റി ചിന്തിക്കാൻ തനിക്ക് സാധിക്കുന്നില്ല. എന്തിന്, ഇടവഴിയിലെ അങ്ങേ തലയ്ക്കലേക്ക്  തന്നെ താൻ പോകാതെയായി.

പെട്ടെന്ന് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടതും ഹരിതിരിഞ്ഞു നോക്കി. അമ്മയാണ്...

"നീ ഇടവഴിയിലെ വേലി പത്തലും നോക്കിയിരുന്നോ... നല്ല പ്രായത്തിൽ പെണ്ണു കെട്ടണം. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിപ്പോകും."

ഇനി ഇവിടെ ഇരുന്നാൽ പന്തികേട് ആണെന്ന് ഹരിക്ക് തോന്നി. കസേരയിൽ കിടന്ന വായനശാലയിലെ പുസ്തകം എടുത്ത് അയാൾ പുറത്തേക്ക് ഇറങ്ങി.

അപ്പോഴും പിറകിൽ നിന്ന് അമ്മയുടെ പിറു പിറക്കൽ കേൾക്കാമായിരുന്നു. ഇപ്പോൾ ഇടവഴി ശൂന്യമാണ്. ഒട്ടേറെ കഥാപാത്രങ്ങൾ സഞ്ചരിച്ച ആ ഇടവഴിയിലേക്ക് അയാൾ കാലെടുത്തു വച്ചു.

പിറകിൽ തനിക്ക് കൂട്ടായി തന്റെ നിഴലു മാത്രം. മനസ്സിൽ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് ചേർത്ത് നടത്താത്ത ഇടവഴി. ഒരാൾക്ക് പിറകിൽ ഒരാളായി മാത്രമേ എന്നും ഈ ഇടവഴിയിലൂടെ നടക്കാൻ കഴിയൂ.

 ഇന്നും അതുപോലെതന്നെ ഈ ഇടവഴിയിലൂടെ ഉള്ള യാത്ര തുടർന്നു പോകുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