കുഞ്ഞിപെങ്ങൾ സാലിയെ ബെന്നി നാട്ടിൽ നിന്നും നഗരത്തിലേക്ക് പറിച്ചുനട്ടു. മഞ്ഞും മഴയും പുൽനാമ്പുകളും ഊഞ്ഞാലാടുന്ന മരച്ചിലുകളും വിട്ട് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് അവൾ മഠം വക സ്കൂളിൽ ചേർന്നത്. കോൺവെന്റിൽ രണ്ടുദിവസമായി അവളുടെ മുഖത്ത് നിന്നും കണ്ണുനീർ തോർന്നതേയില്ല.
ഞായറാഴ്ചകളിൽ ഉച്ചതിരിഞ്ഞ് ബെന്നി സാലിയെ കാണാൻ കോൺവെന്റിൽ എത്തും. അവളുടെ പരിഭവങ്ങളും ആവലാതികളും അയാൾ കേൾക്കും.. ആശ്വസിപ്പിക്കും..
കോൺവെന്റിന്റെ മുറ്റത്ത് രണ്ട് ബോഗൻ വില്ലകൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. ഇലകളേക്കാൾ ഏറെ പൂക്കളാണ് .ഒന്നിൽ വയലറ്റും മറ്റേതിൽ റോസും, കാറ്റുവീശുമ്പോൾ, ഉല്ലസിച്ച് കളിക്കുന്ന കുസൃതി കുട്ടികളെപ്പോലെ രണ്ട് ചെടികളും പരസ്പരം കൈനീട്ടി തൊടാനെന്നവണ്ണം തമ്മിൽ മത്സരിക്കുന്നു.
പച്ച നിറമുള്ള ഇരുമ്പ് ബെഞ്ചിൽ ഇരുട്ടു വീഴുന്നത് വരെ അയാൾ അവളോടൊപ്പമിരുന്ന് മടങ്ങും .
സാലി ബുദ്ധിമതിയായിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന ആ സ്ഥാപനത്തിൽ താൻ എല്ലാറ്റിനും അവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. ഹോസ്റ്റൽ മുറിയിൽ താൻ ഏറ്റവും ദരിദ്രയാണ്. നാടിനേക്കാൾ ഈ നഗരം, ഈ ലോകം, ആയിരം മടങ്ങ് വിശാലമാണെന്ന് അവൾക്ക് ബോധ്യപ്പെട്ടു.
മറ്റുള്ളവർക്കൊപ്പമെത്താൻ, ചിലപ്പോഴൊക്കെ അവരെ പിന്നിലാക്കാൻ അവൾക്ക് കുറച്ചെങ്കിലും കഴിഞ്ഞത് പഠനത്തിൽ മാത്രമായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ ബെന്നിയുടെ ആശ്വാസവാക്കുകൾ അവൾക്ക് വേണ്ടി വന്നതേയില്ല...
സാലി സർക്കാർ സർവീസിൽ ജോലി നേടി. അതായിരുന്നു തറവാടിയായ പഞ്ചായത്ത് ജീവനക്കാരൻ ക്ലീറ്റസിനെ വിവാഹം കഴിക്കാൻ കഴിഞ്ഞതിന്റെ കാരണം.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തമായൊരിടത്ത് സാലിയും ക്ലീറ്റസും വീട് പണിതു. കുടുംബത്തിലെ എല്ലാവർക്കും വലിയ വിശേഷം ആയിരുന്നു സാലിയുടെ വീട്! രണ്ടുപേരും ജോലിക്കാരായതുകൊണ്ട് പകൽ എന്നും അടഞ്ഞുകിടക്കുന്ന വീട്ടിൽ അകത്ത് നല്ല തണുപ്പായിരുന്നു.
അടുക്കളയിൽ അത്ഭുത വസ്തുവായി രണ്ടു വാതിലുള്ള പുതിയ ഫ്രിഡ്ജ്. തുറക്കാൻ നോക്കിയിട്ട് സാധിച്ചില്ല. താക്കോലെടുത്ത് ഫ്രിഡ്ജ് തുറന്നു. ഫ്രിഡ്ജിന് പൂട്ടും താക്കോലും ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്.
റാക്കിൽ അടുക്കി വച്ചിരിക്കുന്നു പളുങ്കുനിറ കോഴിമുട്ടകൾ ..! വീട്ടിൽ തവിട്ട് നിറ മുട്ടകളാണ് .ഇത്ര വലിപ്പവും ഉണ്ടാകാറില്ല. അടുക്കള ചുമരിൽ തൂക്കിയിട്ടിരിക്കുന്നു മറ്റൊരു അത്ഭുത വസ്തു. ഫ്രൈയിംഗ് പാൻ ! ചേമ്പിലയിൽ വെള്ളത്തുള്ളികൾ ഉരുണ്ടോടി കളിക്കുന്നത് പോലെ, ഒന്നും ഒട്ടിപ്പിടിക്കാത്ത ടഫ്ലോൺ കോട്ടിംഗ് ഉള്ള ദോശക്കല്ല്.
