ആരോടാണീ സന്തോഷ വാർത്ത ആദ്യം പറയുക! ഗോപാലേട്ടനോടു തന്നെയാവാം! ഏട്ടൻ തോട്ടത്തിൽ നിന്നും സാധാരണ വരേണ്ട സമയം കഴിഞ്ഞു. ഫോൺ വിളിച്ചു പറയാം. സുമതി ലാൻറ് ഫോണിൽ
ഭർത്താവിൻ്റെ നമ്പർ ഡയൽ ചെയ്തു. ലൈൻ ബിസിയത്രേ! കിട്ടുന്നില്ല. ശാന്തമ്മായിയുടെ നമ്പറും കാൾ ചെയ്തു, കിട്ടുന്നില്ല. ബാലുവിനോട് വിശേഷങ്ങൾ വിശദമായി ചോദിക്കാമെന്നു കരുതി വിളിച്ചു നോക്കിയിട്ട് അതും കിട്ടുന്നില്ല. സുമതി ദേഷ്യത്തിൽ റിസീവർ വച്ചിട്ട് വരാന്തയിൽ വന്നിരുന്നു.
ഒരു അത്യാവശ്യ സമയത്ത് ലാൻഡ് ഫോണിൽ വിളിച്ചാൽ കിട്ടത്തില്ല. ഒരു മൊബൈൽ ഫോൺ വാങ്ങി തരാൻ പറഞ്ഞാൽ ഗോപാലേട്ടൻ പറയും. 'തനിക്കെന്തിനാ ഇപ്പം ഫോൺ? നമുക്ക് രണ്ടാൾക്കും കൂടി ഇത് മതിയെടോ,' എന്ന്.
ജന്മാന്തരങ്ങളുടെ തപസ്സുപോലെ, നാളുകളേറെയായി കാത്തിരുന്ന ആ വാർത്ത കേട്ടതേ സുമതിയുടെ ഹൃദയം തുടിച്ചു. കണ്ണുകൾ നിറഞ്ഞു. അവർ കരങ്ങൾ കൂപ്പി കണ്ണുകളടച്ചു.
'എൻ്റെ കൃഷ്ണാ നീ എൻ്റെ പ്രാർത്ഥന കേട്ടു. ഒരായിരം നന്ദി.'
സുമതിയുടെ മനസ്സിൽ പീതാംബര ധാരിയായ അമ്പാടിക്കണ്ണൻ ഓടിക്കളിച്ചു. ചുരുൾ മുടിയിൽ ചൂടിയ
മയിൽപീലിയും, ചുണ്ടിൽ പുരണ്ട നറുനെയ്യുമായ് ആരെയും മയക്കുന്ന പുഞ്ചിരിയോടെ ഒരുണ്ണിക്കണ്ണൻ.
കുഞ്ഞിക്കാലടി വെച്ച് മുറ്റത്തൂടെ കുസൃതി കാട്ടി ഓടിനടക്കുന്ന അവൻ്റെ കുറുമ്പുകൾ അവർ ഭാവനയിൽ കണ്ടു.
'അവനോ.. അതോ.. അവളോ?
എന്തായാലും തനിക്ക് ഒരു പോലെ തന്നെ.' അവർ മനസിൽ പറഞ്ഞു. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടിയാൽ മതി. നിറഞ്ഞ സന്തോഷം കൊണ്ട് സുമതിയ്ക്ക് ഒന്ന് തുള്ളിച്ചാടാൻ തോന്നി.
'അമ്മേ ശാലിനി പോസിറ്റീവാണ്, അമ്മ പ്രത്യേകം പ്രാർത്ഥിക്കണേ. ഞാൻ പിന്നെ വിളിക്കാം.' എന്നും പറഞ്ഞ് ധൃതിയിൽ ബാലു ഫോൺ വെച്ചു. അവൻ വിളിച്ചപ്പോൾ ഒന്നും ചോദിക്കാൻ പറ്റിയില്ല. അവനോട് ചോദിക്കാനായി ''കുറേ ചോദ്യങ്ങൾ മനസിൽ നിറഞ്ഞു. എത്രയോ വർഷങ്ങളായി ഇങ്ങനെ ഒരു വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്.
ഓരോ പ്രാവശ്യവും മാസമുറ വൈകി എന്നു കേൾക്കുമ്പോൾ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരിപ്പാണ്. പിന്നെ ടെസ്റ്റ് ചെയ്തു എന്നും, ഫലം നെഗറ്റീവാണെന്നും നിരാശയോടെ ശാലിനിയാണ് വിളിച്ചു പറയാറ്.
കാലാന്തരേ രണ്ടാളുടേം കളിയും, ചിരിയും, പ്രാർത്ഥനയും എവിടെയോ നഷ്ടമായി. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസല്‍റ്റ് നെഗറ്റീവ് ആയി എന്നു കേൾക്കുമ്പോള്‍ മാനസിക സംഘര്‍ഷത്തില്‍ വീണു പോയ അവസരങ്ങളും അനവധിയുണ്ട്.
