പരകായപ്രവേശത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും തൂലിക ഉടക്കിതന്നെ നിന്നു. ഇനി ഇന്ന് എന്തെങ്കിലും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.
സൈലൻ്റാക്കി വച്ച മോബൈൽ എടുത്തു നോക്കി. മിസ്ഡ് കോൾ ഒന്നും കാണാനില്ല. ഈയിടെയായി ഇങ്ങോട്ടുള്ള വിളികൾക്കെ പ്രാധാന്യം നൽകാറുള്ളൂ.
അടുക്കളയിൽ പത്രങ്ങൾ ഇപ്പോഴും കലഹിക്കുന്നതൂ കേൾക്കാം. രാവിലെ ഉണരുന്നതും ഉറങ്ങുന്നതും അത് കേട്ട് കൊണ്ടാണ്.
അനിതക്ക് എന്നും പരിഭവമാണ്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ വേലക്കാരികൾ രാവിലെ ഒരു മണിക്കൂർ വന്നു കുറേ പണികൾ ചെയ്തു പോകും. ഇവിടെ അവൾ തനിയെ തുഴയേണ്ട അവസ്ഥയാണ്. കുറെ കേൾക്കുമ്പോൾ വേലക്കാരിയെ വിളിക്കാൻ പറയും. അതും അവൾക്ക് സമ്മതമല്ല.
നാടൻ പെണ്ണാണ് അനിത. ബിരുദക്കാരിയാണെങ്കിലും ചിന്താഗതിയിൽ വിദ്യാഭ്യാസം മാറ്റമൊന്നും കൊണ്ട് വന്നിട്ടില്ല എന്നാണ് തൻ്റെ അനുഭവം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് മറിച്ചായിരുന്നെങ്കിലോ എന്ന്. ഒത്തു പോകാൻ ബുദ്ധിമുട്ട് തീർച്ചയായും ഉണ്ടാകുമായിരുന്നു. വിവാഹത്തിന് തൻ്റെ ജീവിതരീതിയിൽ മാറ്റമൊന്നും ഉണ്ടാക്കാൻ കഴിയരുതെ എന്നായിരുന്നു ആകെ ഒരു പ്രാർത്ഥന. അത് തന്നെ സംഭവിച്ചു. താൻ അവളെയോ അവൾ തന്നെയോ ഇല്ലാതാക്കാൻ ശ്രമിച്ചതായി ഓർമയില്ല. ഇഷ്ടകേടുകൾ പരസ്പരം പറയാറുണ്ട്. രണ്ടു പേരും.
വിവാഹത്തിന് ശേഷം നടന്നു തീർത്തത് ദൈർഘ്യമേറിയ ഇരുപത്തഞ്ചു വർഷങ്ങൾ. അതിൻ്റെ ക്ഷീണം തങ്ങൾ രണ്ടു പേരെയും മാനസികമായി ഇപ്പോഴും ബാധിച്ചതായി തോന്നിയിട്ടില്ല. ആദ്യം കണ്ട ദിവസത്തെ ചിരി അവളുടെ മുഖത്തിപ്പോഴും കാണാം. അടുത്ത കൂട്ടുകാരുടെ ഇടയിൽ ഒരു കൗമാരക്കാരൻ്റെ ഇടപെടലിന് തനിക്കും സാധിക്കുന്നു, പ്രത്യേകിച്ച് കുടുംബ സദസ്സിൽ.
