ശൈത്യ കാലമായതിനാൽ ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്, വകവെക്കാതെ ലക്ഷ്മി കുട്ടി അതിരാവിലെ എണീറ്റു കുളിച്ചു. പിന്നെ തന്റെ കൈ കൊണ്ട് ഒരു ഉപ്പുമാവ് എങ്കിലും ഉണ്ടാക്കി കഴിച്ചിട്ട് യാത്രക്കുള്ള ചിട്ട വട്ടങ്ങൾ ഒക്കെ തുടങ്ങാം എന്ന് കരുതിയാണ് അടുക്കളയിൽ എത്തിയത്.
എന്നാൽ അവൾക്ക് കഴിക്കാനുള്ള വിഭവങ്ങൾ ഒരുക്കി കൊണ്ട് 'ലീല'അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിച്ട്ടുണ്ടായിരുന്നു. സത്യത്തിൽ അവൾക്ക് കോപം ശരീരത്തിലൂടെ ഇരച്ചു കയറി എങ്കിലും നിയന്ത്രിച്ചു. കാരണം അവൾ എന്നെത്തേക്കാളും ഉപരി അന്നത്തെ ദിവസം സന്തോഷവതി ആയിരുന്നു.
"ലീല ചേച്ചി നേരത്തെ എണീറ്റോ? ഞാൻ എനിക്കുള്ളത് തയ്യാറാക്കുമായിരുന്നില്ലേ "അവൾ ലീലയോട് മയം പുരട്ടി ചോദിച്ചു.
"അത് മോളെ 'അമ്മച്ചി' അറിഞ്ഞാൽ ആകെ ബഹളം വെക്കും. കിടക്കുമ്പോൾ എന്നോട് പ്രത്യേകം പറഞ്ഞു എല്പിച്ചിരുന്നു മോൾക്ക് രാവിലെ പോവേണ്ടതാണ് അതിരാവിലെ എണീറ്റ് പ്രാതൽ തയ്യാറാക്കണമെന്ന്."
ലക്ഷ്മി കുട്ടി ഒന്നും പറഞ്ഞില്ല. അവൾക്കറിയാമായിരുന്നു തുറന്നു പറഞ്ഞില്ലെങ്കിലും, ലീല ചേച്ചി മനസ്സിലെങ്കിലും പറയും, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് കാര്യമില്ലല്ലോ എന്ന്.'
പുട്ടും, കടല കറിയും കഴിച്ചെന്നു വരുത്തി അവൾ എണീറ്റു കൈ കഴുകി. വാഷ്ബേസിന്റെ അരികെ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ,കൊഴുപ്പ് കയറിയ മുഖം കണ്ട്, നിരാശ തോന്നി. തന്റെ ദ്രവിച്ചു തുടങ്ങിയ വീടും, പരിസരവും, തന്നെ അപരിചിതയെ പോലെ നോക്കുമെന്നവൾ ഭയന്നു. അവർക്ക് പരിചയം മെലിഞ്ഞു ശാലീന സുന്ദരിയായിരുന്ന തന്നെയായിരുന്നല്ലോ.!
പട്ടിലും, പൊന്നിലും കുളിച്ച ആടയാഭരണങ്ങളുടെ ഉള്ളിൽ നിന്ന് ലക്ഷ്മി കുട്ടി പതുക്കെ പുറത്തു കടന്നു. എന്നിട്ട് കഴുത്തിൽ ചെറിയ ഒരു നൂൽ മാലയും, ഒരു ചെറിയ കമ്മലും അണിഞ്ഞു. സാധാരണ ഒരു കോട്ടൺ സാരി ഞൊറിഞ്ഞു ഉടുത്തു കൊണ്ട് കിടപ്പറയിലെ കണ്ണാടിയിൽ തന്റെ പ്രതി രൂപം നോക്കി അൽപ നേരം നിൽക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവളുടെ ചലനങ്ങൾ ഉറങ്ങികിടക്കുന്ന ഭർത്താവ് ജിത്തുവിനെ ഉണർത്തി.
“എന്ത് തണുപ്പും, മഞ്ഞുമാണ്. നീ ഇത്ര രാവിലെ റെഡിയായോ?”
അയാൾ പുതപ്പിന്റെ ഉള്ളിൽ നിന്ന് ചോദിച്ചു.
