മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

CE 2123ലെ ഒരു പ്രഭാതം. സമയം രാവിലെ ഒൻപതു മണി. അവധി ദിവസമാണ്, ഞായറാഴ്ചയാണ്. ഞാനെന്റെ മുറിയിലിരുന്ന് കണ്ണട ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന 'visor type' ടെലിവിഷനിൽ വാർത്തകൾ ശ്രദ്ധിക്കുകയാണ്.

ഒരു പ്രത്യേക ഇരമ്പലോടെ ഒരു വാഹനം ഞങ്ങളുടെ ഭവന സമുച്ചയത്തിന്റെ പൊതുവായ മുറ്റത്തു വന്നു നിന്നു. ഈ കെട്ടിടത്തിൽ നൂറ്റിയിരുപതു വീടുകളുണ്ട്. വീടുകളുടെ സ്വീകരണമുറികൾ ഈ പൊതു മുറ്റം കാണത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വന്നുനിന്ന വാഹനത്തിൽ റെഡ്ക്രോസ്കാരുടെ ചുവന്ന കുരിശുണ്ട്. അതിന്റെ വശങ്ങളിൽ

'യൂണിവേഴ്സൽ ബയോടെക്' എന്ന് എഴുതിയിട്ടുണ്ട്!

'കണ്ണടTV' ഓഫ് ചെയ്ത് ആ കൗതുകമുണർത്തിയ വാഹനത്തെ നോക്കി നിന്നു. ആ വണ്ടിയിൽ നിന്ന് വലിയൊരു തൂൺ അന്തരീക്ഷത്തിലേക്ക്

ഉയരുന്നു! പഴയകാല റേഡിയോയുടെ ടെലിസ്കോപ്പിക് ആന്റിന പോലെ ഒരു സംവിധാനം ഉയർന്നുവന്നു വരുന്നു. അതിന്റെ അഗ്രത്തിൽ നിന്ന് മേശ വലിപ്പമുള്ള പ്ലാറ്റ്ഫോം വിടർന്നു വരുന്നു. ആ തൂണിന് ഏതു ദിശയിൽ തിരിയാനും പിരിയാനും മടങ്ങാനും നിവരാനും കഴിയുമായിരുന്നു! 

ആന്റിനയുടെ അഗ്രത്തിലെ പ്ലാറ്റ്ഫോമിൽ ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടു. ജീവനുള്ള മനുഷ്യനോ, ഹൂമനോയിഡോ എന്ന് തിരിച്ചറിയാൻ കഴിയില്ല. അതൊരു റോബർട്ട് ആകാനാണു സാധ്യത!

വാഹനത്തിലെ ലൗഡ്സ്പീക്കറിൽ നിന്ന് ശ്രവണസുഖം നല്കുന്ന ശൈലിയിൽ താളമേളങ്ങളോടെ ഒരു അനൗൺസ്മെന്റ് ഉയർന്നു.

"കിഡ്നി വേണോ, കിഡ്നി? ഏതു ഗ്രൂപ്പിലും സൈസ്സിലും ഗുണത്തിലുമുള്ള കിഡ്നികൾ മാറ്റിവെക്കാനവസരം! കിഡ്നി മാറ്റാനുണ്ടോ... കിഡ്നി?"

"നിങ്ങളുടെ പ്രവർത്തനം നിലച്ച കിഡ്നി മാറ്റി പുതിയത് ഒട്ടിച്ചു ചേർക്കാൻ, യൂണിവേഴ്സൽ ബയോടെക് ഇതാ നിങ്ങളുടെ വീട്ടുമുറ്റത്ത്! ആശുപത്രിയിൽ പോകേണ്ട, ഡോണറെ തിരയേണ്ട; സങ്കീർണമായ സ്കാനിംങ്ങിനും ടെസ്റ്റിംഗിനും പോകേണ്ട; എല്ലാം നിങ്ങളുടെ വീട്ടിലേക്കെത്തുന്നു."

