മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കത്തി ജ്വലിക്കുന്ന സൂര്യൻ. ചുട്ടുപൊള്ളുന്ന വെയിൽ നെറുകയിൽ പതിക്കുന്നതു തടയാൻ സാരിത്തലപ്പ് തലയിലൂടെയിട്ട് അവൾ നടന്നു. ടാറിട്ട റോഡിലെ ഉരുകുന്നചൂടിൽ ചുട്ടുപൊള്ളുന്ന കാലുകൾ! ഇടതു

തോളിൽ തൂക്കിയ പ്ലാസ്റ്റിക്ക് സഞ്ചിയുമായി ഇടയ്ക്കിടെ അവൾ ഉറക്കെ വിളിച്ചു ചോദിച്ചു കൊണ്ടേയിരുന്നു.
"പഴയ പ്ലാസ്റ്റിക്ക്, പേപ്പർ, കുപ്പി,
ഇരുമ്പ് കൊടുക്കാനുണ്ടോ?"
വെയിലേറ്റ് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ സാരിത്തലപ്പു കൊണ്ടവൾ തുടച്ചു.

"അമ്മാ.. പഴയ പ്ലാസ്റ്റിക്ക്.. "
റോഡു സൈഡിലുള്ള വീടിനു മുൻപിൽ ഒരു ചെറുപ്പക്കാരനെ കണ്ട അവൾ പെട്ടന്ന് നിശബ്ദയായി. കാഴ്ചയിൽ സുമുഖനായ അയാളുടെ തലയുടെ ഇരുവശത്തും, താടിയിലും നരയുടെ എത്തിനോട്ടം. ഇറക്കം തീരെ കുറഞ്ഞ ഒരു നിക്കറും ബനിയനുമാണ് വേഷം.

"നിങ്ങൾ പഴയ സാധനങ്ങൾ വാങ്ങാൻ വന്നതാണോ ?" അയാൾ ചോദിച്ചു.

"അതെ സാർ." അവൾ പറഞ്ഞു.

"എങ്കിൽ ആ കൂട്ടായിട്ടിരിക്കുന്ന സാധനങ്ങളെല്ലാം എടുത്തുകൊള്ളൂ."
ചെറുപ്പക്കാരൻ ചൂണ്ടിക്കാട്ടിയ ഭാഗത്തേയ്ക്ക് നോക്കിയ അവളുടെ മിഴികൾ വിടർന്നു.
വളരെയധികം സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.

അവൾ ആ പാഴ് വസ്തുകളിലേക്ക് ഓടിച്ച് ഒരു നോട്ടം നോക്കി. ഉപയോഗമില്ലാത്ത പഴയ വസ്തുക്കളേക്കാൾ കൂടുതലായി പുതിയ സാധനങ്ങളും കൂട്ടിയിട്ടയിൽ ഉണ്ട്.

തീർച്ചയായും നല്ല വില കൊടുക്കേണ്ടിവരും.
ഏതായാലും നോക്കാം.

അവൾ ആദ്യം തന്നെ പ്ലാസ്റ്റിക്ക്, അലൂമിനിയം, ഇരുമ്പ് എന്നിവ വേർതിരിച്ച് വയ്ക്കുവാൻ തുടങ്ങി.

" നിങ്ങൾ ഇത് ഇവിടെ നിരത്തുക യൊന്നും വേണ്ട. എല്ലാം കൂടെ വാരികെട്ടി കൊണ്ടുപോയ്ക്കോ."
യുവാവ് പറഞ്ഞു.

"സാർ.. ഇനം തിരിക്കാതെ എങ്ങനെയാണ് വില ഇടുക?"
അവൾ ചോദിച്ചു.

"നിങ്ങൾ ഇതിന് വിലയൊന്നും തരേണ്ട. എല്ലാം എത്രയും പെട്ടന്ന് ഇവിടുന്ന് ഒന്ന് ഒഴിവാക്കിത്തന്നാൽ മാത്രം മതി."
അയാളുടെ വാക്കുകൾ അവളെ അത്ഭുതപെടുത്തി.

