മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"എൽ എൽ ബി എടുക്കാൻ തീരുമാനിച്ചത് പഠിക്കാനുള്ള അതിമോഹം കൊണ്ടൊന്നുമല്ല. ജീവിതം ആഘോഷിക്കാനാണ്. വല്ല ഡിഗ്രിയും എടുക്കാമെന്ന് വെച്ചാൽ അപ്പോൾ കൊണ്ടുവിടും വല്ല വിമെൻസ് കോളജിലും. കോണ്‌വെന്റ് സ്കൂളും മതിലിനകത്തെ അടച്ചുപൂട്ടിയുള്ള ജീവിതവും മടുത്തു. ഇനിയാണ് ജീവിതം. ആദ്യം ആരെങ്കിലെയും പ്രേമിക്കാൻ കണ്ടുപിടിക്കണം. ഒൺലി ബോയ്ഫ്രണ്ട്. കല്യാണം കില്യാണമൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല. അച്ഛന്റെയും അമ്മയുടെയും കളർഫുൾ ജീവിതം കണ്ടു മടുത്തു. എനിക്കു അഞ്ചു വയസുള്ളപ്പോൾ തുടങ്ങിയതാണ് വീട്ടിലെ തൃശൂർപൂരം. പത്തു വയസിൽ രണ്ടുപേരും എന്നെ പന്തുതട്ടാൻ തുടങ്ങി. രണ്ടു വീട്ടിലും മാറി മാറി ജീവിച്ചു മടുത്തു. എനിക്കു വേണ്ടിയുള്ള പിടിവലിക്കും ഒരു അന്ത്യം വേണ്ട. ഇനി ഹോസ്റ്റലാണ് എന്റെ ലോകം."

ഇതാണ് നമ്മുടെ കഥാനായിക. പേര് നഡാഷ വർമ്മ; നവിയെന്ന് വിളിക്കും. കോളജിൽ കയറി കുറച്ചു ദിവസങ്ങൾക്കുള്ളിൽ നായിക കണ്ടെത്തി നമ്മുടെ നായകനെ; പക്ഷെ കോളജ് നാളുകൾക്കു വേണ്ടി മാത്രമുള്ള പ്രണയകഥയിലേക്കാണെന്നു മാത്രം.. നേരത്തെ പറഞ്ഞ തട്ടിക്കൂട്ട് പ്രണയത്തിലെ കാമുകന്റെ പേര് നിഷാദ് ഖാൻ; നച്ചൂന്ന് വിളിക്കും. പിന്നെ എന്തിനും ഏതിനും ഒരു റൂംമേറ്റ് കം ഫ്രണ്ട് ഉണ്ട് ആമി, അഭിരാമി.. മൂന്നുപേരും എൽ എൽ ബി ക്ക് പഠിക്കുന്നു.

രാവിലെ എണീറ്റപ്പോൾ മുതൽ നവി കണ്ണാടിക്കു മുന്നിലാണ്. വണ്ണമാണു പ്രശ്നം. നവിക്ക് നല്ല ഉയരോം ഒത്ത വണ്ണവും ഉണ്ട് പക്ഷെ നിഷാദ് നല്ല ഉയരത്തിൽ മെലിഞ്ഞുതൊലിഞ്ഞാണ്‌. അറിയുന്നവരും അറിയാത്തവരും കാണുമ്പോ ആദ്യം പറയുന്നത് പത്ത് പോലെയാണെന്നാണ്.  ഇന്നലെ ദേഷ്യം വന്നപ്പോ നിഷാദ് തന്നെ തടിച്ചിപാറുന്ന് വിളിച്ചു. വണ്ണം കുറക്കണം. കുറച്ചേ പറ്റൂ...

"ആമി ഇന്ന് മുതൽ ഞാൻ ഡയറ്റിലാണ്. ബ്രേക്ക് ഫാസ്റ്റും ലഞ്ചും വേണ്ട."

ഇത് ഒരു പത്താമത്തെ തവണയാണ് ഈ വർഷം ഡയറ്റ് തുടങ്ങുന്നത്. കേക്ക് ഐസ്ക്രീം ചോക്കലേറ്റ് ഇതില്ലാതെ ഒരു ജീവിതമില്ല. ആരു കൊടുത്താലും അവരുടെകൂടെ ഇറങ്ങിപോകും. കുഞ്ഞായിരിക്കുമ്പോ നവി ഇങ്ങനെ ഒരു ഇറങ്ങിപോക്കു നടത്തി നാട്ടുകരെയും വീട്ടുകാരെയും തീ തീറ്റിയതാ... എന്നിട്ടും നന്നായില്ല. പണ്ടത്തെ ചങ്കരൻ തെങ്ങുമേ തന്നെ.

"ബ്രേക്ക് ഫാസ്റ്റ് ബ്രെയിൻ ഫുഡ് ആണ് വേണ്ടെന്നു പറയരുത്." ആമി പറഞ്ഞു.

"എന്നാ കഴിച്ചേക്കാം.. എന്നാലും കാലറി അതുനോക്കിയെ കഴിക്കു.. മധുരം കംപ്ലീറ്റ് വേണ്ടാന്നു വെക്കും. ഉറപ്പ്.."
കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്... ആമി മനസിൽ പറഞ്ഞു.

"കളിയാക്കണ്ട. ഇപ്രാവശ്യം ഞാൻ സീരിയസാ.."

കോളേജിൽ അപ്പുവിന്റെ ബെർത്തഡേ. ബ്ലാക്ക്ഫോസ്റ്റ് കണ്ടപ്പോഴേ നവിയുടെ കണ്ട്രോൾ പോയി. പിന്നെ അവന്റെ വക ഹെവി ലഞ്ചും. അതിനിടയിൽ അവൾ ആമിയോട് പറഞ്ഞു

"ഇനി നമുക്ക് വല്ല കീറ്റോ ഡയറ്റും നോക്കാം."

തിങ്കളാഴ്ച പ്രോജക്ട് വെക്കാൻവേണ്ടി മാത്രമാണ് നവി കോളജിൽ വന്നത്. ലീവെടുക്കാൻ കഴിയാതെപോയതിന്റെ അരിശം മാറുന്നില്ലയിരുന്നു. പിന്നെ എല്ലാം ബോറിങ് ക്ലാസ്സുകൾ. കട്ടടിച്ചാലും സാരമില്ല നോട്ട്‌സ് ആമി എഴുതിതരും. അപ്പൊ ഔട്ടിങ്ങിനു പോകാം എന്നു തീരുമാനിച്ചു. നിഷാദും നാടാഷയും കാറിൽ കറങ്ങാൻ ഇറങ്ങി.കയറിയ നേരം മുതൽ തന്റെ വീരസഹാസകഥകൾ വർണ്ണിക്കുന്നതിന്റെ തിരക്കിലാണ് നവി. കുറച്ചു കഴിഞ്ഞപ്പോൾ പെട്ടന്നു കാർ നിന്നു.

