mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ അരവിന്ദിനെ എതിരേറ്റത് ഒരു ഫോൺ കാളായിരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറിനിടയിൽ ഇതു പത്താമത്തെ കാൾ ആണത്രേ സുനന്ദയുടെ ഫോണിലേക്ക് വരുന്നത്. അരവിന്ദ് വീട്ടിലില്ലാത്തതു കൊണ്ട് പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കാളെടുക്കാൻ സുനന്ദ മടിച്ചു. ഇപ്പോൾ അരവിന്ദിന്റെ വണ്ടി പോർച്ചിലെത്തിയതും കാൾ വന്നതും ഒരുമിച്ച്, സുനന്ദ കാൾ എടുത്തു. മറുതലയ്ക്കൽ നിന്നും പരിക്ഷീണമായതെങ്കിലും വിനയാന്വിതമായ ഒരു സ്വരം:

"പ്രൊഫസർ മഹേശ്വരൻ നായരുടെ മകൻ മാധവനാണ് ഞാൻ, അച്ഛന്റെ ശിഷ്യനായ അരവിന്ദിനോട് എനിക്കൊന്നു സംസാരിക്കാൻ കഴിയുമോ?  അച്ഛൻ ഇന്നു രാവിലെ ഞങ്ങളെ വിട്ടു പോയി."

അതു കേൾക്കെ തിരിച്ചൊന്നും പറയാനാകാതെ, ഒട്ടൊരു പരിഭ്രമത്തോടെ യാന്ത്രികമായി സുനന്ദ ഫോൺ അരവിന്ദിനു കൈമാറി. അരവിന്ദ് സംസാരിക്കുമ്പോഴും സുനന്ദയുടെ മിഴികൾ അയാളുടെ പ്രവൃത്തികൾ വീക്ഷിച്ചുകൊണ്ടിരുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം അരവിന്ദ് പറഞ്ഞു പറഞ്ഞ് സുനന്ദയ്ക്കു നന്നായറിയാം.

ഫോണിലൂടെ മാധവന്റെ നാവിൽ നിന്നും ആവർത്തിക്കപ്പെട്ട പ്രൊഫസറുടെ മരണ വിവരം വല്ലാത്തൊരു ശൂന്യതയാണ് അരവിന്ദിലുണ്ടാക്കിയത്. മാധവന്റെ ശബ്ദം അനന്തതയിൽ നിന്നുണ്ടാവുന്ന പ്രകമ്പനം പോലെയാണ് അരവിന്ദിനനുഭവപ്പെട്ടത്, അയാളുടെ മനസ്സിൽ അലയടിക്കുന്ന ആർത്തനാദത്തിനൊപ്പമതു ലയിച്ചു ചേർന്ന് അഗാധമായ മൗനത്തിന്റെ ശ്രുതിയായി. ദൂരെയെവിടെനിന്നോ അരവിന്ദിന്റെ കാതുകളിലേക്ക് അരിച്ചിറങ്ങിയ, വയലിനിൽ നിന്നുതിരുന്ന ശിവരഞ്ജനി രാഗം അയാളെ കൂടുതൽ ദുഃഖഭരിതനാക്കി.

അവശനായി സോഫയിലേക്കിരുന്ന അരവിന്ദിന്റെ കണ്ണുകൾ ചുവന്നു കലങ്ങി. ഓർമ്മകൾ കണ്ണുനീരിന്റെ മൂടലിലും തിളങ്ങുന്ന നക്ഷത്രങ്ങളായി, അവ ചിന്തകളായി അയാളുടെ ശൂന്യമായ മനസ്സിലെ ഇരുട്ടിലേക്ക് വെളിച്ചം പകർന്നു. അരവിന്ദനോർത്തു...
 
