മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Abbas Edamaruku)

ജോലികഴിഞ്ഞെത്തി കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് അകത്തെ മുറിയിൽ നിന്ന് അവളുടെ ദീനമായ കരച്ചിൽ കേട്ടത്. രണ്ടുദിവസമായി അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളിൽ എന്തൊക്കെയോ അസ്വസ്ഥതകൾ ഉടലെടുത്തു തുടങ്ങിയത്. എങ്കിലും ഒരുനിമിഷം പോലും അടങ്ങിയിരിക്കാതെ വലിയ വയറുമായി ചുറ്റിക്കറങ്ങി നടക്കുന്നുണ്ടായിരുന്നു അവൾ വീട്ടിലും തൊടിയിലുമെല്ലാം. കന്നി ഗർഭം ആണ് അവളുടേത്‌. ഏറ്റവും പരിചരണം വേണ്ടുന്ന സമയം. പക്ഷേ, എന്ത് ചെയ്യാം...അവളെ അവൻ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത് ആർക്കും ഇഷ്ടമായിട്ടില്ല... അവന്റെ അമ്മയ്ക്ക് പോലും.

അവൻ ഉടൻതന്നെ ഭക്ഷണം കഴിപ്പ് മതിയാക്കി വീട്ടിനുള്ളിലേയ്ക്ക് കടന്നു. എവിടെയാണ് അവൾ? ജോലി കഴിഞ്ഞെത്തുമ്പോൾ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. പിന്നെ എവിടെപ്പോയി? പേര് വിളിച്ചുകൊണ്ട് അവൻ വീടിനുള്ളിൽ പരതി.

ഇനി പ്രസവസമയം അടുത്തിട്ടുണ്ടാകുമോ? അതോ... വിശപ്പോ, ദാഹമോ മറ്റോ ഉണ്ടായിട്ടാണോ... ഒന്നും അറിയില്ല. അമ്മയ്ക്ക് എങ്കിലും അവളെ ഇഷ്ടമായിരുന്നെങ്കിൽ...ഈ സമയത്ത് എന്തെല്ലാം പരിചരണങ്ങൾ കിട്ടുമായിരുന്നു.

ഇഷ്ടമുള്ള ഭക്ഷണം, കിടക്കാനുള്ള സ്ഥലം അങ്ങനെ എന്തെല്ലാം...അവൻ വേദനയോടെ മനസ്സിലോർത്തു.

വീട്ടിലും പരിസരത്തുമെല്ലാം നോക്കിയിട്ടും അവളെ കണ്ടില്ല. അതുവരെ ഉയർന്നുകേട്ട കരച്ചിലും കേൾക്കാനില്ല. അവന് ആദിയായി. ഇത്ര പെട്ടെന്ന് അവൾ എവിടെപ്പോയി? ഇനി അയൽ വീട്ടിലേയ്ക്കോ മറ്റോ പോയിട്ടുണ്ടാകുമോ? അങ്ങനൊരു പതിവുണ്ട്... ഉടൻ തന്നെ അവൻ പുറത്തിറങ്ങി അയൽവീട്ടുകാരോട് കാര്യം തിരക്കി. പക്ഷേ, നിരാശയായിരുന്നു ഫലം.

ഈ സമയത്താണ് വീടിന്റെ പിന്നിലുള്ള ചായ്പ്പിൽ നിന്ന് അവളുടെ കരച്ചിൽ വീണ്ടും കേട്ടത്. ഉടൻതന്നെ അവൻ അവിടേയ്ക്ക് ചെന്നു. അപ്രതീക്ഷിതമായി... ചായ്പ്പിനുള്ളിൽ നിന്ന് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതും അവന്റെ ഉള്ളൊന്നു കിടുങ്ങി. അവൾ പ്രസവിച്ചിട്ടുണ്ടാകുമോ? അങ്ങനെയെങ്കിൽ അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്താകും? ദൈവമേ കാത്തുകൊള്ളണമേ... പറഞ്ഞിട്ട് അവൻ ചായ്പ്പിലേയ്ക്ക് കടന്നു.

ചായ്പ്പിന്റെ മൂലയ്ക്കുള്ള കട്ടിലിനരികിൽനിന്ന് കുട്ടിടെ കരച്ചിൽ കേട്ട്...ചെന്നുനോക്കിയപ്പോൾ അവൻ വിസ്മയിച്ചുപോയി. അവൾ പ്രസവിച്ചിരിക്കുന്നു... ഒന്നല്ല... രണ്ടു കുട്ടികൾ.

ഒരുകുട്ടി അവളെപ്പോലെ വെളുത്തുതുടുത്തത്... ഒന്ന് ഇളം കറുപ്പ്. ഓമനത്തമുള്ള കുഞ്ഞുങ്ങൾ...അമ്മയുടെ വയറ്റിൽ അള്ളിപ്പിടിച്ചുകിടന്നു പാലുകുടിയ്ക്കാൻ ശ്രമിക്കുകയാണ്. ഒന്ന് മറ്റൊന്നിനെ തള്ളി മാറ്റുന്നു.

