രാവിലെ നാല് മണിക്ക് തന്നെ കല്യാണി ചായക്കട തുറക്കും. വീടിന്റെ ചായ്പ്പാണ് ചായക്കട. അദ്യം അയ്യപ്പ സ്വാമിയുടെ ഫോട്ടോന് മുമ്പിൽ വിളക്ക് കത്തിക്കും. രണ്ട് ചന്ദനത്തിരി കത്തിച്ച് വെക്കും എന്നിട്ട് പ്രാർത്ഥിക്കും.
അത് കഴിഞ്ഞ് അടുപ്പ് കത്തിച്ച് ചായക്കുള്ള വെള്ളം അടുപ്പത്ത് വെക്കും. ഒരടുപ്പത്ത് പുട്ടു കുംഭം വെക്കും. അരിപ്പൊടിയും നാളികേരവും കുറ്റിയിൽ നിറച്ച് വെക്കും. അപ്പോഴേക്കും രാവിലത്തെ കട്ടൻ കാപ്പിക്ക് ആൾക്കാർ വരും.
അവർക്ക് കട്ടൻ കാപ്പി കൊടുക്കും. അത് കഴിഞ്ഞ് പുട്ട് വാഴയിലയിലേക്ക് കുത്തിയിടും. അഞ്ച് മണിയാവുമ്പോഴേക്കും പത്ത് കുറ്റി പുട്ട് റെഡിയാവും. കടല കറിയുണ്ടാക്കും അതിനുള്ളത്. അത് കഴിഞ്ഞ് ഇഢലി ചെമ്പ് അടുപ്പത്ത് വെച്ച് ഇഡലി തട്ടിൽ മാവ് ഒഴിച്ച് അടച്ച് വെക്കും.അപ്പോഴേക്കും റേഡിയോയിൽ വന്ദേ മാതരവും സുഭാഷിതവും കഴിഞ്ഞിരിക്കും. ഇഢലി ആയി കഴിഞ്ഞാൽ . ചട്ട്ണിയുണ്ടാക്കും.
അപ്പോഴേക്കും പാൽക്കാരൻ കുമാരൻ പാല് കൊണ്ട് വരും . കല്യാണിയേച്ചിയുടെ കൈ കൊണ്ട് ഒരു പാൽ ചായ വാങ്ങി കുടിച്ചിട്ടേ കുമാരൻ മടങ്ങു.
പത്രക്കാരൻ ബാലൻ വന്ന് പത്രം ഇട്ടിട്ട് ഒരു ചായ വാങ്ങി കുടിച്ചിട്ടേ ബാലൻ മടങ്ങു. അപ്പോഴേക്കും പത്രം വായിക്കാനും രാവിലത്തെ ഭക്ഷണം കഴിക്കാനും ആളുകൾ വന്ന് തുടങ്ങും.
ഇതിനിടയിൽ ഉച്ചക്കലിലേക്കുള്ള ചോറും കറികളും അടുപ്പത്ത് കയറിയിരിക്കും. പച്ചക്കറിയെല്ലാം തലേ ദിവസം അരിഞ്ഞ് വെക്കുന്നതിനാൽ രാവിലെ പണിയെളുപ്പമുണ്ട്.
രാവിലത്തെ തിരക്ക് കുറയുമ്പോഴാണ് കല്യാണി രാവിലത്തെ ചായയും മൂന്ന് ഇഢലിയും കഴിക്കുന്നത്. അപ്പോഴേക്കും പൂട്ടും ഇഡലിയും കഴിയാറായിട്ടുണ്ടാവും. ചായക്കാരുടെ തിരക്കും കഴിഞ്ഞിട്ടുണ്ടാവും.
ഉച്ചക്ക് റേഡിയോയിൽ പ്രാദേശിക വാർത്തകൾ തുടങ്ങുമ്പോൾ ആളുകൾ ഊണ് കഴിക്കാൻ വന്ന് തുടങ്ങും. ഒരു മണിയുടെ ചലച്ചിത്ര ഗാനങ്ങൾ കഴിഞ്ഞ് ഇംഗ്ലീഷ് വാർത്തകൾ തുടങ്ങുമ്പോഴേക്കും ഊണ് കഴിക്കുന്നവരുടെ തിരക്ക് കഴിയും. അപ്പോഴാണ് കല്യാണി ഒരു പിടി വെറ്റ് വാരി തിന്നുന്നത്.
ഊണ് കഴിഞ്ഞാൽ എണ്ണ കടിയുണ്ടാക്കി തുടങ്ങും. ഉഴുന്ന് വട, പരിപ്പ് വട , പഴം പൊരി , ബജ്ജി തുടങ്ങിയവ ഉണ്ടാക്കി കഴിയുമ്പോഴേക്കും വൈകുന്നേരത്തെ ചായക്കുള്ള ആളുകൾ വന്ന് തുടങ്ങും.
ആറ് മണിയാവമ്പോഴേക്കും എണ്ണക്കടിയെല്ലാം കഴിഞ്ഞിരിക്കും. ചായ കുടിക്കുന്നവരും അപ്പോഴേക്കും കഴിഞ്ഞിരിക്കും. അപ്പോഴാണ് ഒരു ഗ്ലാസ്സ് ചായ കുടിക്കാൻ കല്യാണി ബെഞ്ചിൽ ഇരിക്കുന്നത്. എണ്ണക്കടി വല്ലതും ബാക്കിയുണ്ടെങ്കിൽ അത് കഴിക്കും.
പാത്രങ്ങളെല്ലാം കഴുകി വെച്ച് പിറ്റേ ദിവസത്തേക്കുള്ള മാവ് ആട്ടലും, പച്ചക്കറി അരിയലും എല്ലാം കഴിഞ്ഞ് രാത്രിയിലെ ഊണ് കഴിച്ച് കഴിയുമ്പോൾ മണി 9 ആയിട്ടുണ്ടാവും. രാവിലെ 4 മണിക്ക് എഴുന്നേൽക്കാൻ വേണ്ടി വേഗം കിടന്നുറങ്ങും. അങ്ങിനെ കല്യാണിയുടെ ഒരു ദിവസം കഴിഞ്ഞു.
കല്യാണിയുടെ ഭർത്താവ് കറപ്പേട്ടൻ പത്ത് വർഷം മുമ്പ് മരിച്ചു.. കറപ്പേട്ടൻ തുടങ്ങിയതാണ് ചായക്കട. ആകെയുള്ളവരുമാന മാർഗ്ഗമായതിനാൽ ആ കട കല്യാണി തുടർന്ന് നടത്തി കൊണ്ട് പോവുകയാണ്. ധാരാളം ഭൂമിയും, നിലവും ഉണ്ടായിരുന്ന ജന്മിയായിരുന്നു കറപ്പേട്ടൻ. പെൺ മക്കളെ രണ്ട് പേരെ കെട്ടിച്ച് വിടാൻ വേണ്ടി വീടും ചായക്കടയും ഇരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം വിൽക്കേണ്ടി വന്നു കറപ്പേട്ടന്. പെൺ മക്കളാരും തിരിഞ്ഞ് നോക്കുന്നില്ല ഇപ്പോൾ...