കണ്ണുകളെ ത്രസിപ്പിക്കുന്ന അകക്കാഴ്ചകളില്ലാത്ത, മൂന്നു ജോഡി മര മേശകളും ബെഞ്ചും ഒരു കണ്ണാടിക്കൂടും ആഡംബരം തീർക്കുന്ന കൃഷ്ണേട്ടന്റെ ഹോട്ടലിൽ നിന്നു ചന്ദ്രൻ ഉച്ചയൂണും ഒത്തിരി പിരിശം ചേർത്തു പൊരിച്ച മത്തിയും കഴിച്ചു.
നിറഞ്ഞ വയറിന്റെ നിശ്വാസമകറ്റാൻ, ലാക്ടോകിങ്ങ് ചോക്കലേറ്റും നുണഞ്ഞു സർവ്വകലാശാലയുടെ പ്രവേശന കവാടത്തിലെ നീളമുള്ള പടികൾ ചവിട്ടി കയറുമ്പോൾ, പടികൾ ഓടിയിറങ്ങുന്ന ശരത്തിനോട് "എവിടേക്കാണ് മുങ്ങുന്നത്?" എന്നു മിഴികളുയർത്തി ചോദിച്ചു.
ശരത്ത് അരികിലെത്തി പറഞ്ഞു "മോന്റെ ഒന്നാം പിറന്നാളാണ്. വീട്ടിൽ ചെറിയൊരു ഫങ്ഷൻ അറൈഞ്ച് ചെയ്തിട്ടുണ്ട്. അല്ലാ, നീ വരുന്നോ? ആവർത്തിച്ചുള്ള നിർബന്ധത്തിനു വഴങ്ങി ഉച്ച ലീവെടുത്തു കൂടെയിറങ്ങി.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബേ ലൈനിൽ പാസഞ്ചർ ട്രെയിൻ കുതിക്കാൻ തയ്യാറെടുത്തു കൊമ്പ് മുഴക്കി നില്ക്കുന്നുണ്ടായിരുന്നു. ട്രെയിനിൽ അത്യാവിശ്യം തിരക്കുണ്ടായിരുന്നു. പശു നക്കിയൊട്ടിച്ച പോലെയുള്ളമുടിയും, ആടിന്റേതുപോലെയുള്ള താടിയും ഒറ്റകമ്മലുമിട്ട രണ്ടുപേർ ഫ്രീക്കൻമാർ, എതിർവശത്തു വന്നിരുന്നു.
ട്രെയിൻ നീങ്ങി തുടങ്ങി.കല്പറ്റയിൽ നി ന്നാരംഭിച്ചു കടലൂരും ഇടപ്പളളിയും പിന്നിട്ടു ചങ്ങമ്പുഴ വഴി പ്രണയ ദ്വീപിലേക്ക് കടന്നു. കളിബസ്സിൽ കൂട്ടുകാരി രാധയെമാത്രം ദൂരെയുള്ള ഗുരുവായൂരിൽ ഇറക്കിയതും ഒരു ആൺ സുഹൃത്തിൽ നിന്നു ലഭിച്ച പ്രണയലേഖനത്തിലെ കവിത തുളുമ്പുന്ന വരികളും വീണ്ടും പറഞ്ഞു ചിരിച്ചു. ഫ്രീക്കൻമാർ, ചിരി മറച്ചു കേട്ടിരുന്നു.
പറഞ്ഞിട്ടും തീരാത്ത കഥകളുമായി, വടകരയിൽ ഇറങ്ങി, റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടക്കുമ്പോഴായിരുന്നു, ശരവേഗത്തിൽ വന്ന നീലനിറമുള്ള വാഗണർകാർ സഡൻ ബ്രേക്കിട്ട് തൊട്ടരികില്‍ നിർത്തിയത്. കാറിൽ നിന്നു ചാടിയിറങ്ങിയ, ഒസാമ താടിയുള്ള ഒരു ജിമ്മൻ അലറി.