“മ്മ്മ്”....അവൾ വെറുതെ മൂളി.
“നിനക്കെന്താ ഒരു ദേഷ്യം പോലെ, നിന്റെ വാശിക്ക് വളം വെച്ചു തന്നതിനാണോ?”
അവൾ ഒരു പരിഹാസ ചിരി ചിരിച്ചു.
“നിക്ക് നിന്നെ കുറിച്ച് ഒട്ടും മനസ്സിലാവുന്നില്ലന്റെ ലക്ഷികുട്ടീ... നിനക്കിവിടെ എന്തെങ്കിലും ഒരു കുറവ് ഉണ്ടോ?
“കുറവുണ്ടെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്യൂമായിരുന്നു. ഇതിപ്പോ കൂടുതൽ ആയതാണ്, അതാ കുഴപ്പം.”
തർക്കിക്കാൻ ഞാനില്ല! അമ്മയോട് രാത്രി ഞാൻ പറഞ്ഞിരുന്നു. ഞാൻ ഇറങ്ങുകയായി. മടക്കം നാളെയായിരിക്കും.
അതും പറഞ്ഞു അവിടെനിന്ന് ഇറങ്ങുമ്പോൾ ലക്ഷികുട്ടിക്ക് സ്വയം ആത്മപ്രശംസ തോന്നി. തന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന കരുത്തുറ്റ സ്ത്രീയെ ഇപ്പോഴെങ്കിലും പൊടി തട്ടി എടുക്കാൻ സാധിച്ചതിൽ! തന്റെ വ്യക്തിത്വത്തെ അടിയറവു വെച്ച് ജീവിതം സമ്പന്നമാക്കുന്നതിൽ അവൾക്ക് ഉള്ളിൽ എന്നും അമർഷം നുരഞ്ഞിരുന്നു.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി, അവൾക്ക് അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരമുള്ള വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ അവൾക്ക് അകാരണമായി കരച്ചിൽ വരുന്നുണ്ടായിരുന്നു. അച്ഛന്റെയും,അമ്മയുടെയും, അനിയത്തിയുടെയും ചിരിക്കുന്ന മുഖം അവളുടെ മുന്നിൽ നിറഞ്ഞു നിന്നു.
ട്രെയിൻ ഓടി തുടങ്ങിയപ്പോൾ ഈ യാത്ര ഒരിക്കലും അവസാനിക്കരുതെങ്കിൽ എന്ന് മോഹിച്ചു. സീറ്റിലേക്ക് തന്റെ തലയുടെ ഭാരം ഇറക്കി വെച്ച് കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു.
അച്ഛന്റെയും, അമ്മയുടെയും സ്നേഹപരിലാളങ്ങൾ വേ ണ്ടുവോളം ലഭിച്ചു കൊണ്ട് ലക്ഷികുട്ടിയും, പാറുവും വളർന്നു.എത്ര കഷ്ടംപെട്ടിട്ട് ആണെങ്കിലും കുട്ടികളെ വേണ്ടുവോളം പഠിപ്പിക്കണം എന്ന് തന്നെയായിരുന്നു,അച്ഛന്റെയും, അമ്മയുടെയും ആഗ്രഹം. അത്പോലെ തന്നെ രണ്ട് പേരും നന്നായി പഠിക്കുകയും ചെയ്തു.ജീവിതം സുന്ദരം, ഒരലട്ടലും ഇല്ല.ലക്ഷ്മി കുട്ടിയെ ആണെങ്കിൽ, അമ്മാവന്റെ മകൻ രവീന്ദ്രനുമായി കൊച്ചു നാളിലേ പറഞ്ഞു വെച്ചതാണ്. അങ്ങിനെ ജീവിതം സുഗമമായി മുന്നോട്ടു പോകുന്നതിനിടയിൽ ആണ്, നാടിനെ നടുക്കുന്ന ബസ് അപകടം സംഭവിച്ചത്.അതിൽ ലക്ഷ്മി കുട്ടിയും ഫാമിലിയും പെട്ടിട്ടുണ്ടായിരുന്നു. അച്ഛൻ രാമന്റെയും, അമ്മ നാരായണിയുടെയും അനിയത്തി പാറുവിന്റെ യും ജീവൻ ദൈവം അങ്ങ് എടുത്തു. പാവം ലക്ഷ്മി കുട്ടിയെ മാത്രം ബാക്കിവെച്ചു കൊണ്ട്. ഹോസ്പിറ്റൽ കാലിലും, കയ്യിലും പ്ലാസ്റ്ററോടെ മ നസ് ജീവഛവമായി, എങ്ങിനെയെങ്കിലും മരിച്ചു പോയാൽ മതി എന്ന് പ്രാർത്ഥിച്ചു കിടക്കുമ്പോൾ, തൊട്ടടുത്ത റൂമിൽ നിന്ന് എന്നും ഒരു ചെറുപ്പക്കാരൻ ക്ഷേമം അന്വേഷിക്കാൻ എത്തുമായിരുന്നു. കൂടെ ഇത്തിരി പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഉണ്ട്. ആദ്യത്തെ ദിവസം തന്നെ അയാൾ ചോദിച്ചു.
