നാലുവശവും കരിങ്കല്ലു കൊണ്ടു കെട്ടിത്തീർത്ത കുളപ്പടവിൽ സ്വയം മറന്നിരിക്കുമ്പോൾ കഥന സ്വഭാവമില്ലാത്ത ഓർമയുടെ അടരുകൾ കടലേറ്റം പോലെ മനസ്സിൽ  തിരതല്ലുന്നു. സ്കൂൾ വിട്ടാലുള്ള ഒഴിവു നേരത്ത് ഈ കരിങ്കൽ പടവിൽ ഉണ്ണിമോളൊടൊത്ത് കൊത്താങ്കല്ലു  കളിക്കാൻ വന്നിരിക്കുമായിരുന്നു.

നല്ല കൈവഴക്കത്തോടെ  കളിക്കുന്ന ഉണ്ണിമോളെ പിന്നിലാക്കാൻ എനിക്ക് ഒരിക്കലും  കഴിയുമായിരുന്നില്ല. കളിച്ച് കളിച്ച് കടം കയറി ഒടുവിൽ ഞാൻ തോറ്റമ്പും. ജാള്യത മറക്കാൻ ഒരു വഴിയെ അന്നു തോന്നിരുന്നുള്ളൂ. പച്ച ഞരമ്പുകളോടിയ കുളത്തിലേക്ക് ചാടുക.ചാടിയാലുടൻ ഉണ്ണിമോൾക്ക് പരിഭ്രമമാകും. കരച്ചിലിന്റെ വക്കോളമെത്തുമ്പോഴേക്ക്  ഞാൻ കുളത്തിൽ നിന്നും പൊന്തി വരും .അവൾ കരയുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഉടനെത്തന്നെ  ആശ്വാസവാക്കുകൾ പറഞ്ഞ് അവളുടെ പിണക്കം മാറ്റും. അപ്പോഴായിരിക്കും കരിങ്കൽക്കെട്ടിനു പുറത്ത് ചാറൽ മഴ പെയ്യുന്നുണ്ടാവുക. കുളത്തിൽ മുങ്ങിയ എനിക്ക് മഴ പ്രശ്നമല്ല നേർത്ത് പൊടിഞ്ഞു വീഴുന്ന ചാറ്റൽമഴയും  അതു പൊഴിഞ്ഞ് മണ്ണിൽ വീഴുമ്പോഴുള്ള വാസനയും എനിക്കിഷ്ടമാണ്. അമ്മയുടെ വഴക്കു വകവയ്ക്കാതെ മഴ നനയുന്നതൊരു ഹരമാണ്. എന്നാൽ ഉണ്ണിമോൾ മഴ നനയുന്നത് എനിക്കിഷ്ടമല്ല. അവൾക്കു മഴയേറ്റൽ പിന്നെ തുമ്മലായി ദേഹം വിറക്കലായി പിന്നെ പനിച്ചൂടുറപ്പാണ്. അതു കൊണ്ട് കൈയ്യിൽ കരുതിയ പുളളിക്കുട അവൾക്കു നല്കി, മുന്നിൽ അഭിമാനത്തോടെ ചാറൽ മഴയേറ്റ് ഞാൻ നടക്കും.അവൾ ഒരു പാട് നിർബന്ധിച്ചാലും ഞാൻ ആ  പുള്ളിക്കുടയിൽ കയറി നിൽക്കില്ല.  അങ്ങിനെ രാമതുളസിയുടെ സൗരഭ്യം പ്രസരിക്കുന്ന നാട്ടുവഴിയിലൂടെ നടന്ന് ഉണ്ണിമോളെ വീട്ടിലാക്കാനെത്തും.  .അവിടെ അവളുടെ അമ്മ പരിഭവിച്ച്  തല തുവർത്തി തരും. ഞങ്ങൾക്ക്  ചൂടുള്ള ശർക്കരക്കാപ്പി കുടിക്കാൻ തരും.അപ്പോൾ ഞാൻ ഒളികണ്ണിട്ട് അവളെ നോക്കും. തലതു വർത്തിയിട്ടും ഈറൻ മാറ്റിയിട്ടും അവളുടെ ചുണ്ടുകൾ തണുത്തു വിറക്കുന്നതു കാണാം..ഉണ്ണിമോളുടെ ദേഹം  ദുർബലമാണ് ..ഒപ്പം മനസ്സും.  

