മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

'ഇച്ചിരി കറ്യേപ്പില പൊട്ടിച്ചോട്ടെ ലതേച്ചീ..'
ലതേച്ചിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടൊന്നുമില്ലെങ്കിലും സമ്മതം കിട്ടി. ഒരു നൂറ് കറിവേപ്പിലതെെ കൊണ്ടുനട്ടിട്ടുണ്ട് വീട്ടിൽ. ഒന്നുപോലും പിടിച്ചില്ല. ഈ വീട്ടിൽ കറിവേപ്പില വാഴില്ലെന്ന് അമ്മ പറയാറുണ്ട്.

രണ്ടുമൂന്ന് ദിവസത്തിലേക്കുള്ളത് പൊട്ടിച്ചു. എപ്പോഴും വന്ന് ചോദിക്കേണ്ടല്ലോ, യേശുദാസിൻറെ ഒരു പാട്ട് ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. 'ഇതേത് സിൽമേലെ പാട്ടാ ലതേച്ച്യീ..' വെറും കറിവേപ്പില മാത്രം ചോദിക്കുന്നത് ശരിയല്ലല്ലോ, 'ഉസ്താദോ മൊയ്ല്യാരോ എന്തോ പറയണ കേട്ടു'. ലതേച്ചി തൊഴുത്തിൽ നല്ല തിരക്കിലാണ്.

വേലി ചാടി തിരിഞ്ഞു നടക്കുന്പോൾ വല്ലാത്തൊരു ജാള്യത തോന്നി, എത്ര വട്ടമാണ് ഇങ്ങനെ തെണ്ടുന്നത്.
അവർക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും. കറിവേപ്പില ഇല്ലാതെ കഴിച്ചുകൂട്ടാമെന്ന് വെച്ചാൽ, പച്ച വെളിച്ചെണ്ണയും പച്ച കറിവേപ്പിലയും തൂവാത്ത കറിയെക്കുറിച്ച് ചിന്തിക്കാനെ പറ്റുന്നില്ല.

പുറത്ത് ഒരു ചാറ്റൽമഴ ആരംഭിച്ചിട്ടുണ്ട്. ചൂടുചോറിലേക്ക് മോരുകറി ഒഴിച്ച്, ഉപ്പിലിട്ട കണ്ണിമാങ്ങയും ചുട്ട പപ്പടവും ചേർത്ത് അതിഗംഭീരമായ ഒരു ഊണിന് തുടക്കം കുറിച്ചു. മഴ കണ്ടുകൊണ്ട് ഊണുകഴിക്കുന്നത് ബഹുരസമാണ്. ചൂടുള്ള ചോറാണെങ്കിൽ ആനന്ദത്തിൻറെ ആവി പറക്കും. അപ്പോഴും ഇടയ്ക്കിടക്ക് കറിവേപ്പിലകൾ രുചിപ്പിച്ചു, ആത്മാഭിമാനത്തെ സ്പർശിച്ചു.

രാത്രി കിടക്കുന്പോൾ അമ്മയോട് പറഞ്ഞു, കറിവേപ്പിലയുടെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്ന്. '' നിറയെ കറിവേപ്പിലയുള്ള വീട്ടിലേക്ക് നിന്നെ കെട്ടിച്ചയക്കാം, പോരെ '' എന്ന മറുപടിയിൽ ആ സംസാരം അവസാനിച്ചു. അയൽവാസികളാൽ അപമാനിതരാവാൻ വേണ്ടി ചില വീടുകളിൽ മാത്രം കറിവേപ്പില മുളക്കാത്തത് എന്തുകൊണ്ടായിരിക്കും ?.

കറിവേപ്പില ആവിശ്യമുള്ള മറ്റൊരു ദിവസം. കറി തളപ്പിച്ചുവെച്ചതിന് ശേഷം. ലതേച്ചിയുടെ വീട്ടിലേക്ക് പോകാൻ പല പ്രാവിശ്യം ഇറങ്ങിയതാണ്. പക്ഷെ, ഇപ്രാവിശ്യമെന്തോ മനസ് വഴങ്ങുന്നില്ല. പലപ്പോഴും പോകണ്ട എന്ന് ചിന്തിക്കാറുണ്ടെങ്കിലും കറി തിളച്ചുകഴിഞ്ഞാൽ കറിവേപ്പില മോഹിപ്പിക്കാൻ തുടങ്ങും. അങ്ങിനെ ഇറങ്ങി പോകാറാണ് പതിവ്. ഇന്ന് പക്ഷെ കറിവേപ്പില മോഹിപ്പിക്കുന്നുണ്ടെങ്കിലും, ആ ഇറങ്ങിപ്പോക്ക് സംഭവിക്കുന്നില്ല.

ചോറുണ്ണാൻ നിന്നില്ല, എപ്പോഴോ കിടന്ന് ഉറങ്ങിപ്പോയി. വിഷമം വരുന്പോൾ ഉറങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു. ആരോ വിളിച്ചത് കേട്ടാണ് പുറത്തേക്ക് വന്നത്. കയ്യിൽ കറിവേപ്പിലയുമായി ലതേച്ചി !!
തീർച്ചയായും ഞാനിത് ഉച്ചയ്ക്കു കാണുന്ന സ്വപ്നമാകാനെ വഴിയുള്ളൂ, അല്ലെങ്കിൽ ഇതൊരു കഥ ആയിരിക്കണം.

മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ലതേച്ചി പറയുകയാണ്. ''സിന്ദൂ, നീയെൻറെ സാരീൻറെ ഞൊറിയൊന്ന് ശരിയാക്കി തന്നേ, ചിഞ്ചൂൻറെ വീടുവരെ ഒന്നു പോകണം'' അതിനുശേഷം കെെയ്യിലിരുന്ന കറിവേപ്പില എൻറെ നേരെ നീട്ടീ. '"വരുന്ന വഴിക്ക് പൊട്ടിച്ചതാ, നിനക്കെന്തായാലും വേണ്ടിവരുമല്ലോ." ഞാനത് വാങ്ങി തിണ്ണയിൽ വെച്ചു.

ലതേച്ചിയുമായി ബെഡ്റൂമിൽ കയറി, സാരിയുടെ ഞൊറികൾ ശരിയാക്കി കൊണ്ടിരിക്കുന്പോൾ, ലതേച്ചിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
''നീയിവിടെ ഉള്ളപ്പോൾ വൃത്തിയായി ചെന്നില്ലെങ്കിൽ ചിഞ്ചു എന്നെ കൊല്ലും''
ലതേച്ചി ഞാനറിയാതെ കണ്ണുതുടച്ചു.
''നീ കൂടി കെട്ടിപോയാൽ, പിന്നെ ഇതൊന്നുമുണ്ടാവില്ല"

അവരു പോയപ്പോൾ, ഞാൻ അടുക്കളയിൽ കയറി കറി ചൂടാക്കി. ചേമ്പുകറിയായിരുന്നു അന്ന്. പച്ചവെളിച്ചണ്ണയും പച്ചക്കറിവേപ്പിലയും കറിക്കുമീതെ തൂവി. സംഗതി നാടനാണെങ്കിലും, അപ്പോൾ രാജകീയമായി തോന്നി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