പ്രീ ഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് ആദ്യമായി കോളേജ് മാഗസിനിൽ തന്റെയൊരു കവിത അച്ചടിച്ചു വരുന്നത്. അതു വായിക്കാനിടയായ തന്റെ അന്നത്തെ മലയാളം അദ്ധ്യാപകനായ മഹേശ്വരൻ സാർ, തന്നെയന്നു ക്ലാസ്സിലെ കുട്ടികളുടെ മുന്നിൽ വച്ച് അഭിനന്ദിക്കുകയും അക്ഷരങ്ങളെ കൈവിടാതെ കൂടെച്ചേർക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. അന്നുമുതൽ പുത്രതുല്യമായ ഒരു വാത്സല്യം അദ്ദേഹത്തിൽ നിന്നും തന്നിലേയ്ക്ക് അഭംഗുരമായി പ്രവഹിച്ചിരുന്നു. 

കോളേജിലെ മറ്റദ്ധ്യാപകരിൽ നിന്നും എപ്പോഴും ഒറ്റപ്പെട്ടു നിന്നിരുന്ന അദ്ദേഹത്തിനെന്നും ശിഷ്യരോടായിരുന്നു ചങ്ങാത്തം. അദ്ദേഹം സ്നേഹപൂർവ്വം വാങ്ങി നൽകിയിരുന്ന  ആഹാരം ഒരു നൂറു പ്രാവശ്യമെങ്കിലും താനും മറ്റു ചില കൂട്ടുകാരും കഴിച്ചിരിക്കും.

ഇടയ്ക്ക് ഓർമകൾക്ക് താൽക്കാലിക വിട നൽകി ഒരു യന്ത്രത്തെപ്പോലെ ദിനചര്യകൾ കഴിച്ചു കൂട്ടി, അരവിന്ദ് പതിവു നാമജപത്തിനിരുന്നെങ്കിലും എന്നും ജപിക്കുന്ന, മഹേശ്വരൻ സാറിന്റെ വിരൽത്തുമ്പിൽ നിന്നേറ്റുവാങ്ങിയ, ലളിതാ സഹസ്രനാമപുസ്തകം തന്റെ കൈയിലിരുന്നു കരയുന്നതായി അരവിന്ദിന് തോന്നി. ജപങ്ങൾക്കോ രാമായണ പാരായണത്തിനോ അയാളുടെ ഉള്ളിലുറഞ്ഞുകൂടിയ കനത്ത ദുഃഖത്തിന്റെ ഹിമശൈലമുരുക്കിയടർത്താനായില്ല. ബാൽക്കണിയിൽ നിശ്ചേഷ്ടനായി ആകാശത്തേക്ക് നോക്കിയിരിക്കെ ഓർമ്മകൾ വീണ്ടും വെള്ളി നക്ഷത്രങ്ങളായി പ്രകാശം ചൊരിഞ്ഞു. അയാൾ വീണ്ടും ഓർമ്മകളുടെ കയങ്ങളിൽ മുങ്ങിത്താണു...

ജീവിതം പല വഴികളിലൂടെ സഞ്ചരിച്ച് എഴുത്തും വായനയുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗങ്ങളിലെത്തി നിൽക്കുമ്പോഴും അക്ഷരങ്ങളെ സ്നേഹിക്കാനാവുന്നത്, തന്റെ തൂലികയിൽ നിന്നും അപൂർവമായെങ്കിലും ആ അക്ഷരക്കുരുന്നുകൾ വെളിച്ചം കാണുന്നതൊക്കെ അദ്ദേഹവുമായുണ്ടായ സമ്പർക്കമൊന്നുകൊണ്ട് മാത്രമാണെന്നു തനിക്കുറപ്പാണ്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം- ഒരുപോലെ തന്നെ പഠിപ്പിച്ചത് മഹേശ്വരൻ സാറായിരുന്നു, ഒരായിരം സംശയങ്ങൾ  ദൂരീകരിച്ചതും, പല പുസ്തകങ്ങളും നിർബന്ധിച്ചു വായിപ്പിച്ചതും അദ്ദേഹം തന്നെ.
 
