കല്യാണത്തിനു വന്നവരെ വായിനോക്കി ഇരിക്കുന്നതിനിടയിലാണ് പെട്ടെന്ന് അനാമികയുടെ ദൃഷ്ടി അവനിൽ പതിഞ്ഞത്. അവൻ മൊബൈൽ നോക്കി നിൽക്കുന്നു. 'ഇവനെന്തിനാ അതിൽ തന്നെ നോക്കി നിൽക്കുന്നത്,
എന്നെപ്പോലെ മര്യാദക്ക് വായിനോക്കരുതോ?' അവൾ ആലോചിച്ച് ഇരുന്നപ്പോഴാണ് കൂട്ടുകാരികൾ വിളിച്ചത്, "ടീ, നീ എന്താ സ്വപ്നം കാണുന്നോ? വന്നേ, അവിടെ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്."
കൂട്ടുകാരി ആദിലയുടെ കല്യാണത്തിന് വന്നതായിരുന്നു അവൾ. ഫോട്ടോ എടുക്കാൻ നിന്നപ്പോഴും അവളുടെ മനസ്സിൽ അവനായിരുന്നു, അല്ല അവന്റെ ആ താടി ആയിരുന്നു. താടിയുള്ള ചെക്കനെ കെട്ടണം എന്നായിരുന്നു അവളുടെ ആഗ്രഹം. ഫോട്ടോ എടുക്കുന്നതിനിടക്ക് അവൾ ആദിലയോട് അവനെപ്പറ്റി തിരക്കി. പേര് അഭിജിത്ത്, അവളുടെ കൂടെ പ്രൈമറി ക്ലാസിൽ പഠിച്ചതാ. 'മതി, തൽക്കാലം ഇത്രയും അറിഞ്ഞാ മതി.' അവൾ മനസിൽ പറഞ്ഞു. കല്യാണമൊക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴും അനാമികയുടെ മനസ്സിൽ അവന്റെ മുഖം മായാതെ കിടന്നു.
'അനാമികാ, നിന്റെ ശപഥം അത് മറക്കരുത് ' അവൾ മനസ്സിൽ പറഞ്ഞു. ആരെയും പ്രണയിച്ചു വിവാഹം ചെയ്യില്ലെന്ന് അവൾ പണ്ടേ മനസ്സിൽ ഉറപ്പിച്ചതാണ്. രാത്രി കിടന്നിട്ടും ഉറക്കം വരാതെ അവൾ ഫോണെടുത്ത് ഫേസ്ബുക് ലോഗിൻ ചെയ്തു. അവന്റെ ഐഡി തപ്പിയെടുത്തു റിക്വെസ്റ്റ് അയച്ചു. സുഖമായി കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റയുടൻ അവൾ ഫോൺ നോക്കി. ഇത് വരെ അക്സപ്റ്റ് ചെയ്തിട്ടില്ല. പതിവ് കാര്യങ്ങളിൽ മുഴുകിയ അവൾ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ഓടി. ഒരു പായ്ക്കറ്റ് ലഡ്ഡു കിട്ടിയ സന്തോഷം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. അവൻ റിക്വെസ്റ്റ് അക്‌സപ്റ്റ് ചെയ്തിരിക്കുന്നു.ഒരു ഗുഡ്മോർണിംഗ് അയച്ച് അവൾ മറുപടി കാത്തിരുന്നു. അവനും അയച്ചു. അങ്ങനെ മെസ്സേജുകളിലൂടെ അവർ പരിചയപ്പെട്ടു. ഇടക്കൊക്കെ നേരിട്ട് കണ്ട് സംസാരിച്ചു.