ഇത്രയധികം സാധനങ്ങൾക്ക് വിലയൊന്നും വേണ്ട പോലും. ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ? ഒഴിഞ്ഞ ഒരു ഉജാലക്കുപ്പിയ്ക്ക് പോലും ഒരു രൂപാ ചോദിച്ചു വാങ്ങുന്ന ആൾക്കാരാണ് ഉള്ളത്. ഈ സാധനങ്ങളെല്ലാം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും വേണ്ടിവരും. ഇയാളാണേൽ വില ഒന്നും ചോദിക്കുന്നുമില്ല. മുൻപ് ഈ വഴി വരുമ്പോഴൊക്കെ ഈ വീട്ടിൽ ഒരു അമ്മച്ചി ഉണ്ടായിരുന്നു. വിശന്നുവലഞ്ഞു വരുന്ന തനിക്ക് പലപ്പോഴും അവർ ഭക്ഷണവും വെള്ളവും തന്നിട്ടുണ്ട്.
അവരുടെ മകനാണോ ഇത്?
ഒരു പക്ഷേ ആയിരിക്കാം. അതാവും ഈ സാധനങ്ങൾക്ക് പണം വേണ്ടന്ന് പറയുവാൻ കാരണം.


"എന്താ നിങ്ങളുടെ പേര് ?"
അയാളുടെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.

"എൻ്റെ പേര് താമര."
അവൾ പറഞ്ഞു.

"താമരയാണേലും, ആമ്പലാണേലും വേണ്ടില്ല. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഈ സാധനങ്ങൾ എല്ലാം നിങ്ങൾ എടുത്തോളൂ. എനിക്ക് ഒരു പൈസയും വേണ്ട. കഴിയുമെങ്കിൽ ഇന്ന് തന്നെ നിങ്ങൾ ഇതെല്ലാം ഇവിടെ നിന്ന് മാറ്റിത്തരണം. വൈകിയാൽ ഞാനിതെല്ലാം കത്തിച്ചുകളയും.

" വേണ്ട സാർ, ഞാൻ എല്ലാം ഇപ്പോൾ തന്നെ കൊണ്ടു പൊയ്ക്കോളാം. സാറിനെ ദൈവം അനുഗ്രഹിക്കും. സാർ.. ഇവിടുണ്ടായിരുന്ന അമ്മച്ചി എവിടെ?"
"ദേ.. താമരേ.. നിങ്ങൾ കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. കിട്ടിയ സാധനങ്ങൾ വാരിക്കെട്ടി കൊണ്ടുപോകാൻ നോക്ക്."

ദേഷ്യത്തോടെ അയാൾ വീടിനുള്ളിലേയ്ക്ക് നടന്നു. അകത്തു കയറി വാതിൽ വലിച്ചടച്ചു.


അവൾ എല്ലാം തരം തിരിച്ച് വയ്ക്കാൻ തുടങ്ങി. അടുത്ത കാലം വരെ ആരോ ഉപയോഗിച്ചു കൊണ്ടിരുന്ന കുറെയധികം പ്ലാസ്റ്റിക് ഭരണികൾ. അവയ്ക്കുള്ളിൽ ഉലുവയും കടുകും ജീരകവും പരിപ്പും പയറും പഞ്ചസാരയും! ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഭരണികളോടെ തന്നെ എടുത്ത് കളഞ്ഞിരിക്കുന്നു. അടപ്പുള്ള ഒരു ബക്കറ്റിൽ നിറയെ മട്ടയരി. ഒരു ക്യാനിൽ വെളിച്ചെണ്ണ.
കുറേ കുപ്പി പിഞ്ഞാണങ്ങളും,
സ്റ്റീൽ ഗ്ലാസുകളും, ചില്ലു ഗ്ലാസുകളും, ഒരു ദോശക്കല്ല്, കുറച്ച് അലൂമിനിയം പാത്രങ്ങൾ. സ്റ്റീൽ തവികളും സ്പൂണുകളും.
ഒരു പഴകിയ ഫ്ലാസ്ക്ക്.

ഭക്ഷണ സാധനങ്ങളെല്ലാം അവൾ പ്രത്യേകം മാറ്റിവച്ചു.
മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന രണ്ടു ചെറിയ ഓട്ടു വിളക്കുകൾ. ഏറെ പഴക്കം ഉള്ളതാണ്. അതിനാൽ തന്നെ നല്ല വില കിട്ടും.
ഒരു പഴയ ഇസ്തിരിപ്പെട്ടി.
ബാറ്ററി ഇട്ട് ഉപയോഗിക്കുന്ന ഒരു ടോർച്ച്.
ഒരു ചെറിയ റേഡിയോ.
ഇനിയാരേയും ഉണർത്തുവാൻ എനിക്കാവില്ല എന്ന മട്ടിലുള്ള ഒരു ടൈംപീസ്.