പട്ടാളത്തിലെത്തിയ ശേഷം 1996 ൽ ആദ്യ ലീവിന് നാട്ടിലെത്തിയ താൻ തിരികെ പോരുന്ന ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. നവംബർ 28, ആ ദിവസം പോലും തനിക്കോർമ്മയുണ്ട്. അന്നാണ് ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും അദ്ദേഹം തനിക്കായി കൊണ്ടു വന്നത്. അന്നദ്ദേഹം ഒരു പാട് സമയം സംസാരിക്കുകയുണ്ടായി. ഫോൺവിളികളിലൂടെയുള്ള ബന്ധം തങ്ങൾ വിടാതെ കാത്തു സൂക്ഷിച്ചിരുന്നു. ഓരോ ലീവിലും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും താൻ അദ്ദേഹത്തെ പോയിക്കാണാറുണ്ട്. അപ്പോഴൊക്കെ ആ വാത്സല്യം ധാരാളമായി നുകർന്നിട്ടുമുണ്ട്. 

അങ്ങനെയൊരിക്കൽ ആസ്സാമിലേക്ക് ട്രാൻസ്ഫറായ വിവരം പറഞ്ഞ സമയത്ത് ആസ്സാമിന്റെ ദിവ്യത്വത്തെക്കുറിച്ച് പറഞ്ഞുതന്നു. ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടതെന്നും അതാണ് ഇന്നത്തെ ആസ്സാം എന്നും അദ്ദേഹം പറഞ്ഞറിഞ്ഞു.

കേരളം പോലെതന്നെയുള്ള ഭൂപ്രകൃതയോടുകൂടിയ, കാമരൂപമെന്നറിയപ്പെടുന്ന ആസാമിന്റെ സ്ഥാനം,  ഇന്ത്യയുടെ വടക്കുകിഴക്കായും ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായുമാണത്രേ. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാനങ്ങളായ- അരുണാചൽ പ്രദേശ്‌, നാഗാലാൻഡ്‌, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ- എന്നിവയെ ചേർത്ത് ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നുവെന്നത് പുതിയ അറിവായിരുന്നു. പലപ്പോഴും ഔദ്യോഗിക യാത്രകകൾക്കിടയിൽ ഈ സഹോദരിമാരുടെ മടിത്തട്ടിൽ തനിക്കുറങ്ങേണ്ടി വന്നിട്ടുണ്ട്.

ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം ദിസ്‌പൂർ ആണെന്നും, ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നുവെന്നും ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തി പങ്കിടുന്നുവെന്നും സംസ്ഥാനത്തെ പ്രധാന പട്ടണമായ ഗുവാഹത്തിയാണ് ദേവീസാഹിത്യത്തിൽ പറയുന്ന, അൻപത്തിയെന്നു ശക്തിപീഠങ്ങളിൽ പ്രാധാനപ്പെട്ടത് എന്നുമൊക്കെയുള്ള, പരമ ദേവീ ഭക്തനായ അദ്ദേഹത്തിന്റെ വിവരണങ്ങൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ താനന്നു കേട്ടിരുന്നു. കൂടാതെ അസ്സാമിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഭരണ സംവിധാനത്തിന്റെ സാവിശേഷതകളുമൊക്കെ പറഞ്ഞു തരികയുണ്ടായി. അതുപോലെ എത്രയെത്ര അറിവുകൾ ആ നാവിൽ നിന്നും തന്നിലേക്കൊഴുകി. ഒരിക്കലും മടുപ്പിക്കാത്ത സംസാര രീതിയായിരുന്നു അദ്ദേഹത്തിന്റെ ഒരു സവിശേഷത.