"എന്തുപറ്റി" നവി ചോദിച്ചു

"എന്തിനാ ഞാൻ പെട്രോൾ കത്തിക്കുന്നേ.. നീ നന്നായി തള്ളുന്നുണ്ട്. ഇനി എങ്ങനാ നീ തള്ളി കൊണ്ട്പോകുമോ അതോ ഞാൻ ഡ്രൈവ് ചെയ്യണോ?"

അവൾ മുഖം വീർപ്പിച്ചു ദൂരേക്ക് നോക്കിയിരുന്നു. കുറച്ചുദൂരം എത്തിയപ്പോൾ നവി വിളിച്ചു പറഞ്ഞു

"ട്രോൾ എത്തി. പൈസ ഞാൻ കൊടുക്കാം"

"ട്രോളല്ല, ടോൾബൂത്ത്."

"അതു ഞാൻ കൊളോക്കിലായി പറഞ്ഞതാ..".

"പറഞ്ഞ് കുളമാക്കണ്ട"

പൈസ എടുക്കാൻ ബാഗ് എടുക്കുന്ന നേരത്ത് നിഷാദ് പറഞ്ഞു.

"അതൊന്നും കൊടുക്കേണ്ട.. എനിക്കു വേണ്ടി തന്നെ തുറക്കും... നീ കണ്ടോ..."

പറഞ്ഞു തീർന്നില്ല ദേ ടോൾഗേറ്റ് തുറന്നു.നവി അത്ഭുതത്തോടെ അവനെ നോക്കി. തന്റെ കാമുകൻ നിസാരകരനല്ല. കോളേജിൽഎല്ലാരോടും പറയണം അവൾ ഉറപ്പിച്ചു.

കാന്റീനിൽ എല്ലാരുമുണ്ട്. ആമിയും മനുവും അഭിലാഷും. അവരുടെ അടുത്തെത്തിയ ഉടനെ ടോൾബൂത്തിലെ അത്ഭുതം പറഞ്ഞു. അഭിയും മനുവും ചിരിയോട് ചിരി. ആമി ഒന്നും മനസിലാകാതെ നവിയെ നോക്കി. നവിക്കും എന്തോ പത്തികേടുതോന്നി. നിഷാദിനെ നോക്കിയപ്പോ ഒരു കള്ളച്ചിരി. പിന്നെ മനുവാണ് പറഞ്ഞത് അത് ഫാസ്റ്റ് ടാഗ് ആണത്രേ.. അതു കാറിൽ ഉണ്ടേൽ ഏതു ടോൾ ബൂത്തും കടന്നുപോകാത്രേ. ഹാഷ് ടാഗും പ്രൈസ് ടാഗും മാത്രം അറിയാവുന്ന നവി ദേഷ്യം കൊണ്ട് റെഡ് ടാഗ് ആയി. പിണങ്ങാൻ നവിക്ക് ഒരു കാരണവും കിട്ടി.

പിണക്കം മാറ്റലിന്റെ ഭാഗമായി മണിക്കൂറുകളായി നഡാഷയും നിഷാദും ഫോണിൽ കത്തിയടിയാണ്. കുറെ നേരമായപ്പോൾ ആമിക്കു നല്ല ദേഷ്യം വന്നു.

"നവീ...... ഒന്നു നിർത്തുമോ ഈ പഞ്ചാരയടി, നട്ടപാതിരയായി.. ആ ലൈറ്റെങ്കിലും ഒന്നു ഓഫ് ചെയ്യൂ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.."?

"ദേ ഇവൾ ഇവിടെ വൈലന്റ് ആവുന്നു. നച്ചു ഞാൻ വെക്കുവാണെ.. നാളെ കാണാം.. ഗുഡ് നെറ്റ്.."

"നിനക്ക് അസൂയയാ..."

"എന്തിന്? ഇതു ദിവ്യപ്രണയമൊന്നുമല്ലല്ലോ? ഇസ്‌തരിയിടലല്ലേ?"

"ദേ ഇസ്തിരി തേപ്പ് ഇത്തരം പദപ്രയോഗങ്ങൾ   അനുവദനീയമല്ല കേട്ടോ. എടാ, ഒത്തുപോകാൻ പറ്റാത്ത രണ്ടു മൂന്നു പ്രണയങ്ങളോട് മാന്യമായി ഗുഡ് ബൈ പറഞ്ഞു. അല്ലാതെ ഞാനരേം തേച്ചിട്ടില്ല. പിന്നെ ഇതു ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു തീരുമാനിച്ചതാണ് കോളജ് കഴിയുന്നവരെ ഒരു തട്ടിക്കൂട്ട് പ്രണയം."

"ന്റമ്മോ.. മതി, രാത്രി പന്ത്രണ്ടു മണിയായി കിടന്നുറങ്ങാൻ നോക്ക്..ഗുഡ് നെറ്റ്"

പിറ്റേദിവസം എന്നത്തേയുംപോലെ ആമിയും നവിയും കോളജിൽ എത്തി. നച്ചുവിനെ കാമ്പസിൽ കാണുമെന്നു കരുതിയെങ്കിലും കണ്ടില്ല. കാന്റീനിലും ചെന്നു നോക്കി. അപ്പോഴേക്കും ക്ലാസ്സിൽ കയറാൻ ബെൽ അടിച്ചു. ക്ലാസ്സിലേക്ക് ഓടുന്നതിനിടയിലും നവി ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. ക്ലാസ് ഒട്ടും ശ്രദ്ധിക്കാൻ അവൾക്കു കഴിഞ്ഞില്ല. നോട്ടിൽ കുത്തിവരച്ചതല്ലാതെ ഒന്നും എഴുതിയില്ല. ക്ലാസ് തീരാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

സെക്കന്റ് അവർ കയറാൻ അവൾക്ക് തോന്നിയില്ല. തലവേദന പറഞ്ഞു കാന്റീനിൽ പോയിരുന്നു. നച്ചു ക്ലാസ്സിൽ വരാതെയിരിക്കുന്നത് ആദ്യമായല്ല. കാൾ അറ്റൻഡ് ചെയ്യാത്തത് പുത്തരിയല്ല. എന്നിട്ടും എന്തോ ഒന്ന് അവളെ വല്ലാതെ അലട്ടിക്കൊണ്ടേയിരുന്നു.അപ്പോഴാണ് അനൂപും മോഹനും അങ്ങോട്ടുവന്നത്.

