ഇന്ന് ജൂൺ 1....
രാവിലെ, നേർത്ത മഴത്തുള്ളികൾ തീർത്ത പുകമഞ്ഞിലൂടെ നോക്കുമ്പോൾ, മറവിക്കുമപ്പുറത്ത് അവ്യക്തമായ പച്ചപ്പുകൾ തീർത്തു കൊണ്ട് നിൽക്കുന്ന വൃക്ഷങ്ങൾ കുളിരണിഞ്ഞിരുന്നു.
കുറേ കൊല്ലങ്ങൾക്ക് മുൻപ് ഇതുപോലൊരു ദിവസം ആശങ്കകളോടെ, കുഞ്ഞുപാദങ്ങൾ പെറുക്കിവച്ച്, സ്‌കൂളിലേക്ക് നടക്കുമ്പോൾ ചന്നം പിന്നം പെയ്യുന്ന മഴയുണ്ടായിരുന്നു....
പുത്തനുടുപ്പിന്റെ മണം ഉണ്ടായിരുന്നു....
പുതിയ കുടയുടെ ശീലയിൽ വീണ്, അതിന് നനവ് പറ്റിക്കാതെ ഉരുണ്ടു വീഴുന്ന മഴത്തുള്ളികൾ പോലെ കണ്ണുകളിൽ നിന്നും കവിൾ നനക്കാതെ മണ്ണിലേക്ക് വീണ ആ രണ്ടു തുള്ളികളെ ഒരിത്തിരി സ്നേഹത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
ആ ദിവസത്തേപ്പറ്റി ഓർക്കാത്തവരും ഓർക്കാൻ ഇഷ്ടപ്പെടാത്തവരുമായി ആരുണ്ട്! അല്ലേ?
വരാന്തയിലെ ഇളം മഞ്ഞ നിറമുള്ള തൂണുകളും കുട്ടികളുടെ ബഹളവും സ്കൂൾ ഗ്രൗണ്ടിൽ ഒരിടത്ത് കൂട്ടിയിട്ടിരുന്ന പഞ്ചാര മണലും എനിക്ക് പുതുമയുള്ള കാര്യമായിരുന്നു.
ആ ബഹളത്തിനിടയിൽ, ചേച്ചി ഒരു പുത്തൻ സ്ലേറ്റ് കയ്യിൽ വച്ചുതന്നിട്ട് പറഞ്ഞു ;
"പുതിയെ സ്ലേറ്റാന്ന്. സൂക്ഷിക്കണം. നെലത്തു വീണാ പൊട്ടും."
"ഉം. "
നടരാജ ചിത്രമുള്ള ബോക്സ് തുറന്ന് നീളമുള്ള ഒരു സ്ലേറ്റ് പെൻസിൽ എടുത്ത് നിർദാക്ഷിണ്യം അതിന്റെ ഒരറ്റം ഒടിച്ചു തന്നിട്ട് പിന്നെയും പറഞ്ഞു ;
"ഇത് മതി. ഇന്ന് എഴുതിക്കുവൊന്നും ഇല്ല. പോയി ബഞ്ചിൽ ഇരുന്നോ."
ഏതോ അത്ഭുതലോകത്ത് എത്തിയപോലെ....
ബെഞ്ചിന്റെ ഒരറ്റത്തിരുന്നപ്പോൾ നിലത്ത് എത്താതെ തൂങ്ങിക്കിടക്കുന്ന എന്റെ കാലുകൾ മഴത്തുള്ളികൾ വീണു നനഞ്ഞിട്ടുണ്ടായിരുന്നു. എന്നും കുളിപ്പിച്ചു കഴിഞ്ഞു തോർത്തുമ്പോൾ,' അമ്മയെ പിടിച്ചു നിന്നേ. ചുന്ദരിക്കാലു തോർത്താലോ 'എന്ന് പറയുന്ന അമ്മയെ ഓർത്തപ്പോൾ തൊണ്ടയ്ക്ക് വേദനിക്കുന്നപോലെ തോന്നി. കവിളുകൾ പതുക്കെ വീർത്തുവന്നു.
വെറുതെ തിരിഞ്ഞു നോക്കി. ചേച്ചി അവിടെയുണ്ടോ.
