1999-ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച മലയാളചലച്ചിത്രം നിറം ഓർമയില്ലേ? അതു നിങ്ങൾ കണ്ടത് എബിയുടെ കണ്ണിലല്ലേ? സോനയ്ക്ക് പറയാനുള്ളത് ഒന്നു കേട്ടുനോക്കിയാലോ?
ഞാൻ സോന, 'നിറ'ത്തിലെ എബിയുടെ സോന. നിങ്ങൾക്കറിയമല്ലോ ചെറുപ്പം മുതലേ ഞാനും എബിയും സുഹൃത്തുക്കളായിരുന്നു. സ്കൂൾകാലത്ത് എപ്പോഴോ എന്റെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പക്ഷേ അവനു ഞാൻ അന്നും സുഹൃത്തായിരുന്നു. ഞാൻ അവനോടു പ്രണയം പറയുന്നതിനേക്കാൾ അവൻ എന്നെ പ്രണയിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. ഇനി ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാലും അവനാണ് എന്നെ പ്രണയിച്ചു കെട്ടിയതെന്നും പറഞ്ഞ് എല്ലാ പഴിയും അവന്റെ തലയിലിടാല്ലോ?
അന്ന് ആ സ്വർണ്ണകടയുടെ ഉൽഘാടനത്തിനു ഞാൻ എബിയെയല്ലെ പാർട്ണറായി എടുത്തത്. എനിക്കു ഭവിഷിനെയോ സഞ്ജുവിനെയോ ആക്കാമായിരുണല്ലോ? എന്നിട്ടും അവനു മനസിലായില്ല. അവന്റെ വീടിനെ ഞാൻ എന്റെ വീട്പോലെ തന്നെയാ കണ്ടത്. അതിനിടയിലാണ് അപ്പുറത്തെ വീട്ടിലെ പിള്ള സാറിന്റെ മോളെ ലൈനടിക്കാൻ രാവിലെ എണീറ്റോരു പഠിത്തം. അതുപിന്നെ മുളയിലേ നുള്ളി.
കോളജിൽ എനിക്കൊരു ശത്രുവുണ്ടായിരുന്നു. വർഷ, അവന്റെ ആരാധിക. ആദ്യമൊന്നും എബി അവളെ ശ്രദ്ധിച്ചിരുന്നില്ല. പിന്നെയെപ്പോഴോ അവനും അവളും അടുക്കുന്നുണ്ടോനൊരു സംശയം. അവളോട് ഞാൻ ആദ്യമേ പറഞ്ഞതാ "വല്ല പ്രേമവുമാണ് പരിപാടിയെങ്കിൽ ഇടിച്ചു ഞാൻ സൂപ്പാക്കും" എന്ന്. എന്നിട്ടും ആർക്കും മനസിലായില്ല. അപ്പോഴാണ് അവൾ ലണ്ടനിൽ നിന്നു അങ്കിളിനോട് പ്രത്യേകം പറഞ്ഞ് അവനൊരു പേന കൊണ്ടുകൊടുത്തത്. വർഷയെ ഓർമ്മിക്കാൻ എബിയുടെ കൈയിൽ ഒന്നും ഉണ്ടാകരുതെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ആ പേന ഞാൻ കുത്തിവരച്ചു നശിപ്പിച്ചത്.
പ്രകാശ് മാത്യു; ഒരു പാട്ടിൽ വീണു പോയവൻ. പ്രകാശ് എനിക്കൊരു സുഹൃത്ത് പോലുമല്ലായിരുന്നു. അവന് എന്നോട് എന്തോ ഉണ്ടെന്നു തോന്നിയപ്പോഴേ അവനെ വെച്ചു കളിക്കാൻ ഞാൻ തീരുമാനിച്ചു. എബിക്ക് എന്നെ മിസ് ചെയ്യണം, അസൂയ തോന്നണം അതിനു വേണ്ടി മാത്രമാണ് ഞാൻ പ്രകാശിനെ പാട്ടിലാക്കിയത്. ബാംഗ്ലൂരുവച്ചുള്ള ബെർത്തഡേ ആഘോഷവും പ്രകാശിന്റെ പ്രൊപോസലുമെല്ലാം എന്റെ സൃഷ്ടിയായിരുന്നു. അതു ഞാൻ പറഞ്ഞപ്പോൾ എബിയുടെ മനസു പിടയുന്നത് അവന്റെ കണ്ണുകളിൽ ഞാൻ കണ്ടു. ബാംഗ്ലൂർ പോകും മുമ്പേ ബെർത്തഡേ കാർഡ് വാങ്ങിവെച്ചതും ബാംഗ്ളൂരിൽ നിന്ന് എബിക്ക് ഗിഫ്റ്റ് വാങ്ങിയത്തുമെല്ലാം എന്റെ പ്രണയം കൊണ്ടായിരുന്നു.
