മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Pearke Chenam

''അവനെന്നെ എന്തിനാണ് രക്ഷിക്കാനെത്തിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.'' നിവര്‍ത്താനാകാത്ത വലതുകൈ നോക്കി, പഴയകാല കഥകള്‍ കേള്‍ക്കാനിരുന്ന മകളുടെ മകനോടതു പറയുമ്പോള്‍ മനസ്സ് പുറകോട്ട് കുതിച്ചു. അന്നത്തെ ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്ത് സ്വബോധം തിരിച്ചു കിട്ടിയതുമുതല്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരുന്നത് അവനെപ്പറ്റിയായിരുന്നു. എത്ര ശ്രമിച്ചിട്ടും

ചിന്തയില്‍ വ്യക്തത വരാതെ അവന്‍ മുന്നില്‍ നിവര്‍ന്നു നിന്നു. പറിഞ്ഞു പോകാന്‍ മടിച്ച് ശരീരത്തെ അള്ളിപ്പിടിച്ച് നില്‍ക്കുമ്പോഴാണ് അര്‍ദ്ധപ്രാണമായ മിഴികളാല്‍ അവനെ കണ്ടത്. ബാക്കി നില്‍ക്കുന്ന പ്രാണനെ നുള്ളിയെടുക്കാനാണ് അവന്‍ വന്നിരിക്കുന്നതെന്ന് ബോധ്യമുണ്ടായിരുന്നു. ശത്രുപക്ഷത്തു നിന്ന് തങ്ങളെ ആക്രമിക്കാന്‍ കച്ചകെട്ടിയിറങ്ങിയവനാണവന്‍. ഈ നിമിഷം അവന്‍ എല്ലാം തീര്‍ക്കും. ആ നിമിഷത്തിനായി കാത്തു നിന്നു. തുരുതുരായുള്ള വെട്ടുകളേറ്റ് ആഴത്തില്‍ പതിഞ്ഞ മുറിവുകളില്‍ നിന്നും ചീറ്റിയൊഴുകുന്ന രക്തത്തിന്റെ ഗതിവേഗത്താല്‍ അനിയന്ത്രിതമായുണ്ടായ ശരീരത്തിന്റെ പ്രകമ്പനങ്ങളില്‍ അടുത്ത തെങ്ങിന്‍കുഴിയിലേയ്ക്ക് ഉരുണ്ടുവീണ് മിഴികള്‍ കൂമ്പിപ്പോയ നിമിഷം. തീര്‍ന്നെന്നു കരുതി ശത്രുക്കള്‍ കളംകാലിയാക്കിയപ്പോഴാണ് എവിടെ നിന്നോ അവന്‍ ചാടിവീണത്. അറ്റുവീഴാറായ പ്രാണനെ തട്ടിത്തെറിപ്പിക്കാനാണ് അവന്റെ വരവ്. എതിര്‍പക്ഷത്തു നിന്ന് പടനയിച്ചു വന്നവന്‍. പക്ഷെ വെട്ടാന്‍ ഓടിയടുത്തവരുടെ കൂട്ടത്തില്‍ അവനുണ്ടായിരുന്നില്ല. അവന്‍ അല്പം വൈകിയാണ് എത്തിയിരിക്കുന്നത്. തന്നെ തീര്‍ത്തതിന്റെ എല്ലാ ക്രെഡിറ്റും ഇനി അവന് സ്വന്തം. സംഘടനയില്‍ അവന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ കൈവന്നിരിക്കുന്ന സുവര്‍ണ്ണാവസരം. അങ്ങനെയാണ് അവനെ അന്നേരം വിലയിരുത്തിയത്.

