മൈമൂനയുടെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ഭർത്താവ് ഹൈദർ ഒരു മെസേ ജ് അയച്ചു. "ഇന്ന് ഉച്ചക്ക്ൻ്റെ എൻ്റെ കൂട്ടുകാരായ നാലു പേർ കൂടി എന്നോടൊപ്പം ഊണുകഴിക്കാൻ വരുന്നുണ്ട്. ചിക്കൻ ബിരിയാണി തയ്യാറാക്കണം."
വീട്ടിലെ ജോലിത്തിരക്കിനിടയിൽ മൈമൂനാക്ക് ഫോണെടുത്തു നോക്കാൻ സമയം കിട്ടിയില്ല. മെസേജ് കണ്ടതാകട്ടെ കുസൃതി പിടിച്ച മക്കളായ അമീനും, ആമിനയും. അവർ രണ്ടു പേരും കൂടി മെ സേജ് "ഹാക്കൂ" ചെയ്തു കപ്പപ്പുഴുക്കും മീൻകറിയുമാക്കി. മൈമൂനയെ വായിച്ചു കേൾപ്പിച്ചു.
സാധാരണ ഗതിയിൽ ആരെങ്കിലും വിരുന്നുകാരുണ്ടെങ്കിൽ ബിരിയാണിയാണ് വെക്കുന്നത്. പിന്നെ എന്തിനാണ് കപ്പപ്പുഴുക്കുണ്ടാക്കാൻ പറഞ്ഞത്? മൈമൂനക്ക് സംശയം. എന്തായാലും ഇക്കാ പറഞ്ഞതല്ലേ, കപ്പ തന്നെ തയ്യാറാക്കാം.
മൈമൂനാ വേഗം ടൗണിൽ പോയി കപ്പയും മീനും ഒക്കെ വാങ്ങി വന്നു. അയൽക്കാരി ജാനുവിനെക്കൂടി കൂട്ടി ഭക്ഷണം തയ്യാറാക്കി.
കൃത്യം ഒരു മണി കഴിഞ്ഞപ്പോഴേയ്ക്കും ഹൈദർ തൻ്റെ കൂട്ടുകാരുമായി വീട്ടിലെത്തി.അതിഥികളെ സ്വീകരിച്ചിരുത്തിയ മൈമൂന പരിചയപ്പെടലിനു ശേഷം ആഹാരം കഴിക്കാൻ അവരെ ക്ഷണിച്ചു.
ഊണുമേശക്ക് മുന്നിലെത്തിയ ഹൈദർ ഞെട്ടി. ഒപ്പം കൂടെയുള്ളവരും. മേശമേൽ കപ്പയും, മീൻ കറിയും വിളമ്പി വെച്ചിരിക്കുന്നു. ഉച്ചക്ക് ചിക്കൻ ബിരിയാണി കൊടുക്കാമെന്ന് പറഞ്ഞു കൊണ്ടാണ് ഹൈദർ കൂട്ടുകാരുമായി വീട്ടിലെത്തിയത്.
എന്തു ചെയ്യണം അല്ലെങ്കിൽ എന്തു പറയണം എന്നറിയാതെ നിന്ന ഹൈദറുടെ മുഖം ചുമന്നു തുടുത്തു. എങ്ങും നിശബ്ദത.
ആരും ഒന്നും പറയുകയോ, ആഹാരം വിളമ്പുകയോ ചെയ്യാതെ നിന്നപ്പോൾ, കാര്യമറിയാത്ത മൈമൂനാ അവരെ വീണ്ടും ആഹാരം കഴിക്കാൻ ക്ഷണിച്ചു.
മാനസികമായും ശാരീരികമായും തകർന്ന ഹൈദർ ഭാര്യയെ സൂക്ഷിച്ചു നോക്കി. സദ്യയിൽ എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ മൈമൂനാ മക്കളെ വിളിച്ചു.
മുറിയിൽ നിന്നും ഓടിക്കിതച്ചെത്തിയ മക്കൾ ആരോടെന്നില്ലാതെ ചോദിച്ചു. "എന്താ ആരും ഒന്നും കഴിക്കാത്തത് ?" കുട്ടികളുടെ ചോദ്യത്തിലെ പൊരുത്തക്കേടു മനസ്സിലാക്കിയ ഹൈദർ അവരെ അടുത്തു വിളിച്ചു ചോദിച്ചു "എന്താ ഇവിടെ ഇന്നു സംഭവിച്ചത്?" ബിരിയാണി വെക്കാനാണല്ലോ ഞാൻ മെസേജ് അയച്ചത്. നാലു തവണ വിളിച്ചിട്ടും മൈമുനാഫോണെടുക്കാത്തതു കൊണ്ടാണ് മെസേജ് അയച്ചത് ."
മക്കൾ രണ്ടു പേരും കൂടി ഒരേ സ്വരത്തിൽ പറഞ്ഞു " ബാപ്പച്ചി, ഞങ്ങൾ രണ്ടാളും കൂടി ഉമ്മച്ചിക്ക് വന്ന മെസേജ് "ഹാക്ക് " ചെയ്തതാണ്. ഞങ്ങളുടെ ഒരു സൈബർ ആക്രമണം. ഞങ്ങൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട "ചെസ്സ് ബോർഡ്'' വാങ്ങിത്തരാതെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശകാരിച്ചില്ലേ? അതിനുള്ള ചെറിയൊരു പണിഷ്മെൻ്റ്"
കുട്ടികളുടെ സംഭാഷണണൾ കേട്ട ഹൈദറും കൂട്ടുകാരും പൊട്ടിച്ചിരിച്ചു. പിന്നെ ആരും ഒന്നും പറയാതെ കപ്പപ്പുഴുക്കിലേക്ക് മീൻ കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി.