മഴ അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, തോരാതെ... ജനലിലൂടെ കവിളിൽ വന്നുവീണ മഴത്തുള്ളികൾ അവനെ ഓർമ്മകളിൽ നിന്നുണർത്തി. പക്ഷേ ആ മഴത്തുള്ളികൾക്ക് എന്നത്തേയും പോലുള്ള
ഒരു കുളിർമ അല്ല ,അതിനപ്പുറം ചേതനയില്ലാത്ത ഒരു മരവിപ്പാണെന്ന് അവനു തോന്നി. വന്നു വീഴുന്ന ഓരോ മഴത്തുള്ളിയിലൂടെയും 'അവൾ' എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതായി അവനു തോന്നി.
ആരെയും കൊതിപ്പിക്കുന്ന സൗഹൃദം കൊണ്ട് അവനെ അന്നും ഇന്നും വിസ്മയിപ്പിച്ച അവൾ. അവൾ ഇനിയില്ല ...തമ്മിൽ കാണാതായിട്ട് നാളേറെയായെങ്കിലും ഇടയ്ക്കുള്ള ഫോൺകോളുകൾ പോലും അവർ ഒരുപാട് ആസ്വദിച്ചിരുന്നു ... ആ നിമിഷങ്ങളിലെല്ലാം സന്തോഷിച്ചിരുന്നു ...
ഒരുമിച്ചുണ്ടായിരുന്ന നാളുകളിൽ ഇടയ്ക്കെപ്പോഴോ അവൾ അവനോട് കളിയായി ചോദിക്കുമായിരുന്നു : "ഞാൻ മരിച്ചു കിടക്കുന്ന നാൾ, എന്നെ കാണാൻ നീ വരുമോ ..."
അപ്പോഴെല്ലാം അത് പറഞ്ഞു മുഴുവിപ്പിക്കാൻ അനുവദിക്കാതെ അവൻ അവളുടെ വായ പൊത്തുമായിരുന്നു. അത് കേൾക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. പക്ഷേ മരണത്തെ കുറിച്ച് അവനോട് സംസാരിക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നു. 'മറ്റാരു വന്നു കണ്ട് കണ്ണു നനച്ചില്ലെങ്കിലും, ഒരു പൂവുമായി നീ എന്റെ അരികിലുണ്ടാകുന്നതാണ് ഏറ്റവും ഇഷ്ടമെന്ന് അവൾ പറയുമായിരുന്നു.
ആ വാക്കുകൾ വീണ്ടും അവന്റെ കണ്ണ് നനച്ചേക്കാം. ലോകം മുഴുവൻ സ്വയം കൂട്ടിലടയ്ക്കപ്പെട്ട നാളുകളിൽ ദൂരെ ഒരിടത്തിരുന്ന് അവൾ അവനുവേണ്ടി കാക്കുന്നുണ്ട്. അവനൊപ്പമില്ലാതെ ആദ്യമായി മറ്റേതോ ലോകത്തേക്ക് പോകും മുൻപ് , ജീവിച്ചു തീർത്ത നാളുകളിലെ, ഏറ്റവും നല്ല നാളുകൾ സമ്മാനിച്ച അവനെ കാണാൻ കാത്ത്..
കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ ലോകം തുറക്കുന്ന നാളിനായി കാത്ത് അവനും. സ്വന്തം മുറിയിലെ ജനലിനരികെ ഇരിക്കുമ്പോൾ, കയ്യിലിരുന്ന ആ നനുത്ത പൂവും അവനോടെന്തോ പറയുന്നുണ്ടായിരുന്നു. പൂവിനു പറയാനുള്ളതു കേൾക്കാതെ, അകലങ്ങളിലെ അവളിലേക്ക് പാഞ്ഞ അവന്റെ മനസിന് അതിലേറെ പറയാനുണ്ടായിരുന്നു.