"പിടിച്ചുകയറ്റെടാ, പന്നീടെമോനെ"
കാറിന്റെ പിൻസീറ്റിനിടയിൽ മുഖമിടിച്ചു വീണ ചന്ദ്രൻ, ഓർമ്മ മരവിച്ചു കിടന്നു. അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഞെട്ടലിൽ, നാവിലൊരു നിലവിളി ഞെട്ടറ്റു നിന്നു.
മുഴങ്ങുന്ന ഹോണടി ശബ്ദത്തിനിടയിൽ, "ഇടത്തേക്ക് വെട്ടിക്ക്, അവന്റെമ്മ്ടെ, നേരെ കത്തിച്ചു വിട്" എന്നൊക്കെയുള്ള ആരവങ്ങൾ. ഇവരാരാണ്? ചെയ്ത തെറ്റെന്ത്? എന്നൊക്കെ മനസ്സിൽ പതഞ്ഞമരുന്നുണ്ടായിരുന്നു.
നിമാഷാർദ്ധമായ മരണപ്പാച്ചിലിനു ശേഷം, കാറിൽ ഉറഞ്ഞുകൂടിയ നിശബ്ദതയെ ഭജ്ജിച്ചുകൊണ്ടു ഒരലർച്ച കർണ്ണ പുടത്തെ വീണ്ടും മുറിവേൽപ്പിച്ചു.
"എവിടെയാടാ, നീ പണം പൂഴ്ത്തിയിരിക്കുന്നത്?" കഴുത്തിൽ ചവിട്ടി പിടിച്ചിരിക്കുന്ന കാലിനു ബലം കൂടിയപ്പോൾ, ശ്വാസത്തിന്റെ വഴിയടഞ്ഞതു, ചുമയിൽ കലാശിച്ചു. മനസ്സിൽ ഉയിർകൊണ്ട ഭീതി, നാവിനെ പിടിച്ചു കെട്ടി, നെഞ്ചിടിപ്പിന്റെ മേളം കേൾപ്പിക്കുന്നുണ്ടായിരുന്നു.
"അവൻ മിണ്ടൂല്ല അൻവറേ, വിരുതനാ കഴുവേറി, ദേഹം മുഴുവൻ തപ്പടാ "
നട്ടെല്ലിന്റെ പുറത്ത് കാൽമുട്ട് ആഞ്ഞു പതിച്ചു. മരവിച്ച മനസ്സിൽ , വേദന അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ നേത്രപടലങ്ങളിൽ രക്തം കനിയുന്നതു പോലെ തോന്നി.
പാന്റസ് കാൽമുട്ടോളം ഉയർത്തി മാറ്റിയും ഷർട്ട് അഴിച്ചും അവർ ഫുൾ ബോഡി സ്കാനിങ്ങ് നടത്തി.
"പണം എവിടെയാടാ? കൂടെയുള്ള അവന്റെ കൈയ്യിലാണോ? ചോദ്യങ്ങൾ സഭ്യമല്ലാത്ത വാക്കുകളുടെ മേമ്പൊടിയോടെ പല നാവുകളിൽ നിന്നും ഒഴുകിയെത്തി.
"നിന്റെ മൂത്താപ്പാനെ കൊണ്ടും പറയിക്കും, കൊച്ചി എത്തട്ടെ, നെഞ്ചിൽ ഓട്ടയിട്ട്, വെള്ള പുതപ്പിക്കും"
വാക്കുകളിലെ ഭീകരത മരണത്തിന്റെ നിഴലനക്കം സൃഷ്ടിച്ചു. ഒഴുകിപ്പടരുന്ന ഉമിനീർ ചാലുകളിൽ ചോരയുടെ രുചി പടർന്നു
നനവുപടർത്തിയ ഓർമ്മ വഴികളിലൂടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് കുതിച്ചോടി. കഴിഞ്ഞദിവസം വാങ്ങിക്കാനേൽപ്പിച്ച വർണ്ണപട്ടത്തിനായി കാത്തിരിക്കുന്ന മോനെ ഓർത്തതും ചങ്കിലൊരു സങ്കടം ഉഗ്രരൂപിയായി.