ഇവിടെ ഇരുണ്ടു താണസന്ധ്യയിൽ   വീണ്ടും ഈ  കൽപടവിലിരിക്കുമ്പോൾ കുളത്തിനു മീതെ മിന്നാമിന്നികൾ മിന്നി തെളിയുന്നത് കാണാം. കുളത്തിനു മീതെ സ്വർണ്ണ മേലാപ്പു തീർക്കാൻ വൃഥാ പറന്നലയുന്ന മിന്നാമിന്നിക്കൂട്ടങ്ങളുൾക്കൊള്ളുന്ന  ഈ പരിസരം എത്രയോ തവണ സ്വപ്നങ്ങളിൽവന്നെത്തി നോക്കിയിരിക്കുന്നു! ആ  സ്വപ്നങ്ങളിൽ തനിക്കു കൂട്ടായി ഉണ്ണിമോളും. ഓരോ സ്വപ്നവും ജൻമാന്തരങ്ങളിലേക്കുള്ള സ്ഫടിക വാതായനങ്ങളാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

ഉണ്ണിമോൾക്ക് നനുത്ത പച്ചച്ചെമ്പകം വലിയ ഇഷ്ടമാണ്. തഴച്ചു വളർന്ന  മുടിച്ചാർത്തിൽ പച്ചച്ചെമ്പകം കൊരുത്തിയിട്ടുവാൻ  അവൾ ആഗ്രഹിച്ചു. എപ്പൊഴൊ അതറിഞ്ഞ ഞാൻ   പച്ചച്ചെമ്പകത്തിനായി ഇറങ്ങിത്തിരിച്ചു.കാവിനു കിഴക്കുവശത്ത് ചെമ്പക മരമുണ്ട്. കാവ് കടന്നു പോകേണ്ടി വരും. ത്രിസന്ധ്യ നേരത്ത് ആ വഴി പോകാൻ പരിഭ്രമമുണ്ട്. എന്നാലും ഉണ്ണിമോളുടെ സന്തോഷം നിറഞ്ഞ മുഖം കാണാനുള്ള കൊതി കൊണ്ട് രണ്ടും കല്പിച്ച് തീരുമാനമെടുത്തു.ഒരു നാൾ, അന്ന് പുലർനേരം തെട്ടേ മഴയുടെ ചെറു ചാറ്റലുകൾ തൂവിയിരുന്നു.അതു വകവയ്ക്കാതെ  ആരുടെയും കണ്ണിൽ പെടാതെ ഇറങ്ങിത്തിരിച്ചു. കാവി നരികെ  ഈറനുടുത്തെന്ന പോലെ ചെമ്പകമരം അപാരമായ തലയെടുപ്പോടെ ഉയിർന്നു നിന്നു. സന്ധ്യയുടെ  തീവ്രഅരുണിമയിൽ,  മേഘങ്ങളെത്തൊട്ട് ചില്ലകളുലഞ്ഞാടുന്ന മരത്തിൽ കയറണം. ദൂരെ മരച്ചില്ലകളുടെ തുമ്പുകളിൽ ഇലപ്പടർപ്പുകളൊടൊപ്പം   പച്ച ചെമ്പകക്കൂട്ടങ്ങൾ ഇളകിയാടുന്നു. അവ തന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ വള്ളി പിരിച്ചൊരു  തളപ്പുണ്ടാക്കി കാലിലിട്ട് മരത്തിൽ കയറാനാരംഭിച്ചു.. അല്പം കഴിഞ്ഞപ്പോൾ നീറുറുമ്പുകൾ ദേഹത്ത് കടിച്ചു തൂങ്ങി. പെട്ടെന്നു തന്നെ ചുവന്നു തിണർത്ത ദേഹത്തു