മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

“എന്തോ ഒരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ” 

ആ ഡിസംബര്‍ രാത്രിയില്‍ മരങ്ങള്‍ക്കിടയില്‍ എവിടെയോ ഉണര്‍ന്ന  അവ്യക്തമായ ഇരമ്പലിന് പാലക്കുടി ജോര്‍ജ്ജ് കാതോര്‍ത്തു . സമയം പാതിരയോടടുത്തു . തെളിഞ്ഞ വാനിലെ എണ്ണിയാലോടുങ്ങാത്ത  വിളക്കുകള്‍ പാതി മയക്കത്തില്‍

അലിഞ്ഞു നിന്നു . അവ്യക്താമായ ആ മര്‍മ്മരം ഒഴിച്ചാല്‍ ഇലയനക്കം പോലുമില്ലാതെ മൂടല്‍ മഞ്ഞിന്‍റെ തണുത്ത പുതപ്പിനടിയില്‍ ആ ഗ്രാമം വിറങ്ങലിച്ചു കിടന്നു . ആ മൂടല്‍ മഞ്ഞിന്‍റെ നേര്‍ത്ത ഇഴകള്‍ക്കിടയിലൂടെ വിവിധ വര്‍ണ്ണമാര്‍ന്ന നക്ഷത്രങ്ങള്‍ ഗ്രാമത്തിലെ വീടുകളുടെ ഉമ്മറത്ത് തെളിഞ്ഞു കത്തി നില്‍ക്കുന്നത് കാണാം.

ജോര്‍ജ്ജിന്‍റെ സംശയം ഒരു പകര്‍ച്ചപനി പോലെ അടുത്തിരുന്ന പുല്ലാനിക്കുഴി അവറാനിനെ ഗ്രസിച്ചു .അവറാനും തന്‍റെ മുറം പോലെയുള്ള ചെവി വട്ടം പിടിച്ചു .

“കരോള്‍ സംഘം വരുന്നത് പോലെയുണ്ടല്ലോ” , ജോര്‍ജ്ജ് പറഞ്ഞു .                                  

“നമ്മുടെ പള്ളിയുടെ കരോള്‍ സംഘം ഇവിടെ ഇന്നലെ  പാടി തീര്‍ത്തതല്ലേ , ഇന്ന് കിഴക്കേ കുന്നിലെക്കല്ലേ പോയിരിക്കുന്നത്” , അവറാന്‍ ന്യായമായ സംശയം പ്രകടിപ്പിച്ചു .

“പിന്നെ ഏതു പള്ളിയിലെ കരോള്‍ സംഘമാണ്” , , “ഇനി കവലയിലെ ക്ലബ്കാരുടെ ആയിരിക്കുമോ” , ജോര്‍ജ്ജ് സംശയം പ്രകടിപ്പിച്ചു.

“ആയിരിക്കാനാണ് സാധ്യത” ,വിധേയസ്വരത്തോടെ ജോര്‍ജിന്‍റെ അനുമാന ത്തോട് അവറാന്‍ യോജിച്ചു .

ജോര്‍ജ് ഒരു മൃഗഡോക്ടര്‍ ആയതുകൊണ്ട് , ഏതു കാര്യത്തിലും ജോര്‍ജിന്‍റെ അഭിപ്രായത്തിന് കൃഷിക്കാരനായ അവറാന്‍ വിലകല്‍പ്പിച്ചിരുന്നു . പണ്ടുമുതലേ അതാണ്‌ കീഴ്‌വഴക്കം .         

അവര്‍ ഇരുന്നത് , കുന്നില്‍ മുകളില്‍ നല്ല ഉയരത്തില്‍ നിവര്‍ന്നു നിന്ന  പള്ളിയുടെ ഗയിറ്റിന്‍റെ എതിര്‍വശത്തെ ആലിന്‍റെ തറയിലായിരുന്നു . അവിടെയിരുന്നാല്‍ താഴെ മരങ്ങള്‍ക്കിടയില്‍ പുതഞ്ഞു കിടന്ന ഗ്രാമം കാണാം .

ആ സമയം അടുത്ത ഗ്രാമത്തിലെ സെയിന്‍റ് തോമസ്സ്, പള്ളിയുടെ കരോള്‍ സംഘം ആ ഗ്രാമത്തിലെ മൂടല്‍ മഞ്ഞു നിറഞ്ഞു കിടന്ന വളഞ്ഞു പുളഞ്ഞ ഇടവഴികളിലൂടെ മെല്ല  മുന്നേറിക്കൊണ്ടിരുന്നു. അവരുടെ  പെട്രോമാക്സും , വര്‍ണ്ണപെട്ടികളും , ടോര്‍ച്ചുകളും  ഇടവഴിയില്‍ സ്വസ്ഥമായ് വിശ്രമിച്ചുകൊണ്ടിരുന്ന ഇരുട്ടിനെ തുരത്തിയോടിച്ചു. മലമുകളില്‍ പുതിയതായ് പണികഴിച്ച ഇരുനില വീടായിരുന്നു ആ സംഘത്തിന്‍റെ ലക്ഷ്യം . സേയിന്‍റ പീറ്റേഴ്സ് പള്ളിക്കടുത്ത് കുന്നിന്‍  ചരുവില്‍ കൊട്ടാരസമാനമായ അമേരിക്കകാരന്‍ ഡോക്ടറിന്‍റെ  വീട്ടിലെ ആദ്യ കൃസ്തുമസാണ്  . വീട് കുന്നിന്‍ ചരുവില്‍ തന്നെ  വേണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധമായിരുന്നു .ആ വീട്ടിലെ ബാല്‍ക്കണിയിലിരുന്നാല്‍ സ്വര്‍ഗ്ഗരജ്യത്തിരുന്ന് ദൈവം താഴെ ഭൂമിയിലേക്ക്‌ നോക്കുന്നതിന് സമാനമാണെന്നാണ് അവിടെ ഇലക്ട്രിക്കല്‍ ജോലിക്ക് ചെയ്ത  യോഹന്നാന്‍ പലരോടും പറഞ്ഞു നടന്നത്  .

ഗ്രാമത്തിലെ വീടുകളില്‍ എല്ലാം കരോള്‍ പാടിതീര്‍ത്തു. അതിനാല്‍ ഈ പാതിരക്ക്  മലകയറി, അതും ഒരു വീടിനു വേണ്ടി പോകാന്‍ കരോള്‍ സംഘത്തിലെ പലര്‍ക്കും മുഷിപ്പുണ്ടായിരുന്നു. എന്നാല്‍ പള്ളിക്ക് സാമാന്യം മോശമില്ലാത്ത  സഹായം കിട്ടാന്‍ സാധ്യതയുള്ള ഡോക്ടറുടെ വീട്ടിലേക്കുള്ള ക്ഷണനം  നിരസിക്കുന്നത് ഉചിതമാണെന്ന് അച്ചനു  തോന്നിയില്ല. ആ കാരണത്താല്‍  കുറച്ചുപേര്‍ ഒഴിഞ്ഞു പോയെങ്കിലും ബാക്കിയുള്ളവരെ അച്ചന്‍ ഒരുവിധത്തില്‍ പറഞ്ഞ് വശപ്പെടുത്തി കൊണ്ടുവന്നിരിക്കുകയാണ് .

മിശ്രവര്‍ണ്ണങ്ങലുള്ള ഏകനായ ഒരു  വാല്‍നക്ഷത്രം പോലെ ആ രാവില്‍  പാട്ടിന്‍റെ അകമ്പടിയോടെ  ആ കാരോള്‍ സംഘം മലകയറി.

“ഏതു വീട്ടിലേക്കാണ് ഈ വരവ്”, കരോള്‍സംഘം മലകയറുന്നത് കണ്ട് ജോര്‍ജ് തന്‍റെ സംശയം സുഹൃത്തിന് ഇട്ടുകൊടുത്തു .

ചേട്ടാ, എനിക്ക് തോന്നുന്നത്, കുന്നിന്‍റെ ചരുവിലുള്ള , ആ വീട്ടിലേക്കാ യിരിക്കുമെന്നാണ്. ഒരേ പ്രായക്കാരനാണെങ്കിലും ബഹുമാനത്തിന്‍റെ ചിഹ്നം എന്നോണം ജോര്‍ജിനെ അവറാന്‍, ചേട്ടാ എന്നാണ്  വിളിക്കുന്നത്.

“അങ്ങിനെയാണെങ്കില്‍ അത് സെയിന്‍റ്  തോമസ്സ് പള്ളിയുടെ കരോള്‍സംഘം ആയിരിക്കണമല്ലോ, വേറെ ഏതു പള്ളിയാണ് താഴെയുള്ളത്, ജോര്‍ജ്ജ്  അവറാന്‍റെ അഭിപായം ഉറപ്പിച്ചു .

കുട്ടികളുടെ  ഡ്രമ്മിന്‍റെയും, കുഴലുകളുടെയും അവിടമാകെ മുഴങ്ങി. താഴെ ഗ്രാമത്തിലെ പട്ടികള്‍ ഭയാക്രന്തരായ് ഉച്ചത്തില്‍ കുരച്ച്  ഭയവും കോപവും പ്രകടിപ്പിച്ചു   .

കരോളിന്‍റെ ആരവം കേട്ട് പള്ളി ഗയിറ്റു കടന്ന്, കൌതുകത്തോടെ കുറച്ചു പേര്‍ റോഡിലേക്ക് വന്നു.

“ങാ നിങ്ങള്‍ ഇവിടെ ഇരിക്കുകയാണോ”, പലചരക്ക് കടക്കാരന്‍ ചുമ്മാര് ചോദിച്ചു .

“കാറ്റ് കൊള്ളാന്‍ വന്നിരുന്നതാ”, അവരാച്ചന്‍ ഉത്തരം പറഞ്ഞു. ജോര്‍ജിന്, ചുമ്മാരിനെ അത്രയ്ക്ക് പിടുത്തമല്ല. ചൊറിയുന്ന വര്‍ത്തമാനമേ പറയൂ എന്നാണ് ആക്ഷേപം .

“ചേട്ടാ , ആ വരുന്നത് സെയിന്‍റ് തോമസ്സ് , പള്ളിയുടെ കരോള്‍ അല്ലെ” , രണ്ടു  മാസങ്ങള്‍ക്ക് മുന്‍പ് അവിടെ വന്ന അല്ലന്‍ ചോദിച്ചു .

“അതേടോ” ജോര്‍ജ് ആധികാരികമായ്‌ പറഞ്ഞു .

കരോള്‍ കാണാന്‍ വന്നവര്‍ ആലിന്‍റെ ചുവട്ടിലെ ഇരുട്ടിലേക്ക് മാറി നിന്നു.

കുട്ടികള്‍ ആയിരുന്നു കരോളിന്‍റെ  ഏറ്റവും മുന്‍പില്‍ . അവര്‍ ഉറക്കത്തെ അതിജീവിച്ച ആവേശത്തിലായിരുന്നു . അതിനു പിറകില്‍ പെട്രോമാക്സും ,വര്‍ണ്ണ പെട്ടികളും തലയിലെന്തിയവര്‍ . അവര്‍ക്കൊപ്പം രണ്ട് കൃസ്തുമസ്സ് പപ്പാനികള്‍ . അവര്‍ക്ക് പിറകിലായ്‌ മുതിര്‍ന്നവരും , പിന്നെ അച്ചനും . കരോള്‍ സംഘത്തിന്‍റെ  ഏറെ പിറകിലായ്‌ വാല്‍നക്ഷത്രത്തിന്‍റെ ധൂളികള്‍ പോലെ ഉറക്കം തൂങ്ങി അലസരായ് പിറകിലായിപ്പോയ ഒന്നുരണ്ടുപേരും ഉണ്ടായിരുന്നു  . അങ്ങിനെ ആ സംഘം ശബ്ധാരവങ്ങളോടെ പള്ളിയും കടന്ന് ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നടന്നു .