രക്ഷപ്പെടുമെന്നുള്ള ആശ കരിയുമ്പോഴുള്ള നിമിഷത്തുമ്പിലാണ് ജീവിക്കാനുള്ള ആശ കത്തിപ്പടരുക. കീശയിൽ നിന്നും തെറിച്ചു വീണ ഓഫീസ് ഐഡന്റിറ്റി കാർഡ് സാഹസപ്പെട്ടെടുത്ത് പിന്നിലുയർത്തി കാണിച്ചു.
ആരോ അത് വാങ്ങിച്ചു. പിന്നെ നീണ്ട നിശബ്ദതയും ചർച്ചയും. നിലത്തു നിന്നും പിടിച്ചുയർത്തി സീറ്റിനു മദ്ധ്യത്തിൽ ഇരുത്തി. അടുത്തിരുന്നൊരാൾക്ക് പാസഞ്ചർ ട്രെയിനിന്റെ മണം ഉണ്ടായിരുന്നു.
"കുഴൽപ്പണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘമാണ് ഞങ്ങൾ. നീല ഷർട്ടായിരുന്നു ഞങ്ങളുടെ ഹിന്റ്. ഇത്ര കൃത്യമായിട്ട് നിങ്ങൾക്കു എവിടുന്നാ നീല ഷർട്ട് കിട്ടിയത്? മദ്യവും പാൻപരാഗും മണക്കുന്ന പരുക്കൻ വാക്കുകൾക്കും പാസഞ്ചർ ട്രെയിനിന്റെ മുരൾച്ചയുണ്ടായിരുന്നു.
"നമ്മൾ സ്കെച്ചിട്ടത് തെറ്റി,ആളു മാറിപ്പോയെടാ. എല്ലാം ഓന്റെ കളിയാ. ഓനെ മ്മക്ക് കബളിപ്പിക്കാനാവില്ല ബാപ്പ." ലഹരി വലിഞ്ഞു കയറിയ ഞരമ്പുകൾ സൃഷ്ടിച്ച ചേഷ്ടകളോടെ അയാൾ നീണ്ടമുടി ആട്ടി പുലമ്പികൊണ്ടിരുന്നു.
"എന്നെ, ഇനി ഇറക്കിവിടാമോ?
"ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടും. ആരോടും മിണ്ടാതെ നാടു പിടിച്ചോളണം. പോലീസിലോ മറ്റോ പരാതിപ്പെട്ടാൽ അറിയാലോ "
"ഒത്ത നെഞ്ചിൽ ഒറ്റക്കുത്തിൽ ചോരവാർച്ചയില്ലാതെ മൂടുന്ന പണിയറിയാവുന്നവരാ, ഡിക്കിയിൽ ആയുധങ്ങളുണ്ട്, കാണണോ?" കഠാര യുടെ കൂർത്ത മുനമ്പിന്റെ ലോഹമണം മൂക്കിലടിച്ചു...
കണ്ണടച്ചിരുട്ടാക്കിയ ഏതോ വഴിവിളക്കിനു ചുവട്ടിൽ, ദിക്കറിയാതെ ചന്ദ്രൻ നിന്നു. മാനത്തെ പൊന്നമ്പിളിയെ ഒളിച്ചുവെച്ച കരിമുകിലിന്റെ വിടവിലൂടെ, നിലാവെളിച്ചം കണ്ടു. തണുത്ത രാക്കാറ്റ്, വേദനയിൽ കുതിർന്ന ദേഹത്തിൽ വീശിയടിച്ചു.
"ശരത്ത് എവിടെയായിരിക്കും? പാവം അന്വേഷിച്ചു നടക്കുകയായിരിക്കും". നീരു തൂങ്ങിയ കൈകൊണ്ട് മൊബൈൽ ഫോണിനായി കീശ തപ്പി.