രാത്രികളും പകലുകളും തിരിച്ചറിയാനാവാതെ എത്രനാള്‍ ഐ സി യു വില്‍ കിടന്നെന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. അതിനുമപ്പുറം വെട്ടേറ്റ ആയുധങ്ങളില്‍ നിന്നും സെപ്റ്റിക്കായതിന്റെ വെല്ലുവിളികള്‍. നാടുമുഴുവന്‍ കൂടെ നിന്നതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്നതെന്തും അതേ നിമിഷങ്ങളില്‍ നിവര്‍ത്തിച്ചുകൊടുത്ത് ജീവന്‍ നിലനിര്‍ത്തി എന്നതാവും ശരി. എങ്കിലും ഓര്‍മ്മ വരുമ്പോഴെല്ലാം അവന്റെ മുഖം വളരെ വ്യക്തമായി തെളിഞ്ഞു നില്‍ക്കും. അശോകന്റെ ബാര്‍ബര്‍ഷാപ്പിലും സെയ്തുവിന്റെ ചായക്കടയിലും എത്രതവണയാണ് അവനുമായി ആശയസംവാദങ്ങളും തര്‍ക്കങ്ങളും നടത്തിയീട്ടുള്ളത്. അവസാനം ചര്‍ച്ചകളില്‍ പരാജിതനായി തലതാഴ്ത്തിപിരിഞ്ഞുപോകുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങിനില്‍ക്കുന്നുണ്ടാവും. ആശയപരമായി കഴിയുന്നില്ലെങ്കില്‍ ഭൗതികമായി കീഴടക്കുമെന്ന സന്ദേശം അതില്‍ പ്രകടിതമാകാറുണ്ട്. അപ്പോഴെല്ലാം മനസ്സില്‍ പറയും. ശത്രുക്കളുടെ എണ്ണം വെറുതേ കൂട്ടികൊണ്ടിരിക്കുന്നു. സംവാദങ്ങള്‍ സത്യാന്വേഷികളോടായിരിക്കണം. സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നവരോടാകരുത്.

സമാധാനമായി കഴിഞ്ഞിരുന്ന നാട്ടില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതിന് അധികം സമയം വേണ്ടി വന്നില്ല. ആശയസംവാദങ്ങളും ചില പണിമുടക്കുസമരങ്ങളും പ്രകടനങ്ങളും പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും ഒഴിച്ചു നിര്‍ത്തിയാല്‍ നാട് ശാന്തമായിരുന്നു. സമാധാനത്തിന്റെ പൂങ്കാവനമായിരുന്നു. അക്രമം ആരുടേയും മാര്‍ഗ്ഗങ്ങളായിരുന്നില്ല. അതിന് നാട്ടിലുള്ള ആരും തയ്യാറായിരുന്നില്ല. അതിനാല്‍ സമരങ്ങളെ ഒരു ആഘോഷമായേ കണ്ടിരുന്നുള്ളൂ. അതിനിടെയാണ് ഗ്രാമത്തെ സേവിക്കാനായി യുവാക്കളെ സംഘടിപ്പിക്കാനും അവരെ ശാക്തീകരിയ്ക്കാനുമായി പുറംദേശങ്ങളില്‍ നിന്ന് ചിലര്‍ നാട്ടിലേയ്ക്ക് സ്ഥിരമായി വരാന്‍ തുടങ്ങിയത്. അത് തുടരെതുടരെയുള്ള സംഘര്‍ഷങ്ങളിലേയ്ക്കും പുറമേനിന്നും വന്നിരുന്ന ഒരു പ്രവര്‍ത്തകന്റെ കൊലപാതകത്തിലുമാണ് കലാശിച്ചത്. പാര്‍ട്ടിയ്ക്ക് അതിലൊന്നും വ്യക്തമായ പങ്ക് ഇല്ലാതിരുന്നതിനാലും സംഭവത്തില്‍ പങ്കെടുക്കാതിരുന്നതിനാലും നാട്ടില്‍ നിന്ന് മാറിനില്‍ക്കാനോ ഒളിഞ്ഞു നടക്കാനോ മുതിര്‍ന്നില്ല. പക്ഷെ പ്രതിപ്പട്ടിക വന്നപ്പോള്‍ ഒന്നാംപ്രതി താനായിരുന്നു. എങ്ങനെയാണ് പോലീസ് പ്രതിപട്ടിക തയ്യാറാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ആരെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കുന്ന ലിസ്റ്റാണോ അതെന്ന് സംശയം തോന്നാതിരുന്നില്ല.

