വേദനകൊണ്ടയാൾ പുളയുകയായിരുന്നു. ഇടതുചെവിയിൽ അമർത്തിതിരുമ്മിക്കൊണ്ട് ഒരപസ്മാരരോഗിയെപ്പോലെ അയാൾ ഉറഞ്ഞുതുള്ളി. ചെവിക്കകത്ത് കൊടുങ്കാറ്റടിക്കുന്നതുപോലെയും പടക്കുതിരകൾ
കുതിക്കുന്നതായും അയാൾക്കു തോന്നി. "ചെവിക്കായം പറക്കുന്നതാ, നിങ്ങളൊന്നടങ്ങിയിരിക്ക് ഞാനൊന്നു നോക്കട്ടെ." ഭാര്യയുടെ നിസ്സാരവൽക്കരിക്കൽ കേട്ട് അയാൾക്ക് അരിശവും വരുന്നുണ്ടായിരുന്നു. വേദന അമർത്താനുള്ള ശ്രമം പരാജയപ്പെട്ട് അയാൾസോഫയിലേക്കിരുന്നു. "നീയാ വെളിച്ചെണ്ണയെടുത്ത് ചെവിയിലൊട്ടൊന്നിറ്റിച്ചു താ, വേദന സഹിക്കാമ്മേല." അയാൾ ഭാര്യയോടു പറഞ്ഞു. അത് കേട്ടുകൊണ്ട് മകൾ അവിടേക്കു വന്നു. "അച്ഛാ ചെവിക്കകത്ത്ഓയിലൊന്നുംഒഴിച്ചുകൂടെന്നാ ഡോക്‌ടർമാര് പറേണത്." മകളുടെ വൈദ്യവിജ്ഞാനം ശ്രദ്ധിക്കാതെ അയാൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് കണ്ണുകൾ അടച്ചിരുന്നു. ഭാര്യ അടുത്തുവന്ന് അയാളെ കുറേനേരം നോക്കിയിരുന്നതൊന്നും അയാളറിയുന്നുണ്ടായിരുന്നില്ല.
ങാ... ഇതുറുമ്പു കയറീതു തന്ന്യാ... അയാളുടെ കഴുത്തിനു പിൻവശത്തു നിന്നും ഒരുറുമ്പിനെ നുള്ളിയെടുത്തുകൊണ്ട് ഭാര്യ പറഞ്ഞതു കേട്ട് അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. "ഉറുമ്പണെങ്കി ഇപ്പോ ഞാനെടുത്തു തരാം അമ്മേ", മൊബൈൽ എടുത്ത് ടോർച്ചു മിന്നിച്ചു കൊണ്ട് മകൾ അടുത്തേക്കു വന്നു. "ചെവിയിലേക്ക് ടോർച്ചടിച്ചുകൊടുത്താൽ ഏതുറുമ്പും ക്ഷണത്തിൽ വെളിയിലേക്കു വരും" അവൾ പറഞ്ഞു. എങ്ങനെയെങ്കിലും ഈ പരവേശത്തിൽ നിന്നു മുക്തി കിട്ടിയാൽ മതി എന്നു ചിന്തിച്ച് അയാൾ സോഫയിലേക്കു ചരിഞ്ഞു കിടന്നു. മകൾ ഉടനേ മൊബൈലിന്റെ ടോർച്ച് അയാളുടെ ചെവിക്കകത്തേക്കു തെളിയിച്ചു. ഒരു മിനിട്ട് കഴിഞ്ഞപ്പോഴേക്കും അയാൾക്ക് തെല്ലൊരാശ്വാസം അനുഭവപ്പെട്ടു. ചെവിക്കകത്തെ കൊളുത്തിപ്പിടിത്തത്തിന് അയവു വന്നപോലെയും, പുറത്തേക്ക് എന്തോ ഇഴഞ്ഞിറങ്ങുന്നതായും തോന്നി.അയാൾ ശ്വാസം പിടിച്ച് അനങ്ങാതെ കിടന്നു. "ദാ ദാ വരണുണ്ട് അവൻ... കടിയനുറുമ്പാ", മകൾ ഉത്സാഹത്തോടെ പറഞ്ഞു. ഉറുമ്പ് പൂർണ്ണമായും വെളിയിലേക്കു വന്നയുടൻ വിരലുകൾ അകത്തേക്കിട്ട് അവൾ അതിനെ കൈപ്പിടിയിലൊതുക്കി പുറത്തേക്കെറിഞ്ഞു.