"അയ്യോ! ഫോൺ എവിടെ? അതു നഷ്ടപ്പെട്ടോ?"
"നിങ്ങളെന്താ കിടക്കയിലാണോ ഫോൺ വെച്ചത്? ഫോൺ ഫ്രിഡ്ജിന്റെ മുകളിലല്ലേ വെച്ചത്?"
ധന്യയുടെ ശബ്ദം കേട്ടതും അല്പം ജാള്യതയോടെ ചന്ദ്രൻ കണ്ണു തുറന്നു.
ഓർമ്മച്ചീളുകൾ കൂട്ടിവെച്ച സ്വപ്നനീരാളത്തിനുള്ളിൽ കണ്ടത്, ഏകദേശം പതിനഞ്ച് വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 5, നവംബർ 2008 ൽ ആയുസ്സിന്റെ നിഴലനക്കങ്ങൾ നേർപ്പിച്ച സംഭവം ആയിരുന്നു.
കിടക്ക വിട്ടു, ചന്ദ്രൻ കണ്ണാടിക്കു മുമ്പിൽ നിന്നു. കൈകൾ കൊണ്ട് മുടി കോതിവെക്കേ, ചായത്തിന്റെ ശേഷിപ്പുകൾ, കണ്ടപ്പോൾ, സ്വഭാവിക കറുപ്പിൽനിന്നും കൃത്രിമ കറുപ്പിലേക്കുളള കാലയളവ് ഹ്രസ്വമായിരുന്നു എന്നൊരു പരിഭവം കണ്ണുകളിൽ നിറഞ്ഞു.
വാതിൽ തുറന്നു ഉമ്മറത്തേക്ക് കടന്നു.
കഴിഞ്ഞ ദിവസം പെയ്ത പുതുമഴ ഒരു വേനൽ ദൂരം അകന്നുനിന്ന പരിഭവം തീർക്കുന്നതുപോലെ മണ്ണിനെ പുണർന്നു നിൽക്കുന്നു. ചന്ദ്രൻ തൊടിയിലെ മാമരച്ചോട്ടിൽ മരപ്പെയ്ത്തിൽ കുളിരു കോരി നില്ക്കുമ്പോഴായിരുന്നു ഗെയ്റ്റിനു മുമ്പിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നത്.
ഓട്ടോയിൽ നിന്നു വളരെ ശ്രമപ്പെട്ടു പ്രായമുള്ള ഒരു ബാപ്പയും ഉമ്മയും ഇറങ്ങി വീട്ടിലേക്ക് നടന്നു വന്നു. അവരോടൊപ്പം ഓട്ടോ ഇറങ്ങിയ ചെറുപ്പക്കാരൻ മുഖം തരാതെ മതിലിനപ്പുറം മാറി നിന്നു .
ചന്ദ്രൻ വരുന്നവരെ സൂക്ഷിച്ചു നോക്കി. രണ്ടുപേർക്കും ഒറ്റനോട്ടത്തിൽ 70 വയസ്സിനു മുകളിൽ പ്രായം കാണും. ബാപ്പ ആയാസപ്പെട്ട് കൈപിടിച്ചാണ് വരുന്നത്.
ചന്ദ്രൻ ചിരിച്ചോണ്ടു ചോദിച്ചു "എനിക്ക് മനസ്സിലായില്ല. ഇങ്ങോട്ട് തന്നെയാണോ?"
രണ്ടുപേരും കൈകൂപ്പി ഒന്നും പറയാതെ നിന്നു.
അപരിചിതത്വത്തിന്റെ പുകമറ വിട്ടുമാറാതെ, പുഞ്ചിരിയോടെ വീണ്ടും ചോദിച്ചു "എനിക്ക് നിങ്ങളെ മനസ്സിലായില്ല "
വേദന മുങ്ങിയ മിഴികളോടെ നിൽക്കുന്ന അവരെ ചന്ദ്രൻ സ്നേഹത്തോടെ കൈപിടിച്ചു ഉമ്മറത്തെ കസേരയിൽ ഇരുത്തി.