നിന്നും അവയെ എടുത്തു മാറ്റി മുകളിലോട്ട് കയറി, ആഹ്ളാദത്തോടെ അപൂർവ്വ ഗന്ധം പ്രസരിക്കുന്ന ചെമ്പകം ഇടതൂർന്ന മരഞ്ചില്ലകൾ പൊട്ടിച്ച് താഴേക്കിട്ടു കൊണ്ടിരുന്നു. പൊടുന്നനെയാണ് മേഘം ഇരുണ്ടത്. ഉടനെത്തന്നെ മഴയുമാരംഭിച്ചു. എയ്തു വിട്ട  അസ്ത്രം  കണക്ക് വലിയ മഴത്തുള്ളികൾ ദേഹത്ത് വന്നു വീണു.. ഭയന്നു വിറച്ച്  ശക്തമായ ഒരു മരച്ചില്ലയെ പുണർന്ന് കിടന്നു. മഴ ശമിക്കുന്നില്ല. ഏതായാലും ആവശ്യത്തിന് പൂവായി .ഇനി എങ്ങനെയെങ്കിലും ഇറങ്ങി താഴെയെത്തണം. മെല്ലെ മരഞ്ചില്ലകളിൽ പിടിച്ച്  ഇറങ്ങാനാരംഭിച്ചു. തളപ്പൊക്കെ ഉറുമ്പുകടിയിൽ പെട്ട് എപ്പോഴേ താഴേക്കൂർന്നു പൊയ്  പോയിരുന്നു.ഏകദേശം നിലം തൊടാറായപ്പോഴാണ് അത് സംഭവിച്ചത്.. മഴവെള്ളത്തിന്റെ നനവിറങ്ങിയ തായ് തടിയുടെ വഴുക്കലിൽ കൈ വഴുതി .ഫലമോ ഇടതു വശമടിച്ച് നിലത്ത് വീണു. വീണതിന്റെ ആഘാതത്തിൽ കുറെ നേരം അവിടെത്തന്നെ കിടന്നു.പിന്നെ പണിപ്പെട്ട്  എഴുന്നേറ്റു.ചെമ്പകപ്പൂങ്കുലകൾ പെറുക്കിയെടുത്ത് നാരു കൊണ്ട് കെട്ടി ചേമ്പിലയുടെ കുമ്പിളിലാക്കി ഉണ്ണിമോളുടെ വീട്ടിലേക്ക് കുതിച്ചു.ഞാൻ മഴ നനഞ്ഞ പരിഭവത്തിനിടയിലും അവളുടെ മുഖത്ത് ഒളിചിതറിയ  പുഞ്ചിരി കൺകുളിർക്കെക്കണ്ടു. അപ്പോൾത്തന്നെ ചെറുമഴത്തുള്ളികൾ  തൂങ്ങിക്കിടന്ന ഒരു പൂങ്കുല അവൾ സമുദ്ധമായ മുടിയിഴയിൽ തുളസിക്കതിരിനൊപ്പം തിരുകി.ഇടതു വാരിയെല്ലിൽ വേദനയുണ്ട്.

'ഉണ്ണിമോളെ ഇവിടെ ഒന്നു നോക്കു'.

ഞാൻ പതുക്കെ പറഞ്ഞു. അവൾ വന്ന് നോക്കിയതും പൊടുന്നനെ മുളന്തണ്ട് കീറും പോലെ കരഞ്ഞു. ഇടതുപള്ളയിൽ ഒരു ചെറുകല്ല് തറഞ്ഞു കയറിയിരിക്കുന്നു.  അതിൽ  കിനിഞ്ഞിറങ്ങുന്ന രക്തം.ഇറവെള്ളം തൂവിയ വരാന്തയിൽ  രക്തം ഇറ്റിവീണു മഴവെള്ളത്തോടു ചേർന്നു .പുറത്ത് മഴ അപ്പോഴും ശമിക്കാതെ നിന്നു പെയ്തുകൊണ്ടിരുന്നു.

