മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(അനുഷ)

പഴയ വഴികളിലൂടെ വർഷങ്ങൾക്കു ശേഷം ഒരു യാത്ര. പത്തു വർഷങ്ങൾ, ഒരുപാടു നീണ്ട കാലയളവല്ലെങ്കിലും അത് വരുത്തിയ മാറ്റങ്ങൾ ഏറെയാണ്‌.ഈ നാടിനും,തനിക്കും. അമ്പലം കടന്ന്‌, മെയിൻ റോഡിൽ നിന്ന്‌ ഇടത്തോട്ടുള്ള വഴിയെ ബൈക്ക് തിരിക്കുമ്പോൾ,കൂടെയുള്ള സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. പഴയ കാര്യങ്ങൾ..ഓർമകൾ!
 
അന്നത്തെ ഇടവഴിയുടെ സ്‌ഥാനത്ത് ഇന്ന് ടാർ ചെയ്ത നീണ്ട പാത. വഴിയിൽ, ആദ്യത്തെ വളവിൽ എത്തിയപ്പോഴായിരിക്കണം പെട്ടെന്ന് അവളെ ഓർത്തത്. സുഹൃത്ത് എന്തോ ചോദിച്ചു, വ്യക്തമായില്ല. പറഞ്ഞത് ഇത്ര മാത്രം.
 
“ഇവിടെ വച്ചാണ്‌ ഞാനവളെ ആദ്യമായി കണ്ടത്..പിന്നീട് പലപ്പോഴും.”
 
സുഹൃത്തിന്റെ അടുത്ത ചോദ്യം ഉയരുന്നതിനു മുൻപ്, ഒരു മിന്നായം പോലെ ഒരുപാട് ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു മാഞ്ഞു.
 
“ഒരു പാവം കുട്ടി, നിഷ്ക്കളങ്കമായ കണ്ണുകളോടു കൂടിയ ഒരു കൊച്ചു സുന്ദരി.“
 
ഓർമകൾ മനസ്സിൽ ചിത്രം തീർക്കുമ്പോൾ, വഴിയിൽ ദൂരെ നടന്നു പോകുന്ന പെൺകുട്ടി. ‘അയ്യോ! അത് അവൾ തന്നെയല്ലെ?’ ഇടതൂർന്ന് നീണ്ട കറുത്ത തലമുടി..കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകൾ. ബൈക്ക് അവളെ കടന്ന് പോയപ്പോഴും തിരിഞ്ഞു നോക്കിയില്ല. അത് അവൾ തന്നെയാണെന്ന് ഉറപ്പുള്ളതു കൊണ്ടോ,അതോ അവളും തന്നെ തിരിച്ചറിഞ്ഞിരിക്കും എന്ന ചിന്തയാലോ..! ചുണ്ടിൽ അറിയാതെ വിടർന്നു,ആ പഴയ പുഞ്ചിരി, കണ്ണിൽ കുസൃതി.അവളും തന്നെ കണ്ടു കാണും.
 
സുഹൃത്തിന്റെ ആകാംക്ഷ നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ. അവയ്ക്കുള്ള ഉത്തരങ്ങളാണോ പറയുന്നത് എന്നൊന്നും ഓർത്തില്ല. അവളായിരുന്നു മനസ്സിൽ നിറയെ. അവളെക്കുറിച്ചായിരുന്നു പറയാൻ ആഗ്രഹിച്ചത്.
 
”ഇഷ്ടത്തിലെത്തും മുൻപുള്ള ഒരിഷ്ടം. അതെ, അങ്ങനെയേ പറയാൻ കഴിയൂ. അതാണ്‌ ശരി“. ഒരു കാഴ്ചയിലും നോട്ടത്തിലും മറ്റേയാൾ കാണാതെ - സ്വയമറിയാതെ - ചുണ്ടിൽ വിടരുന്ന ചെറു പുഞ്ചിരിയ്യ്ക്കും വേറെന്തു പറയാൻ!
”ഒരു പത്തൊമ്പതു വയസ്സുകാരന്‌ ഒരു പതിമൂന്നു വയസ്സുകാരിയോട് തോന്നിയൊരിഷ്ടം.“
 
”ആദ്യപ്രണയം എന്ന് പറയുന്നത് ഇതാണോ? അറിയില്ലെടാ. ജീവിതത്തിന്റെ പിന്നീടുള്ള യാത്രകളിൽ, ഒരിക്കൽ പോലും അറിഞ്ഞിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു.. എന്താ പറയ്യാ..! ആ..അതു തന്നെ“.വീണ്ടും ചിരിക്കുന്നു. ( മനസിലെവിടെയോ ഒരു നൊമ്പരം? )
 
“അവളൊരു നല്ല കുട്ടിയായിരുന്നു.”
 
നിശ്ശബ്ദത.
 
“ഉം.. ഒരിക്കൽ അവളുടെ അമ്മയെ കണ്ടു, അമ്മയായിരിക്കണം. അവളുടെ കൂടെ നടന്നു പോവുന്നത്. അന്നായിരിക്കുമോ ഞാനവളെ അവസാനമായി കണ്ടത്?”
 
ഈ സായാഹ്നം,എന്നെ എവിടെയൊക്കെയോ കൊണ്ടു പോവുന്നു. പരിചിതമായ വഴികളിലൂടെ.., തിരിച്ചറിയാനാവാത്ത വികാരങ്ങളുമായി..! ഓർമകളെ തഴുകി കടന്നു പോകുമ്പോൾ ഈ കാറ്റിലും പരിചിത ഗന്ധങ്ങൾ. ബൈക്ക് ദൂരെ മറയുമ്പോൾ പിറകിൽ ആ നാട്ടുവഴികളിൽ ഇരുൾ പരക്കുകയായിരുന്നു.
 
ഇരുളിൽ പതിയെ തെളിയുന്ന ഒരു ചിത്രം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