അവൻ ഒരിക്കൽ അവളോട് പറഞ്ഞു, "ഈ കൂട്ട് എന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്.വിരോധമില്ലെങ്കിൽ ഒപ്പം കൂട്ടാം ഇണയായി,തുണയായി." ആദ്യം അനാമിക ഒന്നും പറഞ്ഞില്ല, പക്ഷെ എന്തോ ഒരു ധൈര്യം കിട്ടിയ പോലെ ഇത് വരെ പറയാതെ മനസ്സിൽ സൂക്ഷിച്ച അഭിയോടുള്ള ഇഷ്ടം അവൾ തുറന്ന് പറഞ്ഞു. അന്ന് മുതൽ അവരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. പിന്നീട് അവരുടെ പ്രണയത്തിന്റെ നാളുകളിൽ ആദ്യമായി അവളുടെ കവിളിൽ അവൻ ഒരു ഉമ്മ കൊടുത്തു, അന്ന് തലയ്ക്ക് അടി കൊണ്ട പോലെ ഇരുന്ന ഇരുത്തം. പിന്നെ പേടിച്ചിട്ടാണെങ്കിലും അവൾ ആദ്യമായി അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. അങ്ങനെ ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ട് പോയപ്പോൾ ഒരിക്കൽ എന്തിനായിരുന്നു ശെരിക്കും അനാമിക അവനിൽ നിന്ന് അകലാൻ ശ്രമിച്ചത്. 'ഒന്നും വേണ്ടായിരുന്നു' , അവൾ കട്ടിലിൽ ഇരുന്ന് ആലോചിച്ചു.
അഭി റൂമിലേക്ക് കയറി വന്നപ്പോൾ എന്തോ ആലോചിച്ചിരിക്കുന്ന അനാമികയെ ആണ് കണ്ടത്.
"ആമീ....."
"ടീ ആമീ, നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നെ?"
"ഒന്നുമില്ല ഏട്ടാ, ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഒക്കെ ഓർക്കുവാരുന്നു". അവന്റെ വിളി കേട്ടാണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്.
"ടീ പോത്തെ, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഏട്ടാന്നു വിളിക്കരുതെന്ന്. ടാ എന്നുള്ള ആ വിളി കേൾക്കാൻ ഒരു സുഖമാ,അറിയോ?"
"അയ്യടാ, അങ്ങനിപ്പോ മോൻ സുഖിക്കേണ്ട".
"അത് പോട്ടെ, നീ എന്താ ആലോചിച്ചോണ്ടിരുന്നെ, അത് പറ".
"നമ്മൾ ഒരിക്കൽ പിണങ്ങിയത് ഓർമയുണ്ടോ?"
"ഒരിക്കൽ അല്ലല്ലോ, കുറേ തവണ വഴക്ക് ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഓരോ തവണയും നീ തന്നെ അത് മാറ്റുമ്പോ ഒരു പ്രത്യേക സുഖം തന്നെയാരുന്നു."
"ശെരിയാ, പിന്നീട് ഒത്തിരി സന്തോഷിച്ചിരുന്നു.പക്ഷേ ഞാൻ പറഞ്ഞത് ഒരാഴ്ചയിൽ കൂടുതൽ നീ മിണ്ടാതിരുന്ന ആ ദിവസങ്ങളാണ്. ഒരിക്കലും അതിന് മുമ്പ് നീ എന്നോട് അങ്ങനെ പെരുമാറിയിട്ടിയില്ല. അതാണ് ഞാൻ മുമ്പ് ആലോചിച്ചത്. അന്ന് ഞാൻ പ്രതീക്‌ഷിച്ചിരുന്നില്ല നമുക്ക് ഒന്നിച്ച് ഒരു ജീവിതം ഉണ്ടാവുമെന്ന്." അത് പറഞ്ഞ് അവൻ ചാർത്തിയ ആ താലിയിൽ അവൾ ഒന്ന്‌കൂടെ മുറുകെ പിടിച്ചു. എന്നിട്ട് പയ്യെ അവൾ അഭിയുടെ നെഞ്ചിലേക്ക് മുഖം അമർത്തി.
