ഐ സി യൂ വിലെ വിറങ്ങലിക്കുന്ന തണുപ്പിൽ കണ്ണിലേക്ക് തുളച്ചുകേറുന്ന നീല വെളിച്ചത്തിൽ അവൾ പതിയെ കണ്ണുതുറന്നു.. എവിടെയാണെന്ന് പെട്ടന്ന് മനസ്സിലായില്ലെങ്കിലും പതിയെ വീണ്ടും മയക്കത്തിലേക്ക് വീണു. പിന്നെ കണ്ണു തുറക്കുന്നത് "തിന്നിട്ട് എല്ലിന്റെയുള്ളിൽ കുത്തിയിട്ടാണ്"
" അല്ല പിന്നെ ദൈവവിചാരം പണ്ടേയില്ല, അല്ലെങ്കിൽ തന്നെ ആത്മഹത്യ ചെയ്യണ്ട വല്ല സഹചര്യവുമുണ്ടോ?"
"ശ്രദ്ധ കിട്ടാനുള്ള നാടകമാണ്, ചാവാതെ സേഫായി ചെയ്യുന്നത് അല്ലാതെങ്ങെനെയാ?"
തുടങ്ങിയ അടക്കം പറച്ചലുകൾ കേട്ടാണ്. അപ്പോൾ താൻ മരിച്ചിട്ടിലെന്നു അവൾക്കു മനസിലായി. ഇപ്പോൾ താൻ മരിക്കാത്തതാണോ പ്രശ്‌നം?! അവളുടെ കണ്ണുകൾ ആരെയോ ചുറ്റും പരതി.
ആരേയാ നോക്കുന്നേ? ഇപ്പോൾ എങ്ങനെയുണ്ട്?സീനിയർ സൈക്യാട്രിസ്റ്റ്, അറുപതിനോടടുത്ത പ്രായം, ചിരിക്കുന്ന ഐശ്വര്യമുള്ള മുഖം, കാണുമ്പോഴേ എന്തോ ഒരു അടുപ്പം തോന്നും. പരിചയപെട്ടപ്പോൾ മനസിലായി അവളുടെ അടുത്ത സുഹൃത്തിന്റെ പ്രൊഫസ്സർ ആണ്.എടോ, താൻ ഈ കലാപരിപാടിക്കിറങ്ങും മുൻപ് തന്റെ കൂട്ടുകാരിയെ ഒന്നു വിളിച്ചുകൂടായിരുന്നോ?
അവൾ ഓർത്തു; ചിരിയും കളിയുമായി മാത്രം കണ്ടിട്ടുള്ളവള്ളോട് ഇങ്ങനൊരു കരയുന്ന മുഖമുണ്ടെന്നു പറയാൻ മടിയായിരുന്നു. അവളിലെ സൈക്യാട്രിസ്റ്റിനെ പേടിയായിരുന്നു. ഇപ്പോൾ തോന്നുന്നു ഒന്നു വിളിച്ചിരുന്നെങ്കിൽ...
തന്റെ ക്ഷീണമൊക്കെ മാറട്ടെ, നാളെ നമുക്കു കുറച്ചു സംസാരിക്കാം. എന്നും പറഞ്ഞു ഡോക്ടർ പോയി. പിറ്റേദിവസം അവൾ അവളുടെ കഥ പറയാൻ ഡോക്ടറുടെ മുന്നിലെത്തി.
"ഡോക്ടറിന് അറിയുമോ ഞാൻ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. പഠിപ്പു കഴിഞ്ഞയുടനെ ജോലിയും കിട്ടി. ആദ്യമെല്ലാം ജോലിഭാരമാണ് എന്റെ പ്രശ്നം എന്നു കരുതി. എനിക്കൊരു കഴിവില്ലെന്ന്, ഞാൻ തോറ്റു പോകുകയാണെന്ന് മനസു പറഞ്ഞുകൊണ്ടിരുന്നു. വല്ലാത്തൊരു ഒറ്റപ്പെടൽ.ആ സമയത്തായിരുന്നു വിവാഹം. ഒരു പറിച്ചു നടൽ. ഉണ്ടായിരുന്ന ജോലി വേണ്ടെന്നുവെച്ചു. നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടതുപോലെ തോന്നി. എനിക്കൊരു വിലയില്ല. ഞാൻ ഒന്നും നേടിയില്ല, ജീവിതത്തിനു അർത്ഥം പോലുമില്ലെന്നു തോന്നി തുടങ്ങി.
എനിക്കു തന്നെ എന്തൊക്കയോ കുഴപ്പങ്ങൾ തോന്നി. എങ്ങിനെയെങ്കിലും മറികടക്കാൻ ഞാൻ ശ്രമിച്ചു.ഞാൻ ഗൂഗിളിൽ അന്വേഷിച്ചു, എന്തൊക്കയോ ആർട്ടിക്കിൾ വായിച്ചു. എല്ലായിടത്തും കേട്ടത് ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടാനാണ്. അടുക്കള പണികൾക്കിടയിലും പാത്രം കഴുകുമ്പോഴുമൊക്കെയാണ് എന്റെ മനസ്സ് കാട് കയറുന്നത്. അനാവശ്യ ചിന്തകളിലൂടെ അലഞ്ഞു തിരിയുന്നത്. ആ സമയങ്ങളിൽ പാട്ടുകൾ കേട്ടുനോക്കി, എന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ, അടിപൊളി പാട്ടുകൾ, റോക്ക് മ്യൂസിക് ഒന്നിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ഏതോ ഒരു ഭാവനലോകത്തു ജീവിച്ചു.