അവന്റെ ഉള്ളിൽ സന്തോഷം തിരതല്ലി. ആ സന്തോഷം ഒരു കുളിരായി ശരീരമാകെ വ്യാപിക്കവേ... അവൻ അരുമയോടെ അവളെ തലോടി.

കുഞ്ഞുങ്ങളെ ഒന്ന് തൊടണമെന്നും എടുത്ത് ഓമനിക്കണമെന്നുമൊക്കെ അവന് ആഗ്രഹം തോന്നി...എങ്കിലും അവൾക്ക് അത് ഇഷ്ടക്കേട് ഉണ്ടാക്കിയെങ്കിലോ എന്നോർത്ത് ആ ആഗ്രഹം ഉള്ളിലൊതുക്കി.

അയയിൽ നിന്ന് ഉണങ്ങിയ ഒരു തുണിയെടുത്ത് തറയിൽ വിരിച്ചശേഷം അവളെയും, കുട്ടികളേയും അതിലേയ്ക്ക് ആനയിച്ചു അവൻ. തുടർന്ന് ഫ്രിഡ്ജ് തുറന്ന് കുറച്ചു പാലെടുത്ത് ചൂടാക്കി അവൾക്ക് കൊടുത്തു . തുടർന്ന് ഉണ്ണാനായി എടുത്ത... ചോറും മീൻ കറിയും അവൾക്കായി ഒരു പാത്രത്തിൽ പകർന്നുവെച്ചു. പെറ്റ വയറാണ് നല്ല വിശപ്പുണ്ടാവും അവൻ മനസ്സിൽ കരുതി.

എത്ര നിർബന്ധിച്ചിട്ടും ചോറും, പാലുമൊക്കെ... അവൾ വെറുതേ നോക്കി കിടന്നതല്ലാതെ കഴിക്കാൻ കൂട്ടാക്കിയില്ല. പ്രസവത്തിന്റെ എന്തെങ്കിലുമൊക്കെ അസ്വസ്ഥതകൾ ഉണ്ടാവും അതാവണം അവൾ കഴിക്കാത്തത്. അവൻ മനസ്സിൽ ചിന്തിച്ചു.

ആഹാരം കഴിക്കുമ്പോഴെല്ലാം അവളേയും ഒപ്പമിരുത്തി ഊട്ടാറാണ് പതിവ്. അമ്മ എത്രയൊക്കെ എതിർത്താലും അവൻ അതൊന്നും വകവെക്കാറില്ല. അവനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അവൾക്ക് പ്രത്യേക താല്പര്യം ഉണ്ട് താനും.

ഇപ്പോൾ അങ്ങനെയല്ലല്ലോ...ഇന്നുമുതൽ അവൾ ഒരു അമ്മയായി മാറിയിരിക്കുന്നു. ഇനിമുതൽ കിട്ടുന്നതത്രയും വാരിവലിച്ചു കഴിക്കാനാവില്ല. കുട്ടികളുടെ കാര്യം കൂടി നോക്കേണ്ടിയിരിക്കുന്നു. ഈ സമയം കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. അവർക്ക് മുത്തം അർപ്പിച്ചുകൊണ്ട് പാല് കൊടുക്കുന്നതിൽ വ്യാപ്രതയായി അവൾ.

അവൾ പ്രസവിച്ച കാര്യം അമ്മ അറിയുന്നത് അന്നേദിവസം വൈകിട്ടാണ്. തൊഴിലുറപ്പ് ജോലിക്ക് പോയി മടങ്ങിയെത്തിയതും ചായ്പ്പിനുള്ളിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മ കോപം പൂണ്ടു.

"ആഹാ... പ്രസവിച്ചോ... ഇനി നോക്കണ്ട. വീടും മറ്റും നാശമാക്കും. കുട്ടികളുടെ മൂത്രവും, കാഷ്ടവും കോരാൻ എന്നെക്കൊണ്ട് വയ്യ. നാശങ്ങൾ...കെട്ടിയെടുത്ത് ഇവിടേയ്ക്ക് കൊണ്ടുവന്നപ്പോഴേ ഞാൻ പറഞ്ഞതാ... ഇതിവിടെ പറ്റില്ലെന്ന്. നോക്കിക്കോ ഞാൻ എല്ലാത്തിനേം ഓടിക്കണത്."

അമ്മ പുലമ്പി.

ആരോരുമില്ലാതെ അനാഥയായി വഴിയരികിൽ തളർന്നിരുന്ന അവളെ കൈ പിടിച്ചു വീട്ടിലേയ്ക്ക് കൊണ്ടുവന്നത് അവനാണ്. അന്നുമുതൽ അവൻ അവളെ പേരിട്ടു വിളിക്കുകയും... സ്നേഹത്തോടെ പരിചരിക്കുകയും ചെയ്തുപോന്നു.