പോലിസ് വീട്ടില്‍ അന്വേഷിച്ചു വന്നപ്പോള്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് അവരുടെ കൂടെ സ്റ്റേഷനിലേയ്ക്ക് പോയി. രാഷ്ട്രീയകൊലപാതകമായതിനാലും പാര്‍ട്ടി ഭരണപക്ഷത്തായതിനാലും അവരില്‍ നിന്നും യാതൊരുവിധ അതിക്രമങ്ങളും അനുഭവിക്കേണ്ടി വന്നില്ല. അതുകൊണ്ടുകൂടിയാവണം അന്നത്തെ ദിവസം ലോക്കപ്പിലടച്ച് കാഴ്ചവസ്തുവാക്കാതെ കോടതിസമയം കഴിഞ്ഞിട്ടുപോലും ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി മെഡിക്കല്‍ ചെക്കപ്പ് നടത്തി, റിമാന്റ് റിപ്പോര്‍ട്ടുണ്ടാക്കി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ കൊണ്ടുപോയി നേരിട്ടു ഹാജരാക്കിയത്. സെഷന്‍സ് ഒഫന്‍സ് ആയതിനാല്‍ മറ്റൊന്നും നോക്കാതെ അദ്ദേഹം പതിനാലുദിവസത്തേയ്ക്ക് റിമാന്റ് ചെയത് സബ്ജയിലിലേയ്ക്ക് അയച്ചു. കൊലപാതക കേസില്‍ പ്രതിയായതിനാല്‍ അപ്പോഴത്തെ അവസ്ഥയില്‍ നാട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ സേഫ് ജയിലായിരുന്നു. പാര്‍ട്ടിക്കാര്‍ അത് പ്രത്യേകം അന്ന് സ്റ്റേഷനില്‍ വന്നപ്പോള്‍ പറയുകയും ചെയ്തു. കുറച്ചു നാള്‍ അകത്ത് കിടക്ക്. ഇപ്പോള്‍ പുറത്തിറങ്ങണ്ട. സംഭവത്തില്‍ പങ്കില്ലെന്ന കാര്യം എതിര്‍പക്ഷത്തുനിന്ന് പ്രതികാരം ചെയ്യാന്‍ വരുന്നവര്‍ക്ക് അറിയില്ലല്ലോ... ഇനി അറിഞ്ഞാലും പകരത്തിന് പകരം എന്ന നിലയില്‍ കണ്ടു മുട്ടിയാല്‍ അവര്‍ കൊന്നുകളഞ്ഞേക്കാം. അതിനാല്‍ ജാമ്യത്തിനുപോലും ശ്രമിക്കാതെ എല്ലാ പ്രതികളും കീഴടങ്ങി പോലീസ് അന്വേഷണം പൂര്‍ത്തിയാകും വരെ ജയിലില്‍ കിടന്നു. റിമാന്റ് പ്രിസനേഴ്‌സ് ആയതിനാലും കുറ്റകൃത്യം രാഷ്ട്രീയ കൊലപാതകമായതിനാലും ജയിലില്‍ യാതൊരു പ്രയാസങ്ങളും അനുഭവപ്പെട്ടില്ല. നേരാനേരം ഭക്ഷണം. വായിക്കാന്‍ പുസ്തകങ്ങള്‍. ഇടയ്ക്കിടെ കോമ്പൗണ്ടിലിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം. അങ്ങനെ വളരെയധികം സൗകര്യങ്ങള്‍ ലഭ്യമായിരുന്നു.

ജാമ്യം കിട്ടിയപ്പോഴേയ്ക്കും നാട്ടിലെ ബഹളങ്ങളും വെല്ലുവിളികളും എല്ലാം ഒതുങ്ങിയിരുന്നു. സര്‍വ്വകക്ഷിയോഗങ്ങള്‍ വിളിച്ച് സമാധാനം നിലനിര്‍ത്താന്‍ വേണ്ടതായ തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്ന് എടുത്തിട്ടുണ്ടായിരുന്നു. ഇനിയൊരു ആക്രമണം ഉണ്ടാകരുതെന്ന് ധാരണയിലെത്തിയിരുന്നു. പക്ഷെ ധാരണകള്‍ എപ്പോള്‍ വേണമെങ്കിലും തെറ്റിയ്ക്കാം. തരത്തിനും തഞ്ചത്തിനും അവസരങ്ങള്‍ വരുമ്പോള്‍ വീണ്ടും അതിക്രമം പൊട്ടിപ്പുറപ്പെടാം. വീണ്ടും സര്‍വ്വകക്ഷിയോഗങ്ങള്‍... സമാധാനകമ്മിറ്റികള്‍... അതാണ് എപ്പോഴും സംഭവിക്കാറുള്ളത്. അതിനാല്‍ കുറച്ചു ദിവസം പാര്‍ട്ടിക്കാര്‍ പറഞ്ഞ ചില രഹസ്യകേന്ദ്രങ്ങളില്‍ താമസിച്ചു. ഒരാഴ്ച കഴിഞ്ഞാണ് എല്ലാ പ്രതികളും നാട്ടിലെത്തിയത്.