നഗരത്തിലെ തട്ടുകടയിലെ ഓംലെറ്റ് ഓർമ്മ വന്നു. പാൻ അടുപ്പിൽ വച്ചതും മുട്ട അടിച്ചെടുത്തതും എണ്ണയൊഴിക്കാതെ പാനിലേക്ക് മിശ്രിതം ഒഴിച്ച് വിശാലമായി പരത്തിയതും ഒരു ഭൂതാവിഷ്ടനെ പോലെയായിരുന്നു.
ചൂട് കൂടുതലായിരിന്നിരിക്കണം ,കരിയുന്ന മണം. തട്ടുകടയിലെ പാചകക്കാരനെ പോലെ പാൻ ഉയർത്തി തട്ടി ഓംലെറ്റ് തിരിച്ചെടുക്കാനുള്ള ശ്രമം വിഫലമായി. എന്തോ അരുതാത്തത് ചെയ്തതുപോലെ ഉള്ള് പിടയ്ക്കാൻ തുടങ്ങി. ഓംലെറ്റ് പാത്രത്തിലാകെ കരിഞ്ഞു പിടിച്ചിരിക്കുന്നു.
ചുരണ്ടിയെടുത്ത ഓംലെറ്റ് നിവൃത്തിയില്ലാതെ വിഴുങ്ങി. വല്ലാത്ത അരുചിയായിരുന്നു അതിന്. സംഭവിച്ചത് സാലി അറിയാതിരിക്കാൻ ,പൈപ്പിൻ ചുവട്ടിൽ പാനിട്ട് ചകിരി കൊണ്ട് തേച്ച് കരിഞ്ഞു പിടിച്ചതെല്ലാം നീക്കി .തെളിവ് നശിപ്പിച്ചു... പക്ഷേ സംഭവം വിവാദമായി.
"വിലയേറിയ പാൻ ചകിരിയിട്ടുരച്ച് കോട്ടിംഗ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കിയിരിക്കുന്നു" "കോഴിമുട്ട കണ്ട ഉടനെ ആർത്തി മൂത്തിരിക്കുന്നു... ഇവന് വീട്ടിൽ തിന്നാൻ കിട്ടുന്നതൊന്നും പോരെ ...?"
നാണക്കേടായി പോയി. വല്ലാത്ത നാണക്കേട്. ഇതുപോലൊരു നാണക്കേട് പണ്ടും പറ്റിയിട്ടുണ്ട്. അന്ന് വിചാരിച്ചതാണ് 'ഇവരൊക്കെ എന്നാണ് ഈ പരിഷ്കാരികൾ ആയത് '...?-എന്ന് .പക്ഷേ , പ്രതികരിച്ചില്ല.
അത് മഞ്ഞുപെയ്യുന്ന കാലമായിരുന്നു. റോഡിൽനിന്ന് നോക്കുമ്പോൾ താഴെ വിശാലമായി പരന്നുകിടക്കുന്ന മൈതാനം. മൈതാനത്തിലൂടെ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന അരുവി. മൈതാനം കാണുമ്പോൾ അല്പനേരത്തേക്ക് കുട്ടികളെപ്പോലെ ആകാറുണ്ട് .ഇരു കൈകളും വിരിച്ചുപിടിച്ച് മൈതാനത്തിലൂടെ തലങ്ങും വിലങ്ങും ഓടണം. അരുവിയും അങ്ങനെ തന്നെയാണോ ഓടുന്നതാവോ ?പുലരാറാകുമ്പോൾ മൈതാനത്തിൽ മുഴുവൻ പരന്ന് ,വെള്ള നിറത്തിൽ ഐസ്സായിരിക്കും..!. ഇരു കൈ കുമ്പിളിലും നിറയെ വാരിയെടുക്കാം!-മഞ്ഞുകണങ്ങൾ.
കമ്പിളി കുപ്പായമണിഞ്ഞ്, തലയിൽ മുണ്ട് ചുറ്റിയാണ് അപ്പോൾ എല്ലാവരും പുറത്തിറങ്ങുന്നത് .കൈപ്പത്തി തണുക്കാതിരിക്കുന്നതിന് പോക്കറ്റിലേക്ക് തിരുകി വെച്ചിട്ടുണ്ടാവും.
പണികഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകും വഴിയാണ് ബെന്നി സാലിയുടെ വീട്ടിൽ വിളക്ക് തെളിഞ്ഞ് കിടക്കുന്നത് കണ്ടത്. സാലിക്ക് നല്ല കാപ്പിയുണ്ടാക്കാനറിയാം. ബെന്നിക്ക് ഒരു കാപ്പി കുടിക്കണമെന്ന് തോന്നി. ഓട്ടോറിക്ഷ നിർത്താൻ പറഞ്ഞ് അയാൾ പഠിക്കെട്ടുകൾ ചാടി കയറിച്ചെന്ന് കോളിംഗ് ബെൽ അടിച്ചു .