അവൾ വന്നതിനുശേഷമാണ് അവന്റെ വീട്ടിൽ ഒരു ഒച്ചയും അനക്കവുമൊക്കെ ഉണ്ടായത്. വളരെപെട്ടെന്ന് അയൽക്കാരുൾപ്പെടെയുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാൻ അവൾക്ക് കഴിഞ്ഞു. പക്ഷേ, അമ്മയ്ക്ക് മാത്രം അവളോടുള്ള വെറുപ്പ് മാറിയതുമില്ല. ദിവസങ്ങൾ പോകവേ അവൾ വളർന്നു വലുതായി... അവളെ സ്നേഹിക്കാൻ അയൽ വീട്ടിൽ നിന്ന് ഒരു 'സുന്ദരൻ' തേടിയെത്തുകയും ചെയ്തു. വൈകാതെ അവൾ ഗർഭിണിയായി. ഇപ്പോഴിതാ...
അവൾ അമ്മയുമായി.

ഏതാനും ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഒരുനാൾ ജോലി കഴിഞ്ഞെത്തിയപ്പോൾ അവളെ കണ്ടില്ല. ചായ്പ്പിൽ ചെന്ന് നോക്കിയപ്പോൾ അവളുടെ കുഞ്ഞുങ്ങളേയും കാണാനില്ല.

അവൾക്കും കുഞ്ഞുങ്ങൾക്കും എന്തുപറ്റി? ഇനി അമ്മയെങ്ങാനും അവരെ ഉപദ്രവിച്ചിട്ടുണ്ടാകുമോ? അവൻ അമ്മയോട് അവളെപ്പറ്റി തിരക്കി. അമ്മയുടെ വാക്കുകൾ അവനെ തളർത്തിക്കളഞ്ഞു.

"നീ സംശയിച്ചത് ശരിയാണ്... ഞാൻ അവളേയും കുഞ്ഞുങ്ങളേയും ചായ്പ്പിൽ നിന്ന് അടിച്ചോടിച്ചു. കുണുങ്ങളെയും കൊണ്ട് അടുത്തവീട്ടിലേയ്ക്ക് പോകുന്നത് കണ്ടു. അവിടെ താമസമാക്കിയിട്ടുണ്ടാവും. എവിടേലും പോകട്ടെ നാശങ്ങൾ... ഇനിയെന്തായാലും ഇവിടെ വേണ്ട. ഇഷ്ടമല്ലാഞ്ഞിട്ടും ഇത്രകാലം ഞാൻ ഇവിടെ നിറുത്തിയത് എലിയെ പിടിക്കുമല്ലോ എന്നോർത്തിട്ടാണ്. കുഞ്ഞുങ്ങൾ ആഹാരം കഴിക്കാറായി... ഇനി കാഷ്ടിക്കാനും, മൂത്രിക്കാനുമൊക്കെ തുടങ്ങും എനിക്ക് വയ്യ അതൊന്നും വൃത്തിയാക്കാൻ."

അമ്മയുടെ ക്രൂരതയാർന്ന വാക്കുകൾ.

അവന്റെ ഹൃദയം വല്ലാതെ നൊന്തുപോയി. സ്വന്തം വീട്ടിൽ നിന്നും കുഞ്ഞുങ്ങളേയും കൂട്ടി പടിയിറങ്ങി പോകേണ്ടിവന്ന അവളുടെ കരച്ചിൽ അവന്റെ കാതിൽ മറ്റൊലിക്കൊണ്ടു. അവളുടെ സങ്കടം അവന്റെ ഹൃദയത്തെ കീറിമുറിച്ചു. അവളെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് അവന് ആ നിമിഷം തോന്നി.

നടക്കാറായ അവളുടെ കുഞ്ഞുങ്ങൾ ഇപ്പോൾ പുതിയ വീടും പരിസരവുമൊക്കെ പേടിയോടെ നോക്കി കാണുകയാവും. അവർക്ക് അവിടെ ഭക്ഷണവും മറ്റും കിട്ടിയിട്ടുണ്ടാകുമോ... അതോ വിശന്നു തളർന്ന് ആ കുഞ്ഞുങ്ങൾ....

ജനിച്ചവീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട ആ കുഞ്ഞുങ്ങൾ എത്രയോ നിർഭാഗ്യവാൻമാർ. ആ കുഞ്ഞുങ്ങളുടെ അമ്മയായ അവളുടെ സങ്കടമോ... ഇത്രയ്ക്കും ഭാഗ്യം കെട്ടവൾ ആയിപ്പോയല്ലോ അവൾ...അവളെ ആട്ടിയിറക്കി വിട്ട തന്റെ അമ്മ എത്രയോ പാപിയാണ്. മനസ്സിൽ ചിന്തിച്ചുകൊണ്ട് ഒരിക്കൽക്കൂടി അവളേയും കുട്ടികളേയും കാണാൻ വേദനനിറഞ്ഞ ഹൃദയവുമായി അവൻ അയൽവീട്ടിലേയ്ക്ക് നടന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