നാട്ടിലെ അന്തരീക്ഷം അസുഖകരമായി തോന്നിയില്ല. അതിനാല്‍ എല്ലാം മറന്ന് പഴയതുപോലെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങി. എങ്കിലും അപരിചിതരായ ആളുകളെ കണ്ടാല്‍ ഒന്ന് പതുങ്ങും. രാത്രി ഇരുട്ടിയാല്‍ നാട്ടിലെ സഹപ്രവര്‍ത്തകരുടെ സുരക്ഷിതമായ വീടുകളില്‍ കൂടണയും. കുറച്ചു കാലത്തേയ്ക്ക് പ്രതികളായ പത്ത് പേരും ഒരുമിച്ച് സുരക്ഷിതമായ മേഖലയില്‍ കഴിഞ്ഞാല്‍ മതിയെന്നത് ജാമ്യമെടുത്ത് പോരുമ്പോള്‍ പാര്‍ട്ടിനേതാക്കള്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കാര്യങ്ങള്‍ എല്ലാം ക്രമമായി പ്രയാസങ്ങളേതുമില്ലാതെ മുന്നോട്ടു നീങ്ങി. ജോലിയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായി നാട് വീണ്ടും സജീവമായി. കലുഷമായ അന്തരീക്ഷം ശാന്തത വരിച്ചതോടെ പ്രതികാരികളായി നടന്നവരുടെ ഉശിരിനും ശമനമുണ്ടായി. സമാധാനം നാട്ടില്‍ പതുക്കെ തിരിച്ചു വന്നു. നാട്ടിലെ കൃഷിപ്പണിയും ഉത്സവങ്ങളും എല്ലാം മുറപോലെ നടന്നു. നേരില്‍ കാണുമ്പോള്‍ ഒരു മുറുമുറുപ്പ് മാത്രം എതിര്‍കക്ഷികള്‍ പ്രകടിപ്പിച്ചു.