"ഹായ് നവി, ക്ലാസ്സിൽ കയറിയില്ലേ? ""ഇല്ല, നല്ല തലവേദന.."

"നിങ്ങളെന്താ ക്ലാസ്സിൽ കയാറാതിരുന്നേ?"

"ഒന്നും പറയണ്ട. ഒരു ഹോസ്പിറ്റൽ കേസ്.. നവി അറിഞ്ഞോ നമ്മുടെ അഭിലാഷിന്റെ കാർ ആക്ക്‌സിഡന്റായി.. നിഷാദും മനുവും ആ കാറിൽ ഉണ്ടായിരുന്നു. എസ് പി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്...."

പിന്നെ എന്തൊക്കയോ അവർ പറഞ്ഞു. നിഷാദ് ആ പേര് കേട്ടപ്പോഴേ ഹൃദയം നിലച്ചുപോയപ്പോലെ.. നവി ഓടുകയായിരുന്നു. റോഡിൽ ഇറങ്ങി ഓട്ടോക്ക് കൈകാണിച്ചു. ഹോസ്പിറ്റൽ എത്തുന്നവരെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു.കോളേജിലെ പലരും വിവരമറിഞ്ഞു അവിടെയെത്തിരുന്നു. അവർക്കിടയിലൂടെ ഓടി അകത്തെത്തി. നിഷാദും മനുവും ആ മുറിയിലുണ്ടായിരുന്നു. നിഷാദ് സ്വതസിദ്ധമായ ചിരി ചിരിച്ചുകൊണ്ട് നാവിയെ നോക്കി. നവിക്ക് അപ്പോഴാണ് ശ്വാസം നേരെവീണത്.

"പേടിച്ചു പോയോ.. "

ഇല്ലെന്നർത്ഥത്തിൽ നവി കണ്ണുകളടച്ചു.

"എനിക്കൊന്നും പറ്റില്ലടോ.. പിന്നെ കുറച്ചു പെയിന്റ് പോയി.. അത് സാരമില്ല. അഭിക്കും മനുവിനും ചെറിയ പരിക്കുകളുണ്ടേലും അള്ളാ കാത്തു."

നവി ഒന്നും പറഞ്ഞില്ല. ചിരിക്കണോ കരയാണോ എന്നു മനസിന്‌ പിടികിട്ടിയിലെന്ന് തോന്നുന്നു. അവൾ ചിരിക്കുമ്പോഴും കൺ നിറഞ്ഞിട്ടുണ്ടായിരുന്നു.അപ്പോഴാണ് അവൾ ആമിയോട് പോലും പറഞ്ഞില്ലല്ലോ എന്നോർത്തത്. ആമിയെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. കോളജിൽ തന്നെ നിൽക്കാനും പറഞ്ഞു. ഒരുമിച്ചു ഹോസ്റ്റലിൽ പോകാമല്ലോതിരിച്ചു പോരുമ്പോൾ നവിയുടെ മനസ്സ് അവളോട്‌ പറഞ്ഞു കൊണ്ടേയിരുന്നു യൂ ആർ ഇൻ ലൗ..ഡീപ് ലൗ....

എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറയുന്നത്. ഇപ്പോൾ നച്ചുവിനെയും നവിയെയും ഒരുമിച്ചല്ലാതെ ആരും കാണാറില്ല. ഒരാൾക്ക് മറ്റൊരാൾ ഇല്ലെങ്കിൽ ഒരു അപൂർണതയാണ്. എന്തിനും ഏതിനും അവരോരുമിച്ചാണ്. കൂടെ വാലുപോലെ ആമിയും.

നവിയെ എന്തേലും പറഞ്ഞു കളിയാക്കലാണ് നിഷാദിന്റെ ഇഷ്ടവിനോദം. കൂട്ടുക്കാരുണ്ടെങ്കിൽ പറയുകയും വേണ്ട. അങ്ങനെ ഒരുദിവസം നവിയെ ഒന്നു ചൊടിപ്പിക്കാൻ നിഷാദ് പറഞ്ഞു.

"നഡാഷ... എന്തു പേരാണ്... നിന്റെ വീട്ടുകാർക്ക് വേറെ നല്ല പേരൊന്നും കിട്ടിയില്ലേ? വർമ്മ കുടുംബത്തിന് റഷ്യൻ പേരേ കിട്ടിയുള്ളൂ ഏക പെണ്ണ്ത്തരിക്കിടാൻ?"

കേട്ടപ്പോൾ എന്തോപോലെ തോന്നിയെങ്കിലും വിട്ടുകൊടുക്കാൻ നവി തയ്യാറല്ലായിരുന്നു.

"നഡാഷ എന്ന പേരിനു എന്താ ഒരു കുഴപ്പം?"

"കുഴപ്പം മാത്രമേയുള്ളൂ അതുകൊണ്ടല്ലേ ഞങ്ങളെല്ലാം നിന്നെ നവിയെന്നു വിളിക്കുന്നേ.."

നിഷാദിന് കൂട്ടായി മനുവുമെത്തി.. ആമിയും അവർക്കൊപ്പമണോന്നോരു സംശയം. ഇവർക്കിടയിൽ പിടിച്ചു നിന്നേ പറ്റൂ നവി ഉറപ്പിച്ചു.

"നഡാഷ ആരാണെന്നറിയമോ ഭഗത് സിങ്ങിന്റെ കാമുകി."

"ഭഗത് സിങ്ങിന്റെ കാമുകിയോ... റഷ്യൻ സുന്ദരി... കൊള്ളാലോ... ഞാനും ചരിത്രം കുറെ കേട്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊരണം.. ഇതാദ്യമാ.."

അഭിലാഷ് ഇടയിൽ കയറി..നവി ആ ചരിത്രകഥ വിവരിക്കാൻ തുടങ്ങി..

ബ്രിട്ടീഷ് ഉദോഗസ്ഥനായിരുന്ന ക്രൈസ്റ്റഫർ അലക്സൻഡ്രിയോക്ക് റഷ്യക്കാരിയിൽ ഉണ്ടായ മകളാണ് നഡാഷാ അലക്സൻഡ്രിയോ. ദയാനന്ദ ആംഗ്ലോ വേദിക്ക് ഹൈസ്കൂളിൽ വെച്ചായിരുന്നു ഭഗത് സിംഗ് എന്ന പത്തുവയസുകാരനെ നഡാഷ എന്ന എട്ടുവയസുകാരി കാണുന്നത്. പഠനത്തിൽ മുന്നിട്ടു നിന്നിരുന്ന ഭഗത് സിംഗിനെ അവൾ ആരാധനയോടെ കണ്ടു. പതിമൂന്നാംമത്തെ വയസ്സിൽ ഭഗത് സിംഗ്  നിസ്സഹകരണത്തിന്റെ ഭാഗമായി ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിക്കുമ്പോഴേക്കും അവർ നല്ല സുഹൃത്തുകളായിരുന്നു. എങ്കിലും ബ്രിട്ടീഷ്ക്കാരിയായതിനാൽ ഒരു അകലം, ദേഷ്യം ഭഗത് എപ്പോഴും സൂക്ഷിച്ചിരുന്നു. അത് നഡാഷയെ വല്ലാതെ വേദനിപ്പിച്ചു.