മുന്‍പിലൂടെ കടന്നു പോയ കരോള്‍ സംഘത്തെ നോക്കി അവര്‍ കുറച്ചുനേരം നിന്നു . ആരും ഒന്നും മിണ്ടിയില്ല . അവരില്‍ പലരും കരോള്‍ സംഘത്തിലെ പരിചിത മുഖങ്ങള്‍ കണ്ടു .

“എടാ ഞങ്ങള്‍ പോകുന്നു, നീ വരുന്നില്ലേ . ജോര്‍ജ്ജിന്‍റെ കൊച്ചപ്പന്‍ പത്രോസ് ചോദിച്ചു . ഞങ്ങള് വന്നോളാം കൊച്ചപ്പന്‍ പോയ്ക്കോ”  , ജോര്‍ജ് പറഞ്ഞു .

“എടാ നിന്‍റെ അപ്പനും അമ്മയും നിന്നെ നോക്കിയിരിക്കും”, ചുമ്മാര് ചൊറിഞ്ഞു .

“എന്‍റെ അപ്പനും അമ്മയുമല്ലേ , താന്‍ തന്‍റെ പണി നോക്ക്”, ജോര്‍ജ് മുരണ്ടു.

“എടാ അല്ലനെ നീ വരുന്നില്ലേ അവരുടെ കൂടെ കൂടി ചീത്തയാകണ്ടാ” പല്ലുകള്‍ ഒന്നുപോലും അവശേഷിക്കാത്ത  മോണ പ്രദര്‍ശിപ്പിച് , നിര്‍വൃതിയോടെ ചുമ്മാര്‍ ഊറി ചിരിച്ചുകൊണ്ട് പള്ളിക്കകത്തെക്ക്  തിരിഞ്ഞു നടന്നു .

എല്ലാവരും പോയ്‌ കഴിഞ്ഞപ്പോള്‍ , അടക്കിവച്ച ആഗ്രഹം അല്ലന്‍ പറഞ്ഞു ,ജോര്‍ജ് ചേട്ടാ നമുക്കും കരോളിന്‍റെ കൂടെ  പോയാലോ .

എന്തിനാടാ , തിരിച്ചു വരുമ്പോള്‍ , വഴക്ക് കേള്‍ക്കാനാണോ , അവറാന്‍ താകീത് ചെയ്തു .

“ചേട്ടാ നമ്മള്‍ ദൂരെയെങ്ങും പോകുന്നില്ലല്ലോ , അടുത്തുള്ള ഡോക്ടറുടെ പുതിയ വീട്ടിലെക്കല്ലേ കരോള്‍ പോകുന്നത്  . കഴിഞ്ഞ വര്‍ഷത്തെ  കരോളിന് ഞാന്‍ രാത്രി മുഴുവനും ഒരുപോള കണ്ണടക്കാതെ  കരോളിനോപ്പം പോയതാ . ആദ്യ വീട് മുതല്‍ അവസാന വീട് വരെ ഞാനായിരുന്നു പപ്പാനി” , അല്ലന്‍ ആഗ്രഹം പറഞ്ഞു .

വിരസമായ വര്‍ത്തമാനങ്ങളും , കുശുമ്പും, സദാസമയം പ്രാര്‍ത്ഥനയും ആയിക്കഴിയുന്ന വായോവൃദ്ധര്‍ക്കിടയില്‍ ഭേതപ്പെട്ട രണ്ടു പേരായിരുന്നു ജോര്‍ജും , അവരാച്ചനും എന്നു തോന്നിയതുകൊണ്ടായിരുന്നു അല്ലന്‍ തന്‍റെ ആഗ്രഹം അവരുടെ മുന്‍പില്‍ പ്രകടിപ്പിച്ചത് .

സ്വതവേ ഭാരിച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള ത്രാണി ഇല്ലാത്തതിനാല്‍ , ഉത്തരമൊന്നും പറയാതെ  അവരാച്ചന്‍ , ജോര്‍ജിന്‍റെ മുഖത്തേക്ക് അഭിപ്രായത്തിനായ് നോക്കി .

നിന്‍റെ ആഗ്രഹമല്ലേ പോയേക്കാം , ഒരു ചെറു ചിരിയോടെ , ജോര്‍ജ്ജ്‌  പറഞ്ഞു .  

“ശരിയാ ഡോക്ടറുടെ വീട് പണിക്ക് എന്തുമാത്രം കല്ലും , മണ്ണും, സിമന്‍റ്മാണ് ലോറിയില്‍  ഈ മലകയറി വന്നത് . നമുക്കും ഒന്നു കാണണ്ടേ ആ വീട്” , അവരാച്ചന്‍ തന്‍റെ ആഗ്രഹം പറഞ്ഞു .

ആരവത്തോടെ മുന്നേറിക്കൊണ്ടിരുന്ന കരോള്‍ സംഘത്തിന് പിറകെ അവര്‍ മൂവര്‍സംഘം നടന്നു .

നൂറു കണക്കിന് കണ്ണുചിമ്മുന്ന വര്‍ണ്ണ ബള്‍ബുകളാല്‍ അലംകൃതമായ് ഒരു യക്ഷികഥയിലെ മന്ത്രവാദിനിയുടെ കൊട്ടാരം പോലെ , താഴ്വരയെ നോക്കി ആ ബംഗ്ലാവ് നിന്നു . അതിനു ചുറ്റും രാക്ഷസ്സ കോട്ടപോലെ കരിങ്കല്‍ മതില്‍ കെട്ടിയിരിക്കുന്നു . കോട്ടവാതില്‍ പോലെ ഭീമാകാരനായ ഇരുമ്പ്   ഗയിറ്റ് തുറന്ന് കരോള്‍ സംഘം സ്വപ്നസമാനമായ ആ സൌധത്തിലേക്ക് പ്രവേശിച്ചു  . എല്ലാവരുടെയും അതിശയമാര്‍ന്ന കണ്ണുകള്‍ പുതു കാഴ്ച്ചകള്‍ക്കായ് ചുറ്റുപാടും  പരതി . മുതിര്‍ന്നവര്‍ അടക്കം പറയുകയും ,  ,കുട്ടികള്‍ നിഷ്കളങ്കമായ്  ഒരു സങ്കോചവും  കൂടാതെ ചുറ്റും കണ്ട  വിസ്മയം പരസ്പരം  പങ്കുവച്ചു .

ഡോക്ടറുടെ മക്കളും , മരുമക്കളും , കൊച്ചുമക്കളും , വീടിന്‍റെ മുന്‍പിലെ ഗംഭീരമായ പുല്‍കൂട്ടിനുമുന്‍പില്‍ കരോള്‍ സംഘത്തെ വരവേല്‍ക്കാനായ്‌  നില്‍ക്കുന്നുണ്ടായിരുന്നു . അമേരിക്കയില്‍  നിന്ന് ഇറക്കുമതി ചെയ്ത   പുല്‍കൂടും  , പ്രതിമകളും , അലങ്കാരവസ്തുക്കളും കാണാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ  തടിച്ചുകൂടി . അച്ചനും , പള്ളി പ്രമാണിമാരും ,ഡോക്ടറോട് കുശലം ചോദിക്കുകയും , കുടുംബങ്ങളെ പരിചയപ്പെടുന്ന തിരക്കിലുമായിരുന്നു .

ജോര്‍ജ്ജ് ഉള്‍പ്പെടുന്ന മൂവാന്‍ സംഘം ആ തിരക്കിനിടയില്‍ , വീടിന്‍റെ മുന്‍വശത്തെ  തുറന്നുകിടന്ന വാതിലിലൂടെ ആരുടേയും ശ്രദ്ധയില്‍ പെടാതെ  ആ ബംഗ്ലാവിലേക്ക് കടന്നു . പല ആകൃതിയിലും , വലുപ്പത്തിലുമുള്ള വിളക്കുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം , മുന്തിയഇനം സിംഹാസനസമാനമായ ഫര്‍ണീച്ചര്‍ ,  വെണ്ണക്കല്‍ പാകിയ തറ  . ഭിത്തിയില്‍ പലതരം ചിത്രങ്ങളള്‍ . മൂവരും സ്വപ്നലോകത്തില്‍ അകപ്പെട്ട ത് പോലെ ആ കാഴ്ചകളില്‍ മുഴുകി നിന്നു .

ഉദ്വേഗം അടക്കാന്‍ കഴിയാതെ  ,അല്ലന്‍ കോവണി കയറി മുകളിലെ നിലയിലേക്ക് പോയി .

ഏടോ മോനെ വേഗം വരണം , അല്ലന്‍റെ ആവേശം കണ്ട് , അവരാച്ചന്‍ തെല്ലു പരിഭ്രമത്തോടെ പറഞ്ഞു .

പുറത്ത് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം .

ജോര്‍ജ് മുന്‍വശത്തെ മുറിയിലെ ഏറ്റവും വലിയ കസേരയില്‍ കയറി കാലിന്മേല്‍ കാല് കയറ്റി രാജാവിനെപ്പോലെ  ഇരുന്നു . അടുത്ത് സംഭ്രമം മൂലം ആഡംബര കസേരയില്‍ ഇരിക്കാന്‍ മടിച്ചു  നിന്ന അവറാച്ചന്‍   നോക്കി ജോര്‍ജ് പറഞ്ഞു .

“എടൊ താന്‍ എന്തിനാ മൂട് പൊക്കി നില്‍ക്കണത് , ധൈര്യമായ് ഇരിക്ക്” . അതുകേട്ട് മനസ്സില്ലാമനസ്സോടെ അവറാച്ചന്‍  കസേരയില്‍ ഇരുന്നു .

എന്തൊരു മാര്‍ദവം , തൂവലില്‍ ഇരിക്കുന്നപോലെ , അവറാച്ചന്‍റെ   മുഖത്ത് ഒരു ചിരി വിരിഞ്ഞു .

“എടോ  താന്‍ ഇതുപോലെ ഒരു വീട് കണ്ടിട്ടുണ്ടോ” ,  വായും പൊളിച്ച്  അമ്പരന്നിരിക്കുന്ന അവരാച്ചനോട് ജോര്‍ജ്ജ്  ചോദിച്ചു .

സ്വപ്നത്തില്‍  പോലും കണ്ടിട്ടില്ല , അവരാച്ചന്‍ പറഞ്ഞു .

അപ്പോഴേക്കും മുകളില്‍ നിന്ന് ഒരു ശബ്ദം കേട്ടു . നിങ്ങള്‍ ഇങ്ങോട്ടൊന്നു വന്നെ , അല്ലന്‍റെ  ശബ്ദമായിരുന്നു .

“എന്താടോ , നീ താഴേക്ക്‌ വരുന്നില്ലേ” , ജോര്‍ജ്ജ് നീട്ടി വിളിച്ചു .

