തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു ആ മെസ്സേജ് കിട്ടിയത്. ഒരൊറ്റ വരി മാത്രം,
"നീ എന്തിനാണ് കരയുന്നത്?"ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ വിട്ടു പോയ ഒരു പാട് കാര്യങ്ങളിലൊന്നു മാത്രം ആയിക്കഴിഞ്ഞിരുന്നു അവൾ. മറന്നെന്നു പറയാൻ കഴിയില്ലെങ്കിലും തിരക്കിൽ വിട്ടു പോയി എന്ന് പറയാൻ
സാധിച്ചിരുന്നു. തിരക്കുകൾക് വേണ്ടി മാത്രം മാറ്റിവെച്ച സമയങ്ങൾ. പേഴ്‌സണൽ മെസ്സേജുകൾ രാത്രിയിലേക്ക് മാറ്റി വെച്ചിരുന്നു, പിന്നീട് വായിക്കാം എന്ന ഉദ്ദേശ്യമാണ്.
ഞാൻ വീണ്ടും അവളുടെ മെസ്സേജിലേക്ക് നോക്കി. ഓണ്ലൈനില് അവൾ ഉണ്ട്. പോപ്പ് അപ് ആയി വന്ന മെസ്സേജിന് ഒരു മിനുട്ടിന്റെ വയസ്സായി.
"നിന്നോട് ആരു പറഞ്ഞു ഞാൻ കരയുകയായിരുന്നു എന്ന്?."
"എനിക്ക് തോന്നിയതാണ്, നെഞ്ചിനകത്തു ഒരു വിങ്ങൽ പോലെ എന്തോ തോന്നി, അതാണ് ഞാൻ ചോദിച്ചത്, സോറി."
ഇപ്പൊ വിങ്ങൽ എന്റെ നെഞ്ചിൽ ആയി. വിട്ടുകളയണമെന്നു കരുതുന്തോറും ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുള്ളാണ് അവളുടെ ഇഷ്ട്ടം.
അവൾ വിശേഷം ചോദിക്കുന്നത് എപ്പോഴും ഇഷ്ട്ടമായിരുന്നു. കാരണം എല്ലാ പ്രശ്നങ്ങൾക്കും അവളുടെ കയ്യിൽ മരുന്നുണ്ട്. എല്ലാം ശരിയാകും എന്നു പറയുന്ന നൂറു കൂട്ടുകാരും പരിചയക്കാരും ഉണ്ടെങ്കിലും അവളുടെ കാപ്പിക്കണ്ണുകൾ കൊണ്ട് കണ്ണിൽ നോക്കി 'ബേജാറാവല്ല കോയ' എന്ന ഒറ്റ പറച്ചിൽ കൊണ്ട് കിട്ടുന്ന ധൈര്യം വേറെ ആണ്.
അവളുടെ സോറി പറച്ചിൽ ഒരു അന്യത ഉളവാക്കിയ പോലെ തോന്നി. വേണ്ട... അതിങ്ങനെ നിൽക്കട്ടെ. ഒന്നിനോടും കൂടുതൽ അടുപ്പം കാണിക്കേണ്ട. എന്തിനാണ് വെറുതെ ഒരുപാട് സ്വപ്നങ്ങൾ ഒരാൾക്ക് നൽകുന്നത്. അവൾക്കെന്നെ ഇഷ്ട്ടമാണ് എന്ന കാര്യത്തിൽ എനിക്ക് ലവലേശം സംശയം ഉണ്ടായിരുന്നില്ല. അവളോട് എനിക്ക് ഉള്ളത് ഇഷ്ട്ടം ആയിട്ടല്ല പക്ഷെ ബഹുമാനം ആണ്. കാരണം അവളുടെ കാപ്പിക്കണ്ണുകളെക്കാൾ എന്നെ ആകർഷിച്ചത് അവളുടെ വ്യക്തിത്വമാണ്. വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റവും കാര്യങ്ങളിലെ ദീർഘദൃഷ്ടിയും കാഴ്ചപ്പാടുകളും എല്ലാം എന്നെ അവളുടെ ആരാധകനാക്കി മാറ്റി. അവളുടെ സൗഹൃദം ഇഷ്ടത്തിലേക്ക് വളരുന്നത് മുൻപിൽ നിന്നു നോക്കിക്കണ്ടെങ്കിലും ഞാൻ മൗനം കാണിച്ചു. എന്തിനു വെറുതെ അവളുടെ ജീവിതം എന്നെപ്പോലെ ഒരുത്തന്റെ കൂടെ ആക്കണം ? അവൾക്ക് പറ്റിയ നല്ല കുടുംബത്തിൽ പിറന്ന നല്ല ആളുകളെ കിട്ടും. പിന്നെ ഞാൻ എന്തിനാണ്?
