mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
പതിനെട്ടുവയസുള്ള ഉണ്ണിമായയെ  അമ്പതുകാരനായ 'മാധവൻ' തിരുമേനി വിവാഹം കഴിച്ചുകൊണ്ടുവന്നപ്പോൾ അയൽക്കാരും നാട്ടുകാരുമെല്ലാം അത്ഭുതംകൊണ്ടു. 
''ഈ മാധവൻ തിരുമേനിയുടെ ഒരു കാര്യമേ... മോളുടെ പ്രായം പോലുമില്ലാത്ത ഒരു പെണ്ണിനെയല്ലേ വേളി കഴിച്ചു കൊണ്ടുവന്നിരിക്കുന്നെ...'' പക്ഷേ, തിരുമേനി കേൾക്കേ ഈ കാര്യം പറയാനോ ഉണ്ണിമായയെ കാണാൻ ഇല്ലത്തേയ്ക്ക് കടന്നുചെല്ലാനോ ആരും ധൈര്യപ്പെട്ടില്ല. കാരണം തിരുമേനിയുടെ മോശം സ്വഭാവം തന്നെ. ഒരിയ്ക്കൽ ... അടുക്കളജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ഉണ്ണിമായയെ കാണാനായി പാത്തും പതുങ്ങിയും അയൽവക്കത്തെ ലക്ഷിമിയേടത്തി കടന്നുചെന്നു. ഈ സമയം മാധവൻ നമ്പൂതിരി ക്ഷേത്രത്തിലേയ്ക്ക് പോയിരിക്കുകയായിരുന്നു. അവിടുത്തെ ശാന്തിക്കാരനാണ് നമ്പൂതിരി.

''കുട്ടിയുടെ പേരെന്താണ് ...?'' ലക്ഷിമിയേടത്തി ഉണ്ണിമായയോട് ചോദിച്ചു.

''ഉണ്ണിമായ ...! ചേച്ചിയുടെ പേരോ ...?''ഉണ്ണിമായ തിരിച്ചു ചോദിച്ചു.

"എന്റെ പേര് ലക്ഷ്മി. തൊട്ടടുത്തുള്ള വീട്ടിലേതാണ്.'' ലക്ഷ്മിയേടത്തി പറഞ്ഞു.

"ഞാൻ എന്നും  മനസ്സിലോർക്കാറുണ്ട്. എന്താണ് അയൽവക്കത്തുള്ളവരാരും  ഇവിടേക്ക് കടന്നുവരാത്തതെന്ന്.''

"ആ കാര്യമൊന്നും പറയാണ്ടിരിക്കുവാ ഭേദം. നിന്റെ കെട്ടിയോന് ഞങ്ങളെയൊന്നും കാണുന്നത് ഇഷ്ടമല്ല. പെണ്ണുങ്ങളെല്ലാം പരദൂഷണം പറയാൻ നടക്കുവാണെന്നും പറഞ്ഞുകൊണ്ട് ഞങ്ങളെ ആട്ടിപ്പായിക്കും അയാൾ .നിനക്കമുൻപുള്ള വേളികളൊക്കെ തിരുമേനീനെ ഉപേഷിച്ചുപോയത് ഞങ്ങളൊക്കെ ഏഷണിയുണ്ടാക്കികൊടുത്തിട്ടാണെന്നും പറഞ്ഞുകൊണ്ട് ഇന്നും ഞങ്ങളെ ചീത്തവിളിക്കും ... ആ മനുഷ്യൻ .''

"നിനക്കറിയുമോ... രണ്ട് വേളികൾ കഴിച്ചിട്ടും മതിയാവാഞ്ഞിട്ടാണ് തിരുമേനിയിപ്പോൾ... നിന്നെ വിവാഹം ചെയ്തിരിക്കുന്നത്. സത്യം പറഞ്ഞാൽ ഇയാളുടെ ഈ മോശം സ്വഭാവംകൊണ്ട് മടുത്തിട്ടാണ് അവരൊക്കെ ഓടിപ്പോയത്‌. അയാൾക്ക് സംശയമായിരുന്നു രണ്ടു ഭാര്യമാരേയും ... പാവങ്ങൾ ... നീ ഇതൊന്നും അറിഞ്ഞില്ലേ.?'' ലക്ഷിമിയേടത്തി ഉണ്ണിമായയെ നോക്കി അത്ഭുതം കൂറി.