ഇവിടെ ഈ കൽപ്പടവിൽ നിൽക്കുമ്പോൾ  കുളിരുൾക്കൊണ്ട  മഴ ശമിക്കാതെ നിന്നു പെയ്യുന്നു. അനാദിയായ ജലം  സർവ്വത്തിനേയും ജ്ഞാനസ്നാനം ചെയ്ത് വിമലീകരിക്കുന്നു.  ഇളങ്കാറ്റിൽ കുളത്തിലേക്ക് ചാഞ്ഞ പേരറിയാ മരഞ്ചില്ലകളിൽ  നിന്നും പഴുത്ത ഇലകൾ പൊഴിഞ്ഞു വീണു. ജലോപരിതലത്തിൽ കിടന്ന് കനം വച്ച്  ജലയാഴത്തിലേക്ക് മെല്ലെ യാത്ര തുടങ്ങി.

ഈയിടയായി ഉണ്ണിമോളിൽ വല്ലാത്തൊരു മാറ്റമുണ്ട്. എപ്പൊഴും ചിന്തയിലാണ്ട് ഇരിപ്പാണ്. തുളസിത്തറയിലും കാവിലും വിളക്കു വക്കാൻ വരാറില്ല. സന്ധ്യക്ക് നാമജപമില്ല. കാവിലെ ഉത്സവത്തിന് പലകുറി വിളിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല.കണ്ടാൽ യാതൊരു അടുപ്പമില്ലാത്ത മട്ടിൽ എന്തെങ്കിലും പറയും. പല തവണ വിവരങ്ങൾ  ചോദിച്ചാലും  ഒന്നും പറയില്ല.  ഒരിക്കൽ എന്തോ പറഞ്ഞ് അമ്മയുമായി വഴക്കിട്ടെന്നറിഞ്ഞു.  പിന്നെ  ഒരു നാൾ ഹോസ്റ്റലിലേക്ക് പോയെന്നും അമ്മ പറഞ്ഞു. തന്നോടു യാത്ര പോലും പറഞ്ഞില്ല. വല്ലാത്തൊരു ആശങ്കക്കും സങ്കടത്തിനുമൊടുവിൽ ഉണ്ണിമോളെ ഒന്നു കാണാൻ തീരുമാനിച്ചു. മനസ്സു തുറന്ന് സംസാരിച്ച് മനസ്സിന്റെ വിങ്ങല ലിയണം.. ഗ്രാമത്തിൽ നിന്ന് അല്പം  ദൂരെയാണ് അവൾ പഠിക്കുന്നിടവും ഹോസ്റ്റലും ... ഉടനെത്തന്നെ പോകാനൊരുങ്ങി.... വീട്ടിലുണ്ടാക്കിയ കണ്ണിമാങ്ങ ഉപ്പിലിട്ടത്, പട്ടരടവിടുത്തെ പയറ് കൊണ്ടാട്ടം ,പിന്നെ മധുര പലഹാരങ്ങളും എല്ലാം ഉണ്ണിമോൾക്ക് ഇഷ്ടമുള്ളവ. എല്ലാം സഞ്ചിയിൽ പൊതിഞ്ഞെടുത്തു.