മുഖം താഴ്ത്തി മതിലിനോട് ചേർന്നു നിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി ഉപ്പ വിക്കികൊണ്ട് പറഞ്ഞു. "ഞാള്, ഓന്റെ ഉപ്പയും ഉമ്മയുമാണ്, ഓനെ അറിയ്യോ, അറിയില്ലായിരിക്കും പക്ഷേ ഓനെ മോനു മറക്കാനാവില്ല."
ചന്ദ്രൻ തലതാഴ്ത്തി നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി, ഇല്ല എന്നർത്ഥത്തിൽ തലയാട്ടി നിന്നു .
"കുറേ കൊല്ലം മുമ്പ് മോനെ തട്ടി കൊണ്ടുപോയ കൂട്ടത്തിലുണ്ടായിന്നു ഓനും"
ബാപ്പയും ഉമ്മയും കണ്ണീരോടെ വീണ്ടും കൈകൂപ്പി.
"മോൻ, നാളെ കോടതിയിൽ ഓനാ കൂട്ടത്തിലില്ലായിരുന്നു എന്നു പറയണം. ഓനോട് ക്ഷമിക്കണം."
ചന്ദ്രന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു പഴയ ഓർമ്മയുടെ നടുക്കം തെളിത്തു.
"ഓനെ ശിക്ഷിച്ചാൽ ഗൾഫിൽ തിരിച്ചു പോകാൻ പറ്റില്ല. ഓന്റെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്. രണ്ട് ചെറിയ കുഞ്ഞുങ്ങൾ ഉണ്ട്. മോൻ അല്പം ദയ കാണിക്കണം."
ചന്ദ്രൻ ഒന്നും മിണ്ടിയില്ല.
"ഇത് ഓന്റെ ഉമ്മയാണ്. ഓൻ ഇവൾക്ക് കണ്ണീരേ നൽകിയിട്ടുള്ളൂ. ഇവളെ ഓർത്തെങ്കിലും മോൻ ഓന് മാപ്പ് നല്കണം."
ചന്ദ്രൻ മെല്ലെ എഴുന്നേറ്റു തെക്കുഭാഗത്തുള്ള കുഴിമാടത്തിൽ നോക്കി നിന്നു. അന്നത്തെ ദിവസം ഗദ്ഗദത്തോടെ തന്നെ ചേർത്തു പിടിച്ച് അമ്മകരഞ്ഞതു മനസ്സിലൂടെ കടന്നു പോയി. ചിന്തകൾ മനസ്സിൽ തിര തല്ലി വന്നു " ഇതു പോലെത്തെ ഒരമ്മ എനിക്കും ഉണ്ടായിരുന്നു. അന്ന് അമ്മ അനുഭവിച്ച വേദന നിങ്ങൾക്ക് ഇല്ലാതാക്കാൻ പറ്റുമോ? ഇവനെ പോലുള്ളവർക്ക് മാപ്പ് കൊടുത്താൽ, എത്ര അമ്മമാർ ഇനിയും കരയേണ്ടി വരും. നിങ്ങൾ ഇപ്പോ പോയ്ക്കോളൂ നാളെ ഞാൻ വേണ്ടതു കോടതിയിൽ പറയാം."
ഓഫീസിൽ പോകാൻ സമയമായി എന്നു പറഞ്ഞു ചന്ദ്രൻ അകത്തു കടക്കുമ്പോൾ രണ്ട് ചായ ഗ്ലാസുമായി ധന്യ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. പുതുതായി വാങ്ങിച്ച നീല ഷർട്ടിന്റെ കുടുക്കുകൾ ഇട്ടുകൊടുത്തു കൊണ്ടു ധന്യ പറഞ്ഞു
"എല്ലാവരെയും കൂട്ടി ഉച്ചയോടുകൂടി എത്തണേ. അധികം വൈകിക്കരുതേ."
