ശാന്തിടീച്ചറും രജിതടീച്ചറും റോഡിലും സ്റ്റാൻഡിലും തിരക്കുള്ള മാളുകളിലും കയറിയിറങ്ങി. അവരുടെ കൈകളിൽ രജിത ടീച്ചർ എഴുതിയ 'പ്രവാഹം' എന്ന പുസ്തകം ഉണ്ട്. അത് വിൽക്കാൻ വേണ്ടിയാണവർ നാടെങ്ങും ചുറ്റി നടക്കുന്നത്. ഒരു മാസത്തോളമായി അവർ പലയിടത്തും പുസ്തകങ്ങൾ വിറ്റു നടക്കുവാൻ തുടങ്ങിയിട്ട്. പലരും പുച്ഛത്തോടെ ഈ ടീച്ചർമാർക്ക് ഇതിൻറെ വല്ല ആവശ്യവും ഉണ്ടോ എന്ന് ചോദിക്കുന്നു. ചിലരൊക്കെ പരിഹാസത്തോടെ അവരെ നോക്കി ചിരിക്കുന്നു. അവർ പക്ഷേ അതൊന്നും ഗൗനിക്കുന്നില്ല.
അവരുടെ മുന്നിൽ ഒരേ ഒരു ലക്ഷ്യം മാത്രം. വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ് ഹോസ്പിറ്റലിൽ കിടക്കുന്ന 'ചാരുത 'മോളുടെ ചികിത്സയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന തുക സംഭരിച്ച് നൽകണം.
അവർ പലവട്ടം ആ മോളെ സഹായിച്ചതാണ്. അവർ മാത്രമല്ല അവരുടെ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും സഹായിച്ചതാണ്.പക്ഷേ അതുകൊണ്ട് ഒന്നുമാവില്ല എന്ന ബോധ്യമാണ് അവരെ തെരുവിലിറങ്ങി പുസ്തകം വിൽക്കാൻ പ്രേരിപ്പിച്ചത്.
അവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയ പലരും സഹായഹസ്തവുമായി മുന്നോട്ടു വന്നു. അവർ എല്ലാ പിന്തുണയും നൽകി. പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു സ്നേഹപ്രവാഹം. അങ്ങനെ ചാരുത മോളുടെ ചികിത്സ പൂർണ്ണ വിജയമായി. ഇന്ന് അവൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോവുകയാണ്. വാടകവീട്ടിലായിരുന്നു ചാരുത മോൾക്ക് സ്വന്തമായി ഒരു കൊച്ചു ഭവനം കൂടി ടീച്ചേഴ്സും, കുട്ടികളും, സഹൃദയരായ നാട്ടുകാരും ചേർന്ന് ഒരുക്കിക്കൊടുത്തു. മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടമായതോടെ അവളുടെ ജീവിതം ദുരിതത്തിലായി. ക്യാൻസർ ബാധിച്ച അയാളുടെ ചികിൽസയ്ക്കായി ഉണ്ടായിരുന്ന വീടും 5 സെൻറ് സ്ഥലവും വിൽക്കേണ്ടി വന്നു.അച്ഛന്റെ മരണശേഷം ബന്ധുക്കളാരും തിരിഞ്ഞു നോക്കാറില്ല. ചെറിയ ഒരു വാടക വീട്ടിൽ അമ്മയും മോളും കഴിഞ്ഞു.അവളുടെഏക ആശ്രയം കൂലിപ്പണിക്കാരിയായ അമ്മ മാത്രമാണ്.
രണ്ടു മാസം മുൻപാണ് ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ അവളുടെ ജീവിതം തകർത്തത്.ആ ദുരിതത്തെ അതിജീവിക്കുവാൻ സഹായിച്ച എല്ലാവരേയും നോക്കി നന്ദി നിറഞ്ഞ ഹൃദയത്തോടെ അവർ നിന്നു. 'ചാരുത' മോളെയും അമ്മയേയും വീട്ടിൽ ആക്കി മടങ്ങുമ്പോൾ ആ ടീച്ചർമാരുടെ മനസ്സിൽ സംതൃപ്തിയുടെ റോസാപൂക്കൾ വിരിഞ്ഞു നിന്നു. ഒരിക്കൽ കൂടി രജിത ടീച്ചർ തിരിഞ്ഞു നോക്കി.മുകുളിത പാണികളോടെ, നിറഞ്ഞ കണ്ണുകളോടെ ഒരമ്മയും മോളും.