അപ്രതീക്ഷിതമായി അഭിജിത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ അന്ന് പക്ഷേ അവൾ അറിഞ്ഞിരുന്നില്ല, ഇനിയുള്ള അവളുടെ ലോകം അവനായിരിക്കുമെന്ന്. എല്ലാരോടും ഒത്തിരി സംസാരിക്കാൻ ഇഷ്ടമായിരുന്ന അവളിലെ വായാടിപ്പെണ്ണിനെ തിരികെ കൊണ്ടുവന്നത് അഭി ആയിരുന്നു. പലർക്കും വേണ്ടി അവൾ വേണ്ടാന്ന് വെച്ചിരുന്ന സ്വപ്നങ്ങൾ അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ വീണ്ടും പൂവിട്ടുതുടങ്ങിയത് എപ്പോഴായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല. ആരെയും പ്രണയിക്കില്ലെന്ന് വാശി പിടിച്ച് നടന്നിരുന്ന അവൾ എപ്പോഴോ അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്നും എപ്പോഴും അവൻ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചു. പക്ഷേ, പിന്നീട് അവൻ തകർന്നു പോകും എന്നറിഞ്ഞിട്ടും അന്ന് എന്തിനായിരുന്നു അങ്ങനൊക്കെ പെരുമാറിയത്?
ഇല്ല, അതിന്റെ ഉത്തരം അവൾക്ക് മാത്രമേ അറിയൂ.
ആമിയുടെ കണ്ണുനീർ അഭിയുടെ നെഞ്ചിൽ പതിച്ചപ്പോഴാണ് അവൻ പെട്ടെന്ന് അവളുടെ മുഖം പിടിച്ചുയർത്തിയത്. "എന്റെ പെണ്ണ് കരയുവാണോ, അയ്യേ എന്തിനാ ഇപ്പൊ കരയണേ? ഞാൻ പറഞ്ഞിട്ടുള്ളയല്ലേ നീ കരയുന്നത് എനിക്കിഷ്ടമല്ലാന്ന്."
അവൾ നിറഞ്ഞ കണ്ണുകളോടെ അഭിയെ നോക്കി. അവൻ അവളെ തന്റെ മാറോടടുപ്പിച്ചു. പിന്നെ നനഞ്ഞിരുന്ന അവളുടെ കവിളിലേക്ക് അവന്റെ അധരങ്ങൾ ചൂട് പകർന്നു.
"നീ എന്താ ഇപ്പോൾ ഓർത്തത് എന്നെനിക്ക് അറിയാം. പിന്നെ അതിന്റെ കാരണം എന്തെന്ന് എനിക്കറിയുകേം വേണ്ട, കേട്ടോടി ബുദ്ധൂസേ."
"ദേ ഇനിയെന്നെ അങ്ങനെ വിളിച്ചാൽ നോക്കിക്കോ". അവൾ ദേഷ്യപ്പെട്ട് അവന്റെ അടുത്ത് നിന്ന് മാറി ഇരുന്നു.
ദേഷ്യപ്പെടുമ്പോൾ നിന്നെക്കാണാൻ ഒട്ടും ഭംഗിയില്ല എന്ന് പറഞ്ഞ് അവൻ അവളുടെ അടുത്തേക്കിരുന്നു.
"ആമീ, ടീ ആമീ ഇങ്ങോട്ടൊന്ന് നോക്ക്."
"നീ ഇങ്ങനെ വിളിച്ച് കേൾക്കാൻ ഞാൻ എത്ര കൊതിക്കുന്നു എന്നറിയോ, ചെറുപ്പത്തിൽ എപ്പോഴോ ബന്ധുക്കൾ വിളിച്ചിരുന്ന ആമീ എന്നുള്ള വിളി ഞാൻ മറന്നിരുന്നയാ. പക്ഷേ നീ അങ്ങനെ വിളിച്ച് തുടങ്ങിയപ്പോഴാ ശെരിക്കും ഞാനീ പേര് ഇഷ്ടപ്പെട്ട് തുടങ്ങിയത്."
അത് പറഞ്ഞ് ആമി അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് അവന്റെ കൈ എടുത്ത് പയ്യെ അവളുടെ വയറിൽ വെച്ചു. "നിന്നെ മര്യാദ പഠിപ്പിക്കാനേ ഒരാൾ വരുന്നുണ്ട് ഉടനെ. ഇനി എന്നെ ബുദ്ദൂസെ എന്ന് വിളിച്ചാലേ ഞാൻ നമ്മുടെ മോനെക്കൊണ്ട് ഇടിപ്പിക്കും."
അഭിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു. അവന്റെ കവിളത്തൊരു കടിയും കൊടുത്ത് ആമി മെല്ലെ അഭിയുടെ മാറിലെ ചൂടേറ്റ് കിടന്നു.