സഹപ്രവർത്തകരുടെ സാന്നിദ്ധ്യം സമൃദ്ധമാക്കിയ സർവ്വകലാശാല ഓഡിറ്റോറിയം. വേദിയിൽ ചന്ദ്രൻ നിശ്ചലനായി ഇരുന്നു.
അന്നുവരെ കണ്ടാൽ മിണ്ടാത്തവർ ചന്ദ്രനെ വാനോളം പുകഴ്ത്തി. മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ ഒലിച്ചു പോകുന്ന ആശംസകളുടെ വിരസതയിൽ ഒരു പാതിമയക്കം ചന്ദ്രന്റെ മനസ്സിനോടൊട്ടി നിന്നു. ചിന്തകൾ ചിറകേറി പറന്നു വീണതു രാവിലെ വീട്ടിലെത്തിയ ഉമ്മയുടെ മുഖത്തായിരുന്നു. ഓർമ്മകൾ വീണ്ടും ഓടിയകലുമ്പോഴായിരുന്നു, മറുവാക്ക് പറയുവാൻ ക്ഷണിച്ചത്.
മൈക്കിനു മുന്നിൽ നിന്നു, സദസ്സിനെ നോക്കി. ഓഡിറ്റോറിയം ഗ്രഹണത്തിൽ മുങ്ങിയതു പോലെ തോന്നി. അവിടെയിവിടെയായി കണ്ട വെള്ളിവരകളിലും കാതുതുളയ്ക്കുന്ന നിശബ്ദതയിലും വെന്തുപോയ നാവും ബോധവും തമ്മിലുള്ള ബന്ധം വേരറ്റുപോയി.
വേദിയിൽ പറയാൻ ഓർത്തു വെച്ച കാര്യങ്ങൾ വഴി തെറ്റി, രാവിലെ സ്വപ്നത്തിൽ കണ്ട സംഭവത്തിലൂടെ കടന്നു പോയി. സദസ്സിൽ നിന്നും തോരാത്ത കൈയ്യടി കേട്ടു ചന്ദ്രൻ ഞെട്ടി.
ഓർക്കുമ്പോളിന്നും പേടി ഒട്ടിനിൽക്കുന്ന സംഭവകഥ ഇന്നൊരു നർമ്മ കഥയായി പരിണമിച്ചോ! വ്യസനത്തോടെ ഓർത്തു. ഏതെങ്കിലും ബാറിലിരുന്നു സ്കെച്ചിടുന്ന ക്വട്ടേഷൻ സംഘങ്ങൾ ആയുസ്സു പുസ്തകത്തിലെ അക്കങ്ങൾ കൂട്ടി എഴുതുന്നത് പുതുമയില്ലാത്ത നിത്യസംഭവമാണെന്ന യാഥാർത്ഥ്യം ചന്ദ്രന്റെ മനസ്സിനു ഉൾകൊള്ളാൻ പറ്റിയില്ല.
ഉപഹാരത്തോടൊപ്പം പെൻഷൻ ബെനിഫിറ്റുകളുടെ ഉത്തരവടങ്ങിയ കവർ രെജിസ്ട്രാറിൽ നിന്നു വാങ്ങിക്കുമ്പോൾ തിരച്ചു വരവില്ലാതെ, ഉപഹാരങ്ങളില്ലാതെ, യാത്രയയപ്പില്ലാതെ വിടവാങ്ങിയ അമ്മയുടെ വാക്കുകൾ ഓർക്കുകയായിരുന്നു. "മോനെ നിന്നെ ക്കൊണ്ട് ആരും ദുഃഖിക്കരുത്. മോന്റെ ഒരു ക്ഷമകൊണ്ട് ആരെങ്കിലും സന്തോഷിക്കുമെങ്കിൽ മോനതു അമ്മയ്ക്കു വേണ്ടി ചെയ്യണം."
ചന്ദ്രൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു, കാർമേഘത്തിനുള്ളിൽ നിന്നു സുസ്മേര വദനനായി പുറത്തേക്ക് വരുന്ന ചന്ദ്രനെ പോലെ...