ഇട്ടു തേഞ്ഞതാണെങ്കിലും വൃത്തിയുള്ള വള്ളിച്ചെരുപ്പ്. അവൾ അത് കാലിൽ ധരിച്ചു.

കുറേ ബുക്കുകളും, മാസികകളും. ചെമ്പകം ഒരു മാസിക തുറന്നു നോക്കി. ആദ്യ പേജിലെ വാചകം അവൾ വായിച്ചു.

''എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകും."
അവൾ വീണ്ടും, വീണ്ടും ആ വചനം വായിച്ചു. അടുത്ത വീട്ടിലെ ലീലാമ്മചേച്ചി പലപ്പോഴും പറഞ്ഞു തന്നിട്ടുള്ള വചനമാണിത്. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ നിൻ്റെ ജീവിതത്തിൽ അത്ഭുതം നടക്കും എന്നും പറഞ്ഞിരുന്നു. അന്നു മുതൽ മുട്ടിപ്പായി യേശുവിനോട് പ്രാർത്ഥിക്കുന്നുണ്ട്.

എൻ്റെ യേശുദേവാ.. നീ എൻ്റെ പ്രാർത്ഥന കേട്ടൂലോ. അവളുടെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞു.

കുറേ തുണിത്തരങ്ങൾ വാരിവലിച്ച് ഇട്ടിരിക്കുന്നു. അവൾ അതെല്ലാം മടക്കിയെടുത്തു. പത്തിരുപത് സാരികൾ! എല്ലാം കാണാൻ നല്ല ഭംഗിയുള്ളവയാണ്. പാവാടയും, ബ്ലൗസുകളും. ബഡ്ഷീറ്റുകൾ, പുതപ്പുകൾ,
ഒരു ബഡ്ഡും, രണ്ടു തലയിണയും. നാലു പ്ലാസ്റ്റിക്ക് കസേരകൾ! അതിൽ ഒന്നിൻ്റെ കാല് ഒടിഞ്ഞു പോയിട്ടുണ്ട്.
ഒരു ചെറിയ ബൈബിൾ സ്റ്റാൻഡ്‌. കാണാൻ നല്ല ഭംഗിയുണ്ട്‌.
ഒരു ഗോൾഡൻ ഫ്രെയിമുള്ള കണ്ണട.
കുറച്ച് മെഴുകുതിരികളും, തീപ്പെട്ടിയും.
മൂന്നാലു ട്രോഫികൾ.
യേശുക്രിസ്തുവിൻ്റെയും, കന്യകാ മാതാവിൻ്റെയും ചിത്രങ്ങളും, കലണ്ടറുകളും.

ഒരു ചെറിയ ഹാൻ്റ് ബാഗ്.
അവൾ അതു തുറന്നു നോക്കി. കുറേ പേപ്പറുകൾ, കവറിനുള്ളിൽ കുറച്ച് ഗുളികകൾ, ഒരു വിക്സ് ഡപ്പിയും, വായു ഗുളികയുള്ള കുപ്പിയും. മുത്തുമണികൾ കോർത്ത ഒരു കൊന്ത, അത് പൊട്ടിപ്പോയിട്ട് കൂട്ടിക്കെട്ടിയിട്ടുണ്ട്. ചെറിയ കള്ളിയിൽ ഒരു പത്തു രൂപാ നോട്ടും, കുറച്ച് നാണയത്തുട്ടുകളും.

ഒരു പഴയ നോക്കിയ ഫോൺ.

ഒരു ചെറിയ മേശയും, ബഞ്ചും, സ്റ്റൂളും. എല്ലാം ഏറെ പഴക്കം തോന്നിക്കുന്നവയാണ്. ബഞ്ചിൻ്റെ കാൽ നന്നായി ഇളകിയിട്ടുണ്ട്.
തടികൊണ്ട് നിർമ്മിച്ച ഒരു പഴയ കട്ടിൽ.
രണ്ടു പ്ലാസ്റ്റിക്ക് ബക്കറ്റുകൾ. അതിൽ പാതി തേഞ്ഞതും, പൊട്ടിക്കാത്തതുമായ സോപ്പുകളും, ഉജാലയും, സോപ്പു പെട്ടിയും.