കോളേജ് തീരാൻ സമയം അവൾ അടുത്തു വന്നുചോദിച്ചത് നമുക്ക് ഒരുമിച്ചു മുന്നോട്ട് പോയാലോ എന്നാണ്. പക്ഷെ ഞാൻ പറഞ്ഞു നമുക്ക് ഇങ്ങനെ ഒക്കെ നല്ല ഫ്രണ്ട്സ് ആയി പോയാൽ പോരെ ഞാൻ നിന്നെ ആ കാഴ്ചയിലൂടെ കണ്ടിട്ടില്ല എന്നാണ്. ശരിയാണ് അവളെ ഒരു രാജകുമാരി ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം. എന്നെപ്പോലെ ഒരുത്തന്റെ കൂടെ എന്തിനു അവൾ ജീവിതം കളയണം? ഡിഗ്രി സർടിഫിക്കറ്റ് വാങ്ങാൻ പോയ അന്നാണ് അവസാനമായി നേരിൽ കണ്ടത്. പഴയ ചുറുചുറുക്ക് എങ്ങോ പോയി മറഞ്ഞിരുന്നു. ചടവ് ബാധിച്ച കണ്ണുകൾ. എനിക്ക് സങ്കടം വന്നു. നല്ലവണ്ണം ദേഷ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞത് പോടാ ഊളെ എന്നാണ്. അപ്പൊ എനിക്കും സമാധാനം ആയി. അവളുടെ ഉള്ളിൽ പഴയ പ്രസരിപ്പും ഊർജവും ഇപ്പോഴുമുണ്ട്.
സംസാരങ്ങളും ഞങ്ങളുടെ സൗഹൃദവും വീണ്ടും തുടർന്നു.
അങ്ങനെ കാലങ്ങൾ കഴിഞ്ഞുഞാൻ ഇങ് ജോലിക്കായി വന്നു. ഇടക്ക് അവൾ മെസ്സേജ് അയക്കും വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ളത്. എനിക്ക് സന്തോഷം ആയിരുന്നു അവളോട് സംസാരിക്കുന്നത്.
ഓഫീസിലെ മേശ കാലിൽ വീണ അന്നാണ് അവൾ വൈകുന്നേരം തിരക്ക് പിടിച്ച് വിളിച്ചത്, എനിക്ക് തലവേദനയാണ് നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്നു ചോദിച്ച്. എന്തിനവളെ വിഷമിപ്പിക്കണം എന്നു കരുതി ബീച്ചിൽ കാറ്റു കൊള്ളുകയാണ് എന്നു പറഞ്ഞു. പക്ഷെ കാല് കല്ലിൽ തട്ടിയ അന്നും അവൾ വിളിച്ചു, വല്ലാത്ത അസ്വസ്ഥത ഉണ്ട് എന്നും പറഞ്ഞ്. എനിക്കെന്തോ വല്ലായ്ക ആയി. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾക്ക് എന്തുകൊണ്ടാണ് ബുദ്ധിമുട്ട് വരുന്നത്? അതും അന്ന് തന്നെ അവൾ എന്തിനാണ് എന്നെ തന്നെ വിളിക്കുന്നത്? അന്ന് തൊട്ട് എന്റെ മനസ്സ് അസ്വസ്ഥം ആണ്. ഇടക്ക് ഞങ്ങൾ തമ്മിലുള്ള സംസാരങ്ങൾ കുറഞ്ഞു വന്നു. ജോലിയിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് കൊണ്ടും ഉയരങ്ങൾ തേടി അവൾ പഠനം തുടർന്നപ്പോൾ സ്വാഭാവികമായി വന്നു ചേർന്ന സമയക്കുറവും കൊണ്ടായിരുന്നു അത്. പക്ഷെ ഇതുപോലെ ചില സന്ദർഭങ്ങളിൽ അവൾ വിളിക്കാറുണ്ടായിരുന്നു. എന്റെ മാനസിക വ്യാപാരങ്ങൾ അവളറിയുന്നു. എന്റെ അസ്വസ്ഥതകളും ദുഃഖവും അവളിലും പ്രതിഫലിക്കുന്നു. ഈ കാര്യങ്ങൾ ഇപ്പോഴും എനിക്ക് ഒരു സമസ്യ ആയി തുടരുകയാണ്.
രാവിലെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട നരച്ച ഒറ്റമുടി ആണ് വീണ്ടും എന്നെ അവളുടെ ഓർമകളിലേക്ക് കൊണ്ടുപോയത്. പണ്ട് നരച്ച മുടി കാണുമ്പോ ഒരു സന്തോഷം, ഞാനും വലുതായി എന്നു പറഞ്ഞു എല്ലാരേം കാണിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഓരോ മുടികളും ഓരോ നടുക്കമാണ് ഉളവാക്കുന്നത്. ഓർമകൾ പലതും പുഞ്ചിരി വിടർത്തി ഓടി വന്നതിനിടക്ക് അവളും വന്നു. പിന്നെ ഇന്ന് ഞാൻ ചിരിച്ചില്ല. അവൾ ഒരു നൊമ്പരം തന്നെ. അങ്ങകലെ നിന്നും അവൾ ചിന്തിക്കുന്നത് എന്നെ പറ്റി. എന്റെ അപകർഷകത ബോധം കാരണം ഞാൻ കെടുത്തിയ അവളുടെ പുഞ്ചിരിയെക്കുറിച് ഓർത്തപ്പോൾ ചെറിയ സങ്കടം തോന്നി. കണ്ണ് ചുവന്നു പോയി. കരഞ്ഞില്ല,പക്ഷെ അത് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കി. ഓഫീസിൽ എത്തിയപ്പോൾ ജോലിയുടെ തിരക്കുകളിലേക്ക് മുങ്ങാൻകുഴിയിട്ടപ്പോൾ വീണ്ടും എല്ലാം മറന്നു.
വീണ്ടും അവളെന്ന മാന്ത്രികയ്ക്ക് മുന്നിൽ ഞാൻ അസ്വസ്ഥൻ ആയി ഇരിക്കുകയാണ്.
അവൾ ടൈപ്പ് ചെയ്യുന്നുണ്ട് പക്ഷെ മെസ്സേജ് വരുന്നില്ല. വീണ്ടും വീണ്ടും ടൈപ്പിങ് എന്നു കാണിക്കുന്നുണ്ടെങ്കിലും മെസ്സേജ് വരുന്നില്ല. എന്നോടെന്തോ പറയാനുണ്ടെന്ന് വ്യക്തം, അല്ലെങ്കിൽ ചോദിക്കാൻ. അങ്ങോട്ട് കേറി ചോദിക്കുക തന്നെ. പക്ഷെ ഇപ്പോൾ അവളെ കൂൾ ആക്കാൻ പറ്റിയ മറുപടി പോയി പണി നോക്കേടിപുല്ലേ എന്നാണ്. അതങ്ങ് അവൾക്ക് അയച്ചു..
തിരിച്ചു അവളും സ്‌മൈലി വിട്ടു. പിന്നെ വിശേഷങ്ങൾ ആയി. എനിക്കും ഉള്ളിൽ സമാധാനം ആയി. പാതിരായ്ക്ക് കിടക്കാൻ നേരം അവൾ ചോദിച്ചു:
"ഞാൻ ഒരു കാര്യം പറയട്ടെ."
"മ്മ്"
"ന്റെ കല്യാണം ഉറച്ചു.."
"സത്യം ?"
"ഏകദേശം ശെരിയായ മട്ടാണ്."
"ഹാവൂ.. അങ്ങനെ ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയായി."
അവൾക്കിട്ടു താങ്ങാൻ കിട്ടുന്ന അവസരം കളഞ്ഞില്ല.
"അങ്ങനെ കണ്ടവന്റെ ജീവിതം കോഞ്ഞാട്ടയാക്കാൻ എനിക്ക് പറ്റില്ല."
"ഓ പിന്നെ നിനക്ക് പിന്നെ ആരെ വേണം?"
ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി പക്ഷെ അപ്പോഴേക്ക് മെസ്സേജ് നീല ആയി. അന്നാദ്യമായി 4g യെ കുറ്റം പറഞ്ഞു. കാരണം അവൾ അയക്കാൻ പോകുന്ന ഉത്തരം എനിക്ക് അറിയാം, ഞാൻ ഒഴിവാക്കാൻ ശ്രമിക്കുന്ന ഉത്തരം ആണ് അത്. അവളുടെ മെസ്സേജ് ഒറ്റ അക്ഷരം മാത്രം..
"U"
ഞാൻ അവളോട് വെട്ടിതുറന്നങ് പറഞ്ഞു, "പെണ്ണേ അനക്ക് ഞാൻ പറ്റൂല. കീറചാക്കിൽ സ്വർണം പൊതിഞ്ഞ പോലെ ആകും."
"സ്വർണത്തിനു കീറച്ചക്ക് മതിയെങ്കിലോ" എന്ന് അവൾ.
"ജ്വല്ലറിക്കാർ സമ്മതിക്കില്ല "
"കള്ളക്കടത്തു നടത്താം"
"കസ്റ്റംസ് പിടിക്കും"
"അപ്പൊ കീറച്ചാക്കിന്‌സ്വർണം വേണം എന്നുണ്ട്, അല്ലെ..."