പുരാണേതിഹാസങ്ങളെക്കുറിച്ചും പ്രപഞ്ചത്തിലുള്ള മറ്റു പലതിനെക്കുറിച്ചമുള്ള അറിവുകൾ പലപ്പോഴായി അദ്ദേഹം പകർന്നു തന്നു!ശിഷ്യരിൽ തന്റെ മാത്രം വിവാഹത്തിനാണ് അദ്ദേഹം പങ്കെടുത്തത്. പിന്നെ 2018 മെയ് മാസത്തിൽ  തന്റെ പുതിയ വീടിന്റെ പാലുകാച്ചിനും അദ്ദേഹം സംബന്ധിക്കുകയുണ്ടായി. ഏതു മുജ്ജന്മ ബന്ധമാണ് തങ്ങളെയിങ്ങനെ അടുപ്പിച്ചതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...

അദ്ദേഹം വായിച്ച ഇംഗ്ളീഷ്, മലയാളം, സംസ്കൃതം പുസ്തകങ്ങൾക്ക് കൈയും കണക്കുമില്ല. കിട്ടാൻ പ്രയാസമുള്ള പല പുസ്തകങ്ങളും കൽക്കട്ട തെരുവുകളിൽ അലഞ്ഞു നടന്നു താൻ അദ്ദേഹത്തിനു വേണ്ടി വാങ്ങിക്കൊടുക്കുമായിരുന്നു.

സാഹിത്യ വാരഫലം എം. കൃഷ്ണൻ നായരുടെ ശിഷ്യനായ അദ്ദേഹം കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജോൺ അബ്രഹാം, മധുസൂദനൻ നായർ, മുരളി- എന്നിവരുമായൊക്കെ വളരെ അടുത്ത ബന്ധം വച്ചുപുലർത്തിയിരുന്നു. പലപ്പോഴും അവരോടൊപ്പമുള്ള അസുലഭ മുഹൂർത്തങ്ങളേക്കുറിച്ചു പറയുകയും അവരുമൊത്തുള്ള ഫോട്ടോകൾ പങ്കിടുകയും ചെയ്യുമായിരുന്നു.

കവിതയും അദ്ദേഹത്തിന് വഴങ്ങുമെന്ന് 1984  ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചിരുന്ന 'വസുന്ധര' എന്ന ഒറ്റക്കവിതയിലൂടെ അദ്ദേഹം തെളിയിച്ചു. ആക്കാലത്തെ (ഇന്നും) ഏറ്റവും വലിയ കവിത. പല പ്രമുഖരും ഇതു വളരെയധികം വേദികളിൽ ചൊല്ലുകയും പ്രചാരംകൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നെയെപ്പോഴോ കുടുംബമൊക്കെ ആയപ്പോൾ എന്തുകൊണ്ടോ അദ്ദേഹം എഴുത്തു വിട്ടു. പിന്നീട് 1995 ൽ ജോൺ അബ്രഹാമിനെക്കുറിച്ചൊരു കവിതയുമെഴുതി, പിന്നെ മൂന്നു കഥകൾ. ഇത്രയേ ഉള്ളൂ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ.

തന്നെ ജ്യേഷ്ഠനെപ്പോലെ കരുതിയിരുന്ന, അന്നു പൊടിക്കുഞ്ഞുങ്ങളായിരുന്ന അദ്ദേഹത്തിന്റെ മക്കൾ മാധവനും മറ്റു രണ്ടുപേരും ഔദ്യോഗിക രംഗത്തെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ഇന്ന്. അവർ ഇന്നും അതെ സ്നേഹത്തോടെ, തന്നെ വിളിക്കുകയാണ്‌ സ്വന്തം അച്ഛന്റെ വേർപാടിൽ അവരെപ്പോലെ തന്നെ ദുഖിതനായ തന്നെ. ഔദ്യോഗിക തിരക്കുകളിൽപ്പെട്ടുഴലുന്ന ദേശങ്ങൾ മാറി മാറി സഞ്ചരിക്കുന്ന തനിക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ഒന്നു പോയിക്കാണാൻ കഴിയാത്ത സാഹചര്യമായിപ്പോയി. ഇവിടെയിങ്ങനെയിരുന്നു കണ്ണീർ പൊഴിക്കാൻ മാത്രമേ തനിക്കാവൂ.