കഴിഞ്ഞ വിഷുവിന് കുട്ടികൾ നാട്ടിൽ വന്നപ്പോൾ ശാന്തമ്മായി പറഞ്ഞു.
"ബാലൂ.. നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പുതിയൊരു പൂജാരി വന്നിട്ടുണ്ട്. പ്രായമേറെയുണ്ടെങ്കിലും നല്ല അസലായി ഭാവി കാര്യങ്ങൾ പറയും. നമ്മുക്ക് ഒന്ന് പ്രശ്നം വച്ചു നോക്കിയാലോ.വല്ല ദോഷൊം ഉണ്ടെങ്കിൽ മാറട്ടെ."
അമ്മായിയോട് മറുപടിയൊന്നും പറയാതെ അലസ ഭാവത്തിലവൻ ഒഴിഞ്ഞുമാറി.
"നീയെന്തേ ബാലൂ ഒന്നും പറയാത്തത്?" സുമതി ചോദിച്ചു.
"ഓ ഞാനെന്തു പറയാനാണ് അമ്മേ."
"ഇനി നിങ്ങള് തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ."
സുമതി ചുളിഞ്ഞ മുഖത്തോടെ മക്കളെ രണ്ടാളെയും നോക്കി. ഈയടുത്ത കാലത്തായി അവർക്ക് അങ്ങനെ തോന്നി തുടങ്ങിയിരുന്നു. കാത്തിരിപ്പിനു ദൈർഘ്യം കൂടുന്തോറും, ബാലുവിൻ്റെയും ശാലിനിയുടേയും
ജീവിതത്തിൽ നൈരാശ്യം നിറഞ്ഞ പോലെയും, അൽപ്പം അകൽച്ച അവരെ ബാധിച്ച പോലെയും തോന്നി.
''എനിക്കുറപ്പാ.. ഒരു കുഞ്ഞണ്ടാവും. ഈ വ്രതവും പൂജേം ഒക്കെ അതിന് വേണ്ടിയാ. ഭഗവതി കനിയും." ശാന്തമ്മായി പറഞ്ഞു.
"ഉം." ബാലു അലസഭാവത്തിലൊന്നു മൂളി. ശാലിനി പക്ഷേ നേരെ തിരിച്ചാണ്. അവൾ പൂജയും വ്രതവും പ്രാർത്ഥനയുമായ് നാട്ടിലെത്തിയാൽ കയറിയിറങ്ങാത്ത അമ്പലങ്ങളില്ല.
പക്ഷേ ഇതിനിടയ്ക്കും ചില മോശം അനുഭവങ്ങള്‍ ഉണ്ടായി. പ്രസവിക്കാത്തത് എന്തോ കൊടിയ പാപമാണെന്ന് കരുതുന്നവരുടെ കുത്തുവാക്കുകൾ പലതരത്തിലും അവളെ വേദനിപ്പിച്ചു. ചിലരൊക്കെ വീട്ടുകാര്‍ക്കില്ലാത്ത വിഷമവും ഉപദേശങ്ങളുമായി വരും. അതവളെ ഡിപ്രഷനിലേയ്ക്ക് വരെ തള്ളിവിട്ടു.
മകന്റെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം ബാക്കിയാവുമോ എന്ന് പോലും ഗോപാലനും സുമതിയും ഭയന്നിരുന്നു.
"സുമതീ.. നീയെന്താ പകൽക്കിനാവു കാണുവാണോ?" ഗോപാലൻ്റെ ശബ്ദം സുമതിയെ ചിന്തയിൽ നിന്നുണർത്തി.
"ഏട്ടാ.. അതേയ് ബാലു വിളിച്ചിരുന്നു.''
സുമതി പറഞ്ഞു തീരും മുൻപേ ഗോപാലൻ പറഞ്ഞു.
''അവൻ എന്നേം വിളിച്ചു. ശാലിനിയ്ക്ക് കൊറോണയാണെന്ന്."
"ങ്ഹേ.. കൊറോണയോ ?''
സുമതി ചോദിച്ചു.
"അതേടി.. ഇന്നലെ ഓഫീസിൽ നിന്നു വന്നതേ അവൾക്ക് പനിയും തൊണ്ടവേദനയുമായിരുന്നു. ഇന്ന് പോയി 'കോവിഡ് ടെസ്റ്റ് ' നടത്തി.പോസിറ്റീവ് എന്നാ പറഞ്ഞത്.'' ഗോപാലൻ പറഞ്ഞു.
'ഒരു പോസിറ്റീവ്..'
പിറുപിറുത്തു കൊണ്ട്
പ്രതീക്ഷകൾ തകർന്ന സുമതി താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്നു.