പച്ച പടർന്ന നാട്ടുവഴിയോരം പിന്നിട്ട് കൊയ്തൊഴിഞ്ഞ പാടംതാണ്ടി വരമ്പിലൂടെ യാത്ര. കാലുകൾക്കും  പിന്നെ ബസ്സിനും വേഗം പേരെന്നു തോന്നി. അങ്ങിനെ ഹോസ്റ്റലിലെത്തി.ഹോസ്റ്റൽ മേധാവിയോട് അനുവാദം വാങ്ങി ഉണ്ണിമോളെക്കാണാൻ സ്വീകരണമുറിയിൽ ഇരുന്നു.  ഇടക്ക് ഒരു സ്ത്രീ വന്നു പറഞ്ഞു. ഉണ്ണിമോൾ കൂട്ടുകാരികളൊടൊപ്പം പ്രാർത്ഥനയിലാണെന്ന്. പ്രാർത്ഥനയിലൊ? പരീക്ഷക്കാലമല്ലെ താൻ പാതി ദൈവം പാതിയെന്നല്ലേ പ്രാർത്ഥിക്കട്ടെ ... സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു. ഒടുവിൽ ഉണ്ണിമോൾ വന്നു. അല്പം വിസ്മയത്തോടെ അവളെ നോക്കി. ഇതെന്തു വസ്ത്രം ധരിക്കലാണ്? തലയൊക്കെ മൂടി  വല്ലാത്തൊരു മാറ്റം തന്നെ ! ഇതിനു മുൻപേ ഇത്തരമൊരു വസ്ത്രധാരണം കണ്ടിട്ടില്ല.  രണ്ടു പെൺകുട്ടികൾ കൂടെയുണ്ട്. സഹപാഠികളാവാം. അവളല്പം പരിക്ഷീണയെന്നു തോന്നി. കൺതടത്തിൽ കറുപ്പു രാശി പടർന്നിട്ടുണ്ട്. പരീക്ഷാക്കാലമാണ്. ഉറക്കമൊഴിഞ്ഞു കാണണം. തന്നെക്കണ്ടതും  ഉണ്ണിമോൾ സ്നേഹപൂർവ്വം പുഞ്ചിരിച്ചു.കൈയ്യിൽ കരുതിയ  സഞ്ചി ഞാനവൾക്കു നേരെ നീട്ടി. അവൾ വാങ്ങി. അപ്പോൾ തന്നെ സഞ്ചി തുറന്ന് മധുര പലഹാരം എല്ലാവർക്കും നല്കി.ഒപ്പമുള്ള പെൺകുട്ടികളെ പരിചയപ്പെടുത്തി. മെലിഞ്ഞു വെളുത്ത കുട്ടി....ആ കുട്ടി ഒപ്പം പഠിക്കുന്നതാണ്.  ഉയരക്കൂടുതലുള്ളവൾ, അവർ സീനിയർ വിദ്യാർത്ഥിയാണ്. പരിചയപ്പെട്ടശേഷം അവർ അകത്തേക്കു പോയി. ഉണ്ണിമോൾ ഇരുന്നു. ഓരോന്ന് പറഞ്ഞു തുടങ്ങി. അമ്മയുമായി വഴക്കിട്ടു വന്നതിൽ  അവൾക്ക് പ്രയാസമുണ്ട്. ഞാൻ പോയി സംസാരിച്ച് വിഷമം മാറ്റണം. ഒരച്ഛന്റെ സ്നേഹം അറിയാത്ത കുട്ടിയാണ്. കുഞ്ഞുനാളിൽ അമ്മയുടെ പുറകീന്ന് മാറില്ലായിരുന്നു.. ഞാൻ വന്ന് കണ്ടതിൽ അവൾ വളരെ സന്തുഷ്ടയെന്ന് തോന്നി. അവൾ പറയുന്നതെല്ലാം കേട്ടു. സമ്മതിച്ചു. അമ്മയോട് സംസാരിക്കാമെന്നേറ്റു. അങ്ങിനെ പലതും പറയുന്നതിനിടയിൽ ഒരാൾ പൊടുന്നനെ വന്ന് കയറി. അയാൾ എന്ത് പേരാണ് ഉണ്ണിമോളെ വിളിച്ചത്? ശരിക്കു കേട്ടില്ല. ഏതായാലും ഉണ്ണിമോളെന്നല്ല. അതോ ഉണ്ണിമോളെത്തന്നെയാണോ വിളിച്ചത്? അതെ.അവളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവളാകട്ടെ ചിരപരിചിതനെ പോലെ അയാളെ എനിക്ക് പരിചയപ്പെടുത്തി.

“ഇത് . എന്റെ അടുത്ത സുഹൃത്താണ്”

ചിരിച്ചു കൊണ്ട് ഏതോ പുസ്തകം അവളെയേൽപ്പിച്ച്  അയാൾ പോയി. പിന്നെ  അവൾ പതിയെ പറഞ്ഞു .