ചെറുപ്പം മുതൽ ഇന്ത്യയിൽ ജീവിച്ച നഡാഷ  ഭാരതത്തെ സ്നേഹിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യതിനുവേണ്ടി ശബ്ദമുയർത്തിയിരുന്നു. ഈ കാലഘട്ടത്തലാണ് ഭഗത് സിംഗ് അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതും, ബ്രിട്ടീഷുകാരെ ശത്രുക്കളായി കാണാൻ തുടങ്ങിയതും. അവിടെ അവസാനിച്ചു അവരുടെ സൗഹൃദം. നഡാഷയെ ഭഗത് ശത്രുവയാണ് കണ്ടത്. അവളുടെ പ്രണയത്തിനൊ പ്രവർത്തനങ്ങൾക്കോ ഭഗത് സിങിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ല.

ഭഗത് സിംഗ് ഒരിക്കൽ വിവാഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും” അന്നു തകർന്നുപോയത് നഡാഷയായിരുന്നു. എങ്കിലും പ്രണയം ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലായിരുന്നു. 

പിന്നീട് ജയലിൽ കഴിയുമ്പോൾ ക്രിസ്റ്റഫറിന്റെ സ്വാധീനത്തിൽ ഭഗതിനെ കാണാൻ ശ്രമിച്ചിരുനെങ്കിലും ഭഗത് അവൾക്കു മുഖംകൊടുത്തില്ല. അവൾ അപ്പോഴും ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. ജയിലിൽ ഭഗത് സത്യാഗ്രഹം കിടന്നപ്പോൾ നഡാഷ വീട്ടിൽ സത്യഗ്രഹത്തിലായിരുന്നു.അവസാനം വധശിക്ഷ.. അവസാനമായി ആ മുഖമൊന്നു കാണാൻ ജയിലിനു പുറത്തു അവളും കാത്തുനിന്നു.. പക്ഷെ എല്ലാം വെറുതെയായി... ചിതാഭസ്മംപോലും അവരാരും കണ്ടില്ല..

ഭഗത് സിങ്ങിന്റെ മരണത്തിനു ശേഷം ഇന്ത്യയിൽ തുടരാൻ അവൾക്കു താൽപ്പര്യമില്ലായിരുന്നു. തന്റെ കാമുകനെ കൊന്നാവരുടെ രാജ്യമായ ബ്രിട്ടനിൽ പോകാനും തയ്യാറല്ലായിരുന്നു. നഡാഷ റഷ്യയിലേക്ക് പോയി. അവിടെയിരുന്നുകൊണ്ടു ബ്രിട്ടനെതിരെ പോരാടി, ഇൻഡ്യൻ സ്വതന്ത്രതിനുവേണ്ടി ശബ്ദമുയർത്തി. പക്ഷെ നഡാഷയെ ചരിത്രകാരൻമാർ മറന്നുപോയി അല്ലെങ്കിൽ കണ്ടില്ല.

നവി കഥ പറഞ്ഞു നിറുത്തി. ആമി ഉണ്ടകണ്ണുകൾ വിടർത്തിയിരുന്നു. പറഞ്ഞത് നഡാഷയുടെ തള്ളുകഥയാണെന്നു നിഷാദിന് കഥ തുടങ്ങയപ്പോഴേ മനസിലായിരുന്നു. പാവമല്ലേ, വിട്ടേക്കടാ.. എന്നർത്ഥത്തിൽ നിഷാദ് മനുവിനെയും അഭിയെയും കണ്ണുകാണിച്ചുചിരിച്ചു. അപ്പോഴേക്കും ക്ലാസ്സിനുള്ള ബെല്ലടിച്ചു. മനു കളിയായി പറഞ്ഞു..

"തത്കാലം സ്വതന്ത്രസമരപോരാളി നഡാഷയും കാമുകൻ ഭഗത് സിംഗ് നിഷാദും വാ നമുക്കു ക്ലാസ്സിലോട്ടു ചലിക്കാം...."

അങ്ങനെ രസകരമായി അവരുടെ ദിവസങ്ങൾ കടന്നുപോയി. ഇടയ്ക്കു പരീക്ഷകളും അസ്സൈന്മെന്റുകളും അവരുടെ ഉറക്കം കെടുത്തിയിരുന്നെങ്കിലും കോളജ് ജീവിതം തകർപ്പനായിരുന്നു.

ഒരു വെള്ളിയാഴ്ച, നവി വല്ലാതെ അസ്വസ്‌ഥയായിരുന്നു, നവംബർ 13. കലണ്ടർ നോക്കി അന്ന് കറുത്തവാവ് കണ്ടുപിടിച്ചത് ആമിയാണ്. പക്ഷെ ഇതൊന്നുമല്ല നവിയെ ദേഷ്യംപിടിപ്പിച്ചത്. വെള്ളി, ശനി, ഞായർ വേണേ തിങ്കൾകൂടി ലീവെടുത്താൽ നാല് ദിവസം അടിച്ചുപൊളിക്കാമായിരുന്നു എന്നിട്ടും ഈ ഹോസ്റ്റലിൽ കുത്തിയിരിക്കേണ്ടിവന്നു. തിങ്കളാഴ്ച്ച പ്രോജക്ട് വെച്ചില്ലേ ആകാശം ഇടിഞ്ഞു വീഴുമത്രെ.. എഴുതാനും ഒരു മൂഡില്ല.

അങ്ങനെ മൊബൈലിൽ കുത്തികളിച്ചോണ്ടിരിക്കയാണ് അത് അവളുടെ കണ്ണിൽ തടഞ്ഞത്. 'ഓജോ ബോർഡ് സത്യവും മിഥ്യയും'. ആർട്ടിക്കിൾ വായിക്കാനൊന്നും മെനക്കെട്ടില്ല. ഓജോ ബോർഡ് കിട്ടുമൊന്ന് ഗൂഗിളിൽ പരാതി. ഡിസൈൻ കിട്ടി. ഉണ്ടാക്കേണ്ട വിധവുമുണ്ട്. മെഹ്‌റു തന്നെ ശരണം.

