umma at school

ഹരീഷേ, എടാ ഇന്ന് രാവിലെ ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു കഴിച്ചത്. ഇന്നലെ ദോശ. നല്ല രുചിയായിരിക്കുമല്ലേ ഞാനിതു വരെ കഴിച്ചിട്ടില്ല ഞങ്ങൾക്ക് എന്നും പഴങ്കഞ്ഞിയായിരിക്കും. കാര്യം അവൻ പറഞ്ഞത് സത്യം തന്നെ. ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും ദാരിദ്രവാസികളാണ്. 

"അപ്പോൾ നിങ്ങളോർക്കും ഞാൻ വലിയ സമ്പന്നനാണെന്ന് " അല്ലേയല്ല ഞാനും അവരിൽപ്പെട്ടത് തന്നെ പിന്നെന്താ, അമ്മ അടുത്തുള്ള വലിയ തറവാട്ടിൽ രാവിലെ വീട്ടുപണിക്ക് പോകും. കൂലിയായി കിട്ടുന്നത് അവിടെത്തെ പലഹാരത്തിൽ ഒരു പങ്ക്. കഷ്ടിച്ച് എനിക്കും അനിയനും കഴിക്കാൻ ഉണ്ടാകും അതും കഴിച്ചിട്ടാണ് പള്ളിക്കൂടത്തിൽ വന്നുള്ള എന്റെ തള്ള്. അത് കേൾക്കാൻ ഹരീഷ് ഉൾപ്പടെ കുറച്ച് പേരും. അത് പറയുമ്പോൾ ഉള്ള മനസ്സുഖം ഒന്ന് വേറെ തന്നെ. 

ഇനി ഹരീഷിനെ ക്കുറിച്ച് 4-ാം ക്ലാസ്സിലെ "ഗുണ്ടയാണവൻ" ഭീകരൻ പിള്ളേരെയെല്ലാം ഒരു കാരണവുമില്ലാതെ ഓടിച്ചിട്ട് ഇടിക്കും. കുട്ടികൾക്ക് പേടിയാണവനെ അവനുൾപ്പടെ ഞങ്ങൾ അഞ്ചു പേരാണ് രണ്ടാമൻ വിനോദ് ഹരീഷില്ലാത്തപ്പോൾ സ്കൂൾ ഭരിക്കുന്നത് അവനാണ് രണ്ടാം ഗുണ്ട മൂനാമൻ രാജു അവനാണ് ഞങ്ങളുടെ തലവൻ ഗുണ്ടയൊന്നുമല്ല പക്ഷേ 4-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പത്തിലെ കുട്ടികളുടെ അത്രയും വണ്ണവും പൊക്കവുമുണ്ട് അവനാണ് കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത്. 4-ാമൻ രാഗേഷ് പണവും പ്രതാപവുമുള്ള നായർ തറവാടിയാണവൻ. അവന്റെ ചിലവിലാണ് മിഠായിയും ഐസുമൊക്കെ വാങ്ങുന്നത്. പിന്നെ 5-ാമനായി ഞാനും ഇവർക്കുള്ള ഒരു ഗുണവും എനിക്കില്ല പിന്നെ എങ്ങനെ ഇവരുടെ കൂട്ടത്തിൽ വന്നുപെട്ടു എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാം പേടിച്ചിട്ടാണ് 