ഒരു പ്ലാസ്റ്റിക്കിൻ്റെ വിശറി.
പഴയ കുറച്ച് ഇരുമ്പു സാധനങ്ങൾ.

തകർന്നു പോയ ബന്ധത്തിൻ്റെ ബാക്കിപത്രം പോലെ ഒരു പൊട്ടിയ കണ്ണാടി!

എന്നോ സ്പന്ദനം നിലച്ചുപോയ ഒരു ക്ലോക്ക്.

ചുവപ്പു വെൽവെറ്റ് കവറോടു കൂടിയ ഒരു ആൽബം.
അവൾ ആ ആൽബം തുറന്നു നോക്കി.
അച്ഛനുമമ്മയും, നാലു മക്കളുമടങ്ങിയ കുടുംബം. മൂന്നു പെൺകുട്ടികളും തീരെ ചെറിയ ഒരാൺകുട്ടിയും.
അവളാ ആൽബത്തിൻ്റെ പേജുകൾ ഒന്നൊന്നായി മറിച്ചു.
ഒരു കൊച്ചു കഥ ആ ആൽബം പറയുന്നതായി അവൾക്കു തോന്നി.
മൂന്നു പെൺകുട്ടികൾക്കു ശേഷം ഏറെക്കാലം കഴിഞ്ഞ് ജനിച്ച ഒരു ആൺകുട്ടി.
ഒരു രാജകുമാരനെപ്പോലെ അവനെ സ്നേഹത്താൽ പൊതിയുന്ന മാതാപിതാക്കളും, സഹോദരിമാരും.
അവൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും വ്യക്തമാക്കുന്ന ചിത്രങ്ങൾ.
വിവാഹത്തോടെ വീടുവിട്ട സഹോദരികൾ. മകൻ്റെ പല പ്രായത്തിലുള്ള ചിത്രങ്ങൾ.

ഏക മകനോടൊപ്പം അഭിമാനത്തോടെയും, സന്തോഷത്തോടെയും
മാതാപിതാക്കൾ കഴിഞ്ഞ നിമിഷങ്ങൾ.

ഏറ്റവുമൊടുവിലായി മകൻ്റെ വിവാഹ ഫോട്ടോ.

സ്നേഹത്തിൻ്റെ കുറവാണോ എന്തോ പിന്നീടുള്ള കുറേ പേജുകൾ ശൂന്യമാണ്.

ഫോട്ടോയിൽ കണ്ട ആ മോനാണ് തനിക്ക് ഇത്രയും സാധനങ്ങൾ ഫ്രീയായി തന്നത്.

സ്നേഹസ്മരണകൾക്കായി ഇതൊന്നും അയാൾക്ക് വേണ്ടാതായോ?

'ആ അമ്മയുമച്ഛനും എവിടെ?'
ചെമ്പകത്തിൻ്റെ മനസിൽ ഒരായിരം സംശയങ്ങൾ മുളച്ചു.


ആരൊക്കെയോ ഹൃദയത്തോട് ചേർത്തു നിർത്തിയ പ്രിയപ്പെട്ട വസ്തുക്കളാണ് ഇന്ന് ഇവിടെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നത്. ഇതിൽ സ്നേഹത്തിൻ്റെ കരുതലുണ്ട്!
വേദനയുടെ കണ്ണീരുണ്ട്!
ഏകാന്തതയുടെ വീർപ്പുമുട്ടലുണ്ട്;
ഉപേക്ഷിക്കപ്പെട്ടതിൻ്റെ നോവുണ്ട്.

അവിടെ കിടന്ന മൂന്നാലു ചാക്കിലായി അവൾ എല്ലാം പായ്ക്കു ചെയ്തു വച്ചു.

"സാർ.. "
അവൾ മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു.

"എന്താ.. നിങ്ങൾ പോയില്ലേ ?"
യുവാവ് വാതിൽ തുറന്ന് ഇറങ്ങി വന്നു.
"സാർ.. ഇതെല്ലാം ഞാൻ എടുത്താൽ.. സാറിന് ആവശ്യമുള്ളതെന്തെങ്കിലും, ഒരു ഫോട്ടോ ആൽബം ഉണ്ട് സാർ.
പിന്നെ ഒരു ഹാൻ്റ് ബാഗ്. " അവൾ പറഞ്ഞു.