ആദ്യമൊന്നും മെഹ്‌റു സമ്മതിച്ചില്ലെങ്കിലും മാനസകൂടി പറഞ്ഞപ്പോൾ അവൾ വരച്ചു തന്നു. ഇനി കളിക്കാൻ ആളെ കണ്ടുപിടിക്കണം. മാനസ തയ്യാർ, നവിയും റെഡി. ഇനി ഒരാൾകൂടെ വേണം മെഹ്‌റു ഈ പണിക്കില്ലെന്നു ആദ്യമേ പറഞ്ഞു. ഇനി ആമിയിലാണ് ആകെ പ്രതീക്ഷ. അവൾക്കാന്നേ ഭയങ്കര പേടിയും. ആമിയെ ഒരുവിധത്തിൽ സമ്മതിപ്പിച്ചു.

രാത്രി മുറിയിൽ വെളിച്ചമില്ല. നിശ്ശബ്ദത തളംകെട്ടി നിൽക്കുന്നു. ഒരു മെഴുകുതിരി വെളിച്ചത്തിൽ അഞ്ചു പേർ. ആമിയും നവിയും മാനസയും കോയ്‌നിൽ കൈവെച്ചു.  മെഹ്റുവും റോസും കാഴ്ച്ചക്കാരാണ്. ഒരുപാട് വിളിച്ചിട്ടും ഒരു ആത്മാവും വന്നില്ല. ഇതെല്ലാം തട്ടിപ്പു പരിപാടിയാണെന്നും പ്രഖ്യാപിച്ച നവി ലൈറ്റിടാൻ മെഹ്റുവിനോട് പറഞ്ഞു.പെട്ടെന്ന് കോയിൻ അനങ്ങാൻ തുടങ്ങി. എല്ലാരും പേടിച്ചെങ്കിലും പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരു പാവം ആത്മാവിനെ കൂട്ടുകിട്ടി. അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം ശരിയായിരുന്നു. അതവരെ അത്ഭുതപ്പെടുത്തി. അവർക്ക് പുതിയൊരു കൂട്ടുകിട്ടിയപോലെയാണ് തോന്നിയത്.

ഓജോ ബോർഡ് പെട്ടന്നുതന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി കൂടെ അയാളും, ആ പാവം ആത്മാവ്. കോളേജിലെ വഴക്കുകൾക്കുള്ള പരിഹാരം, അവർക്കിടയിലെ പ്രശ്നങ്ങൾക്കുള്ള പോംവഴികൾ, ചില രഹസ്യങ്ങൾ എല്ലാം അവർ ഓജോ ബോർഡിനോട് അല്ല അയാളോട് ചോദിച്ചു. ദിവസവും ഓജോ ബോർഡ് ഇല്ലാതെ പറ്റാതായി.

നിഷാദിനോടുള്ള സംസാരത്തില്ലെപ്പോഴോ ഇതും നവി പറഞ്ഞു. 'എട്ടിന്റെ പണി കിട്ടും മോളെ ' എന്നു അവൻ കളിയായി പറഞ്ഞത് നവിയുടെ മനസിൽ കൊണ്ടു. അതിനു മുൻപേ എന്തൊക്കയോ പ്രശ്നങ്ങൾ അവൾക്കു തോന്നിയിരുന്നു.ഒരു ദിവസം രാത്രി ഉറക്കത്തിനിടെ ആരോ തന്റെ ബെഡിനരികിലൂടെ പോകുന്നതുപോലെ തോന്നി. നോക്കുമ്പോൾ ഒരു നിഴൽ ആമിയുടെ കട്ടിലിൽ ഇരിക്കുന്നു. പെട്ടന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോൾ ആരുമില്ല. ആമി സുഖമായുറങ്ങുന്നു. മറ്റൊരു ദിവസം കോളേജിൽ നിന്നും തിരിച്ചെത്തിയപ്പോൾ മുറിയെല്ലാം ആരോ വലിച്ചുവാരിയിട്ടിരിക്കുന്നു. മറ്റൊരിക്കൽ കലണ്ടർ വല്ലാതെ മറഞ്ഞുകൊണ്ടേയിരുന്നു. കാറ്റുള്ളതായും തോന്നിയില്ല. ആകെ എന്തൊക്കയോ വശപിശകുകൾ.

അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു. ആ അഞ്ചുപേർ വീണ്ടും ഒത്തുകൂടി. ഇതു അവസാനത്തെ കളിയാണെന്നും ഇനി ഇതു വേണ്ടെന്നും തുടങ്ങിയ ഞാൻ തന്നെ ഇതവസാനിപ്പിക്കുകയാണെന്നും നവി പറഞ്ഞു. ആമിക്കായിരുന്നു ഏറ്റവും വിഷമം.അവർ അവസാനമായി അയാളെ വിളിച്ചു. ഇനിയില്ലെന്നു പറഞ്ഞു. പക്ഷെ അതുവരെ പാവം ആത്മാവ് പെട്ടന്ന് ഉഗ്രരൂപനായി. പെട്ടന്ന് കാറ്റ് ആഞ്ഞു വീശി മെഴുകുതിരി അണഞ്ഞുപോയി...നിശബ്ദത...നവി വേഗം ലൈറ്റിട്ടു.. എല്ലാവരും പേടിച്ചു ഐസ് പോലെയായിരിക്കുന്നു. പിന്നെ നവി ഒന്നുംനോക്കിയില്ല. ഓജോ ബോർഡ് വലിച്ചുകീറി കഷ്ണങ്ങളാക്കി വേസ്റ്റ്ബോക്സിലിട്ടു. അത് എല്ലാത്തിന്റെയും അവസാനമാണെന്നു അവർ കരുതി. അല്ല അതൊരു തുടക്കമായിരുന്നു. ഉറക്കംകെടുത്തുന്ന ഭയപ്പെടുത്തുന്ന രാത്രികളുടെ തുടക്കം.

പിന്നീട് ആമിയിലാണ് മാറ്റങ്ങൾ കണ്ടത്. മറ്റാർക്കും ആ ആത്മാവിനെ കാണാൻ പറ്റില്ലായിരുനെങ്കിലും ആമി കാണുമായിരുന്നു. സംസാരിക്കുന്നു, ചില സമയങ്ങളിൽ വഴക്കിടുന്നു. ആർത്തലച്ചു കരയുന്നു.