കൊലപാതകത്തിന് മറുപടിയായി തിരിച്ച് ആക്രമണം നടത്താത്തതിന് നാട്ടിലെ അവരുടെ പ്രവര്‍ത്തകര്‍ക്ക് മേല്‍ഘടകങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിക്കൊണ്ടിരുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അതിനുള്ള മനസ്സ് ഉണ്ടായിരുന്നില്ല. കാലവര്‍ഷം കടന്നു വന്നതോടെ ദേശത്തിനു ചുറ്റുമായി കിടന്നിരുന്ന കോള്‍പടവുകളില്‍ മലവെള്ളം വന്നു നിറഞ്ഞ് നാട് ഒറ്റപ്പെട്ട ദ്വീപായിത്തീര്‍ന്നു. പുറത്തേയ്ക്ക് പോകുന്നതിന് വഞ്ചിയെ ആശ്രയിക്കാന്‍ തുടങ്ങി. ലോക്കല്‍കമ്മറ്റി മീറ്റിങ്ങുകള്‍ക്ക് പുറത്തേയ്ക്ക് പോകേണ്ടി വരുമ്പോള്‍ രഹസ്യമായി സാജുവിനെ വിവരമറിയീക്കും. നാട്ടിലെ പ്രൈമറി സ്‌ക്കൂളിലെ അദ്ധ്യാപകന്‍ നാരായണന്‍ മാഷിന്റെ സ്ഥിരം വഞ്ചിക്കാരനാണ് സാജു. രാവിലെ മറുകരയില്‍ നിന്നും മാഷിനെ കൂട്ടുക. വൈകീട്ട് സ്‌ക്കൂള്‍ വിട്ടാല്‍ മറുകരയ്ക്ക് കൊണ്ടാക്കുക. നാട്ടില്‍ എപ്പോഴും വഞ്ചി കയ്യിലുള്ളവരില്‍ ഒരാള്‍ സാജുവായിരുന്നു. അവന്‍ വഞ്ചിയുമായി കടവില്‍നിന്നും അല്പം മാറിയുള്ള സഹപ്രവര്‍ത്തകന്റെ വീടിന്റെ താഴത്ത് വഞ്ചി കൊണ്ടു വരും. അതില്‍ കയറ്റി മറുകരയ്ക്ക് എത്തിയ്ക്കും. തിരച്ചു വരുന്ന സമയം ഏകദേശം അവനോട് പറഞ്ഞാണ് പോകുക. അവന്‍ ആ സമയത്തിന് കൃത്യമായി അപ്പുറത്തെ കടവില്‍ വന്നു നില്‍ക്കും. അതില്‍ കയറി തിരിച്ചു പോരും. ആരുമറിയാതെയുള്ള പുറത്തേയ്ക്കുള്ള വരവും പോക്കും കൂടുതല്‍ ധൈര്യം പകര്‍ന്നു. മാത്രവുമല്ല അന്നത്തെ കൃത്യത്തില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് നാട്ടിലുള്ള എല്ലാവര്‍ക്കും അറിയാം എന്നത് ഏറ്റവും വലിയ ആശ്വാസമാണ്.

വിശ്വാസങ്ങള്‍ എല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ആ സംഭവം നടന്നത്. സാജുവാണ് ഒറ്റിയത്. എല്ലാ മാസിലും ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗത്തിന് പോകുന്ന വിവരം എതിര്‍കക്ഷികളോട് സാജുവാണ് പറഞ്ഞുകൊടുത്തത്. അവന്‍ എപ്പോഴാണ് അവരുടെ ഗ്രൂപ്പിലെ ആളായിത്തീര്‍ന്നത്? അവനൊരു സാധുവും സമാധാനപ്രിയനും എല്ലാവരോടും നന്മ കാണിക്കുന്നവനുമായിരുന്നു. എന്നാല്‍ നാട്ടില്‍ ആരുമറിയാതെ പലതും രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. കുടിയ്ക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാനാവാത്ത വിധം കാര്യങ്ങള്‍ മാറി മറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ് മീറ്റിങ്ങ് കഴിഞ്ഞു വരുമ്പോള്‍ സാജു വഞ്ചിയുമായി വന്ന് മറുകര നിന്ന് തിരിച്ചു നാട്ടിലെത്തിയ്ക്കുന്നതിനു പകരം അവര്‍, ആ അഞ്ചംഗസംഘം മാരാകായുധങ്ങളുമായി വഞ്ചികളില്‍ വന്ന് എന്നെ കാത്തു നിന്നത്.