"കുട്ടിയുടെ പേര് ലക്ഷി കുട്ടിയെന്നാണ് അല്ലെ.?"
"ഞാൻ, ജിത്തു, ഇവർ ഞങ്ങളുടെ വീട്ടിൽ സഹായത്തിനു നിൽക്കുന്ന അമ്മയാണ്. പേര് ലീല".
അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.ഇത്തരത്തിൽ ഒരവസ്ഥയിൽ ആശ്രയമറ്റു കിടക്കുമ്പോൾ ബന്ധുക്കൾക്ക് പോലും അധിക പറ്റ് ആയല്ലോ എന്ന് വേദനയോടെ ഓർത്തു. അല്ലെങ്കിലും ആരുമുണ്ടായിട്ട് എന്താ കാര്യം, എവിടെനിന്ന് എണീക്കുമ്പോൾ മരണത്തെ വരിക്കണമെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ലക്ഷ്മി കുട്ടിക്ക്.
ലീലയും, ആ ചെറുപ്പകാരനുമായിരുന്നു പിന്നെ എല്ലാ സഹായത്തിനും. ഹോസ്പിററലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, അമ്മായിയും, രവിയേട്ടനും വന്നു. അവരുടെ വീട്ടിലേക്ക് ആയിരുന്നു കൊണ്ട് പോയത്.
എന്തോ? രവിയേട്ടൻ പഴയതുപോലെ അടുപ്പം കാണിക്കാതെയായപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.തന്നെ മാത്രം ഈ ഭൂമിയിൽ ബാക്കി വെച്ചു കൊണ്ട് ദൈവം എന്തിനീ ക്രൂരതകാട്ടി യെന്ന് അവൾക്ക് എത്ര ആലോചിട്ടിട്ടും മനസ്സിലായില്ല.
ഒരുവിധം എണീറ്റ് നടക്കാൻ ആയപ്പോ ഒരു ദിവസം അമ്മായി അവളുടെ അടുത്തു വന്നു കരഞ്ഞുകൊണ്ട് പറഞ്ഞു.
"മോളെ... നിനക്കറിയില്ലേ, രവിയുടെ അച്ഛന്റെ മറ്റേ കിഡ്നിയും സൂക്കേട് ആയി എന്ന്. ഞാനെന്ത് ചെയ്യണം നീ പറയ്."
ലക്ഷ്മി കുട്ടിക്ക് ഒന്നും മനസ്സിലായില്ല. അവൾ ചോദ്യഭാവത്തിൽ അമ്മായിയെ നോക്കി.
"പണം വേണം മോളെ... ഭദ്രൻചേട്ടനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ. അതിന് നമ്മളൊന്നും കൂട്ടിയാൽ കൂടൂലാ..."
"എന്താപ്പോ ചെയ്യാ അമ്മായി,"അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഉരുണ്ട് കൂട്ടിയതിനാൽ അവൾക്ക് കാഴ്ച്ചക്ക് മാത്രമല്ല, മൊത്തത്തിൽ ഒരു ഒരു അവ്യക്തത അനുഭവപ്പെട്ടു.