“നിങ്ങള്‍ ഇങ്ങോട്ടൊന്ന് കയറി വന്നെ”

അവര്‍ രണ്ടു പേരും , ഗ്ലാസ് പടികളിലൂടെ  മുകളിലത്തെ  നിലയിലേക്ക് നടന്നു .അവര്‍ എത്തിപ്പെട്ടത് വിശാലമായ ഒരു ഹാളില്‍ ആയിരുന്നു . അകലെ ബാല്‍ക്കണിയില്‍ അല്ലന്‍ നില്‍ക്കുന്നുണ്ടായിരുന്നു .  നിങ്ങള് ഇങ്ങോട്ടൊന്നു വന്നെ , അല്ലന്‍ അവരെ വിളിച്ചു .   

വീട്ടില്‍ നിന്ന് പുറത്തേക്ക് ഒരു തിട്ടപോലെ തെറിച്  താഴ്വരത്തിലേക്ക് നില്‍ക്കുന്ന ബാല്‍ക്കണി . അവിടെ നിന്നാല്‍ താഴെ മൂടല്‍ മഞ്ഞിനടിയിലെ ഗ്രാമവിളക്കുകളും  , ഇരുണ്ടു തിങ്ങിയ മരങ്ങളും , അകലെ മഞ്ഞിനു പിറകില്‍ ഉറക്കത്തില്‍ ആണ്ടു കിടന്ന നീല മലനിരകളും കാണാം  . മലകളില്‍ നിന്ന് പിറവികൊണ്ട തണുത്ത കാറ്റ് അവിടമാകെ  വീശികൊണ്ടിരുന്നു . അവര്‍ മൂന്നുപേരും , മുന്‍പിലെ  ബാല്‍ക്കണിയുടെ പടിയില്‍ പിടിച്ചു നിന്ന് മുന്‍പില്‍ വിരിഞ്ഞു നിന്ന വിസ്മയത്തെ ആസ്വദിച്ചു  .

“ചേട്ടാ ഇങ്ങോട്ടൊന്നു നോക്കിയേ” , അല്ലന്‍ ബാല്‍ക്കണിയുടെ വശത്തേക്ക് ചൂണ്ടി കാണിച്ചു . അവിടെ ഒരു മിനിബാര്‍ ഉണ്ടായിരുന്നു  . ചില്ലിട്ട വലിയ അലമാര മുഴുവന്‍ പലതരത്തിലുള്ള വിദേശ മദ്യം . അതിനു ചുറ്റും  ബാര്‍ കൌണ്ടറും , കസേരകളും .

കുറച്ചു നേരം ജോര്‍ജ് ആ കുപ്പികളുടെ പേരുകള്‍ വായിച്ചു , ഏറെയും  പരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ .

“ചേട്ടാ ഇത്രക്കും തരം  മദ്യം ഈ ലോകത്ത് ഉണ്ടാക്കുന്നുണ്ടോ” , തന്‍റെ മുന്‍പിലെ കാഴ്ചകണ്ട്‌ കണ്ണു തള്ളിയ അവറാച്ചന്‍  ന്യായമായ സംശയം പ്രകടിപ്പിച്ചു .

പൊടുന്നനെ , പുറത്ത് ട്രമ്മിന്‍റെ ശബ്ദവും, പാട്ടും കേള്‍ക്കാറായ്.

“ചേട്ടാ പാട്ട് തുടങ്ങി നമുക്ക് താഴേക്ക്‌ പോകാം” , അവരാച്ചന്‍ പറഞ്ഞു     മനസ്സില്ലാ മനസ്സോടെ അവര്‍ പടിയിറങ്ങി .

മുന്‍വാതില്‍ മറച് വീട്ടുക്കാര്‍ കരോള്‍ സംഘത്തിന്‍റെ ഊര്‍ജസ്വലമായ പ്രകടനം കണ്ടു നില്‍ക്കുന്നു.

നമുക്ക് പിറകിലൂടെ പുറത്തിറങ്ങാം ,ജോര്‍ജ്ജ് പറഞ്ഞു .

വലിയ മേശനിറയെ , പ്ലാസ്റ്റിക് കവറുകളിലായ് കരോള്‍ സംഘത്തിന് കൊടുക്കാനുള്ള ആഹാര സാധങ്ങള്‍ നിരത്തി വച്ചിരിക്കുന്നു . പോകുന്ന പോക്കില്‍ അല്ലന്‍ ഒരു കവര്‍ തുറന്നു നോക്കി . രണ്ടു തരം കേയിക്ക് , ലഡ്ഡു , ഫോറിന്‍ മിട്ടായികള്‍  ,പിന്നെ ഒരു കുപ്പി ജ്യൂസും .

“കരോളിനു  വന്നവര്‍ക്ക് കുശുകുശാലാണല്ലോ ചേട്ടാ” അല്ലന്‍ പറഞ്ഞു .

പിറകിലെ അടുക്കളയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങി മുന്‍വശത്തെ കരോള്‍ സംഘത്തിനൊപ്പം ചേര്‍ന്നു .

“വാനില്‍ താരകം തളിഞ്ഞു , വിണ്ണില്‍ മാലോകര്‍” ,

കരോള്‍ സംഘം ഉറക്കച്ചടവ് കുടഞ്ഞു തെറിപ്പിച്ച് ഗംഭീരമായ്‌ പാടി . കൃസ്തുമസ്സ് പപ്പാനികള്‍ മത്സരിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു .

ഈ കോലാഹലമെല്ലാം കേട്ട് കോപാക്രന്തനായ് ഡോക്ടറുടെ “ചാര്‍ളി” എന്നു നാമകരണം ചെയ്യപ്പെട്ട നായ ഇടി മുഴങ്ങുന്നതു പോലെ കുരച്ചു കൊണ്ടിരുന്നു .

“എന്തു കുരയാടാ ഡോക്ടറുടെ പട്ടി , പാട്ട് നേരെ ചോവ്വനെ കേള്‍ക്കാന്‍ കഴിയുന്നില്ല , നീയൊന്നു പോയി അതിനെ പേടിപ്പിച്ചേ , ജോര്‍ജ് പറഞ്ഞതുകേട്ട്‌ അല്ലന്‍ മുറ്റത്തിന്‍റെ ഒരുവശത്തയുള്ള കുടിനടുത്തെക്ക് നടന്നു .

ഒരു കുട്ടി സിംഹത്തിന്‍റെ ആകാരമുള്ള ആ വിദേശശ്വാനന്‍ തന്‍റെ മുന്‍കാല്‍ കൂടിന്‍റെ അഴികളില്‍ ഉയര്‍ത്തിവച്ച് ആ പ്രദേശമാകെ മുഴങ്ങും വിധം നിര്‍ത്താതെ കുറച്ചു . തന്‍റെ  കൂടിനടുത്തെക്ക്  വരുന്ന രൂപത്തെ അതൊന്നു നോക്കി . ആ രൂപം അടുത്തെത്തി നായയെ സൂക്ഷിച്ചു നോക്കി . ശ്വാനന്‍റെ കണ്ണില്‍ ഭയം നിഴലിച്ചു . അത് കാലുകള്‍ താഴെ വച്ചു . കുരനിറുത്തി ഭയന്ന് കൂടിന്‍റെ മൂലയില്‍ പോയി ഭിത്തിയില്‍  നോക്കി കണ്ണുംനട്ട് നില്‍പ്പായി .

അല്ലന്‍ കുറച്ചുനേരം പട്ടിയെ നോക്കി നിന്നു .

അപ്പോള്‍ വീട്ടുകാര്‍ കൊടുത്ത പ്ലാസ്റ്റിക് കവര്‍ തുറക്കുന്ന തിരക്കിലായിരുന്നു കരോള്‍ സംഘം .

എടാ നമുക്ക് പോയാലോ , പിറകില്‍ നിന്നൊരു ശബ്ദം , ജോര്‍ജ്ജും , അവറാച്ചനും  ആയിരുന്നു അത് .

 

II

കരോള്‍ സംഘം ആഹാരം കഴിക്കുമ്പോള്‍  അവരെ പിരിഞ്ഞ് മൂവര്‍ സംഘം പള്ളിയിലേക്ക് മഞ്ഞിലൂടെ  നടന്നു . അവര്‍ മൂവരും അവരവരുടെ സ്വകാര്യലോകത്തായിരുന്നു .

“ഡോക്ടര്‍ എല്ലാ ദിവസവും ,ബാല്ക്കണിയിലിരുന്നായിരിക്കുമല്ലേ മദ്യം കുടിക്കുന്നത് . അതും എത്രതരം കുപ്പികള്‍ , ഭാഗ്യവാന്‍ തന്നെ” , മനസ്സില്‍ നുരഞ്ഞു പൊന്തിയ ചിന്ത ജോര്‍ജിന്‍റെ  വായിലൂടെ പുറത്തേക്ക് ചാടി .

“ശരിയാ ചേട്ടാ , ഞാനും അതു തന്നെ ചിന്ത്ക്കുകയായിരുന്നു” ,  അല്ലന്‍ പറഞ്ഞു .

അവര്‍ നടന്ന് പള്ളിയുടെ കവാടത്തില്‍ എത്തി . ജോര്‍ജ് എന്തോ നിശ്ച്ചയിച്ചതുപോലെ നടത്തം നിറുത്തി

‘അകത്തേക്ക് കേറണ്ടേ’ അവറാച്ചന്‍ ചോദിച്ചു  

എടാ എനിക്കൊരാഗ്രഹം നമുക്കും കരോളുമായ് നാടൊന്നു ചുറ്റിയാലോ , ജോര്‍ജിന്‍റെ വാക്കുകളില്‍ ആവേശം വെമ്പി നിന്നു .

ശരിയാ ചേട്ടാ എനിക്കും വീട് കാണാന്‍ കൊതിയാകുന്നു , നമുക്ക് പോയാലോ , അല്ലന്‍റെ മനസ്സ് തുടിച്ചു  .

അവറാന് അതുകേട്ട് ഒരുരുള്‍ക്കിടിലം ഉണ്ടായി . “വേണോ ചേട്ടാ , നമ്മളായിട്ട് ഇവിടുത്തെ നിയമം തെറ്റിക്കണോ . തങ്കച്ചന്‍ പാപ്പന്‍റെ കഥ ചേട്ടന് ഓര്‍മ്മയുണ്ടല്ലോ അല്ലെ . അതു മാത്രമല്ല ചേട്ടന്‍റെ അപ്പനും , അമ്മയും അറിഞ്ഞാല്‍ പ്രശനമാകും , എന്നെയായിരികും അവര്  പഴിപറയുന്നത്”, അവരാച്ചന്‍ കാര്യം പറഞ്ഞു .

ജോര്‍ജ് ഒന്നും മിണ്ടാതെ , പള്ളിപടി കടന്ന് അകത്തേക്ക്  നടന്നു . പള്ളിപ്പറമ്പ് പാതിരാ നിലാവില്‍ കുളിച്ചു നിന്നു . പള്ളിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ജോര്‍ജ് പിന്നെയും നിന്നു .

എടാ നീ പോയി നോക്കിയേ എല്ലാവരും ഉറങ്ങിയോ എന്ന് , നിന്നെ ആരും കാണരുത് ,നോക്കിയിട്ട് പെട്ടെന്ന് വരണം , ജോര്‍ജ് എന്തോ ആലോചിച്ചുരപ്പിച്ചപോലെ അല്ലനോട് പറഞ്ഞു .