എപ്പോഴുമൊന്നും കാണാനായില്ലെങ്കിലും സ്നേഹിക്കുകയും കരുതുകയും ചേയ്യുന്ന ഒരാൾ ഈ ഭൂമുഖത്തെവിടെയോ ഉണ്ടെന്ന തോന്നൽതന്നെ സന്തോഷം പകരുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇന്നു തനിക്കു നഷ്ടമാകുന്നതും ആ സ്നേഹവും കരുതലുമാണ്. കരുണയാർന്ന ആ മുഖം, ചിരിയോടെയുള്ള കുശലം പറച്ചിൽ, സ്നേഹമസൃണമായ വാക്കുകൾ, പുത്രസമമായ വാത്സല്യം, ഒക്കെ തനിക്കിന്നന്യമാകുകയാണ്. താനിതെങ്ങനെ  സഹിക്കും! ഓർമ്മകളുടെ താഴ്വരയിൽ പൂത്തിറങ്ങിയ  സ്നേഹപുഷ്പങ്ങളാൽ മനസ്സുകൊണ്ട് അർച്ചന ചെയ്യാനേ തനിക്ക് ഭാഗ്യമുള്ളൂ.

നോക്കിയിരിക്കെ ആകാശത്ത് നക്ഷത്രങ്ങൾ മങ്ങുന്നുവോ? കരിമേഘങ്ങൾ മൂടി ആകാശവും ഭൂമിയും കൂരിരുട്ടിലാണ്ടു, തന്റെ മനസ്സു പോലെത്തന്നെ. ദൂരെയെവിടെയോ കേൾക്കുന്നത് മഴയുടെ ഇരമ്പമാണോ, അതോ ശരീരം വിട്ടു പോകുന്ന ഒരത്മാവിന്റെ തേങ്ങലാണോ...!
 
നമുക്കായി ഈ ഭൂമുഖത്ത് എഴുതപ്പെട്ട ദിനങ്ങള്‍ അവസാനിക്കുന്നതോടെ മറ്റുജീവജാലങ്ങളെപ്പോലെ തീർത്തും സ്വാഭാവികമായി ഒരാൾക്കും തടുക്കാനാവാത്ത മരണമെന്ന സത്യത്തിലേക്ക്  നാമോരോരുത്തരും എത്തിച്ചേരുന്നു. ഒരു ജീവിക്കും അതില്‍ നിന്നൊരു മോചനമില്ല തന്നെ. ജീവിതനാടകത്തിന്റെ അരങ്ങിൽ നിന്നും നാം നിഷ്കരുണം പുറന്തള്ളപ്പെടുന്നു. എന്തിനോടൊക്കെയോ നിരന്തരം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന നമ്മെ തോല്‍പിക്കാന്‍ പലപ്പോഴും മരണമെന്ന നിത്യസത്യത്തിനല്ലാതെ മറ്റൊന്നിനുമാവുന്നില്ല. മരണമെന്ന യാഥാർഥ്യത്തിനു മുന്നില്‍ നാമെല്ലാം ആയുധം നഷ്ടപ്പെട്ട പോരാളികളെപ്പോലെ നിശ്ശബ്ദരായി കീഴടങ്ങുന്നു.  മൂകനും ബാധിരനുമായ മരണം  നിലവിളികള്‍ കേള്‍ക്കുന്നില്ല, ആരെയും അശ്വസിപ്പിക്കുന്നുമില്ല...

ദൂരെ, ദൂരെയെവിടെയോ നിന്നും കേൾക്കുന്ന ആ വരികൾ വീണ്ടും അരവിന്ദിന്റെ കാതിൽ മുഴങ്ങി...
 
അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍ തന്‍
ദീനഗദ്ഗദം പിന്തുടരുമ്പോള്‍,
നിന്നെ പൊതിയുമാപൂവുകളോടൊപ്പം
എങ്ങനേ ശാന്തമായ്നീയുറങ്ങും...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