എന്നത്തേതും പോലെ സാജുവിന്റെ വഞ്ചി കെട്ടിയിടാറുള്ള കടവിലേയ്ക്ക് നടന്നു. ആ വഴിയിലെ വിജനമായ തെങ്ങിന്‍തോപ്പിലൂടെ നടന്നു പോകുമ്പോള്‍ തെങ്ങുകള്‍ക്ക് മറപറ്റി കാത്തു നിന്നിരുന്ന സംഘാംഗങ്ങള്‍ പുറകില്‍ നിന്നും ചാടി വീണ് വെട്ടി. ആദ്യത്തെ വെട്ട് വലതുകാലിന്റെ വണ്ണക്കുടത്തിലായിരുന്നു. കുതികാല്‍ തന്നെ അവര്‍ ആദ്യം വെട്ടി. ആക്രമണത്തിന്റെ ആഘാതത്തില്‍ അറിയാതെ നിലത്തിരുന്നുപോയി. വെട്ടിലുണ്ടായ ആഴമേറിയ മുറിവില്‍ നിന്നും രക്തം ചീറ്റി. അതോടെ പുറകില്‍ നിന്ന് തുരുതുരാ വെട്ടുകള്‍ വന്നു. വെട്ടാനെത്തിയ ഓരോരുത്തരേയും വ്യക്തമായി കണ്ടു. നിത്യവും കടയിലിരുന്ന് വാദപ്രതിവാദങ്ങള്‍ നടത്താന്‍ വരുന്നവര്‍. എല്ലാവരും പരിചിതര്‍. ആര്‍ക്കും വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് പ്രത്യേകം മനസ്സ് ഓര്‍ത്തെടുത്തു. വീണപോയ വീഴ്ചയില്‍ നിന്നും രക്തമൊലിപ്പിച്ചുകൊണ്ട് ഉയര്‍ന്നുപൊങ്ങി, എതിരെ നിന്നവന്റെ കയ്യില്‍ നിന്നും വാള്‍ പിടിച്ചു വാങ്ങി. അവനെ തിരിച്ചുവെട്ടി. ആ വെട്ട് അവന് ഏല്‍ക്കുന്നതിനുമുമ്പ് സാജുവിന്റെ വെട്ട് ആയുധം പിടിച്ചിരുന്ന വലതുകയ്യില്‍ തന്നെ പതിഞ്ഞു. ആയുധം താഴെ വീണപ്പോള്‍ ആ കയ്യിനെ അവര്‍ ആഞ്ഞാഞ്ഞുവെട്ടി പ്രതികാരം തീര്‍ത്തു. വെട്ടുകളുടെ ആധിക്യത്താല്‍ ദേഹം മുഴുവന്‍ രക്തവുമായി താഴെ വീണു. അവര്‍ മരണം ഉറപ്പാക്കുന്നതിന് വീണ്ടും വീണ്ടും വെട്ടി. ഇങ്ങനെയൊരു കൃത്യം ആദ്യമായി ചെയ്യുന്നതുകൊണ്ടായിരിക്കണം എല്ലാ വെട്ടുകളും ആഴത്തില്‍ മുറിവുകളുണ്ടാക്കിയെങ്കിലും അതെല്ലാം മാംസപേശികളിലും കൈകാലുകളിലുമായിരുന്നു. വെട്ടിന്റെ വേദനകളാല്‍ താഴെ വീണുരുണ്ട് അടുത്തുള്ള തെങ്ങിന്‍ കുഴിയിലേയ്ക്ക് പതിച്ചു. ശരീരത്തില്‍ നിന്നും ചീറ്റികുതിച്ച രക്തം തെങ്ങിന്‍ കടയ്ക്കല്‍ തളംകെട്ടി നിന്നു. ആ നിണത്തിന്റെ ഓളപ്പരപ്പിലേയ്ക്ക് അവര്‍ സൂക്ഷിച്ചുനോക്കി. മരണം ഉറപ്പാണെന്ന് തീര്‍ച്ചപ്പെടുത്തി അവര്‍ പിന്‍വാങ്ങി. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അവന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. തന്നെ ശത്രുവായി കണ്ടു നടന്നിരുന്ന അവന്‍ എന്തിനായിരിയ്ക്കും അവിടെ വന്നിട്ടുണ്ടാകുക എന്ന സന്ദേഹമുണ്ടായി. എന്നാല്‍ തന്റെ മരണം ഉറപ്പാക്കുന്നതിനു പകരം തെങ്ങില്‍കുഴിയിലെ തളംകെട്ടി നിന്ന രക്തചാലില്‍ നിന്നും തന്നെ കോരിയെടുത്ത് ഒച്ചവെച്ച് ആളുകളെ വിളിച്ചുകൂട്ടി, കിട്ടിയ ഏതോ വാഹനത്തില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞത് ഇപ്പോഴും മിന്നി മറിഞ്ഞുകൊണ്ടിരുന്ന ഓര്‍മ്മകളില്‍ ഇടയ്ക്കിടെ തെളിഞ്ഞു കത്തുന്നു. എന്നെ, പതിയിരുന്ന് ചതിച്ചു വധിയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് മനസ്സിലാക്കി രക്ഷിക്കാനായി അവിടേയ്‌ക്കെത്തിയതായിരുന്നു. അവന്‍ എത്തുമ്പോഴേയ്ക്കും കൃത്യം നടന്നുകഴിഞ്ഞിരുന്നു. അവനും അവരുടെ കൂട്ടത്തിലെ ആളായിരുന്നിട്ടും എന്തിനാണ് അവന്‍ എന്നെ രക്ഷിച്ചതെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. അവനാണ് ആ ദേശക്കാരെ ഒച്ചവെച്ച് വരുത്തിയതും കിട്ടിയ വാഹനത്തില്‍ എന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചതും. 