“ഇപ്പാ വരാം എന്നു പറഞ്ഞ്” , മൂടല്‍ മഞ്ഞില്‍ അല്ലന്‍ നടന്നു മറഞ്ഞു .

“അവറാച്ചാ  നിനക്കും ആഗ്രഹമില്ലേ നമ്മള്‍ ജീവിച്ച വീടും , കളിച്ചു വളര്‍ന്ന പറമ്പും, പഠിച്ച സ്കൂളും , നമ്മുടെ കവലയും കാണാന്‍ , എന്ത് സാഹസം ചെയ്തിട്ടാണെങ്കിലും ഞാന്‍ ഇന്നു പോകും , നേരം പരപരാ വെളുക്കുമ്പോ നമ്മള്‍ ഇവിടെ എത്തിയിരിക്കും”, ജോര്‍ജ്ജ് തന്‍റെ തീരുമാനം  പറഞ്ഞു .

“അല്ലന്‍ ചെറുക്കന്‍ നിന്നതുകൊണ്ട് പറയാതിരുന്നതാ , തങ്കച്ചന്‍ പാപ്പന്‍റെ അനുഭവം കേട്ടിട്ടില്ലേ . കഷ്ടിച്ചാണ് പാപ്പന്‍ ഓടി ഇവിടെ അത്തിയത് . പിറകെ അവന്‍ ഉണ്ടായിരുന്നു എന്നാണ് പാപ്പന്‍ പറഞ്ഞത് , പേടിച്ചിട്ട് പാപ്പന്‍ ഒരാഴ്ച പുറത്തിറങ്ങിയില്ല എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് , അവറാച്ചന്‍ ജോര്‍ജ്ജിനെ തന്‍റെ സാഹസിക ഉദ്യമത്തില്‍ നിന്ന് പിന്തിരിക്കാന്‍ ശ്രമിച്ചു   .

ആരാ , ജോര്‍ജ് ചോദിച്ചു .

“ചേട്ടന് അറിയാത്ത പോലെ , ചെകുത്താനും അവന്‍റെ പരിവാരങ്ങളും” , സ്വതവേ വലുപ്പമുള്ള കണ്ണുകള്‍ ബള്‍ബു പോലെ തള്ളിച്ചുകോണ്ട് അവറാച്ചന്‍ പറഞ്ഞു .

“എന്നാ ഇന്നു ഞാന്‍ ചെകുത്താനെ കണ്ടിട്ടുതന്നെ കാര്യം , നമ്മള്‍ ഒന്നിനെയും കാണാതെയും , അനുഭവിക്കതെയും ഭയപ്പെരുത്” , ജോര്‍ജ് തന്‍റെ ദൃഡമായ തീരുമാനം പറഞ്ഞു .

ഉള്ളിലിരുന്ന് ഭയം കിടുക്കാന്‍ തുടങ്ങിയെങ്കിലും , തനിക്ക് വരാന്‍ കഴിയില്ല എന്നു പറയാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍ ഉചിതമായത് മൌനം ആണെന്ന് മനസ്സില്‍ ഉറപ്പിച് അവറാച്ചന്‍ പള്ളിമുറ്റത്ത് കല്‍പ്രതിമ പോലെ നിലകൊണ്ടു .

അപ്പോഴേക്കും അല്ലന്‍ മൂടല്‍ മഞ്ഞില്‍ നിന്ന് ഓടിക്കിതച്ചു വന്നു .

“ചേട്ടാ മിക്കവരും ഉറക്കമായ്” , ചേട്ടന്‍റെ അമ്മ ഉറങ്ങിയിട്ടില്ല .

ങാ അത് കുഴപ്പമില്ല , നീ ഒരു പണി ചെയ്യ്‌ ഒരു കോവണി സംഘടിപ്പിക്ക്‌ ,കുറച്ചു പണിയുണ്ട് , ജോര്‍ജ്ജ് പറഞ്ഞു .

“അല്ലാ എന്തിനാ കോവണി” , ന്യായമായ സംശയം അവരാച്ചന്‍ പ്രകടിപ്പിച്ചു .

“ഒരു കരോള്‍ ആകുമ്പോള്‍ അതിനു  ചില ചിട്ടവട്ടങ്ങള്‍ ഒക്കെ വേണ്ട , പള്ളിയുടെ സ്റ്റോറില്‍ ആണ് പപ്പാനിയുടെ വേഷവും, ഡ്രമ്മും എല്ലാം വെച്ചിരിക്കുന്നത് , ഓടു നീക്കി അകത്തിറങ്ങിയാലെ അതെല്ലാം എടുക്കാന്‍ കഴിയൂ , ജോര്‍ജ്ജ് തന്‍റെ പദ്ധതി പറഞ്ഞു .

അപ്പോഴേക്കും , ഡോക്ടറുടെ വീട്ടില്‍ നിന്ന് തിരിച്ചു പോകുന്ന കരോള്‍ സംഘം , പള്ളിയുടെ മുന്‍പില്‍ എത്തിയിരുന്നു .കരോള്‍ സംഘം കണ്ണില്‍ നിന്ന് മറയും വരെ അവര്‍ നോക്കി നിന്നു . അപ്പോഴേക്കും കോവണിയുമായ്‌ അല്ലന്‍ എത്തി .

“എടാ സൂക്ഷിച്ചു വേണം” , ഗോവണിയിലൂടെ ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക്  കയറുന്ന അല്ലന് അവറാച്ചന്‍ താക്കീത് കൊടുത്തു .

പ്രതീക്ഷാനിര്‍ഭരമായ  നിമിഷങ്ങള്‍ക്കൊടുവില്‍ , സ്റ്റോറിന്‍റെ പിന്‍വാതില്‍ തുറക്കപ്പെട്ടു . ഊഹിച്ചതുപോലെ തലേന്ന് കരോള്‍ സംഘം ഉപയോഗിച്ച കരോള്‍ സാധങ്ങള്‍ അവിടെ ഉണ്ടായിരുന്നു .

അങ്ങിനെ മരം കോച്ചുന്ന തണുത്ത ഡിസംബര്‍ രാത്രിയുടെ ആഴങ്ങളില്‍ മൂവരുടെ കരോള്‍ സംഘം , താഴ്‌വാര ഗ്രാമത്തിലേക്ക് ആവേശത്തോടെ  യാത്ര തിരിച്ചു . മുന്‍പില്‍ ചുവന്ന കുപ്പായം അണിഞ്ഞ് വടിയും കുത്തി അല്ലന്‍ പപ്പനിയായി , അതിനു പിറകില്‍ പപ്പാനി വേഷം ധരിച്ച ജോര്‍ജ്ജും , അവറാച്ചനും . ജോര്‍ജ്ജിന്‍റെ കഴുത്തിലൂടെ ഒരു വലിയ ഡ്രം തൂക്കിയിട്ടിരുന്നു , അവരാച്ചന്‍റെ കയ്യില്‍ ഒരു കുഴലും . അപ്രതീക്ഷിതമായ്  കൈവന്ന സ്വാതന്ത്ര്യത്തിലും , ചെയ്യാന്‍ പോകുന്ന സാഹസത്തിലും അവര്‍ ഏറെ ഉത്തെജിതരായിരുന്നു .

 

III

ചീവീടുകളുടെ നിശാസംഗീതം അല്ലാതെ മറ്റൊരു ശബ്ദവും ആ ഗ്രാമത്തില്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല . നായകള്‍ പോലും ക്ഷീണിച്ചുറക്കത്തില്‍ ആയിരുന്നു .

“വിണ്ണിലെ നക്ഷത്രങ്ങള്‍ കണ്മിഴിച്ചു , മാലോകര്‍ ആനന്ദത്താല്‍ നൃത്തമാടി" ,ജോര്‍ജിന്‍റെ ഓര്‍മ്മയില്‍ നിന്ന് പൊടിതട്ടിയെടുത്ത  പഴയ കരോള്‍ ഗാനം ഗ്രാമത്തിന്‍റെ നിശബ്ദതയെ ഭേദിച്ച് അവിടമാകെ  മുഴങ്ങി . മറ്റുരണ്ടു പേരും അതേറ്റുപാടി .  

മലയിറങ്ങി ആദ്യത്തെ വീട് , കൊല്ലന്‍ സോമന്‍റെതായിരുന്നു . വീടിന്‍റെ മുന്‍പില്‍ വെളുത്ത ഒരു നക്ഷത്രം തൂക്കിയിരുന്നു . പുരപുതുക്കി പണിക്കായ് വീടിന്‍റെ ഒരു വശത്തായ് മുറ്റത്ത് കൂട്ടിയിട്ടിരുന്ന മണലില്‍ സുഖനിദ്രയിലായിരുന്ന ശുനകന്‍.  ഡ്രാമ്മിന്‍റെ  പൊടുന്നനെയുള്ള നടുക്കുന്ന ശബ്ദം കേട്ട് അവന്‍  ഞെട്ടി എണീറ്റു നിന്നു . ശബ്ദം കേട്ട ഇടത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇലക്കീറുകല്‍ക്കിടയിലൂടെ ഒഴുകിവന്ന നിലാവില്‍ പുകപോലെ മൂന്നു രൂപങ്ങള്‍ നില്‍ക്കുന്നു .

ഭയാക്രന്തനായ ആ നായ ഉള്‍ക്കിടിലത്തോടെ ഓരിയിട്ടു . പടികടന്ന് വീട്ടിലേക്ക് വരാനാണ് ചുവന്ന വസ്ത്രധാരികളായ  വിചിത്ര രൂപികളുടെ ഉദേശം എന്ന് ഉറപ്പായതോടെ , നീണ്ടുനില്‍ക്കുന്ന  ദയനീയമായ ഓരിയോടെ അത് തന്‍റെ ജയമാനന്‍റെ ഭവനത്തെ കയ്യൊഴിഞ്ഞ്   പോന്തക്കാടും , മുള്‍വേലിയും ചാടിക്കടന്ന് ഓടി ഇരുട്ടില്‍ മറഞ്ഞു .

കരോള്‍ സംഘം ചുറ്റും നോക്കി .

ചേട്ടാ ഐശ്വര്യമായ്  തുടങ്ങിയാലോ , അല്ലന്‍ അനുവാദം ചോദിച്ചു .

“ഉണ്ണിയെശുതന്‍ ദര്‍ശനത്തിനായ്”

തീരെ താളബോധമില്ലത്ത എഴുപതു വയസ്സോളം പ്രായമുള്ളവരുടെ അപസ്വരത്തിനൊപ്പം ഒരു ഇരുപത്തിരണ്ടുകാരന്‍ മനോഹരമായ നൃത്തചുവടുകള്‍ വച്ചു .                     

“എങ്ങനെ ഉണ്ടായിരുന്നു എന്‍റെ ഡാന്‍സ്സ് ” , കൊല്ലന്‍റെ പടി ഇറങ്ങുമ്പോള്‍ കിതച്ചുകൊണ്ട് അല്ലന്‍ ചോദിച്ചു .

“അത്ര ശരിയായില്ല , എന്നാലും കഴിച്ചുകൂട്ടാം ” , ജോര്‍ജ് പറഞ്ഞു .

ഓ ചേട്ടന്‍റെ പാട്ടിനും , കോട്ടിനും  ഇതെല്ലാം അധികപറ്റാണ്   , അല്ലന്‍ പറഞ്ഞു .