“നേരത്തെ പരിചയപ്പെട്ടില്ലെ? ആ കുട്ടികളുടെ കസിനാണ്.  പ്രയാസങ്ങളിൽ എന്നെ ഒരു പാട് സഹായിച്ചിട്ടുള്ള ആളാണ്.. ഞങ്ങൾ .

അവളൊന്നു നിർത്തി. 

ഞാൻ അറിയാത്ത എന്ത് പ്രയാസമാണ്  നിനക്കുണ്ടായിരുന്നത്? ആ ചോദ്യം എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.അവൾ പിന്നെയും തുടരാനൊരുങ്ങി  

“ഞങ്ങൾ” .

ഞാൻ അതു പൂർത്തിയാക്കാൻ അനുവദിച്ചില്ല. അനുവദിക്കുകയും ഇല്ല. എഴുന്നേറ്റു. ഇടനെഞ്ചിൽ ഒരു കടലിരമ്പുന്നുണ്ട്. എന്റെ മുഖഭാവം കണ്ട് മനസ്സു  വായിച്ചെന്ന വണ്ണം അവളുടെ മുഖം വിവർണ്ണമായി.ഞാൻ തിരിഞ്ഞു നടന്നു. പോവ്വാണോ എന്നൊ മറ്റൊ ചിലമ്പിച്ച ഒരു സ്വരം പുറകിൽ നിന്നും കേട്ടു .... തുരുമ്പ് പടർന്ന പടി തുറന്ന്, ചുവന്ന പൊടിമണ്ണ് പാറുന്ന വെട്ടുവഴിയിലേക്കിറങ്ങി.ബസ്സ് സ്റ്റേപ്പിലേക്ക് അല്പം ദൂരമുണ്ട്.നടക്കണം. ബസ് സ്റ്റോപ്പ് എത്തും മുൻപേ നിനച്ചിരിക്കാതെ കാർമേഘം ഇരുണ്ടു.. കുഞ്ഞു നഷ്ടപ്പെട്ട അമ്മയുടെ ആർത്തനാദം പോലെ ,ചിലമ്പിച്ച മഴ കുത്തിയൊലിച്ച് പെയ്യാനാരംഭിച്ചു.ഒപ്പം ചിറകടിച്ച കാറ്റിൽ പൊടിമണ്ണ് മേലോട്ടുയർന്നു. വഴിപോക്കർ മഴ കൊള്ളാതിരിക്കാൻ മേലാപ്പു തേടി ഓടി മറഞ്ഞു. അശ നിപാതം പോലെ പെയ്ത ആ മഴ  തപിച്ച മനസ്സിലേറ്റുവാങ്ങി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.ഞാൻ പോകാനായി എഴുന്നേറ്റപ്പോൾ അവളുടെ മുഖമൊന്ന് പതറിയതാണ്. എന്റെ മനസ്സ് അവൾ അറിഞ്ഞിട്ടുണ്ട്. ഞാൻ നനഞ്ഞു തീർത്ത മഴകളും അലഞ്ഞ നാട്ടുവഴികളും അവൾക്കു വേണ്ടിയായിരുന്നു. അവൾ തിരിച്ചുവരും തീർച്ച. വരാതിരിക്കാൻ അവൾക്കു കഴിയില്ല.ഇതു വെറും വിഹ്വലമായ ഒരു മനസ്സിന്റെ ഭ്രമം മാത്രമാണ് .അറിയായ്ക മാത്രമാണ് അറിവെന്നറിയാത്ത സന്ദേഹി. മഴകൾ ,കണിക്കൊന്ന പൂത്ത നാട്ടിടവഴികൾ,മന്ദാരവും വെൺ കുറ്റിമുല്ലയും രാമതുളസിയും പടർന്നു പന്തലിച്ച ജൈവസ്ഥലരാശികൾ.. അതിൽ  തനിക്കൊപ്പം അവളില്ലാതെ  അവൾക്കൊരിടമില്ലാതെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അവൾ തിരിച്ചു  വരും. തീർച്ച. ഉൻമാദിയെപ്പോലെ ,നിറം മാറിയ കറുത്ത മഴയുടെ മുഖപടം വകഞ്ഞു മാറ്റി ഞാൻ നടന്നു....

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