ഉണ്ടായിരുന്നെങ്കിൽ....
എന്റെ ആഗ്രഹം പോലെ ഒരു സ്നേഹക്കടലായി ചേച്ചി അവിടെ തന്നെ നിൽക്കുകയാണ്!
"പേടിക്കണ്ട കേട്ടോ. ഞാൻ കുറച്ചു കഴിഞ്ഞു വരാം. ഇപ്പോൾ പോട്ടെ?"
ഞാൻ തലയാട്ടി.
ചേച്ചി പോയി.
ഞാൻ തനിച്ചായി.
യാതൊരു അങ്കലാപ്പുമില്ലാതെ ഓടിക്കളിക്കുന്ന കുറച്ചു കുട്ടികൾ....
അതിലൊരു കുട്ടി എന്റടുത്തു വന്നു ചോദിച്ചു ;
"കൊച്ചേ, കൊച്ചിന്റെ പേരെന്തുവാ "
ഞാൻ പേരുപറഞ്ഞു.
മറ്റൊരു കുട്ടി ചോദിച്ചു ;
"കൊച്ച് അമ്പലമാണോ പള്ളിയാണോ."
നീണ്ട ബെല്ലടി ശബ്ദം....
തൂങ്ങി കിടക്കുന്ന കാലിലെ മഴയുടെ നനവ് ഉണങ്ങിയിരുന്നു....
പുറത്തേക്ക്, ചേച്ചിയുടെ വാക്കുകളിലൂടെ പരിചിതമായി തീർന്നആ അത്ഭുത ലോകത്തിലേക്ക് ഞാൻ നോക്കി. ഗ്രൗണ്ടിൽ, തിടുക്കപ്പെട്ട് നടന്നുപോകുന്ന നാലോ അഞ്ചോ കുട്ടികൾ മാത്രം.
തെങ്ങിൻ തോപ്പിനിടയിലൂടെ കാണുന്ന ജോസഫ് മാഷിന്റെ വീട്; മതിലിനോട് ചേർന്ന് കുഞ്ഞുമോൻ ചേട്ടന്റെ കട.(-പിൽക്കാലത്തു കോട്ടയം അയ്യപ്പാസ് പോലെയാണെന്ന് തോന്നിയിട്ടുണ്ട്.)
മതിലിനരികിൽ നീളൻ പാവാടയുടുത്ത ഒരു ചേച്ചി. കൂടെ രണ്ടു കുട്ടികൾ. മഴ ചാറ്റലിലൂടെ അവർ രണ്ടുപേരും ക്ലാസ്സ്‌റൂമിലേക്ക് ഓടിക്കയറി വന്നു. എന്റെ തൊട്ടു പിന്നിലെ ബഞ്ചിൽ അവർ ഇരുന്നു. പിന്നെ ഒരാൾ എഴുന്നേറ്റ് എന്റെ അടുത്ത് വന്നിരുന്നു. വെള്ളയിൽ നീല പൂക്കളുള്ള അവളുടെ ഉടുപ്പിൽ മഴത്തുള്ളികൾ വീണ പാടുകൾ ഉണ്ടായിരുന്നു.
അവൾ എന്നെ നോക്കി സ്നേഹത്തോടെ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചു.
"പേരെന്താ? "
ഞാൻ ആദ്യമായി ചോദിച്ചു.
"ലിജ."
അവൾ പേരുപറഞ്ഞു.
സ്കൂൾ ജീവിതത്തിലെ എന്റെ ആദ്യത്തെ കൂട്ടുകാരി....
(ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്ന ഈ കൂട്ടുകാരിയെ ഇടയ്ക്കൊക്കെ കാണാറുണ്ട്.)
"അവളുടെയോ...."
"അമ്പിളി. ഞങ്ങളുടെ വീട് അടുത്തടുത്താ."
അവൾ വാചാലയായി.
പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ സുശീല ടീച്ചർ വന്നു. ടീച്ചർ കുറച്ചു കുട്ടികളുടെ പേര് വിളിച്ച് മറ്റൊരു ക്ലാസിലേക്ക് കൊണ്ടുപോയപ്പോൾ അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു; അത്യധികം സന്തോഷവതിയായി...