മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

രണ്ട് ഗുഹാമുഖങ്ങളുണ്ടായിരുന്നു. ഒന്നിനു മുകളിൽ വിജയികൾ എന്നും മറ്റൊന്നിൽ പരാജിത‍‌‍‍‍ർ എന്നും എഴുതിയിരുന്നു. ഗുഹക്കുള്ളിലേക്കു കയറാൻ ധാരാളം പേർ കാത്തുനില്പുണ്ടായിരുന്നു.

വിജയികൾക്കുള്ള ഗുഹാമുഖത്ത് വലിയ തിരക്കായിരുന്നു. നിയമങ്ങളൊന്നും അവിടെ പാലിക്കപ്പെട്ടില്ല. വരുന്നവർ വരുന്നവ‍‍ർ തള്ളിക്കയറിക്കൊണ്ടിരുന്നു. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചവർ, കഴുത്തിലും കൈകളിലും പരസ്യപ്പലകകൾ തൂക്കിയിട്ടവർ. പരസ്യപ്പലകയിൽ അവരൂടെ ബിരുദങ്ങൾ, അലങ്കരിച്ച സ്ഥാനമാനങ്ങൾ,
സമ്പാദിച്ചു കൂട്ടിയ ധനം എന്നിവ ആലേഖനം ചെയ്തിരുന്നു. അതും പോരാഞ്ഞ് മറ്റുള്ളവർ കേൾക്കാൻ അവർ അവരുടെ കഴിവുകൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗുഹക്കുള്ളിലേക്കുള്ള തള്ളിക്കയറ്റത്തിനിടയിൽ പലരും തെറിച്ചു വീഴുകയോ മറ്റുള്ളവരാൽ വീഴ്ത്തപ്പെടുകയോ ചെയ്തു.

പരാജിതരുടെ ഗുഹാമുഖത്ത് കനത്ത നിശബ്ദത നിഴലിച്ചു നിന്നു. തിരക്കുകൂട്ടാതെ, തലകുനിച്ച് ഓരോരുത്തരായി ഗുഹക്കുള്ളിലേക്ക് കയറിപ്പോയിക്കൊണ്ടിരുന്നു. അവരുടെ മുഖത്ത് കടുത്ത നിരാശയും വിഷാദവും വീണുകിടന്നു.

(Vasudevan Mundayoor)

കുറച്ചു മാറി, ഒരു അരയാൽത്തറയിൽ രണ്ടു ഗുഹാമുഖങ്ങളേയും നോക്കിപുഞ്ചിരിച്ചുകൊണ്ടും ഇടക്കിടെ ധ്യാനത്തിൽ മുഴുകിയും ഗുരു ഇരിക്കുന്നുണ്ടായിരുന്നു. ഗുരുവിനു മുൻപിൽ നിലത്ത് ധ്യാനിച്ചിരിക്കുന്ന കുറച്ചു ശിഷ്യന്മാരും. ഞാൻ ഗുരുവിൻെറ അടുത്തേക്ക് നടന്നു. അരയാൽ മരത്തിൻെറ തണലിൽ കുളി‍ർമ്മയും ശാന്തതയും തളംകെട്ടിനിന്നു. ഞാൻ നിലത്തിരുന്ന് ഗുരുവിനോട് ചോദിച്ചു
"ഈ രണ്ടു ഗുഹകളിലേക്ക് കയറിപ്പോകുന്ന മനുഷ്യർ എങ്ങോട്ടാണ് പോകുന്നത്?"
ചോദ്യം കേട്ട് ഗുരു പുഞ്ചിരിച്ചു. പിന്നെ ധ്യാനത്തിൽ ലയിച്ചുകൊണ്ട് എല്ലാം കാണുന്നപോലെ ഗുരു പറഞ്ഞു. "ഇവ‍ർ പോകുന്ന രണ്ടു വഴികൾ ഗുഹക്കുള്ളിൽ വെച്ച് ഒന്നായിത്തീരുന്നു. ആ വഴി അവസാനിക്കുന്നത് ഒരു വലിയ ഗ‍ർത്തനു മുന്നിലാണ്. ആദിയും അന്തവുമില്ലാത്ത അഗാധമായ ഗർത്തം. അതിലേക്ക് അവർ ചാടുകയോ പിന്നിൽ വരുന്നവരാൽ തള്ളിയിടപ്പെടുകയോ ചെയ്യും."

"അപ്പോൾ ഇവിടെ ഇരിക്കുന്നവരോ?"
എൻെറ ചോദ്യം കേട്ട് ഗുരു വീണ്ടും പു‍ഞ്ചിരിച്ചു.
സമയമാകുമ്പോൾ തിരക്ക് ഒഴിയുകയോ, അവർ ക്ഷണിക്കപ്പെടുകയോ ചെയ്യും. ഏതെങ്കിലും ഒരു വഴിയിലൂടെ എല്ലാവരും പോയേ മതിയാവൂ. തിരഞ്ഞെടുക്കൽ ആപേക്ഷികം മാത്രമാണ്. ഗുരു വീണ്ടും കണ്ണുകളടച്ച് ധ്യാനത്തിൽ മുഴുകി. ഞാനും പതിയെ കണ്ണുകളടച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