നിന്‍റെ ഡാന്‍സിനനുസ്സരിച്ചാണ് ഞാനും കൊട്ടിയത് , ജോര്‍ജ്ജ് പറഞ്ഞു .

അവര്‍ മൂവരും മനസ്സുനിറഞ്ഞ് ചിരിച്ചു .

രണ്ടു വശങ്ങളും മരങ്ങള്‍ തിങ്ങി നിന്ന ഗ്രാമ ഇടവഴിയില്‍ മൂടല്‍ മഞ്ഞ് വെളുത്ത പഞ്ഞിക്കെട്ട് പോലെ അലസമായ് കിടന്നു .  കൊല്ലന്‍റെ വീട്ടിലെ വിരണ്ടോടിയ ശുനകന്‍ തന്‍റെ കുരയുടെ ഭാഷയില്‍ വിക്ഷേപണം  ചെയ്ത അപായ സന്ദേശം ഗ്രാമത്തില്‍ പലയിടത്തും സുഖസുഷുപ്തിയില്‍ അലിഞ്ഞു കിടന്ന നായകളെ ഉണര്‍ത്തി . അവ മയക്കത്തിന്‍റെ ആലസ്യം കുടഞ്ഞെണീറ്റ് പല തരത്തിലുള്ള അപായ സന്ദേശങ്ങള്‍ അടുത്തുള്ള സുഹൃത്തുക്കള്‍ക്ക് കുരയിലൂടെയും ഒരിയിടലിലൂടെയും അറിയിച്ചു  . അവയുടെ ശബ്ദത്താല്‍ ഗ്രാമം ശബ്ധമുഖരിതമായി.

“എടാ നമുക്ക് വലതു വശത്തേക്ക് പോകുന്ന  വഴിയെ  പോകാം” , ജോര്‍ജ്ജ് മുന്‍പേ നടന്ന അല്ലനോട് പറഞ്ഞു .

“ചേട്ടന് വീട് കാണണം അല്ലെ” .

ജോര്‍ജ് ഒന്നും മിണ്ടിയില്ല ,

“അല്ല ചേട്ടാ ചേട്ടന്‍റെ വീട്ടില്‍ ആരും ഇല്ലന്നാണല്ലോ കേട്ടത്” അവരാച്ചന്‍ സംശയം പ്രകടിപ്പിച്ചു .

“എടാ എന്‍റെ കെട്ടിയോള് മക്കള്‍ക്കൊപ്പം അമേരിക്കക്ക് പോയെന്നുവച്ച് വീട് അവിടെത്തന്നെ ഉണ്ടാകില്ലേ” ,

ഉറങ്ങിക്കിടന്ന വീടുകള്‍ പലതുകടന്ന് അവര്‍ മുന്നോട്ടു പോയപോള്‍ അകലെ ഒരു സംഘം അക്രമകാരികളായ നായ്ക്കള്‍ നടന്നു വരുന്നതു  കണ്ടു . ഇടതടവില്ലാതെ  ഗ്രാമത്തിന്‍റെ പലഭാഗത്ത്നിന്നും  നിന്നും വരുന്ന അപായ സൂചനകളുടെ ഉറവിടം കണ്ടെത്താന്‍ ഉറക്കം കളഞ്ഞ് ഇറങ്ങിയതാണ് കുപ്രസിദ്ധരായ ആ ശുനക സംഘം . തലയെടുപ്പുള്ള കറുമ്പനാണ് മുന്‍പില്‍ .

. പുകച്ചുരുള്‍ പോലെ ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞ  മൂന്നു രൂപങ്ങള്‍ കുറച്ചകലെ നില്‍ക്കുന്നു  . മനുഷ്യരല്ല , ഭീകരമായ മറ്റെന്തോ ആണ് . അവയുടെ മനസ്സില്‍ അപായ മണി അടിച്ചു . പട്ടികള്‍ ബ്രേക്കിട്ടപോലെ നിന്നു . പിന്നെ ഓരിയിട്ട് ശൂരന്മാരുടെ ആ പട കാടും പടലവും കടന്നു മറഞ്ഞു  .

“കണ്ടോ പടികളുടെ ഒരു പേടി , രാത്രി ഇറങ്ങിയത് ആരെല്ലാമാനെന്ന് അവയ്ക്ക് ശരിക്കും മനസ്സിലായി ,  ഇനി അടുത്തെങ്ങും ഈ ഭാഗത്തേക്ക് വരില്ല , അല്ലന്‍ പറഞ്ഞു .

ജോര്‍ജ്ജിന്‍റെ വീടിന്‍റെ ഗയിറ്റ്‌ പൂട്ടിയിരുന്നു . അവര്‍ മതില്‍ ചാടിക്കടന്ന് വീടിന്‍റെ മുന്‍പിലെത്തി . രണ്ടു നില വീട് ഇരുട്ടില്‍ അലിഞ്ഞു നിന്നു . മുറ്റം നിറയെ ചുറ്റും നിന്ന മരങ്ങള്‍ പൊഴിച്ച കരിയില വീണുതിങ്ങി  കിടന്നു . ഒരു ശ്മശാന മൂകത അവിടെ താളം കെട്ടി നിന്നു .

ജോര്‍ജ് കുറച്ചുനേരം ചുറ്റുപാടും കണ്ണോടിച്ചു . എന്നിട്ട് ദീര്‍ഖമായ നെടുവീര്‍പ്പിട്ടു . ഓര്‍മ്മകളുടെ ഉറവകള്‍ ജോര്‍ജ്ജിന്‍റെ  മനസ്സില്‍  ദൃശ്യങ്ങലായ് , ശബ്ധങ്ങലായ് തുറക്കപ്പെട്ടു .

“എന്തു മാത്രം കഷ്ടപ്പാട് സഹിച്ച് ഉണ്ടാക്കിയെടുത്തതാ , ഇപ്പൊ ആര്‍ക്കും വേണ്ടാതെ കിടക്കുന്നത് കണ്ടോ , കരിയില അടിക്കാന്‍ പോലും ആരുമില്ല .അല്ല ആരയും കുറ്റം പറയാന്‍ പറ്റില്ല , മക്കള്‍ അവരുടെ ഭാവി നോക്കി പോയി , ഞാനില്ലാതെ അവള്‍ തനിച്ച് എത്രനാള്‍ ഇവിടെക്കഴിയും ,അവളും അവര്‍ക്കൊപ്പം പോയി . ജീവനോടെ ഇരിക്കുമ്പോള്‍ നമ്മുടെതെന്ന് കരുതുന്ന ഓരോന്നും മരണത്തോടെ നമുക്ക് അന്യമാകും, ജീവിച്ചിരിക്കുമ്പോള്‍ ഒരാളും ആ സത്യം അറിയുന്നില്ല . ഈ പറമ്പിലെ ഓരോ മരവും ഞാന്‍ നട്ടതാണ് വെള്ളമൊഴിച് വളര്‍ത്തിയതാണ് , ഇപ്പോള്‍ അനാധരായ് നില്‍ക്കുന്നത് കണ്ടില്ലേ , എല്ലാം അത്രയേഉള്ളൂ” , ജോര്‍ജ്ജ് തന്‍റെ ദുഖം പറഞ്ഞു .   

കുറച്ചു നേരം ആ വീടിനു ചുറ്റും നടന്നു കണ്ടതിനു ശേഷം അവര്‍ പുറത്തേക്ക് കടന്ന് യാത്ര തുടര്‍ന്നു . അവരുടെ പെരുമ്പറ മുഴക്കവും, കരോള്‍ ഗാനങ്ങളും ഗ്രാമമാകെ ആ രാവില്‍ അലയടിച്ചു . അവരുടെ ആഹ്ലാദാരവങ്ങള്‍ കേട്ട് നായ്ക്കളും , പശുക്കളും , ആടുകളും  കോഴികളും ഭയന്നു വിറച്ചു . പട്ടികളില്‍ ചിലത് തൊടല്‍ പൊട്ടിച്ച് ഇരുട്ടില്‍ ഓടി മറഞ്ഞു . എന്നാല്‍ ഒരു മനുഷ്യജീവി പോലും ആ നിഗൂഡമായ  കരോള്‍ സംഘത്തിന്‍റെ സാന്നിധ്യം അറിഞ്ഞില്ല .

ഏറെ നേരം കഴിയും മുന്‍പ് സംഘം മൂന്നു വഴികള്‍ ചേരുന്ന ഒരിടത്തെത്തി . മുന്‍പേ നടന്ന അല്ലന്‍റെ വേഗത കുറഞ്ഞു . അവന്‍ വഴികള്‍ ചേരുന്ന കവലയില്‍ നിന്നു .

“എന്താടാ നീ പ്രതിമപോലെ നിന്നുകളഞ്ഞത്” , അവനൊപ്പം എത്തിയ അവരാച്ചന്‍ ചോദിച്ചു .

മരപ്പടര്‍പ്പുകള്‍ക്ക് ഇടയിലൂടെ മുഖത്തു വീണ നിലാവെളിച്ചത്തില്‍ അല്ലന്‍റെ  മുഖം മ്ലാനമായ് ഇരിക്കുന്നത് അവര്‍ കണ്ടു .

“നിനക്ക് എന്താ പറ്റിയത്” , ജോര്‍ജ് അവന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു .

“ചേട്ടാ ഇവടെ വച്ചാണ് എന്‍റെ ബൈക്കിടിച്ചത് , ഞാന്‍ നല്ല സ്പീഡില്‍ ആയിരുന്നു , വളവ് തിരിഞ്ഞു ചെല്ലുമ്പോള്‍ മിന്നായം പോലെ മുന്നിലേക്ക്‌  വന്ന ലോറി ഓര്‍മ്മയുണ്ട് , പിന്നെ ഇരുട്ടായിരുന്നു എല്ലാം കഴിഞ്ഞു”, ഇടറുന്ന ശബ്ദത്തില്‍ അല്ലന്‍ പറഞ്ഞു .  

“ഇനി അതെല്ലാം ഓര്‍ത്ത്‌ വിഷമിച്ചിട്ട് എന്തു കാര്യം , മറന്നുകള” , ജോര്‍ജ് അവന്‍റെ കണ്ണുകള്‍ നിറയുന്നത് കണ്ട് പുറത്തു തട്ടി ആശ്വസിപ്പിച്ചു  .

“അപ്പന്‍ ബൈക്ക് മേടിച്ചു തരില്ല എന്ന് വാശിയില്‍ ആയിരുന്നു . ഞാന്‍ അശ്രധമായ് ഓടിക്കും എന്നതായിരുന്നു കാരണം . എം ബി എ യുടെ റിസള്‍ട്ട്‌ വന്നപ്പോള്‍ മോശമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു . അങ്ങിനെയാണ് എന്‍റെ നിരന്തരമായ നിര്‍ബന്ധത്തിനും , അമ്മയുടെ ശുപാര്‍ശയിലുമാണ് പാതിമാനസ്സോടെ  അപ്പന്‍  ബൈക്ക് എനിക്ക്  മേടിച്ചു തരുന്നത്” .