പ്രകാശിനോട് യെസ് പറയട്ടേയെന്ന് നൂറു തവണ ചോദിച്ചത് എബിയെകൊണ്ടു എന്നോടുള്ള ഇഷ്ടം പറയിപ്പിക്കാനായിരുന്നു. എന്നിട്ടും അവൻ പറഞ്ഞില്ല. അവനു വലുത് സൗഹൃദം ആയിരുന്നു. അതിനിടയിൽ അമ്മാമ്മ വന്നു സകലതും കുളമാക്കി. എന്നെ കാണിക്കാൻ അവൻ വർഷയുടെ പിന്നാലെപോയി. ഞാൻ അന്ന് എത്ര കരഞ്ഞെന്നറിയുമോ?
പിന്നീട് വർഷയുടെ ഡാഡിയെ കാണാൻ അവൻ പോയില്ലെന്നു അറിഞ്ഞപ്പോൾ ഞാൻ എത്ര സന്തോഷിച്ചു. ഡൽഹിയിൽ നിന്നു അവൾ ഞങ്ങൾക്ക് കത്തയച്ചപ്പോൾ, അവന്റെ കത്തു പൊട്ടിച്ചു വായിക്കാൻ തുടങ്ങയപ്പോഴേ ഞാൻ കണ്ടത് എന്നോട് എബിയുടെ പ്രണയം പറയാൻ പറയുന്ന വാചകമാണ്. അവൻ ഒളിപ്പിക്കാൻ നോക്കിയത്, ഞാൻ ആദ്യമേ കണ്ടിട്ടും കാണാത്തപോലെ നടിച്ചു. വർഷ ഞങ്ങളുടെ പ്രണയം മനസിലാക്കിയതിലും വലിയ സന്തോഷം തോന്നി.
എല്ലാവരും എന്റെയും പ്രകാശിന്റെയും വിവാഹം ഉറപ്പിച്ചപ്പോഴും അതു നടത്തില്ലെന്നു ഞാൻ നൂറു ശതമാനം ഉറപ്പിച്ചിരുന്നു. ഞാൻ എത്ര മനോഹരമായാണ് എബിയോട് "നിനക്ക് എന്നെ പ്രേമിക്കൂടയിരുന്നോ എന്നെ കല്യാണം കഴിച്ചുകൂടയിരുന്നോ" എന്നൊക്കെ ചോദിച്ചത്. ആ സെന്റിയടിയിൽ നിങ്ങളും വീണു അവനും വീണു. അതുകഴിഞ്ഞു "യൂ ചീറ്റ്....." ആ പെർഫോമൻസ് കൂടെ കഴിഞ്ഞപ്പോൾ എല്ലാം എന്റെ വഴിക്കായി.
എബി എല്ലാവരോടും പറയുമെന്നു കരുതിയപ്പോളാണ് ഇല്ലാത്ത കോച്ചിങ് പറഞ്ഞു ഒളിച്ചോട്ടം നടത്താൻ അവന്റെയൊരു ശ്രമം. അങ്ങനെയൊന്നും വിടാൻ എനിക്കു മനസ്സിലായിരുന്നു. മനസുചോദ്യത്തിനു മുൻപ് എബിയെകൊണ്ടു എന്നോടുള്ള ഇഷ്ടം പറയിപ്പിക്കണമെന്നത് എന്റെ വാശിയായിരുന്നു. അതു നടന്നു. ഇനി അവനെ എങ്ങും വിടാതിരിക്കണം. അതിനുള്ള പല നാടകങ്ങൾ; അതും ഞാൻ സൃഷ്ടിച്ചത് മാത്രം, അതാണ് നിങ്ങൾ കണ്ടത്. പക്ഷെ എബിയും നിങ്ങളും സംഭവിച്ചുപോകുന്നതായി കരുതി.
എന്റെ മനസുചോദ്യം കഴിഞ്ഞു അവനെ ട്രെയിൻ കേറ്റാൻ പോയപ്പോഴും അവൻ പോവില്ലെന്നു എനിക്കറിയാമായിരുന്നു. പപ്പായോടും മമ്മിയോടും സണ്ണിച്ചയനോടും ബേബിയാന്റിയോടും എല്ലാം പറയാൻ ഞാനാണ് രുക്കുവിനെ പറഞ്ഞേൽപ്പിച്ചത്. അവസാനം എല്ലാം ഞാൻ വിചാരിച്ചപോലെ നടന്നു.
ഇതാണ് ശരിക്കുള്ള 'നിറം'