നീണ്ടുയർന്നും വളഞ്ഞുമടങ്ങിയും ഒടിഞ്ഞുതൂങ്ങിയും നിലകൊണ്ട കുന്നുകൾ താണ്ടി സത്രം ഓഫ്റോഡ് ട്രെക്കിങ് കഴിഞ്ഞ് വണ്ടിപ്പെരിയാറെത്തുന്നതിനു മുമ്പ് അയ്യപ്പേട്ടൻ ജീപ്പു നിർത്തി. അരികിൽ എന്റെ ജന്മവസന്തങ്ങളിൽ ശിശിരമില്ലാത്ത ഓർമകളുടെ തേയിലച്ചെടികൾ. പച്ചനിറത്തിൽ അവ മോദമായ ഒരു അനുഭൂതി ഒരുക്കിയിട്ടുണ്ടെന്ന് എനിക്കു തോന്നി.
ചെടികളെ കൈകൊണ്ട് തലോടി മുന്നോട്ടുനടക്കുമ്പോൾ കുറച്ചപ്പുറത്ത് തേയിലനുള്ളുന്ന മധ്യവയസ്കരും വൃദ്ധകളുമായ പത്തോളം സ്ത്രീകൾ. ഞങ്ങളിലേക്ക് ദൃഷ്ടി പതിപ്പിക്കാതെ പണി തുടരുന്ന അവരോട് അവജ്ഞയായതുകൊണ്ടാകണം ഫാസിലും റാസിഖും അവർക്കരികിലേക്കു വന്നില്ല. ചെടികൾക്കിടയിൽ വെള്ളത്തടിയും പച്ചകൈകളുമുള്ള കുറച്ചധികം മരങ്ങൾ.
അവർക്കരികിലെത്തിയപ്പോൾ ഒരു സ്ത്രീ എന്നെ നോക്കികൊണ്ടേയിരിക്കുന്നു, പ്രിയപ്പെട്ട ഒരാളോടെന്നപോലെ അവരെന്നെ നോക്കി പുഞ്ചിരിക്കുന്നു. മറ്റേചുണ്ടിനോട് ഉറച്ചുനിൽക്കാത്ത അവരുടെ താഴേചുണ്ടും ചുളിഞ്ഞുതുടങ്ങിയ കവിളുകളും എന്റെ ശ്രദ്ധ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ ആവശ്യത്തിലേറെ ശ്രദ്ധ നല്കിയത് ഗാന്ധിജിയെക്കാൾ മടക്കുകളുള്ള അവരുടെ നെറ്റിയിലേക്കായിരുന്നു.
''ഉന്നെ പാത്താൽ എൻ പുള്ളയെ പോലിറ്ക്ക്, ഉൻ പേരെന്നാ?'' ഹൃദയം ഘനീഭവിച്ച അവരുടെ ശബ്ദത്തിൽ ഈറൻ പൊടിഞ്ഞുകൂടിയിരുന്നു.
"അലൻ''
ഒരു പഴയ ഷർട്ട് തലയിലൂടെയിട്ട് കൊട്ടയും താങ്ങി അവർ തേയില നുള്ളുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പതിയെ നിറഞ്ഞുകൊണ്ടിരുന്ന അവരുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവരെന്നെ വെട്ടിച്ചുകൊണ്ട് തിരിഞ്ഞുനിന്നു.
"ഉങ്കള പേരെന്നാ?" ഞാനെന്റെ മുടന്തൻ തമിഴിൽ പറഞ്ഞൊപ്പിച്ചു.
"മേരി" മുഖം തരാതെ അവർ പറഞ്ഞു.
ഞാനവരുടെ കണ്ണുകളെ ഒരിക്കൽ കൂടി കാണുവാൻ വേണ്ടി അവർക്കരികിൽ അക്ഷമനായി കാത്തുനിന്നു.
"വാഡാ പോകാം ഡ്രൈവർ വിളിച്ചലമുറയിട്ന്നുണ്ട്"
"ദാ വരണു"
മേരി, ഒച്ചയിൽ എന്നോട് വരാനാവശ്യപ്പെട്ട അശ്വിനു നേരേ മുഖം തിരിച്ചപ്പോൾ ഞാനവരുടെ കണ്ണുകൾ പിന്നെയും കണ്ടു. വിളളലുകൾ ആ കണ്ണുകളിലൂടെ പ്രവഹിച്ചതുകണ്ട് ഞാൻ നിസ്സംഗനായി നിന്നു. അടുത്ത നിമിഷം ഞാനവർക്കരികിൽ നിന്നും തിരിഞ്ഞുനടക്കാനാരംഭിച്ചു.
ജീപ്പ് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോൾ ഞാനെന്റെ ഫോണെടുത്തു.
"അന്നമ്മോ എന്തൊക്കെയുണ്ട് വിശേഷം!" മരിച്ചുപോയ അമ്മയുടെ ചിത്രത്തിൽ എന്റെ കണ്ണീർത്തുള്ളികൾ ചിതറിത്തെറിച്ചു.