“അച്ഛന്‍റെ താക്കീതുകള്‍ ഞാന്‍ അവഗണിച്ചു , പുതിയ വണ്ടി കിട്ടിയതിന്‍റെ ആവേശത്തില്‍ എല്ലാ മുന്നറിയിപ്പുകളും ഞാന്‍ മറന്നു ,  മൂന്നാമത്തെ ദിവസമാണ് അതുനടന്നത്”

എന്തു പറഞ്ഞ് അല്ലനെ ആശ്വസിപ്പികണം എന്നറിയാതെ ആ വൃദ്ധന്മാര്‍ നിസ്സഹായരായ് നിന്നു .

ചേട്ടാ എനിക്കെന്‍റെ വീട് വരെ പോകണം , തന്നെ പൊതിഞ്ഞു നിന്ന ദുഖത്തെ കുടഞ്ഞെറിഞ്ഞ്‌ അല്ലന്‍ പറഞ്ഞു .

വാടാ പോകാം , അവര്‍ പറഞ്ഞു  .

IV

അവര്‍ മൂന്നുപേരും അല്ലന്‍റെ വീടിന്‍റെ മുന്‍പില്‍ നിന്നു . ഒറ്റ നിലയുള്ള കൊച്ചുവീട്ടില്‍ നക്ഷത്രമോ , പുല്‍ക്കൂടോ ഉണ്ടായിരുന്നില്ല . പൊടുന്നനെ വന്നചേര്‍ന്ന ദുരന്തത്തില്‍ നിന്ന് കരകയരാനകാതെ ആ വീട് വേദനയുടെ  ചതുപ്പില്‍  ആണ്ടു നിന്നു.

അല്ലന്‍ തന്‍റെ വീടിന് ചുറ്റും നടന്നു . വീടിന്‍റെ ജനാലകലെല്ലാം അടച്ചിരുന്നു .പിന്നെ നടന്ന് മുറ്റത്തെ കൂട്ടില്‍ ഭയന്നു നില്‍ക്കുന്ന തന്‍റെ കളിത്തോഴനായ സൈമണ്‍ എന്നെ നായയുടെ അടുത്തെത്തി . പരസ്പരവിരുധമായ ഭാവങ്ങള്‍ ആ നായയുടെ കണ്ണുകളില്‍ വന്നു മറഞ്ഞുകൊണ്ടിരുന്നു . തന്‍റെ കൂടെ കളിക്കുകയും, തനിക്കെന്നും ആഹാരം തരികയും, തന്നെ സ്നേഹിക്കുകയും ചെയ്ത യജമാനനെ കുറച്ചു നാളുകള്‍ക്ക് ശേഷം കണ്ടതിലുള്ള സ്നേഹവും , ആവേശവും അതിന്‍റെ മനസ്സില്‍ തോന്നിയെങ്കിലും . അതിനൊപ്പം തന്നെ ഭയപ്പെടുത്തുന്ന  എന്തോ അഭൌമമായ  സാന്നിധ്യം അതിന് അനുഭവപ്പെട്ടു . മുന്‍പായിരുന്നെങ്കില്‍  കണ്ടയുടെനെ ദേഹത്ത് ചാടിക്കയറി സ്നേഹം പ്രകടിപ്പിച്ചിരുന്ന  വളര്‍ത്തുനായ തന്‍റെ നീട്ടിയ കൈനോക്കി മരവിച്ചു നില്‍ക്കുന്ന കാഴ്ച അല്ലനെ വേദനിപ്പിച്ചു .

നീ പേടിക്കണ്ടാ ഞങ്ങള്‍ പോകുകയാണ് , ഭയപ്പാടോടെ തന്നെ നോക്കി നില്‍ക്കുന്ന സൈമനോട് അല്ലന്‍ യാത്ര പറഞ്ഞു .

മൂവര്‍ സംഘം പിന്നെയും യാത്ര തുടങ്ങി .

“പുല്‍കൂട്ടില്‍ ജാതനായ ലോകരക്ഷകനെ കാണ്മാന്‍” , ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്ത അടുത്ത പാട്ട് ജോര്‍ജ് പാടാന്‍ തുടങ്ങി . ഡ്രമ്മും , കുഴലും ,അവരുടെ പാട്ടും അവിടമാകെ നിറഞ്ഞു നിന്ന നിശബ്ദതയെ വിറപ്പിച്ചു . അസമയത്ത് പൊടുന്നനെ കേട്ട അപശബ്ദം വളര്‍ത്തു മൃഗങ്ങളെ  ഭയപ്പെടുത്തി . അവ ഭയചകിതരായ് കരഞ്ഞു വിളിച്ചു . പൊടുന്നനെയുള്ള അവയുടെ കരച്ചില്‍ കേട്ട് ചിലവീടുകളില്‍ ആളുകള്‍ എണീറ്റ്  ലൈറ്റുകള്‍ ഇട്ടു . എന്നാല്‍ പുറത്ത്  അസ്വഭാവികമായ് അവര്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല .

“ആ വളവ് കഴിഞ്ഞ് നിന്‍റെ വീടല്ലേ , നമുക്ക് അവിടെ ഒന്നു കയറാം”  ജോര്‍ജ് അവറാനോട് പറഞ്ഞു  .

തന്‍റെ പഴയ ഓടിട്ട മൂന്നു മുറിവീടിന്‍റെ സ്ഥാനത്ത് രണ്ടു നില വാര്‍ക്കവീടും ,മുറ്റം നിറയെ കൃസ്തുമസ്സ് അലങ്കാരങ്ങളും കണ്ട് വീട് മാറിപ്പോയോ എന്നൊരു നിമിഷം അവറാന്‍ ശങ്കിച്ചു .

“ഗംഭീരംയിട്ടുണ്ടല്ലോ , നിന്‍റെ പെന്മാക്കളെല്ലാം യുറോപ്പിലല്ലേ , അവരായിട്ട്‌ പണിതതായിരിക്കും , ജോര്‍ജ് പറഞ്ഞു .

വീടിന്‍റെ ഇറയത്ത്‌ കുട്ടികളുടെതുള്‍പ്പടെ ഷൂസും ചെരുപ്പും കിടക്കുന്നു. .“മക്കളും , ചെറുമക്കളും , കൃസ്സ്തുമസായിട്ട്  വീട്ടില്‍ വന്നിട്ടുണ്ടാകും , എന്നിട്ടും എന്‍റെയടുത്ത് വന്നില്ലല്ലോ , അവറാന്‍റെ മനസ്സ് നീറി .

“സ്വന്തമായുള്ള കുറച്ചു മണ്ണില്‍ കൃഷിചെയ്തും , മറ്റുള്ളവരുടെ പറമ്പിലും, പാടത്തും കൂലിവേല എടുത്തും  , പട്ടിണികിടന്നുമാണ് രണ്ടു പെണ്മക്കളെ പഠിപ്പിച്ചത്  . അവരുടെ പഠിത്തചിലവ് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടും എന്നു തോന്നിയില്ല . ബാങ്കില്‍ നിന്നും , നാട്ടുകാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയുമാണ് ഫീസിനുള്ള പണം ഉണ്ടാക്കിയത് . അന്നെല്ലാം ഫീസ്‌ കൊടുക്കാനുള്ള സമയം ആകുമ്പോള്‍ രാത്രി ഉറക്കം പോകും , മനസ്സില്‍ തീയാണ് . അതെല്ലാം എന്‍റെ മക്കള് മറന്നോ” . വേദന ഒരാന്തലായ് അവറാന്‍റെ പുറത്തേക്ക് വന്നു .

“അവറാന്‍ എന്തിനാണ് സങ്കടപ്പെടുന്നത് , നിന്‍റെ കെട്ടിയോള് എല്ലാ ഞായറാഴ്ചയും പള്ളി കഴിഞ്ഞ് നിന്നെ വന്നു കാണാറില്ലേ . നിന്‍റെ മക്കള് വന്നതിന്‍റെ തിരക്കിലായിരിക്കും , അവരും താമസിയാതെ നിന്നെ  വന്നു കാണും” , ജോര്‍ജ് ആശ്വസിപ്പിച്ചു .

ഇവിടെ വന്നതെല്ലേ നമുക്കൊരു പാട്ട് പാടീട്ട് പോകാം , മുറ്റത്തെ കണ്ണുചിമ്മുന്ന അലങ്കാര ബള്‍ബുകളുടെ വെളിച്ചത്തില്‍ അവര്‍ പാടി . തന്‍റെ മക്കള്‍ക്കും , താന്‍ കാണാത്ത ചെറുമക്കള്‍ക്കും വേണ്ടി അവരാച്ചന്‍ മനസ്സറിഞ്ഞു പാടി .

ഗയിട്ട് ചാരി പുറത്തിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി തന്‍റെ പുതിയ വീട് കണ്‍ ളിര്‍ക്കെ അവരാച്ചന്‍ കണ്ടു . “എല്ലാം നാന്നയിരിക്കട്ടെ” , അവരാച്ചന്‍ മനസ്സില്‍ പറഞ്ഞു .

കരോള്‍ സംഘം റബര്‍ മരങ്ങളുടെ നിഴലുലൂടെ മുന്നേറിക്കൊണ്ടിരുന്നു . നിലാവും , ഇരുട്ടും , മൂടല്‍ മഞ്ഞും ഇടകലര്‍ന്ന് അഭൌമായ ഒരു മനോഹാരിത ആഭൂപ്രദേശമാകെ വ്യാപിച്ചു കിടന്നു . അവരുടെ ശബ്ദം ഇടിമുഴക്കമായ് രാത്രിയുടെ അന്ത്യയാമത്തിലെ നിശബ്ദതയെ നിഗ്രഹിച്ചു . മായാരൂപികളുടെ ഘോഷയാത ആ ഗ്രാമത്തിലെ സങ്കീര്‍ണ്ണവും ഇടുങ്ങിയതുമായ ഇടവഴികളിലൂടെ  മുന്നേറിക്കൊണ്ടിരുന്നു .

ഏറെ പുരാതനമായ ഒരു ഗംഭീര മാളികയുടെ ഗയിറ്റില്‍ എത്തിയപ്പോള്‍ ജോര്‍ജ്ജ് തന്‍റെ കൊട്ടും പാട്ടും അകാരണമായ് നിറുത്തി .

“എന്തു പറ്റി ചേട്ടാ” , അവരാച്ചന്‍ ചോദിച്ചു .

ഇവിടെ ഒന്നു കയറിയാലോ , ഒതുക്കത്തില്‍ ജോര്‍ജ് ചോദിച്ചു .

കൊണ്ട്രക്ടര്‍ പൈലിയുടെ വീട് , അവറാച്ചന്‍റെ തലയില്‍ ഒന്നു മിന്നി .

 “ഓ കയറി നോക്കാം, ചേട്ടന്‍റെ ആശയല്ലേ” ഗോപ്യമായ ചിരിയോടെ അവറാച്ചന്‍ പറഞ്ഞു  ,

കടന്നു പോന്ന പലവീടുകളിലും കയറാതെ ഇവിടെ മാത്രം കയറെ ണ്ടത്തിന്‍റെ കാരണം എന്താണെന്ന് മനസ്സിലാകാതെ അല്ലന്‍ കുഴങ്ങി . എന്നിരുന്നാലും അവര്‍ക്കൊപ്പം അല്ലനും ഗയിട്ടു കടന്ന് വിശാലമായ മുറ്റവും , പൂന്തോട്ടവും ഉള്ള ആ രണ്ടു നില വീടിന്‍റെ മുന്‍പിലെത്തി . നോഹയുടെ പുരാതനമായ ജലയാനത്തിന്‍ മുന്‍പിലെന്നപോലെ മൂവര്‍ സംഘം  ആ വലിയ വീടിന്‍റെ മുന്‍പില്‍ നിന്നു . ചുവന്ന വേഷധാരികളാ യ വിശേഷപ്പെട്ട  അഥിതികളുടെ അസമയത്തുള്ള ആഗമനം അറിയാതെ വീട്ടുകാര്‍ ഉറക്കത്തിന്‍റെ നിഗൂഡമായ അറകളിലായിരുന്നു .

“പുണ്യരാവില്‍ ദിവ്യവെളിച്ചം ബഥ്‌ലേഹെമിലെ പുല്‍തൊട്ടിലില്‍”  മനുഷ്യഗോചാരം അല്ലാത്തെ  ശബ്ധതരംഗദൈര്‍ഖ്യത്തില്‍  ആ ഗാനം  അവി ടെമാകെ മാറ്റൊലി കൊണ്ടു . എന്നാല്‍ മൃഗങ്ങള്‍ക്ക് ശ്രവ്യമായ ആ ശബ്ദകോലാഹലം ആ  വീടിന്‍റെ പിറകിലെ പശുഫാമില്‍ മയക്കത്തില്‍ കിടന്ന പശുക്കളിലും , നൂറുകണക്കിന് കോഴികളിലും ഉല്‍ക്കടഭീതി ഉണര്‍ത്തി .

മൂവര്‍ സംഘം  പാട്ട് നിറുത്തിയിട്ടും , അവയുടെ കരച്ചില്‍ നിന്നില്ല . ആ കരച്ചില്‍  അലകലായ്  റബര്‍ മരങ്ങള്‍ക്കിടയിലൂടെ യാത്രചെയ്തു .

“ചേട്ടാ വീട്ടുകള്‍ ഈ ശബ്ദം കേട്ട് എനീക്കാതിരിക്കില്ല” , ചേട്ടന് ഭ്യഗ്യമുണ്ടെങ്കില്‍ ചിന്നമ്മയെ കാണാം , അവരാച്ചന്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു .

ജോര്‍ജ് ഒന്നും പറഞ്ഞില്ല . മധുരതരമായ  ഗതകാല ഓര്‍മ്മകള്‍ മനസ്സില്‍ തിരയടിച്ചു . ‘ചിന്നമ്മ’,  മാളികയിലെ ചിന്നമ്മ എന്നാണ് ഞങ്ങള്‍ അവളെ  സ്കൂളില്‍ വിളിച്ചിരുന്നത്‌ . അവളുടെ ഓര്‍മ്മകള്‍ എന്‍റെ  മനസ്സില്‍  എന്നും പ്രണയത്തിന്‍റെ സുഗന്ധം പരത്തിയിരുന്നു . എന്നാല്‍ അവളുടെ മുന്‍പില്‍ എത്തുന്ന ഓരോ അവസരത്തിലും ഞാന്‍ എന്‍റെ പരിമിതികള്‍ അറിഞ്ഞിരുന്നു . അവള്‍ എന്നും സാക്ഷാത്കരിക്കാന്‍ കഴിയാത്ത ഒരു സ്വപ്നം പോലെയായിരുന്നു . അവള്‍  വാനില്‍  കത്തി ജ്വലിച്ചു നില്‍ക്കുന്ന താരകമായിരുന്നു . എപ്പോഴും അവളെന്ന സ്വപ്നത്തില്‍ ഞാന്‍  അലിഞ്ഞു കിടന്നു .ഞാന്‍  പറയാതെ എന്‍റെ  നിശ്ശബ്ദ  പ്രണയം അവള്‍ക്ക് അറിയാമായിരുന്നോ എന്നെനിക്ക് നിശ്ചയമില്ല . എന്നാല്‍ പ്രണയം വാക്കുകളിലൂടെ അറിയുന്നതിനു മുന്‍പേ പരസ്പരം അറിയാം  എന്നിരിക്കെ  , ഒരു പക്ഷ എന്‍റെ  പ്രണയത്തിന്‍റെ ഭാവങ്ങള്‍ അവള്‍ അറിഞ്ഞിരിക്കണം . എന്നിരുന്നാലും ഒരു സാധാരണ കൃഷിക്കാരന്‍റെ മകനില്‍ നിന്ന് മാളികയിലെ ചിന്നമായിലെക്കുള്ള അകലം ഏറെയുണ്ടെന്ന് ഞാന്‍ എന്നും ധരിച്ചു വച്ചിരുന്നു . അങ്ങിനെ ആ രഹസ്യ പ്രണയം വെളിവാക്കാന്‍  കഴിയാതെ കാലങ്ങള്‍ കടന്നു പോയി. എന്നാല്‍ ക്രമേണ  അതു തന്‍റെ മിഥ്യാധാരണ മാത്രമെന്ന് ബോധ്യം വന്നപ്പോഴേക്കും അവള്‍ ശരിക്കും അകലത്തെത്തിയിരുന്നു . പിന്നീട് അവളുടെ കല്യാണം കഴിഞ്ഞഞ്ഞ് ഏറെ കാലം കഴിഞ്ഞ് കാണുമ്പോഴെല്ലാം തന്നെ ഒരു വേദനനിറഞ്ഞ സുഖത്തില്‍ താന്‍ ആണ്ടുപോകുന്നു എന്നു ഞാന്‍  അറിഞ്ഞു .കാലങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റത്തിനും വിധേയമാകാതെ ആ വികാരം അങ്ങിനെതന്നെ നിലനിക്കുന്നു .

തന്‍റെ ഈ രഹസ്യ പ്രണയം , കൂട്ടുകാരനായ അവരാച്ചാണ് മാത്രമേ അറിയൂ .

ആദ്യം തെളിഞ്ഞത് അകത്തെ ലൈടറ്റായിരുന്നു . പിന്നെ മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞു . വളര്‍ത്തു മൃഗങ്ങള്ടെ കരച്ചില്‍ അവരെ ഉണര്‍ത്തിയിരിക്കുന്നു . മൂവര്‍ സംഘം മുറ്റത്തെ പൂത്തുതുടങ്ങിയ വലിയ മാവിന് കീഴെ നിന്നു . ജോര്‍ജിന്‍റെ ഉള്ളം ഉദ്വേഗം കൊണ്ടു പിടച്ചു .

മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത് ജോസഫ് ,  കോണ്ട്രാക്ടര്‍ ആയിരുന്നു , ചിന്നമായുടെ ഭര്‍ത്താവ് . ചിന്നമ്മ  ഒരേഒരു മകള്‍ ആയതുകൊണ്ട് കല്യാണം കഴിഞ്ഞ് ഭാര്യാ വീട്ടിലേക്ക് കുടിയേറിയ മനുഷ്യന്‍. ജോര്‍ജ്ജ് തുടിക്കുന്ന മനസ്സോടെ  അകത്തേക്ക് നോക്കി . ഒരു നിഴലനക്കം . ഉറക്കച്ചടവോടെ ചിന്നമ്മ വാതിലില്‍ വന്നു നിന്നു .

തലനരച്ച് , ചുളിവികള്‍ വീണ് , വാര്‍ധക്യത്തിന്‍റെ എല്ലാ പരിമിതികളും  ,അവശതകളും അനുഭവിക്കുന്ന ഒരു വയസ്സായ സ്ത്രീ മാത്രമായിരുന്നു ചിന്നമ്മ  . എന്നാല്‍ ജോര്‍ജ് അവിടെ കണ്ടത് , വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സില്‍ പതിഞ്ഞു പോയ ചിന്നമ്മയുടെ രൂപമായിരുന്നു . ആകാശത്ത്‌ തെളിഞ്ഞു നിന്ന ഏക താരകം പോലെ , പൂക്കള്‍ നിറയെ തിങ്ങി നിന്ന ഒരു പൂചെടിപോലെ ചിന്നമ്മ നിന്നു . ആ രൂപത്തില്‍ പൂര്‍ണ്ണ  ശുദ്ധതയും  ,സമാനതകള്‍ ഇല്ലത്തെ സൌന്ദര്യവും അയാള്‍ കണ്ടു. ചിന്നമ്മയുടെ വാര്‍ധക്യം ഉള്‍ക്കൊള്ളാന്‍ ജോര്‍ജിന്‍റെ മനസ്സ് വിസ്സമ്മതിച്ചു .

ജോസഫ് കയ്യിലിരുന്ന ടോര്‍ച് ചുറ്റുപാടും അടിച്ചു , അനക്കമോന്നുമില്ല . എന്നാല്‍ അവരുടെ ഏറെയടുത്ത് മാവിനു താഴെ ചുവന്ന കോമാളി വേഷത്തില്‍ മൂന്നു രൂപങ്ങള്‍ നിന്നത്  ജോസഫോ , ചിന്നമ്മയോ കണ്ടില്ല .അരൂപികളായ അവരെ എങ്ങിനെ കാണാന്‍ . മനുഷ്യദൃഷിഗോചരം അല്ലാത്തെ ഒരു പ്രകാശ തലത്തില്‍ അവര്‍ നിലനിന്നു .

അവര്‍ക്കു മുന്‍പില്‍ വാതിലടച്ച്  ജോസഫും , ചിന്നമയും അകത്തേക്ക് പോയി . ജോര്‍ജിന്‍റെ മുഖത്ത് ഒരു വല്ലാത്തെ പ്രഭ തെളിഞ്ഞു കത്തുന്നത്   അവരാച്ചന്‍ കണ്ടു .

V

ചേട്ടാ നമുക്ക് തിരിച്ചു പോയാലോ , നേരം പുലരാന്‍ ഇനി ഏറെ സമയമില്ല , അവറാച്ചന്‍ പറഞ്ഞു .

“എടാ എനിക്ക് ഒരാഗ്രഹം , എന്‍റെ ചേട്ടനെ ഒന്നു കാണണമെന്ന് , ചേട്ടന്‍റെ വീട് വരെ ഒന്നു പോയിട്ട് നമുക്ക് തിരിച്ചു പോകാം” , ജോര്‍ജ് തന്‍റെ ആഗ്രഹം പറഞ്ഞു .

“ചേട്ടാ പാടത്തിന്‍റെ അക്കരെയല്ലേ വീട്  , അവിടെ എത്തുമ്പോഴേക്ക് നേരം വെളുക്കില്ലേ” , അവരാച്ചന്‍ പിന്നെയും ജോര്‍ജ്ജിനെ  നിരുല്‍ സാഹപ്പെടുത്തന്‍ ശ്രമിച്ചു .

“എടാ ഒരു കുഴപ്പവും ഉണ്ടാകില്ല , നീ ധൈര്യമായിട്ട് വാ”  ,എന്നു പറഞ്ഞ് ജോര്‍ജ് മഞ്ഞു മൂടിക്കിടന്ന ഇടവഴിയിലൂടെ നടന്നു . മനസ്സില്ലാമനസ്സോടെ മറ്റു രണ്ടുപേരും  ജോര്‍ജ്ജിനെ അനുഗമിച്ചു .

രാത്രിയുടെ അന്ത്യയാമം അടുത്തിരുന്നു .മരപടര്‍പ്പുകളില്‍ കിളികള്‍ ഉണരാന്‍ തുടങ്ങി . മുളം കാട് ഇരുവശവും തഴച്ചുനിന്ന ഇടവഴി ചെന്നവസാനിക്കുന്നത് പാടത്താണ് . വിടവാങ്ങാന്‍ വെമ്പിനില്‍ക്കുന്ന നിലാവെളിച്ചത്തില്‍ അകലെ പാടം കാണാറായ്.