ഒന്നു പേടിച്ചെങ്കിലും നഡാഷക്കു എവിടെയോ എന്തോ ഒരു കുഴപ്പം തോന്നി. പണ്ടേ പ്രേതത്തിലും ആത്മാവിലും വിശ്വാസമില്ല. ഓജോബോർഡ് കളിച്ചു ആത്മാവ് വന്നോ എന്നുപോലും സംശയമുണ്ട്. എന്തായാലും വീട്ടുകാർ അറിയുന്നതിനുമുൻപ് കൂട്ടുകാരെ അറിയിച്ചു എങ്ങിനെയെങ്കിലും ഈ പ്രശ്നം അവസാനിപ്പിക്കണമെന്ന് നഡാഷ തീരുമാനിച്ചു.

വിവരമറിഞ്ഞ നിഷാദും കൂട്ടുകാരും ഒരു സൈക്യാർട്ടിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ചെറുപ്പം മുതലേ പൂജയും കളമെഴുത്തും തെയ്യവും കണ്ടു വളർന്ന ആമി. പേടിപ്പെടുത്തുന്ന പ്രേതകഥകളും ഹൊറർ സിനിമകളും കണ്ടു അതാണ് സത്യമെന്നു ഉപമനസിൽ ഉറപ്പിച്ചിരുന്ന അവൾ. ഒരു അവസരം വന്നപ്പോൾ അവളിൽ മനസികരോഗി പുറത്തുകടന്നു. ആരും കാണാത്തത് കണ്ടു. മറ്റുള്ളവരെ അതു വിശ്വസിപ്പിക്കാൻ എന്തൊക്കയോ ചെയ്തു. അതിൽ ഒരു പരിധിവരെ അവൾ വിജയിച്ചു.

തക്ക സമയത്തു സൈക്യാർട്ടിസ്റ്റിന്റെ അടുത്തു ആമിയെ കൊണ്ടുചെന്നു എത്തിക്കാൻ കഴിഞ്ഞതിനാൽ രോഗം സൈക്കോസിസ്സിൽ നിന്നു. കുറച്ചു മരുന്നുകളും കൂട്ടുകാരുടെ സമീപനവും അവളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കി. എല്ലാവരും അവളെ ചേർത്തുപിടിച്ചു. മനസു ചെറുതായൊന്നു പതറാൻ പോലും അനുവദിച്ചില്ല.
ആമിയും നഡാഷയും കൂട്ടുകാരും വീണ്ടും അവരുടെ നിറമുള്ള കോളജ് ജീവിതത്തിൽ തിരിച്ചെത്തി.

നിഷാദ് നഡാഷാ പ്രണയം അതിശക്തമായ മുന്നോട്ട് പോകുന്നു. തട്ടിക്കൂട്ട് പ്രണയം,  കോളേജിന്റെ അവസാനം വേർപിരിയൽ, ഒരു തമാശ എന്തൊക്കെയായിരുന്നു. പക്ഷെ എവിടെയോവെച്ച് അതെല്ലാം മാറിമറിഞ്ഞു. ഇപ്പോൾ പിരിയാൻ പറ്റാത്തവിധം അടുത്തു. ഇനി മുന്നിൽ രജിസ്റ്റർ മേരേജ്, ഒളിച്ചോട്ടം മാത്രം.

പക്ഷെ എല്ലാ പ്രതീക്ഷകളും തെറ്റി.. രണ്ടു വീട്ടിലും കാര്യമറിഞ്ഞു. അച്ഛനും അമ്മയും വളർത്തുദോഷം പറഞ്ഞു കുറച്ചു സമയം അടികൂടി. എങ്കിലും രണ്ടു മതം, യാഥാസ്ഥിതിക കുടുംബങ്ങൾ, ഭീകരാരായ ബന്ധുക്കൾ, വെട്ടുകത്തി വടിവാളും പ്രതീക്ഷിച്ചിടത്ത് രണ്ടു വീട്ടുക്കാരും പുരോഗമനവാദികളായി. അങ്ങനെ യാതൊരു പ്രശ്നവുമില്ലാതെ രണ്ടു വീട്ടുകാരും കല്യാണത്തിന് വെള്ളകൊടി വീശി.

പ്രോജക്ടിന്റെ ഭാഗമായി കുറച്ചു വിവരങ്ങൾ  ശേഖരിക്കണം. അതിനു ചെന്നൈവരെ പോകണം. നവിക്കൊപ്പം നിഷാദകൂടെ പോകമെന്നു പറഞ്ഞതാണ്. പക്ഷെ പനി, ശക്തമായ പനി പണികൊടുത്തു. നവി തനിച്ചുപോകാമെന്നു തീരുമാനിച്ചു. പനി പിടിച്ചു കിടക്കുന്ന നിഷാദിനെ ഇട്ടിട്ടുപോകാൻ  അവൾക്കു മനസു വന്നില്ല. എന്നാലും മനസ്സില്ലാമനസോടെ പോയി.

ചെന്നൈ എത്തിയാൽ വിളികേണ്ടതാണ്. നവിയുടെ വിളി കാണാതായപ്പോൾ അങ്ങോട്ടു വിളിച്ചു. ഒന്ന്.. രണ്ട് ... പത്ത്.. ഒന്നിനും മറുപടിയില്ല.പെട്ടന്ന് നവിയുടെ കാൾ...

"നവി എത്ര നേരമായി വിളിക്കുന്നു പേടിപ്പിച്ചു കളഞ്ഞല്ലോ നീ.. എവിടാ? എപ്പോ എത്തി? "

എല്ലാം ഒറ്റശ്വാസത്തിൽ ചോദിച്ചു. അപ്പോൾ മറുവശത്ത് ഒരു പുരുഷ ശബ്ദം.

"ഹു ആർ യൂ? യിത് യാരുടെ നമ്പർ?"

നിഷാദ് പകച്ചുപോയി. കോയമ്പത്തൂർ പോലീസ് വിളിച്ചറിയിച്ചതാണ്. നവിയെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള  ട്രാക്കിലാണു അടുത്തുള്ളവർ കണ്ടത്. അപ്പോൾ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോൾ ജീവനുണ്ട്. ഇപ്പോൾ ഹോസ്പിറ്റലിൽ ഐസിയുവിലാണ്. ഫോണിലേക്കു നിഷാദിന്റെ നമ്പറിൽ നിന്നും കാൾ കണ്ടാണ് തിരിച്ചു വിളിച്ചത്.

നിഷാദ് ആരോടും ഒന്നും പറഞ്ഞില്ല. ചെറിയ പനിയുണ്ട്. അതൊന്നും വകവെക്കാതെ അവൻ കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം അവനു മനസിലായത്. നവി റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. ട്രെയിനിൽ വെച്ചായിരിക്കാം. പോലീസ് കേസ് എടുത്തിട്ടില്ല. എന്തു ചെയ്യണമെന്നു നിഷാദിന് ഒരു രൂപവും കിട്ടിയില്ല.