വെട്ടിയ കത്തികളെല്ലാം പഴയതും തുരുമ്പിച്ചതുമായിരുന്നു. ആഴത്തില്‍ മുറിവുകളുണ്ടായെങ്കിലും അതൊന്നും മരണക്കാരണമാകാന്‍ മാത്രം മാരകമായിരുന്നില്ല. വേഗത്തില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ രക്തം വാര്‍ന്നൊഴുകിയതിന്റെ പ്രയാസങ്ങളുണ്ടായിരുന്നിട്ടും ജീവന്‍ പിടിച്ചു നിര്‍ത്താനായി. നാട്ടുകാര്‍ ഒന്നടക്കം രക്തമായും സാമ്പത്തികമായും സഹായമായെത്തിയതിനാല്‍ മരണത്തെ അഭിമുഖം കണ്ടതിനുശേഷവും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. എന്നാല്‍ മുറിഞ്ഞ കുറേ ഞരമ്പുകള്‍ വലതുകയ്യിന്റേയും കാലിന്റേയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കി. അത് എന്നന്നേയ്ക്കുമായി അവകളെ വികലമാക്കി. 

പോയ്‌സനിളകി ഇരുട്ടുമുറിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ താനിനി ജീവിതത്തിന്റെ വെളിച്ചം കാണില്ലെന്ന് എല്ലാവരും നിനച്ചു. എന്നാല്‍ നല്ലവരായ സുഹൃത്തുക്കളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനങ്ങളാള്‍ ആവശ്യമായ മെഡിസിനുകള്‍ നാട്ടില്‍ ലഭ്യമല്ലാതിരുന്നിട്ടും അതെല്ലാം ഉള്ളിടത്തുനിന്നും കൊണ്ടു വരാനായി. ഡോക്ടര്‍മാര്‍ക്ക് ഇടതടവില്ലാതെ ചികിത്സിക്കാനായി.
മകളുടെ മകനില്‍ കഥകള്‍ കൗതുകവും ആകാംക്ഷയും ആശ്ചര്യവുമുണര്‍ത്തി. അവന്‍ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. ഉപജീവനത്തിനായി സുഹൃത്തുക്കള്‍ സെന്ററിലെ പുറംപോക്ക് സ്ഥലത്ത് സ്ഥാപിച്ചു തന്ന പെട്ടിക്കടയിലെ സീറ്റിലിരുന്ന് അതിനെല്ലാം കൃത്യവും വ്യക്തവുമായ വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
''അയാളിപ്പോളെവിടെയാണ് താമസിക്കുന്നത്? അന്നത്തെ കാര്യങ്ങള്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?'' കഥ കേട്ട ഹരത്തില്‍ അവന് അയാളെക്കുറിച്ചറിയാന്‍ ആകാംക്ഷയുണര്‍ത്തി.
''ഇല്ല.''
''എന്തു സംഭവിച്ചു?''
''എനിക്കുപകരം അവര്‍ അവനെ വക വരുത്തി.''
''സ്വന്തം സംഘടനയിലേ ആളായിട്ടുപോലും?...''
''അതേ, അവരുടെ ദൗത്യം പരാജയപ്പെടുത്തിയതിനുള്ള ശിക്ഷ.''
''അയാള്‍ എന്തിനാണ് അപ്പൂപ്പനെ സഹായിച്ചത്?''
''എനിക്കറിയല്ല. അതൊരു നിയോഗമാകാം. അതേക്കുറിച്ചിപ്പോഴും നിഗൂഢമാണ്. ചിലരങ്ങനെയാണ്, ചില ദൗത്യങ്ങളുമായി ജനിക്കുകയും മരിക്കുകയും ചെയ്യുന്നവര്‍...''

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