"എനിക്ക് ഇതിൽ നിന്നും ഒന്നും വേണ്ടന്ന് ഞാൻ പറഞ്ഞതല്ലേ. നിങ്ങൾക്ക് വേണ്ടത് എന്താന്ന് വെച്ചാൽ എടുത്താൽ മതി. ബാക്കി ഞാൻ കത്തിച്ചു കളഞ്ഞോളാം."
രോഷത്തോടെ അയാൾ അകത്തു കയറി വാതിലടച്ചു.

അവൾ സ്ഥിരം വിളിക്കാറുള്ള 'പാർത്ഥസാരഥി ' എന്ന ഓട്ടോ
വിളിച്ച് സാധനങ്ങളുമായി വീട്ടിലേയ്ക്ക്
പോയി.

യേശുദേവൻ്റെ ചിത്രമവൾ തകരഷീറ്റ് കൊണ്ടു തീർത്ത ആ കൊച്ചു വീടിൻ്റെ ഭിത്തിയിൽ പതിപ്പിച്ചു.
അന്ന് ആ വീട്ടിൽ ആഹ്ളാത്തിൻ്റെ പൊട്ടിച്ചിരികൾ ഉയർന്നു. റേഷനരിയുടെ കഞ്ഞികുടിച്ചിരുന്ന അവളുടെ മക്കൾ മേശയിൽ കുപ്പി പിഞ്ഞാണത്തിൽ വിളമ്പിയ കുത്തരി കൊണ്ടുള്ള ചോറുണ്ടു.
തളർന്നു കിടക്കുന്ന ഭർത്താവിനെ അവൾ ആ കട്ടിലിൽ കിടത്തി.

അടുത്ത ദിവസം രാവിലെ അവൾ അഞ്ചു മണിയ്ക്കു തന്നെ ഉണർന്നു. ഭർത്താവിനും, മക്കൾക്കുമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടു വേണം ആക്രിക്കച്ചവടത്തിനു പോകാൻ. പതിവായി ചെയ്യും പോലെ കൃഷ്ണൻ്റെ ചിത്രത്തിനു മുൻപിൽ ചന്ദനത്തിരി കത്തിച്ചു.
യേശുദേവനു മുൻപിലവൾ ഒരു മെഴുകുതിരിയും കൊളുത്തി പ്രാർത്ഥിച്ചു.
തലേ ദിവസം വായിച്ച വചനം അവളുടെ ഓർമ്മയിലെത്തി.

''എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകും."
'യേശുദേവാ.. ഇനിയെന്നും ഞാൻ നിനക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചോളാം. എൻ്റെ കുടുംബത്തിനാവശ്യമായതെല്ലാം നീ തരണം.'

അവൾ കഞ്ഞിയ്ക്ക് വെള്ളം തിളപ്പിച്ചു. ബക്കറ്റിൽ നിന്നും മട്ടയരി എടുത്തപ്പോൾ കൈയ്യിലെന്തോ തടഞ്ഞു.
ഒരു മാല ! അവൾ ആ മാല മെഴുകുതിരി വെട്ടത്തിൽ പരിശോധിച്ചു. കനമുള്ള ഒരു സ്വർണ്ണമാല. അറ്റത്ത് ഒരു ചെറിയ താലിയും.

'ഈശ്വരാ ഇതൊരു താലിമാലയാണല്ലോ!'
അവളുടെ മനസിലൂടെ ഒരായിരം
ചിന്തകൾ കടന്നു പോയി.

കണ്ണീര്‍ക്കായലിൽ മുങ്ങിത്താഴുന്ന ഒരു കടലാസുതോണിപോലെയാണ് തൻ്റെ ജീവിതം. ദിശയറിയാതെ, തുഴയാനാവാതെ തളർന്ന് ആഴങ്ങളിലേയ്ക്ക് പതിക്കുവാനാണോ വിധി എന്ന് പരിതപിച്ചിരിക്കുന്ന തനിക്ക് ഇത് യേശുദേവൻ തന്ന സമ്മാനമാണ്.

പക്ഷേ..
ഇതിൻ്റെ അവകാശി താനല്ല !
അർഹതയില്ലാത്തത് സ്വന്തമാക്കാൻ പാടില്ല.
ഇത് അയാൾക്ക് തിരിച്ചു കൊടുക്കണമോ ?
പലവിധ ചിന്തകൾ അവളെ പൊതിഞ്ഞു.