വീട്ടിലേക്ക് അറിയിച്ചല്ലോ? എല്ലാവരും അറിയും. എന്തെങ്കിലും ഒരു പ്രശ്‌നം കിട്ടാൻ കാത്തിരിക്കുകയാണ് ബന്ധുക്കൾ. തീരുമാനിച്ച വിവാഹം വരെ മുടങ്ങും. ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചാലോ മനുവിനെയോ അബിയെയോ? വേണ്ട ആരും അറിയണ്ട.പോലീസ് കേസൊക്കെ ഈ സമയത്തിനിടെ എങ്ങിനെയോ ഒതുക്കി.

ഇനി നവിക്ക് ബോധം വരണം. എന്തുപറയും എങ്ങിനെ തരണം ചെയ്യുമവൾ. എന്തൊക്കെ വന്നാലും നവിക്കൊപ്പം നിൽക്കുമെന്ന് അവൻ മനസിൽ ഉറപ്പിച്ചു.നവിക്ക് ഓർമ്മ വന്നു. എല്ലാം മനസിലായപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. എന്തു ചെയ്യണമെന്നറിയതെ നിഷാദ് ഒന്നു പതറിയെങ്കിലും അവളുടെ കൈ അവന്റെ കൈയിൽ ചേർത്തുവെച്ചു പറഞ്ഞു.

"ഒന്നും സംഭവിച്ചില്ല. ആരും ഒന്നും അറിയുകയും വേണ്ട. ഇതു നമുക്കിടയിൽ മാത്രമുള്ള രഹസ്യമാണ്‌. ആ കഴിഞ്ഞുപോയത് ഒരു ദുർസ്വപ്നവും. ഇത് ഒരിക്കലും നമുക്കിടയിൽ കരിനിഴൽ വീഴ്ത്തില്ല. ഇതിനിടെ പേരിൽ ഒരിക്കലും നീ വിഷമിക്കേണ്ടിവരില്ല. ഓർക്കാനിഷ്ടപെടാത്തത് മറന്നു കളയണം. എളുപ്പമല്ല. എനിക്കറിയാം. പക്ഷെ ഞാനില്ലെകൂടെ. എപ്പോഴും."

നിഷാദ് നവിയുടെ അമ്മയെയും വീട്ടിലേക്കും വിളിച്ചു. നവിക്കൊരു ആക്‌സിഡന്റപറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും പേടിക്കണ്ട താനും ഫ്രണ്ട്സും എല്ലാകാര്യത്തിനുമുണ്ടെന്നും പറഞ്ഞു. പിന്നെ നവിക്ക് തുണയായി അവളോട്‌ ചേർന്നിരുന്നു.

ഹോസ്പിറ്റൽ ജീവിതം രണ്ടാഴ്ച്ചയോളം നീണ്ടു. നവിക്ക് കൂട്ടായി നിഷാദ്. ആരെയും ഒന്നും അറിയിച്ചില്ല.

ആശുപത്രിയിലെ ഇരിപ്പ് വിരസമാണ്. നിഷാദ് പുറത്തോട്ടൊന്നു ഇറങ്ങി. നവിക്കിപ്പോ വലിയ കുഴപ്പമില്ല. തനിയെ കാര്യങ്ങളെല്ലാം ചെയ്യാം. അവിടെ കിടന്നിരുന്ന മാഗസിൻ മറച്ചുനോക്കി. വല്ലാത്ത മടുപ്പ്. ആസ്പത്രി വരാന്തയിൽ ഇറങ്ങി നടന്നു. അവിടെ ഒരു കുട്ടി പന്ത് കളിക്കുന്നു. ആ പന്ത് ഉരുണ്ടുരുണ്ട് അവളുടെ അടുത്തെത്തി. പിന്നെ അവർ രണ്ടുപേരുമായി പന്തുകളിക്കാർ. കളിക്കിടയിൽ പന്ത് ഒരു ഇടനാഴിലൂടെ ഉരുണ്ടുപോയി.

മാനസികാരോഗ്യ കേന്ദ്രം എന്നെഴുതിയ ബോർഡ് കണ്ടു. അവൾ ആ ഇടനാഴിയിലൂടെ പതിയെ നടന്നു.

പന്തിന് പുറകെ പോയവൾ ഒരു മുറിയിലെത്തി. അവിടെ ഒരു അമ്മൂമ്മ. എവിടേയോ കണ്ടുമറന്ന മുഖം. അമ്മൂമ്മ അവളെ അടുത്തേക്ക് വിളിച്ചു. കാലുകൾ ചങ്ങലയിൽ ബന്ധിച്ചിരുന്നു. അവൾക്കു പേടിതോന്നി. അടുത്തു പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ അവൾ ഒരു നിമിഷം ചോദിച്ചു. പക്ഷെ ഐശ്വര്യമുള്ള മുഖം. ഇല്ല ഒരു അപകടവുമില്ല. അവൾ അടുത്തേക്ക് ചെന്നു. ആ അമ്മൂമ്മ അവളെ വാരിപുണർന്നു.

"നവി.... മോളേ... "

പെട്ടന്ന് ഞെട്ടികൊണ്ട് അവൾ ചോദിച്ചു, "എന്നെ എങ്ങിനെ അറിയാം?"

"ഞാൻ നിന്റെ അച്ഛന്റെ വല്യമ്മയാണ്.."

മന്ത്രവാദി വല്യമ്മ.. താത്രിക് വിദ്യ അറിയുന്നവൾ.. പക്ഷെ അവരുടെ അറിവിനെ ആരും വിലവെച്ചില്ല.. ഭ്രാന്തിയെന്നു മുദ്രകുത്തി എവിടെയോ ഉപേക്ഷിച്ചതായി കേട്ടിട്ടുണ്ട്.. ആ അമ്മൂമ്മ ഇവിടെ അവൾ അത്ഭുതപ്പെട്ടു.

"എനിക്ക് എല്ലാം അറിയാം.. നിനക്കു വേണ്ടിയാണ് ഞാനിവിടെ കാത്തിരുന്നത്.. നിനക്ക് സംഭവിച്ചതും, നിന്റെ നിർഭാഗ്യവുമെനിക്കറിയാം."

നവി പൊട്ടിക്കരഞ്ഞു... അതുവരെ കരയാതെ പിടിച്ചുവച്ചിരുന്ന കണ്ണീർ ധാരധാരയായി പെയ്തിറങ്ങി. അമ്മൂമ്മ അവളെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു.