ഒന്നു മുതൽ 3-ാം ക്ലാസ്സുവരെ കുട്ടികളുടെ സ്ഥിരം തല്ലു കൊള്ളിയായിരുന്നു ഞാൻ. തിരിച്ചടിക്കാനുള്ള ധൈര്യം എനിക്കില്ല. ആ ദിലീപിന് എന്നെ കണ്ടാൽ അപ്പോ ഇടിക്കണം. സഹികെട്ട് അമ്മയോടു പരാതി പറഞ്ഞു. അമ്മയുടെ മറുപടി എന്നെ തളർത്തിക്കളഞ്ഞു. "നീ ചെറുത് കൊടുത്തിട്ടാവും അവര് വലുത് തരുന്നത്  മേടിച്ചോ". ചെറുത് പോയിട്ട് ഒന്ന് തൊടാൻ പോലും എനിക്ക് പേടിയാണെന്ന് ആരോട് പറയാൻ. എന്നെ സഹായിക്കാൻ ആരുമില്ലേ? അവസാനം കണ്ട വഴിയാണ് ഹരീഷിനെ കൂട്ടുപിടിക്കൽ അതാ കുമ്പം ആരും തൊടില്ല. രണ്ട് മൂന്നു ദിവസം എന്റെ പങ്ക് ഇസ്സിലിയും ദോശയും അമ്മ കാണാതെ അവന് കൊണ്ട് കൊടുത്തു. അതിലവൻ വീണു. പതിയെ മറ്റുള്ളവരും. ഇപ്പോ ഞങ്ങൾ ഉറ്റ ചങ്ങായിമാരാണ് . അവരുടെ കരുത്തിൽ ആണ് എന്റെ വിലസൽ. 
ആ ദിലീപിനെ കാണുമ്പോഴൊക്കെ ഇടിക്കും ഞാനല്ല ഹരീഷ് ഞാൻ അത് നോക്കി നിൽക്കും, ഒരു സുഖം. 

നാലാം ക്ലാസ്സുവരെ മാത്രമേ ഞങ്ങളുടെ സ്കുളിൽ ഡിവിഷനുള്ളു അത് കഴിഞ്ഞാൽ വലിയ സ്കുളിലേക്ക് മാറണം ആ സ്കൂൾ കുറച്ച് മാറിയാണ് അതുകൊണ്ട് ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല 4-ാ ക്ലാസ്സുകാർക്കാണ് ആ വർഷത്തെ ചുമതല ഇവൻമ്മാരുടെ കരുത്തിൽ ഞങ്ങൾ പഞ്ച പാണ്ഡവൻന്മാർ ഏറ്റെടുത്തു. അതു കൊണ്ടുള്ള ഗുണം ഉച്ചയ്ക്ക് നേരുത്തെ ക്ലാസ്സിൽ നിന്നിറങ്ങാം. പാചകപ്പുരയിലെത്തി ആ വിശ്യത്തിന് ഇടിമുളകിട്ട പയറും കൊഴുത്ത കഞ്ഞിയും കുടിക്കാം. പാചകക്കാരി ചേച്ചി ബക്കറ്റിൽ പകർത്തിവയ്ക്കുന്ന കഞ്ഞിയും പയറും കുട്ടികൾക്ക് എത്തിച്ച് കൊടുക്കണം. ജോലി തീർന്നു. ശേഷം ബാക്കി വരുന്ന പയറ് ബുക്കിന്റെ താള് കീറി കുമ്പിളാക്കി പൊതിഞ്ഞ് വീട്ടിൽ കൊണ്ട് പോകാം. ഇതൊക്കെയാണ് ഗുണങ്ങൾ. 

യഥേഷ്ടം വിഹരിക്കുന്നതിനിടെ ഇവൻമ്മാരുടെ കുരുത്തക്കേടകൾക്ക് എനിക്കും പണി കിട്ടാറുണ്ട്. ഒരു ദിവസം ക്ലാസ്സു നടക്കുന്നതിനിടയിൽ ഹരിഷ് മുമ്പിലെ ബഞ്ചിലിരുന്ന ആശയുടെ പാവാട പൊക്കി തുടയിൽ നുള്ളി. കരഞ്ഞ് ചാടി എണീറ്റ അവള് ചൂണ്ടിക്കാണിച്ചത് എന്നെയാണ്. ഞാനല്ലന്ന് പറയും മുമ്പേ തുടയിൽ അടി വീണു കഴിഞ്ഞു. അവനൊന്നും അറിഞ്ഞില്ലെന്ന് ഭാവിച്ചു. ഉച്ച വരെ നല്ല നീറ്റലായിരുന്നു. അരിശം തീർത്ത് പാചകപ്പുരയിൽ വച്ച് ഹരീഷിന്റെ മുതക് നോക്കി ഒരെണ്ണം കൊടുത്തു. തിരിച്ചിടിക്കുമെന്ന് പേടിച്ചെങ്കിലും അവൻ ചിരിച്ചതേയുള്ളു. ആശയോടുള്ള അരിശം മുഖത്ത് പ്രകടമാക്കി. ഞാനല്ല നുള്ളിയതെന്ന് രാജു പറഞ്ഞ് അവള് അറിഞ്ഞു. 