ഇത് കൊള്ളാമല്ലോ, ഭാര്യയെ വിളിച്ച് ഇതൊന്നു കേൾപ്പിച്ചു കൊടുത്താലോ?

അവളുടെ ആങ്ങള ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസിനു പോകുന്ന ആളാണ്.

ഉറക്കെ വിളിച്ചു: "പത്മേ, എടീ പത്മേ, ഇതൊന്നു കേട്ടേ..."

ആരോടോ ചാറ്റുചെയ്തുകൊണ്ടിരുന്ന പത്മം ദേഷ്യത്തിൽ ചോദിച്ചു:

"നിങ്ങളെന്താ മനുഷ്യാ വിളിച്ചു കൂവുന്നത്, രാവിലെ എന്തു പറ്റി?"

"ഒന്നും പറ്റിയിട്ടല്ല പത്മം, നീ വന്നീ അനൗൺസ്മെന്റ് ഒന്നു ശ്രദ്ധിച്ചേ."

മനസ്സില്ലാ മനസ്സോടെ അവൾ ബാൽക്കണിയിലേക്കു വന്നു. അനൗൺസ്മെന്റ് തുടരുകയാണ്...

"നിങ്ങളുടെ കിഡ്നി മാറ്റിവെക്കുന്നതിന് പണം ഉടനെ തരേണ്ടതില്ല. ഇൻസ്റ്റാൾമെന്റായി അടച്ചാൽ മതി. ഞങ്ങൾ നിങ്ങൾക്കു നല്കുന്ന കിഡ്നി ഗ്യാരന്റിയുള്ളതാണ്. ഏതെങ്കിലും വിധത്തിൽ ട്രീറ്റ്മെന്റ് പരാജയപ്പെട്ടാൽ, മുടക്കിയതിന്റെ പത്തിരട്ടി ഞങ്ങൾ തിരികെ തരുന്നു!

നിങ്ങളുടെ പുതിയ കിഡ്നി, നിങ്ങളുടെ കോശത്തിൽ നിന്ന് വളർത്തിയെടുക്കുന്നതിനാൽ റിജക്ഷൻ സംഭവിക്കില്ല. സർജറിക്കു ശേഷം സ്പെഷ്യൽ ഗ്ലൂ (പശ) ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കുന്ന ശരീരഭാഗങ്ങൾ പൂർണമായും പ്രവർത്തനക്ഷമതയുള്ളതാണ്."

പത്മം ചോദിച്ചു: "എന്റെ അണ്ണന്റെ പ്രവർത്തിക്കാത്ത രണ്ടു കിഡ്നി കളും മാറ്റി പുതിയത് വെച്ചു തരുമോ?"

"എന്താ, സംശയം? തീർച്ചയായും വെച്ചു തരും."

അവർ വീണ്ടും തുടരുകയാണ്: " എല്ലാ സർജിക്കൽ പ്രൊസീജിയറുകളും (നടപടിക്രമങ്ങളും) നിങ്ങളുടെ ടെലിവിഷൻ സ്ക്രീനിലോ, കംമ്പ്യൂട്ടർ സ്ക്രീനിലോ നേരിട്ടു കാണാം. നിങ്ങൾക്ക് രോഗിയുമായി ചാറ്റ് ചെയ്യാം. സ്പെഷ്യലി പ്രോഗ്രാമ്ഡ് റോബോട്ടുകളാണ് സർജന്മാർ!

ഇതാ... സിമുലേറ്റഡ് സാങ്കേതിക വിദ്യയിലൂടെ ഞങ്ങളൊരു കിഡ്നി മാറ്റിവെക്കൽ നിങ്ങൾക്കു കാണിച്ചു തരുന്നു."