അരക്കതക് തുറന്ന് വന്ന സാലിയുടെ മുഖത്തെ ആശ്ചര്യം മാറും മുമ്പേ അയാൾ ചോദിച്ചു :"ഒരു കാപ്പിയിട്ടു തരുമോ..?
"അതിനെന്താ..?
കതകു മുഴുവൻ തുറന്ന് സാലി അയാളെ അകത്തേക്ക് ക്ഷണിച്ചു. തണുത്ത വായു അയാളോടൊപ്പം അകത്തേക്ക് ഒഴുകി കയറി. കതകടയ്ക്കാൻ തിരിഞ്ഞപ്പോഴാണ് പടിക്കെട്ടിന് താഴെ കൈകൾ കൂട്ടി തിരുമ്മി തണുത്ത് വിറച്ച് നിൽക്കുന്ന ഓട്ടോ ഡ്രൈവറെ ബെന്നി കണ്ടത് .
"വാ.. അകത്തേക്ക് വാ.."
..." സാരമില്ല .."അയാൾ മടിച്ചു.
ബെന്നി നിർബന്ധിച്ചിട്ടാണ് ആ മനുഷ്യൻ കാക്കി യൂണിഫോം ഷർട്ട് അഴിച്ചുവെച്ച് വീട്ടിലേക്ക് കയറി വന്നത് .ചില്ല് ഗ്ലാസിൽ ഡ്രൈവർക്കും ,ചൈനാക്ലേ കപ്പിൽ അയാൾക്കും സാലി ആവി പറക്കുന്ന ബ്രൂ കാപ്പി കൊടുത്തു .
രണ്ടുദിവസം കഴിഞ്ഞാണ് വിവാദമുണ്ടായ വാർത്ത അറിഞ്ഞത്.
കുഴപ്പമായത്, തീരെ സ്റ്റാറ്റസില്ലാത്ത ഒരു ഓട്ടോറിക്ഷക്കാരനെ വിളിച്ച് വീട്ടിൽ കയറ്റി എന്നതായിരുന്നു. "സ്റ്റാറ്റസ് ...സ്റ്റാറ്റസ് ...സ്റ്റാറ്റസ്..."ബെന്നി അലറി വിളിച്ച് വീട്ടിലെങ്ങും മണ്ടി നടന്നു. ഇവർക്കൊക്കെ എന്നാണീ സ്റ്റാറ്റസുണ്ടായത്..?!
ക്ലീറ്റസും സാലിയുമൊക്കെ വലിയവരായിരിക്കുകയാണ്. സ്നേഹത്തിനും ബന്ധങ്ങൾക്കും ഇടയിൽ പോലും ഇത്തരം ചില അദൃശ്യ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നു ...തകർന്നടിയുന്നത് എന്തൊക്കെയാണ് ..?അയാൾക്ക് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.
കിഴക്കേ ആകാശത്ത് വെയിൽ ആളുന്നുണ്ടായിരുന്നു. പടിഞ്ഞാറേ ആകാശത്തുനിന്നും കാർമേഘങ്ങൾ കുതിച്ചു വന്നു .പെട്ടെന്നായിരുന്നു മഴത്തുള്ളികൾ പട്ടണത്തിലേക്ക് ചരിഞ്ഞിറങ്ങിയത്.
വെള്ളത്തുള്ളികൾ പൊടി മണ്ണിൽ വീണ് ചിതറിത്തെറിച്ചു .പൊടിമണ്ണ് നീങ്ങിയ നിലത്തു നിന്നും നീരാവി മുകളിലേക്ക് ഉയർന്നുപൊങ്ങി.
സ്റ്റാറ്റസിൻറെ പുതിയ പുറംപൂച്ചുകൾ അടർന്നു വീഴുന്നതായി അയാൾക്ക് തോന്നി.
ചുവപ്പ് ചായം പൂശിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ അയാളും ചെറിയ ചില മേഘ തുണ്ടുകളും മാത്രം !
നിഴലുവീണ കരിമ്പുപാടങ്ങൾ അങ്ങ് ദൂരത്തായി കാണാം. വളഞ്ഞ് പുളഞ്ഞു കിടക്കുന്ന ദേശീയ പാതക്കിരുവശത്തും കൃഷിയിടങ്ങളും ചോലവനങ്ങളും..!
എന്തെന്നറിഞ്ഞീല ,വിഹ്വലമായ ഹൃദയം അയാളുടെ കൺകോണുകളിൽ രണ്ടിറ്റ് കണ്ണുനീർ ചുരത്തി.