അപ്പൊ ഞാൻ തോറ്റു. ഈ മെടുല്ല ഒബ്ലാങ്കട്ട മനസ്സിലുള്ളത് അറിയാതെ പുറത്തു പറയിപ്പിക്കും. അത് ചാറ്റിംഗ് ആണെങ്കിൽ ടൈപ്പ് ആയിപ്പോകും.
അവൾ എന്നെ വിളിച്ചു, എടാ എത്ര കാലം ആയി അറിയാമോ ഞാൻ .......
അവൾക്ക് ഒന്നും പറയേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം എല്ലാം എനിക്കറിയുന്നത് തന്നെ.
ഞാൻ അവളോട് പറഞ്ഞു പെണ്ണേ.നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല. ഒരുമിക്കലിന് പിന്നിൽ ഒരുപാട് കടമ്പകളുണ്ട്. കുടുംബം, സമ്പത്ത്, സാമൂഹ്യസ്ഥാനം. അവൾക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നൊള്ളു
"എനിക്കതൊന്നും അറിയണ്ട. ഞാൻ വാപ്പാനോട് എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് സന്തോഷം ആണ്"
"പക്ഷെ..."
വീണ്ടും അവൾ ചോദിച്ചിരിക്കുന്നു. ആവശ്യം തികച്ചും ന്യായം. മുന്നോട്ടുള്ള വഴികളിൽ ഒരു സഹചാരി ആയി അവളെയും കൂട്ടണം.
"എന്തോന്ന് പക്ഷെ...നിനക്ക് എന്നെ ഇഷ്ട്ടമല്ലേ?"
എന്തു മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ വലഞ്ഞു. സ്വന്തം സാഹചര്യങ്ങളെക്കുറിച്ച് എനിക്കറിയാം. അവളുടെ നിലവരത്തെക്കുറിച്ചും എനിക്കറിയാം. ഇത്രയും വലിയ ഒരു പറിച്ചുനടൽ തീർത്തേക്കാവുന്ന പ്രതികരണങ്ങളെ ഞാൻ കൂടുതലായി കണ്ടു, ഭയന്നു. അവൾ ഫോൺ കട്ട് ചെയ്തു. എത്ര സങ്കടത്തിൽ ആയിരിക്കും അവൾ എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
കിടന്നിട്ടും ഉറക്കം വന്നില്ല. ഉള്ളിൽ വല്ലാത്ത വിങ്ങൽ.
പാതിരായ്ക്കെപ്പോഴോ ഞെട്ടി എണീറ്റപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയമാഞ്ഞു മിടിക്കുന്ന പോലെ, വല്ലാത്ത വെപ്രാളം. ആദ്യം തന്നെ അവളെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു,
നീ ഉറങ്ങിയില്ലേ?"
ഹാ..ഇല്ല.
അതെന്തുപറ്റി?"
ഒന്നുമില്ല, ഉറക്കം വന്നില്ല. അതാ.
എനിക്കും തന്നെ.
അല്പനേരത്തെ നിശബ്ദത. ഇത്രയും കാലം അവൾ എന്താണോ അനുഭവിച്ചത് അത് ഞാനും ഇപ്പൊ അനുഭവിച്ചു കഴിഞ്ഞു. ഇനി ഞാൻ നിരാകരിച്ച കാര്യം ഞാൻ തന്നെ ചോദിക്കണം അതായിരുന്നു എന്റെ കടമ്പ. ഈഗോ മുന്നിൽ നിന്നെങ്കിലും ഹൃദയം വിജയിച്ചു.
പെണ്ണേ...ഞാൻ അടുത്ത ആഴ്ച വന്നു സംസാരിച്ചാൽ മതിയോ.
എന്ത്
ഒന്നുമില്ല
നിനക്ക് നാളെ വരാൻ പറ്റില്ലേ. അതു മാത്രം മതിയായിരുന്നു എനിക്ക്.
പിറ്റേന്ന് തന്നെ ലീവ് എടുത്തു ഞാൻ നാട്ടിലേക്ക് തിരിച്ചു.
കല്യാണം കഴിഞ്ഞു യാത്രകൾക്കിടയിലാണ് ഞാൻ വീണ്ടും ആ ചോദ്യം ചോദിച്ചത്,അന്നത്തെ ആ ദിവസത്തെ പറ്റി. അവൾ ഒന്നേ പറഞ്ഞുള്ളു, നീ വിളിക്കുമ്പോ ഞാൻ ഷാൾ കെട്ടിതൂക്കുകയിരുന്നു എന്നു മാത്രം.