പാർപ്പിട സമുച്ചയത്തിലെ അന്തേവാസികളെല്ലാം അവരവരുടെ ബാൽക്കണികളിൽ അണിനിരന്നു കഴിഞ്ഞിരുന്നു. പെട്ടെന്ന് അനൗൺസ്മെന്റ് പ്ലാറ്റ്ഫോം ശൂന്യതയിൽ അലിഞ്ഞു. അവിടൊരു ഓപ്പറേഷൻ തിയേറ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഓപ്പറേഷൻ ടേബിളിൽ കിടന്ന് ടെലിവിഷൻ കാണുന്ന രോഗി! അയാളുടെ നെഞ്ചിനു താഴേയുളാള ഭാഗം സ്ക്രീൻ വെച്ച് മറച്ചിരുന്നതിനാൽ, രോഗി ഓപ്പറേഷൻ കാണുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാവുന്ന കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ലൈവായി മറ്റുള്ളവർക്കു കാണാം. അത് വീഡിയോ ഷെയറായി അകലെയുള്ളവർക്ക് അയക്കുകയും ചെയ്യാം!

രംഗം അലിഞ്ഞ് ഇല്ലാതായി. വീണ്ടും പഴയ അനൗൺസ്മെന്റ് പ്ലാറ്റ്ഫോം വിടർന്നു.

"ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളുടെ അടുത്തേക്കു വരുമ്പോൾ, നിങ്ങളുടെ 'യൂറിനോ ജനിറ്റൽ കോംപ്ലിക്കേഷൻ' അവരെ ധരിപ്പിക്കാം. നിങ്ങളുടെ ഡേറ്റാ കംപ്യൂട്ടറിൽ ഫീഡുചെയ്തു തീരുമ്പോൾ; അടുത്ത നടപടി ക്രമങ്ങളും സർജറിയുടെ തീയതയും കംപ്യൂട്ടർ പറയും."

ഭാര്യയുടെ സംശയം തീർന്നിരുന്നില്ല. എങ്ങിനെയാണ് പുതിയ കിഡ്നി നിർമിക്കുക എന്നത് അവൾക്കറിയണം.

ഞാനവളോടു പറഞ്ഞു: " കഴിഞ്ഞ നൂറ്റാണ്ടിൽ ഭ്രൂണത്തിൽ നിന്നും വലിയ അസ്ഥികളുടെ മജ്ജയിൽനിന്നും ശേഖരിക്കുന്ന വിത്തുകോശങ്ങളെ (stem cells) മറ്റ് അവയവങ്ങളായി വളർത്തിയെടുക്കാനും അവയുപയോഗിച്ച് ക്യാൻസർ പോലുള്ള രോഗങ്ങളെ ചികിത്സിക്കാനും കഴിഞ്ഞിരുന്നു. ഇന്ന് ഏതുകോശത്തെയും വിത്തുകോശങ്ങളാക്കി മാറ്റാനുള്ള വിദ്യ നമുക്കുണ്ട്! അതിനുള്ള അറിവും ലാബുകളും സൗകര്യങ്ങളുമുണ്ട്. രോഗിയുടെ സ്വന്തം ശരീരകോശങ്ങൾക്ക് മാറ്റം വരുത്തി നിർമിക്കുന്ന കൃത്രിമ അവയവങ്ങൾ ശരീരത്തോട് പെട്ടെന്ന് ചേരുകയും ചെയ്യും!

ശരീരം കീറിമുറിക്കുന്നത് ലേസർ കത്തികളുപയോഗിച്ചാണ്. അതുകൊണ്ട് മുറിവിന്റെ ഭിത്തിയിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ല. ഒട്ടിച്ചേരാൻ മിനിറ്റുകളേ വേണ്ടിവരൂ!

വേദന, കഴിഞ്ഞ നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ഏതോ വികാരമായി മാറിയിരിക്കുന്നു. നമ്മുടെ വീട്ടുമുറ്റത്തേയ്ക്കെത്തുന്ന മൊബൈൽ ഓപ്പറേഷൻ തിയേറ്ററുകളും സർജറി, കൃത്യമായി ചെയ്യുന്ന റോബോട്ടിക് സംവിധാനങ്ങളും നമുക്കുണ്ട്."

എല്ലാം കേട്ടു മനസ്സിലാക്കിയ ഭാര്യ അണ്ണനെ വിളിക്കാൻ ഫോൺ കയ്യിലെടുത്തു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