മുന്‍പില്‍ നടന്ന അല്ലന്‍  പെട്ടെന്ന് എന്തോ കണ്ടതുപോലെ നിന്നു , ചേട്ടാ അങ്ങോട്ട്‌ നോക്കിയേ അവന്‍റെ ശബ്ദം ഇടറിയിരുന്നു . അവര്‍ പാടത്തേക്ക് നോക്കി .

പാടം കത്തുകയാണ് . തീയുടെ ഒരു മതില്‍ പാടത്ത് ഉയര്‍ന്നു നിന്നു . തീജ്വാലകള്‍ ആകാശത്തെ നക്കിത്തുടക്കുന്നു .

അവിശ്വസനീയമായ കാഴ്ചയില്‍ അവര്‍ മൂവരും മരവിച്ചു നിന്നു . ഉള്‍ക്കിടിലത്തോടെ അവര്‍ മറ്റൊന്നു കണ്ടു ജ്വാലകള്‍ പാതയിലുള്ള എല്ലാറ്റിനെയും ദഹിപ്പിച്ച് മുന്നോട്ട് വരുന്നു .ഇരയെ തേടുന്ന വന്യമൃഗം പോലെ അതിന് ജീവനുള്ള ഒന്നു പോലെ പാഞ്ഞു വന്നു  .

“ചേട്ടാ ചതിച്ചല്ലോ , നമ്മള്‍ എത്താന്‍ പാടില്ലത്തിടത്ത് എത്തിപ്പെട്ടിരിക്കുന്നു” ,ഒരാന്തലോടെ അവരാച്ചന്‍ പറഞ്ഞു .

ഓടിക്കോ , ഭയത്താല്‍ പാതി അടഞ്ഞ ശബ്ദത്തില്‍ ജോര്‍ജ് പറഞ്ഞു .

അവര്‍ സര്‍വശക്തിയുമെടുത്ത് ഓടി . പെട്ടെന്ന് പിറകില്‍ നിന്ന് ഒരു തീഗോളം പാഞ്ഞു വന്ന് വഴിയുടെ ഒരുവശത്തുള്ള റബര്‍ പറമ്പില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ വീണു ചിതറി

“ചേട്ടാ നമ്മളെ നരകത്തിലേക്ക് കൊണ്ടു പോകുമോ” , ആയാസപ്പെട്ട്‌ ഓടുന്നതിനിടയില്‍  അല്ലന്‍ ചോദിച്ചു .

അവര്‍രേ പിന്തുടര്‍ന്ന്  ഇടവഴിയിലൂടെ നരകത്തീ പാഞ്ഞു വന്നു . അതില്‍ നിന്നുല്‍ഭവിച്ച തീഗോളങ്ങള്‍ നാലുപാടും ചിതറി . അന്തരീക്ഷമാകെ ചൂടുപിടിച്ചു .നിലാവ് മറഞ്ഞ് ആകാശമാകെ തമസ്സ്പടര്‍ന്നു . അതിനൊപ്പം ഭയാനകമായ ഇരമ്പല്‍ അവരുടെ കാതുകളില്‍ വീണു . ആ ഇരമ്പല്‍ ഉത്ഭവിച്ചത്‌ ആകാശത്തുനിന്നായിരുന്നു . അവര്‍ ഇരമ്പലിന്‍റെ ഉറവിടത്തിലേക്ക്  നോക്കി .

ആകാശത്ത്‌ കറുത്ത ഒരു രൂപം അവര്‍ക്കൊപ്പം പറക്കുന്നു . പരന്നു കിടക്കുന്ന വലിയ കറുത്ത ചിറകുകള്‍ . നീണ്ടു കറുത്ത ബലിഷ്ടമായ കൈകാലുകള്‍ . കൈകാലുകളില്‍ കൊളുത്തുകള്‍ പോലെ കൂര്‍ത്തു വള ഞ്ഞ നഖങ്ങള്‍ . മുഖം മാത്രം വ്യക്തമായ് കാണാന്‍ കഴിയുന്നില്ല . ആ രൂപത്തിന്‍റെ വായില്‍ നിന്ന് തീയുടെ നദി ഒഴുകി .

“സാത്താന്‍”, ജോര്‍ജ് കിതച്ചു കൊണ്ടു പറഞ്ഞു ,

അവര്‍ പള്ളിയിലേക്കുള്ള വഴിയിലെത്തി . സര്‍വശക്തിയുമെടുത്ത് മുകളിലേക്ക് കയറാന്‍ തുടങ്ങി . പിറകില്‍ അഗ്നിയുടെ ഒരു മഹാസമുദ്രം  ഗ്രാമാമാകെ വിഴുങ്ങിക്കൊണ്ട് പ്രളയജലസമാനമായ്‌  ആര്‍ത്തിരമ്പി മുകളിലേക്ക്  വന്നുകൊണ്ടിരുന്നു . കറുത്തിരുണ്ട ആകാശം പാതിയോളം  മറച്ച് കല്ലില്‍കൊത്തിയ ഭീമാകാരമായ പ്രതിമപോലെ ആ രൂപം നിലകൊണ്ടു .

ഒരു വിധത്തില്‍ അവര്‍ ഓടി പള്ളിപറമ്പില്‍ കയറി . ക്ഷീണവും , കിതപ്പും കൊണ്ട് നിലത്തു വീണു . അവര്‍ പള്ളിക്ക് മുന്‍പിലെ പുല്‍ തിട്ടയില്‍ കണ്ണടച്ചു കിടന്നു

അണപ്പിന് ശമനം വന്നപ്പോലെ അടുത്തൊരു കാല്‍പെരുമാറ്റം കേട്ടു . അവര്‍ കണ്ണു തുറന്നു . കിഴക്ക് സൂര്യന്‍ പൊന്‍കതിര്‍ പൊഴിച്ചു നില്‍ക്കുന്നു. കടല്‍പോലെ ഇളകിവന്ന നരകതീയില്ല , ആകാശം മറച്ചു നിന്ന ഭീകരരൂപിയില്ല. ചുറ്റും വിവിധ മുഖഭാവങ്ങലുമായ് സെമിത്തേരിയിലെ അന്തേവാസികള്‍ മാത്രം .

“എവിടെയാടോ രാത്രി പോയത്” , സ്വതവേ മൌനിയും , ഗൌരവക്കാരനായ ജോര്‍ജിന്‍റെ പിതാവ് ചാണ്ടി പാപ്പന്‍  ജോര്‍ജ്ജിനോട് കയര്‍ത്തു .

പണ്ട് സ്കൂള്‍ കഴിഞ്ഞ്  പാടവും , പറമ്പും കയറിനടന്ന് ഏറെ വൈകി എത്തുമ്പോള്‍ അപ്പന്‍റെ ശകാരം ഏറ്റുവാങ്ങാറുള്ള അതെ  കൂസലില്ലാതെ മുഖഭാവത്തോടെ ജോര്‍ജ് ഒന്നും മിണ്ടാതെ നിലത്തു നോക്കി  ഇരുന്നു .

നന്നവാത്തവനോട് ഗുണദോഷിച്ചിട്ട് കാര്യമൊന്നുമില്ല എന്നെ ഭാവത്തോടെ ചാണ്ടി പാപ്പന്‍ ദേഷ്യപ്പെട്ട്  സെമിത്തേരിയിലേക്ക് നടന്നു .

“എന്തിനാടോ , മോനെ , രാത്രി ഇങ്ങനെ ഇറങ്ങി നടക്കണേ” , രാത്രി മകന്‍റെ വരവും നോക്കി ഉറങ്ങാതിരുന്ന ജോര്‍ജിന്‍റെ അമ്മ പരിഭവത്തോടെ ചോദിച്ചു .

“ഓ ദൂരെയൊന്നും പോയില്ല” , ജോര്‍ജ്ജ് അലക്ഷ്യഭാവത്തില്‍ പറഞ്ഞു .

“”അതെ ദൂരെയൊന്നും പോയില്ലെന്ന് , പട്ടി അണക്കും പോലെ  അണക്കുന്നത്  കണ്ടപ്പോ മനസ്സിലായി” , പല്ലില്ലാത്ത മോനകാണിച്ച് ചുമ്മാര് ഊറിചിരിച്ചു  . അത് ഏറ്റുപിടിച്ച്‌ ചുറ്റും നിന്ന ചിലര്‍ അടക്കിച്ചിരിച്ചു .

“ഞങ്ങള് പോയപോലെ ഒന്നു പോകാന്‍ തനിക്ക് ഉള്ളുറപ്പുണ്ടോ , തന്‍റെ കൊള്ളികാല് വിറക്കും , മുണ്ട് നനയും , എടൊ താന്‍ പോയി കുഴിയില്‍ കിടക്ക്‌”  അരിശംമൂത്ത് ജോര്‍ജ് പറഞ്ഞു .

അവര്‍ മൂന്ന് പേരും ഒഴിച് എല്ലാവരും , സെമിത്തേരിയിലേക്ക് നടന്നു .

“ചേട്ടാ ഇതുപോലെയൊരു കിടിലന്‍ അനുഭവം ജീവിച്ചിരുന്നപ്പോള്‍ പോലും ഉണ്ടായിട്ടില്ല” , അല്ലന്‍ ആവേശത്തില്‍ പറഞ്ഞു .

അവരുടെ  ഉള്ളില്‍ ആവേശത്തിന്‍റെ തിരകള്‍ അടങ്ങിയിട്ടിലായിരുന്നു .  

എടാ എന്നാ നമുക്കും പോയാലോ , ഇന്നലത്തെ ഉറക്കം ബാക്കി നില്‍ക്കുന്നു . കല്ലറയില്‍ കയറി സുഖമായ് കിടന്നുറങ്ങണം ജോര്‍ജ്ജ്  പറഞ്ഞു .

മൂവര്‍ സംഘം സെമിത്തേരിയിലേക്ക് നടന്നു . അപ്പോഴേക്കും നേരം നാന്നായ് വെളുത്തിരുന്നു .

 

VI

പള്ളിയില്‍ കള്ളന്‍ കയറി എന്നൊരു വാര്‍ത്ത നാട്ടില്‍ പടര്‍ന്നു. പള്ളിയിലെ സ്റ്റോര്‍റൂമിന്‍റെ വാതില്‍ തുറന്നു കിടന്നു. കോവണി വച്ചുകയറി ഓട് ഇളക്കിയാണ്‌ കള്ളന്‍  താഴെക്കിറങ്ങിയത്. അവിടെ നിന്ന് നഷ്ടപ്പെട്ട  പപ്പനിയുടെ ഉടുപ്പുകളും  , ഡ്രമ്മും , കുഴലും ഗ്രാമവഴികളില്‍ പലയിടത്തു നിന്നായ് നിന്ന് കിട്ടി. വിലപിടിപ്പുള്ള പലതും ആ മുറിയില്‍ ഉണ്ടായിട്ടും, അതൊന്നും മോഷ്ടിക്കാതെ പോയ കള്ളന്‍ ഒരു പമ്പര വിഡ്ഢി ആയിരിക്കണമെന്ന് നാട്ടുക്കാര്‍ ഉറപ്പിച്ചു .

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