പ്രായം വെറും നമ്പറല്ലെ എന്ന വാദം വെറുതെ ഓർത്തു. പകുതി ശരിയാണ്, എന്നാൽ പകുതി തെറ്റും. മനസ്സിൽ കോടതി നടത്തുക പണ്ടേ പതിവാണ്. രണ്ടു പക്ഷത്തൂം നിന്ന് വീറോടെ വാദിക്കും. ഉത്തരമില്ലാത്ത പക്ഷം പിൻവാങ്ങുതോടെ വിധിപ്രസ്താവം നടത്തും. കോടതിയലക്ഷ്യം ഉണ്ടാകാറില്ല. മേൽ പറഞ്ഞ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചെറുപ്പം മനസ്സിൽ സൂക്ഷിക്കുംപോഴും ശരീരം തരുന്ന സൂചനകൾ വാർദ്ധക്യത്തിൻ്റെതാണ്. അവഗണിക്കരുത് എന്നറിയാവുന്നത് കൊണ്ടും അവഗണിച്ചാൽ പ്രയോജനം ഇല്ല എന്നറിയുന്നത് കൊണ്ടും ഔഷധസേവ കൊണ്ട് ജീവൻ ചൂണ്ട കൊളുത്തിൽ തൂക്കി നടക്കുന്നു.
സമയം പതിനൊന്ന്. കണ്ണട എടുത്ത് മേശമേൽ വച്ചു കിടക്കാൻ തുനിയുമ്പോൾ മനസ്സൊന്നു മടിച്ചു. രണ്ടു വരി വായിച്ചാലോ.ഇത് വരെ എഴുതിയെതെന്തെന്ന് ചോദിച്ചാൽ ഇത് വരെ വായിച്ചതിൻ്റെ അലകളാണ് എന്ന് തന്നെയാണ് ഉത്തരം. റാക്കിൽ പരതി പൊടി തുടച്ചു വച്ച പുസ്തകങ്ങളിൽ പെട്ടെന്ന് വായിച്ചു തീർക്കാൻ പറ്റിയ ഒരെണ്ണം തിരഞ്ഞെടുത്തു. ടേബിൾലാമ്പിൻ്റെ വെളിച്ചത്തിൽ വായന തുടങ്ങീ.
ഇടയ്ക്ക് അനിത വന്നതും കിടന്നതും ഒന്നും അറിയാതെ വായനയുടെ ലഹരിയിൽ മദോന്മത്തനായി അക്ഷരസാഗരങ്ങളിൽ നീരാടി മുങ്ങിയും പൊങ്ങിയും അയാൾ കഴിച്ചു കൂട്ടിയത് രാത്രിയുടെ അന്ത്യയാ മങ്ങളിലെപ്പോഴോ വരെ അയിരുന്നു. മരത്തിൽ കൂട്ടിരുന്ന മൂങ്ങ മൂളി തൻ്റെ സാനന്നിദ്ധ്യം അയാളെ അറിയിച്ചു. ജനൽ തുറന്നു നോക്കിയപ്പോൾ മൂടൽ മഞ്ഞിലും മുഖം മറക്കാതെ അമ്പിളി തൻ്റെ പ്രകാശം ഇലകൾക്കിടയിൽ തൂവികൊണ്ടിരുന്നിരുന്നൂ. മഞ്ഞിൻ്റെ ഇളം തണുപ്പ് അയാളിൽ കുളിർ കോരി നിറച്ചു.
ആകാശത്തേക്ക് ഒരു കുഞ്ഞിനെ പോലെ മിഴി പായിച്ചു അങ്ങനെ നിൽക്കുമ്പോൾ മനസ്സിലെ ഒരനക്കം അയാൾ തിരിച്ചറിഞ്ഞു. പിറവിയുടെ ചുവടുകൾ അടുക്കുന്നതും വളരുന്നതും ഭ്രൂണവസ്ഥയിലെത്തി കൈകാലുകൾ വളർന്നു ശിശുവാകുന്നതും അയാൾ അറിഞ്ഞു.
റോഡിലൂടെ ഒരാമ്പുലൻസിൻ്റെ ശബ്ദം. അജ്ഞാതയായ ഒരു ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ വെമ്പലുമായി ചീറി പാഞ്ഞുപോകുന്ന വാഹനം ഒരു വേള ഒരു ജനനത്തിന് കാതോർക്കയായിരിക്കും, അയാളെ പോലെത്തന്നെ.