ആ വർഷത്തെ ഉത്സവത്തിന് ആരുമറിയാതെ അവളെനിക്ക് ഒരു പാക്കറ്റ് കളറ് മുഠായി വാങ്ങി തന്നു. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും മുഠായിയുടെ കളറിൽ ഞാൻ വീണു. പതിയെ അവളോട് എനിക്ക് അടുപ്പം കൂടി വന്നു. ഇടയ്ക്ക് പഞ്ചപാണ്ഡവൻമാരെ നാൽവർ സംഘമാക്കി ആശയോടൊപ്പം ഞാൻ കളിക്കാൻ പോകും. പോക്കറ്റിൽ കരുതി വെച്ച പൊതിഞ്ഞ പയറ് ഞാൻ അവൾക്ക് കൊടുക്കും. ഒരു ദിവസം മൂത്രപ്പുരയ്ക്ക് അടുത്ത് വച്ച് ആരും കാണാതെ അവളെനിക്ക് ഉമ്മ 
 തന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. കള്ളച്ചിരിയുമായി ഓടി മറഞ്ഞ അവളെ നോക്കി നിൽക്കെ "ഞാൻ കണ്ടേ" എന്ന് പറഞ്ഞ് അതാ വരുന്നു വിനോദ്. പിന്നെ സ്കുളിൽ പാട്ടാവാൻ അധിക സമയം വേണ്ടി വന്നില്ല. കളിയാക്കലുകൾ കാര്യമാക്കാതെ ദിവസങ്ങൾ കടന്ന് വർഷാവസാന പരീക്ഷ പൂർത്തിയാക്കി അവധിക്ക് പിരിഞ്ഞപ്പോൾ ആശയും കുട്ടകാരും പിരിഞ്ഞ സങ്കടം കുറച്ച് ദിവസം നിന്നു. 

അവധി കഴിഞ്ഞ് 5 -ാം ക്ലാസ്സിൽ വലിയ സ്കുളിലേക്ക് എത്തിയപ്പോൾ കൂട്ടുകാർ പലരും പല വഴിക്ക് പിരിഞ്ഞു. പിന്നീട് കുറച്ച് ദിവസം മുമ്പ് കൊടുത്തതിനൊക്കെ തിരിച്ച് വാങ്ങലായി പണി അമ്മ പറഞ്ഞ പോലെ ചെറുത് കൊടുത്ത്, വലുത് വാങ്ങി എന്ന് സമാധാനിച്ചു. പക്ഷേ ആശയെ മാത്രം തിരിച്ച് കിട്ടിയില്ല. പിന്നീടെപ്പഴോ അറിഞ്ഞു. അവർ വീടും സ്ഥലവും വിറ്റ് പോയെന്ന്. അതിനു ശേഷം പിന്നെയും "ഉമ്മകൾ " കിട്ടിയെങ്കിലും ആ മൂത്രപ്പുരയ്ക്ക് അടുത്ത് അറിയാതെ കിട്ടിയ ഉമ്മയുടെ മധുരവും സുഖവും മറ്റൊന്നിനും ഉണ്ടായിട്ടില്ല...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