"എനിക്ക് ചില സിദ്ധികളൊക്കെയുണ്ട്. കാലത്തിനു പുറകിലോട്ടുപോകാം.. നിനക്കുണ്ടായ എല്ലാ അപകടങ്ങളും ഒഴിവാക്കാം.. നീ എന്റെ കൊച്ചമോളല്ലേ.. നിന്നെ ഞാൻ അങ്ങനെ കൈവിടുമോ.."

ടൈം ട്രാവൽ നവി വായിച്ചിട്ടുണ്ട്. അതേ അതപ്പോൾ സത്യമാണ്. എനിക്കു തിരിച്ചുപോകണം. പഴയ നവിയാകണം. ഒന്നും സംഭവിച്ചട്ടില്ലാത്ത നവി.

അമ്മൂമ്മ അവരുടെ കാലിലെ ചങ്ങലയിൽ തൊട്ടു. അതൊരു മന്ത്രികവടിയായി. എന്തൊക്കയോ മന്ത്രങ്ങൾ ചൊല്ലി. അവർ ദിവസങ്ങൾ പിറകോട്ടു പോയി.

നിഷാദ് പനിച്ചു ബോധമില്ലാതെ കിടക്കുന്നു. നവി അവനരികിൽ ചെന്നിരുന്നു. അമ്മൂമ്മ അടുത്തു തന്നെയുണ്ടായിരുന്നു. അവർ നിഷാദിന്റെ നാഡി പരിശോധിച്ചു. അമ്മൂമ്മക്ക് വൈദ്യവുമറിയാം. നവി അത്ഭുതപ്പെട്ടു. ചില പച്ചമരുന്നുകൾ പറച്ചു മരുന്നുണ്ടാക്കാൻ അമ്മൂമ്മ പുറത്തേക്കുപോയി.

നവി പതിയെ നിഷാദിനെ തലോടി. അവൻ കണ്ണുകൾ തുറന്നു. അവളെ നോക്കി പെട്ടന്നു ചാടി എഴുന്നേറ്റു.

"നവി നീ എന്തിനാ എണീറ്റത്. എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ പോരായിരുന്നോ?"

"നിഷാദ് നീ കിടന്നോള്ളു.. നല്ല പനിയുണ്ട്... അമ്മൂമ്മ ഇപ്പോൾ വരും പച്ചമരുന്നുംകൊണ്ട്... അതു കഴിച്ചാൽ എല്ലാം മാറും. എന്നിട്ടു നമ്മുക്ക് രണ്ടുപേർക്കും കൂടെ ചെന്നൈയിലേക്ക് പോകാം..."

"നവി നീ എന്തിനാ എണീറ്റത്. എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ പോരായിരുന്നോ?"

"നിഷാദ് നീ കിടന്നോള്ളു.. നല്ല പനിയുണ്ട്... അമ്മൂമ്മ ഇപ്പോൾ വരും പച്ചമരുന്നുംകൊണ്ട്... അതു കഴിച്ചാൽ എല്ലാം മാറും. എന്നിട്ടു നമ്മുക്ക് രണ്ടുപേർക്കും കൂടെ ചെന്നൈയിലേക്ക് പോകാം..."

നിഷാദ് അവളെ ചേർത്തുപിടിച്ചു

"നവി എന്തൊക്കയാണ് പറയുന്നത് മോളെ....
നവി... നവി... "

നവിയുടെ ബോധം മറഞ്ഞുപോയി... നിഷാദ് തൊട്ടു നോക്കിയപ്പോൾ പൊള്ളുന്ന പനി.. വേഗം ഡോക്ടറെ വിളിച്ചു. നടന്നതെല്ലാം പറഞ്ഞു.

"പേടിക്കാനൊന്നുമില്ല.. അത് ആ ഷോക്കിന്റെയാണ്.. കൈന്റ് ഓഫ് ഹലൂസിനാഷൻ..  നന്നായി ഉറങ്ങട്ടെ... ഉറങ്ങിയെണിക്കുമ്പോൾ എല്ലാം ശരിയായിക്കൊള്ളും. നതിങ് ടു വറി..."

നവി ശാന്തമായി ഉറങ്ങുകയാണ്. നിഷാദ് അവളെ വേദനയോടെ നോക്കിയിരുന്നു. അവളെ ഒരിക്കലും തനിക്കു കൈവിടനാകില്ലെന്നു അവൻ അറിഞ്ഞു.

ആശുപത്രി ജീവിതം കഴിഞ്ഞു സാധാരണ ജീവിതത്തിലേക്ക് നഡാഷ വന്നുകൊണ്ടിരിക്കുകയായിരുന്നു. അവസാന വർഷ പരീക്ഷകളും ഒരു പരിധിവരെ അതിനു സഹായിച്ചു. പഠനത്തിലും മറ്റും തിരക്കിൽ പെട്ടതുകൊണ്ട് കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി കാണാൻ നവി മനസിൽ ഉറപ്പിച്ചു.

പക്ഷെ വീണ്ടും വിധി വില്ലനായി. ഇപ്രാവശ്യം ബൈക്ക് ആക്‌സിഡന്റിന്റെ രൂപത്തിൽ വന്നു നഡാഷയുടെ ജീവനെ അങ്ങു പറിച്ചെടുത്തു. നിഷാദ് തന്നോടുകൂടെ ഇല്ലാത്തൊരു ജീവിതം നഡാഷ ചിന്തിച്ചിട്ടു കൂടെയില്ലായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു, എങ്ങലടിച്ചു കരഞ്ഞു.

"നവി... നവി... ഓന്നെണീക്കുന്നുണ്ടോ? മണി ഏഴായി.. നമുക്ക് കോടതിയിൽ പോകണ്ട? എനിക്കാണെങ്കിൽ ഇന്ന് ഒരു പ്രധാന കേസ് ഉണ്ട്. നേരത്തെ വിളിക്കാൻ നിന്നോട് പറഞ്ഞതല്ലേ?... എന്നിട്ടു ഉറക്കത്തിൽ കിടന്നു കരയുന്നു.."

"ഏ! നച്ചു, നീ അപ്പോൾ മരിച്ചില്ല?"

"ആഹാ, ഉറക്കത്തിലും എന്നെ കൊല്ലുവായിരുന്നോ?.. ഒന്ന് എണീക്കാവോ....?"

അപ്പോൾ താൻ കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന സമാധാനത്തിൽ ഉറക്കത്തിന്റെ ആലസ്യത്തിൽ നഡാഷ വീണ്ടും മൂടിപുതച്ചു കിടന്നു.

 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