ലോക്ക് ഡൗൺ കാരണം ആകെ പട്ടിണിയിലായിരുന്നു പരുന്ത്. സ്വന്തക്കാരൊക്കെ ദുരിതം സഹിക്ക വയ്യാതെ എങ്ങോട്ടൊക്കെയോ പോയി. എല്ലായിടത്തും ഒരേ അവസ്ഥയാണെന്നറിയാവുന്നത് കൊണ്ട് അവനെങ്ങും പോയില്ല.
വിശപ്പ് സഹിക്കാതെ അവൻ പുറത്തിറങ്ങി. ഗ്രാമം മുഴുവൻ വിജനം. അവൻ ദരിദ്ര ഭവനങ്ങൾ ലക്ഷ്യമാക്കി പറന്നു തുടങ്ങി. അതിനൊരു കാരണമുണ്ടായിരുന്നു. പണക്കാർക്ക് വീട്ടിൽ ആവശ്യത്തിന് ഉണ്ടായിരുന്നത് കാരണം പുറത്തിറങ്ങില്ല. ഇടത്തരക്കാർ തന്നെപ്പോലെ മുഴുപ്പട്ടിണിയാവും. അഭിമാനം കാരണം പുറത്തിറങ്ങി യാചിക്കാനും കഴിയില്ല. എന്നാൽ ദരിദ്രരുടെ (രേഖകളിൽ?)കാര്യം അങ്ങനെയല്ല. ഗവർണമെന്റ് തികച്ചും സൗജന്യമായി നൽകുന്ന റേഷനരി സ്വാദ് പോരാ എന്നും പറഞ്ഞ് പറമ്പിലെവിടെയെങ്കിലും കളഞ്ഞിട്ടുണ്ടാവും.
അങ്ങനെ പറന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി താഴെ ഒരു അനക്കം. അവന് വിശ്വസിക്കാനായില്ല! ഒരു കോഴിക്കുഞ്ഞ്! ഒട്ടും സമയം പാഴാക്കാതെ അവൻ ശരവേഗത്തിൽ ആ കോഴിക്കുഞ്ഞിനെ നഖങ്ങൾക്കുള്ളിലാക്കി പറന്നകന്നു.
സത്യത്തിൽ ആ കോഴിക്കുഞ്ഞ് ഒരു സംഘടനയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. തനിക്ക് എന്തുമാവാം എന്ന ധാർഷ്ട്യത്തിന്റെ പുറത്ത് ഇറങ്ങിയതാണവൻ.
എന്തായാലും വിവരം നേതാക്കന്മാർ അറിഞ്ഞു. സർക്കാരിനെതിരെ പോരാടാൻ അവസരം കിട്ടിയ സന്തോഷത്തിൽ അവർ ഹർത്താലിന് ആഹ്വാനം ചെയ്തു. തിരക്കുള്ള നഗരം ഹർത്താലിന് വിജനമാകുന്നതാണല്ലോ കീഴ്‌വഴക്കം. ഇവിടെ മുന്നേ തന്നെ എല്ലാം വിജനമായതുകൊണ്ട് അവർ പുതുമ പരീക്ഷിച്ചു. പ്രവർത്തകരെല്ലാം പുറത്തിറങ്ങി. സർക്കാരിന്റെ കെടുകാര്യസ്ഥതയെ വെല്ലുവിളിച്ചുകൊണ്ട് അവർ നിരത്തുകളെ കീഴടക്കി. അയൽഗ്രാമങ്ങളിൽ നിന്നുപോലും അണികളെത്തി. ഗ്രാമം ജനനിബിഢമായി. പൊലീസുകാർ നോക്കുകുത്തികളായി.
തൽക്കാലം വിശപ്പിന്റെ ആന്തലൊന്ന് കുറഞ്ഞ ആശ്വാസത്തിൽ വീട്ടിരിക്കുകയായിരുന്നു പരുന്ത്. പെട്ടന്നാണ് താഴെ ബഹളം കേൾക്കുന്നത്. കാണുന്നത് സ്വപ്നമോ അതോ യാഥാർഥ്യമോ?ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതുപോലെ അവൻ സ്വയം നുള്ളി നോക്കി, സത്യം തന്നെ.അവൻ വേഗം മുറിക്കുള്ളിലേക്കു പോയി തന്റെ ഫോണെടുത്തു വിളിക്കാൻ തുടങ്ങി. തന്നെ വിട്ടുപോയ എല്ലാ ബന്ധുമിത്രാദികൾക്കും.