"എനിക്ക് ഇതിൽ നിന്നും ഒന്നും വേണ്ട. നിങ്ങൾക്ക് വേണ്ടത് എന്താന്ന് വെച്ചാൽ എടുത്താൽ മതി. ബാക്കി ഞാൻ കത്തിച്ചു കളഞ്ഞോളാം."
അയാളുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.

'വേണ്ട.' അവളുടെ അന്തഃരംഗം മൊഴിഞ്ഞു.

അവളുടെ മനസിലൂടെ ആത്മസംഘർഷം നിറഞ്ഞ മണിക്കൂറുകൾ കടന്നു പോയി.
ശരിയും തെറ്റും തമ്മിലുള്ള യുദ്ധം.
ഒരു തീരുമാനമെടുക്കാനാതെ അവൾ വിഷമിച്ചു.

എട്ടുമണിയോടു കൂടി അവൾ തൻ്റെ സഞ്ചിയുമെടുത്ത് പുറപ്പെട്ടു.
വാഹനങ്ങൾ ഇല്ലാത്തതിനാൽ നാലു മണിക്കൂർ നടന്ന് അവൾ തലേ ദിവസം തനിക്ക് സാധനങ്ങൾ കിട്ടിയ വീട്ടിലെത്തി.
കത്തിയെരിയുന്ന സൂര്യതാപത്താൽ അവൾ വിയർത്ത് കുളിച്ചു.

"സാർ.. " അവൾ വിളിച്ചു.

കോളിംഗ് ബെൽ അടിച്ചു നോക്കി.
മറുപടിയൊന്നും കിട്ടാതായപ്പോൾ അവൾ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു.
"സാർ.. ഇവിടാരുമില്ലേ?"

വാതിൽ തുറന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ഇറങ്ങി വന്നു. ഇറക്കം കുറഞ്ഞ നിക്കറും ടീ ഷർട്ടുമാണ് വേഷം.

''സാർ.. കുടിക്കാൻ കുറച്ച് വെള്ളം തരുമോ?"
അവൾ ചോദിച്ചു.

''ഇവിടെ വെള്ളവും വിറകുമൊന്നുമില്ല. സാധനങ്ങൾ എല്ലാം ഇന്നലെ കൊണ്ടു പോയില്ലെ, പിന്നെ നിങ്ങൾ എന്തിനാ വീണ്ടും വന്നത് ?" അയാൾ തിരിഞ്ഞു നടന്നു കഴിഞ്ഞു.
"സാറേ ..ഒരു നിമിഷം നിൽക്കണേ,
ഒരു മാല എനിക്ക് അരിപ്പാത്രത്തിൽ നിന്നും കിട്ടി. സ്വർണ്ണമെന്നു തോന്നിയതുകൊണ്ട് അതുമായി വന്നതാണ്. "
അയാളുടെ കണ്ണുകൾ തിളങ്ങി. വർദ്ധിച്ചആവേശത്തോടെ അയാൾ ചോദിച്ചു.
"എവിടെ മാല?"
അവൾ തൻ്റെ കൈയ്യിലുള്ള മാല അയാൾക്കു നേരേ നീട്ടി.
തട്ടിപ്പറിക്കും പോലെ അയാളത് സ്വന്തമാക്കി.

കൈയ്യിൽ കിട്ടിയ മാലയുടെ തൂക്കം നോക്കും പോലെ വലതു കൈപ്പത്തിയ്ക്കുള്ളിൽ വെച്ച് അതിൻ്റെ ആയം നോക്കിയ ശേഷം
ഒരു വാക്കു പോലും പറയാതെ അയാൾ മുറിയ്ക്കുള്ളിൽ കയറി വാതിലടച്ചു.

ഉച്ചവെയിലിൻ്റെ പൊള്ളുന്ന ചൂടിലേയ്ക്ക് ഇറങ്ങവേ ഒരിറ്റ് ദാഹജലത്തിനായ് അവൾ കൊതിച്ചു. പാതയോരത്തു തണൽ വിരിച്ചു നിന്ന വാകപ്പൂക്കളെ തഴുകി തലോടി കടന്നു പോയ ഇളം തെന്നൽ അവളുടെ മേൽ പുഷ്പമാരി ചൊരിഞ്ഞു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