ചെവിക്കകത്തെ കടലിരമ്പം ഇപ്പോൾ പൂർണ്ണമായും അവസാനിച്ചിരിക്കുന്നു. അവാച്യമായൊരു ശാന്തത അയാളെ പുല്‌കി. പതിയെ സുഖകരമായൊരാലസ്യത്തിലേക്കയാൾഊർന്നിറങ്ങി. ബോധം അബോധത്തിന്റെ തുരുത്തിലേക്കു തുഴഞ്ഞുകൊണ്ടിരിക്കെ ഒരശരീരി അയാളെ ഉണർത്തി. "സഹോദരാ ഉണരൂ, എന്തൊരുറക്കമാ ഇത്? "ആരാ?" പകുതി ബോധത്തിൽ അയാൾ പ്രതിവചിച്ചു. "ഞാൻ ഉറുമ്പാ... നേരത്തേ നിങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന... "ഹോ... വീണ്ടും വന്നോ നീ.... ..... ശല്ല്യപ്പെടുത്താൻ, എന്തു വേണം നിനക്ക്?" അയാൾ അലോസരത്തോടെ ചോദിച്ചു. "ഞാനെങ്ങനെ പോകാനാണ് സഹോദരാ ഞങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നൊരു ദേശത്തേയ്ക്ക്? ജനിച്ചു വീണ മണ്ണാണെന്നതൊക്കെ ശരി തന്നെ. പക്ഷേ അസ്‌തിത്വം ചോദ്യം ചെയ്യപ്പെടുന്നൊരിടത്തേക്കു പോകാൻ ആരാണ് താത്പര്യപ്പെടുക സുഹൃത്തേ പറയൂ?" ഉറുമ്പ് ഉറച്ച ശബ്ദത്തിലാണാ ചോദ്യം തൊടുത്തത്. "ആരാ ആരാ നിങ്ങളുടെ നിലനില്പ്പ് അപകടത്തിലാക്കുന്നത്? ആരാണ് നിങ്ങളെ അവിടെ നിന്ന് ആട്ടിയോടിച്ചത്?" അയാൾ ആകാംക്ഷയോടെ തിരക്കി.
"അതൊക്കെ ഒരു വലിയ കഥയാണ് സഹോദരാ വലിയൊരു കുടിയൊഴിപ്പിക്കലിന്റെ ആ കഥ അതുകുറച്ചൊക്കെ താങ്കളും കേട്ടുകാണും. പുതിയ പുതിയ നിയമങ്ങളല്ലേ ദിനംപ്രതി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്-വെളിച്ചത്തിന്റെ ആ രാജ്യത്തിപ്പോൾ. സ്വത്വം തെളിയിക്കാതെ ആർക്കുമിപ്പോ അവിടെ ജീവിക്കാനുമാവില്ല എന്നതാണു സത്യം. ഞങ്ങൾ ഉറുമ്പുകൾ എവിടെപ്പോയുണ്ടാക്കാനാ സുഹൃത്തെ തലമുറകൾക്കു മുമ്പത്തെ ആധാരങ്ങളും, രേഖകളുമൊക്കെ. നാണം കെട്ടും ഭയന്നും അവിടെക്കഴിയുന്നതിലും ഭേദം ഇങ്ങോട്ടു വരുന്നതാണ് നല്ലതെന്നു തോന്നി. പുതിയ സ്‌ഥലം ആദ്യമൊന്നും ഒട്ടും ഇഷ്‌ടമായിരുന്നില്ല. എപ്പോഴും അന്ധകാരത്തിലമർന്നു കിടന്നിരുന്ന ഈ സ്‌ഥലം പിന്നെയെപ്പൊഴോ ഇഷ്‌ടമായിത്തുടങ്ങി.ആഹാരത്തിനും വലിയ ബുദ്ധിമുട്ടലുണ്ടായില്ല. വല്ലപ്പോഴും താങ്കളുടെ കർണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങുന്നആ മധുരിക്കുന്ന സ്രവം...അത് ഞങ്ങൾക്കു ധാരാളമായിരുന്നു അഷ്‌ടിക്ക്. എന്നാൽ ആ നശിച്ച ടോർച്ചുവെളിച്ചം ഒരു ക്ഷണത്തേക്ക് മനോനിലയാകെ മാറ്റിമറിച്ചു കളഞ്ഞില്ലേ. വീണ്ടും വെളിച്ചത്തിന്റെ ലോകത്തെത്താനുള്ള ഒരു ദുഷ്ചിന്ത മാരീചനെപ്പോലെ വഴിതെറ്റിച്ചുകളഞ്ഞു. എന്തായാലും സംഭവിച്ചതു സംഭവിച്ചു. അപ്പോഴത്തെ ഒരാഹ്ളാദത്തിന് താങ്കളെ ചെറുതായി വേദനിപ്പിച്ചതിൽ ഇപ്പോൾ ദുഖവുമുണ്ട്. ഇനിയതുണ്ടാവില്ല എന്നു ഞാനുറപ്പു പറയുന്നു. സ്വസ്ഥതയാർന്ന ഈ സുരക്ഷിതഗുഹയിൽ കഴിയാൻ ദയവായി അനുവദിക്കണം... ഉറുമ്പിന്റെ ശബ്ദം ഒരു തേങ്ങലായി നേർത്തു വന്നു. ക്രമേണ അത് ഒരു മുഴക്കമായി ചെവിക്കകത്തേക്ക് ഉൾവലിയുന്നതായി അയാൾക്കു തോന്നി.
പുതിയൊരു ബോധത്തിലേക്ക് കാൽകുത്തിയിറങ്ങിയപോൽ അയാൾ കണ്ണുകൾ തുറന്നുപിടിച്ചു. അപ്പോൾ കണ്ടത് കരിമ്പടം പുതച്ചു കൊണ്ട് ഒരു കൂട്ടം ഉറുമ്പുകൾ വരിവരിയായി അയാളുടെ കർണ്ണകവാടത്തിനരികിലേക്ക് അരിച്ചരിച്ചു വരുന്നതാണ്. തെല്ലും ഭയമില്ലാതെ, നിസ്സംഗതയിൽ പൊതിഞ്ഞൊരു പുഞ്ചിരിയോടെ അയാളാ കാഴ്ച നോക്കിക്കിടന്നു.