ഒരു ജോലി കണ്ടെത്തി അതിൽ മുഴുകിയെങ്കില്ലും എനിക്ക് ഒറ്റപ്പെടാൻ, കാടുകയറാൻ പിന്നെയും സമയം ബാക്കിയായിരുന്നു.ചില സമയങ്ങളിൽ എന്തിനെന്നിലാതെ, നിസാര കാര്യങ്ങൾക്കുപോലും കരയുമായിരുന്നു. കരച്ചിലിന്റെ അവസാനം എനിക്കു തന്നെ തോന്നും എന്തു ലോജിക് ഇല്ലാതെയാണ് ഞാൻ ചിന്തിക്കുന്നത്. എന്തിനാണ് കരഞ്ഞത് എന്നെല്ലാം.
ഞാൻ പലരോടും സംസാരിച്ചെങ്കിലും ആർക്കും എന്നെ സഹായിക്കാൻ കഴിഞ്ഞില്ല. പലരും എന്നെ ഉപദേശിച്ചു, ചിലർ കളിയാക്കി, ചിലർക്ക് തമാശയായിരുന്നു.അപ്പോൾ ഡോക്ടർ ചോദിക്കുമായിരിക്കും എന്തുകൊണ്ട് ഒരു ഡോക്ടറെ കണ്ടില്ലെന്ന്. എനിക്കു പേടിയായിരുന്നു ഡോക്ടർ, എന്നെ ഒരു മനോരോഗിയായി മുദ്രകുത്തുമോ എന്ന്. പഠിച്ചകുട്ടിയല്ലേ?, അറിവില്ല?, വിവരമില്ല? എന്നൊക്കെ ചോദിച്ചേക്കാം. പക്ഷേ, സമൂഹത്തെ, സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ എനിക്കു പേടിയാണ്. എന്നെ ഈ കാരണത്താൽ ഭർത്താവ് ഉപേക്ഷിക്കുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു, അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു ഉത്തമ ബോധ്യമുണ്ടായിട്ടു പോലും. അല്ലെങ്കിലേ ഈ ഐടിക്കാരെല്ലാം മനോരോഗികളാണല്ലോ.
പതിയെ എനിക്കു വിശപ്പിലാതെയായി. ഉറക്കവും നഷ്ടപ്പെട്ടു. മൊബൈലിൽ ഞാൻ അഭയം തേടി, ഗെയിമുകൾ കളിച്ചു. എന്റെ ഇഷ്ടങ്ങൾ പോലും മാറിപ്പോയി. എന്നിട്ടും ഏറ്റവും അടുത്തവർക്കുപോലും എന്നെ മനസിലായില്ല.ഡോക്ടർ, ഇപ്പോൾ എല്ലാവരും പറയുന്നില്ലേ, ആരോടെങ്കിലും അവൾക്കു പറഞ്ഞുകൂടായിരുന്നോ എന്ന്. എന്നെ ഈ സങ്കടങ്ങൾ നിങ്ങളുടെ ഭാഷയിൽ വിഷാദം പിടികൂടിയിട്ടു ആഴ്ചകളോ മാസമോ ആയി. എന്റെ മുഖത്ത് ചിരി ഇല്ലാതായിട്ടു പോലും ആരും മനസ്സിലാക്കിയില്ല.
ഞാൻ പലരോടും പറഞ്ഞതാണ് എനിക്കു ഈ ജീവിതം അങ്ങു അവസാനിപ്പിച്ചാൽ മതിയെന്ന്. എല്ലാം മടുത്തെന്ന്. അപ്പോൾ പറഞ്ഞു പ്രാർത്ഥനയുടെ കുറവാണെന്ന്, നല്ല ചിന്തകൾ മനസിൽ ഇല്ലാഞ്ഞിട്ടാണെന്നു, മരിക്കാൻ ഒരുപാട് ധൈര്യം വേണമത്രെ ജീവിക്കാൻ അതിന്റെ പത്തിലൊന്ന് മതിയെന്ന്.. എന്തൊക്കെ കേട്ടു പക്ഷെ എന്റെ അവസ്‌ഥ മാത്രം ആരും മനസ്സിലാക്കിയില്ല."
അവൾ പൊട്ടികരഞ്ഞു അല്ല അലറികരഞ്ഞു.
അതേടോ, ഇതു തന്റെ മാത്രം പ്രശ്‌നമല്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാടു പേരുണ്ടെടോ. അതേ ഈ ശരീരത്തിന് ഒരു അസുഖം വന്നാൽ, ഒരു ചെറിയ പനിയാണെങ്കിൽ പോലും ഡോക്ടറെ കാണിക്കും. എന്നാൽ മനസിന് അസുഖം വന്നാൽ മനസു കൈവിട്ടുപോകുമെന്നു തോന്നിയാൽ പോലും ഡോക്ടറെ കാണിക്കില്ല.. തന്നെ കുറ്റം പറഞ്ഞതല്ല, പലരും അങ്ങനെയാണ്. തനിക്ക് കുഴപ്പമൊന്നുമില്ലടോ, തന്റെ തലച്ചോറിൽ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന വികൃതികളാണ്. മരുന്ന് കഴിച്ചാൽ മാറാവുന്ന, വരുതിയിൽ നിർത്താവുന്ന പ്രശ്നങ്ങളെ തനിക്ക് ഇപ്പോഴുള്ളൂ. താൻ പോയി റെസ്റ്റ് എടുക്കൂ.. പിന്നെ തന്നെ നന്നായി ശ്രദ്ധിക്കാൻ തന്റെ ഫ്രണ്ടിനോട്, എന്റെ ശിഷ്യയോട് ഞാൻ പറയാം.
അവൾ മുറിയിലേക്ക് നടന്നു...