“ഈ അവസരത്തിൽ മോളോട് പറയാൻ പാടുണ്ടോന്ന് നിക്കറിയൂല....പറയാതിരിക്കാൻ ഈ അമ്മായിക്ക് പറ്റൂല!കാരണം അങ്ങേരെ മരണത്തിന് വിട്ടു കൊടുക്കാൻനിക്ക് കഴിയൂല!നാളെ മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്". അമ്മായി വാക്കുകൾ ഓരോന്നും പെറുക്കി പെറുക്കി പറഞ്ഞു.
ലക്ഷ്മി കുട്ടി ഞെട്ടലോടെ അമ്മായിയുടെ മുഖംത്തേക്ക് തന്നെ നോക്കി നിന്നുപോയി.
"മോൾക്ക് അറിയാം ചെറുക്കനെ, ഹോസ്പിറ്റലിൽ ഉണ്ടായിരുന്നില്ലെ ജിത്തു. അവനാണ് പയ്യൻ. വല്യ ക്യാഷ്കാരാണ്. ഗൾഫിലും,നാട്ടിലുമൊക്കെ ആയി കുറെ ബിസിനെസ്സ് ഉണ്ടെത്രെ. ഭദ്രേട്ടന്റെ ഓപ്പറേഷന് അവര് ക്യാഷ് തരാമെന്നാണ് പറയുന്നത്. പകരം അവർക്ക് മോളെ വേണം. ജിത്തുവിന് അത്രയ്ക്ക് മോളെ ബോധിച്ചു."
ലക്ഷ്‌മികുട്ടി ഒന്ന് ഉറക്കെ കരയണമെന്ന് തോന്നി. പക്ഷെ കരഞ്ഞില്ല. അത് കേട്ട് മനസ്സലിയാൻ അവളുടെ അച്ഛനും, അമ്മയുമൊന്നും ഇല്ലല്ലോ!വിവാഹം കഴിഞ്ഞ് പിന്നീട് അങ്ങോട്ട് ഒരു പാവയായി മാറി പോയിരുന്നു അവൾ. ജിത്തുവിന്റെയും, വീട്ടുകാരുടെയും കീ ക്ക് അനുസരിച്ഛ് തുള്ളുന്ന പാവ. സ്വയമൊന്ന് നടക്കാനും, ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവൾക്ക് നഷ്‌ടപ്പെട്ടു. പട്ടു സാരി ചുറ്റി, ആഭരണങ്ങൾ അണിഞ്ഞ്, മടുപ്പ് വന്നപ്പോൾ അവൾ ഒരു ദിവസം എല്ലാം എടുത്തു എറിഞ്ഞു. ഒന്നും താങ്ങാൻ കഴിയാതെ മനസ്സിന്റെ നിയന്ത്രണം നഷ്‌ടപെട്ട അവളെ, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഡോക്ടർ ആണ് അവരോട് പറഞ്ഞത്. നിങ്ങൾക്ക് ലക്ഷ്മി കുട്ടീയെ പൂർണമായി വേണമെങ്കിൽ അവളെ സ്വന്തം ഇഷ്‌ടത്തിന് വിടുക. അങ്ങിനെയാണവൾ അച്ഛൻ ന്റെയും, അമ്മയുടെയും, അനിയത്തിയുടെയും പ്രാണൻ തങ്ങി നിൽക്കുന്ന, ജനിച്ചു വളർന്ന വീട് കാണാൻ പുറപ്പെട്ടത്. അവിടെ അവൾക്ക് ഒരു ദിവസമെങ്കിലും താമസിക്കണമായിരുന്നു. വെറുമൊരു കാട്ട് പൂവ് ആയി മണ്ണിന്റെ മണമറിഞ്ഞ് വളർന്ന, ഒരു സാധാരണക്കാരിയായ ലക്ഷ്മികുട്ടിയെ സമ്പന്നതയുടെ ഇടയിലെ ആഡംബര ചട്ടിയിലേക്ക് പറിച്ചു നട്ടപ്പോൾ അവൾ വല്ലാതെ വാടി പോയിരുന്നു.
"എന്നാലും ഞാനും നിന്റെ കൂടെ വരട്ടെന്റെ ലക്ഷ്മി കൂട്ടീ..."എന്ന ജിത്തുവിന്റെ ചോദ്യം അവളിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിഞ്ഞിണ്ടായിരുന്നു.