"എല്ലാം അറിഞ്ഞിട്ടുതന്നാണ് ചേച്ചി വിവാഹത്തിന് സമ്മതിച്ചത്. എല്ലാം നശിചൊരില്ലത്തെ നാല് പെൺമക്കളിൽ രണ്ടാമത്തവളാണ് ഞാൻ. രോഗിയായ അച്ഛനെയും,  അമ്മയേയും ധിക്കരിക്കാനെനിക്ക് ആവില്ല. അതിലുപരി എന്റെ വിവാഹം കൊണ്ട് എന്റെ അനിയത്തിമാർക്കൊരു കുടുംബജീവിതം ഉണ്ടാക്കിക്കൊടുക്കാൻ കഴിയുമെന്ന് അറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അച്ഛന്റെ പ്രായമുണ്ടെന്നറിഞ്ഞിട്ടും തിരുമേനിയുമായുള്ള വിവാഹത്തിന് ഞാൻ സമ്മതം മൂളി.'' ഉണ്ണിമായയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞുനിന്നു.

"ഇതിലും ഭേതം മരണമായിരുന്നു മോളെ. നിനക്ക് ആരുടെയെങ്കിലും കൂടെ ഇറങ്ങിപോയിക്കൂടായിരുന്നോ.?'' ലക്ഷിമിയേടത്തി സഹതാപത്തോടെ നോക്കി.

"പോയേനെ ...പക്ഷേ, ചേച്ചിയുടെ കാര്യമോർക്കുമ്പോൾ തനിക്ക് അതിനും ആകുമായിരുന്നില്ലല്ലോ ...! എന്നകാര്യം ഉണ്ണിമായ വേദനയോടെ മനസ്സിലോർത്തു.

ദാരിദ്രം കൊണ്ടാണ് ഇല്ലത്തെ ഏതാനും തെങ്ങുകൾ ചെത്താൻ കൊടുത്ത്. ചെത്തുകാരനായ താണ ജാതിയിലെ യുവാവുമായി എങ്ങനെയോ ഉണ്ണിമായയുടെ ചേച്ചി ഇഷ്ടത്തിലായി. ഈ ബന്ധമറിഞ്ഞ അച്ഛനും അമ്മയും ശക്തമായി എതിർത്തു. അതിന്റെ അനന്തരഫലം  അതികഠിനമായിരുന്നു. വീട്ടിലെ ചായ്പ്പിനുള്ളിൽ ചേച്ചി തൂങ്ങിമരിച്ചു. ആ ദുരന്തത്തിൽ നിന്നും ഉണ്ണിമായയുടെ കുടുംബം മോചിതരാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിമായ ഒരുനിമിഷത്തെ ഓർമയിൽ നിന്നും മുക്തയികൊണ്ട് ലക്ഷ്മിയേടത്തിയെ നോക്കി വേദനയോടെ പുഞ്ചിരിച്ചു .

''എല്ലാം ഈശ്വരനിശ്ചയം അല്ലാതെന്തുപറയാൻ ... കിളിപോലുള്ള ഒരു പെങ്കൊച് ഇതിന്റെ ജീവിതം ഈ മൊശടന്റെ കൈയിൽ പെട്ടില്ലാതായല്ലോ ...എന്റെ ഈശ്വരാ ...''ലക്ഷിമിയേടത്തി ആത്മഗതമെന്നോണം പറഞ്ഞിട്ട് അവിടെനിന്നും ഇറങ്ങിപ്പോയി.

ലക്ഷിയേടത്തിയുടെ വാക്കുകൾ ഒരിക്കൽകൂടി ഉണ്ണിമായയുടെ കാതിൽ മാറ്റൊലിക്കൊണ്ടു...

''നിനക്ക് ഇതിലുംഭേതം  ആരുടെയെങ്കിലും കൂടെ ഇറങ്ങിപോയിക്കൂടായിരുന്നോ...?''

ഒരു ദിവസം വീട്ടുമുറ്റത്തുനിന്ന് ആരോ വിളിക്കുന്നതുകേട്ടുകൊണ്ട് ഉണ്ണിമായ ചെന്ന് വാതിൽ തുറന്നു. മുറ്റത്തുനിൽക്കുന്ന ആളെക്കണ്ട് ഉണ്ണിമായ അത്ഭുതം കൊണ്ടു. സ്‌കൂളിൽ ഒരുമിച്ചുപഠിച്ച 'ഹരികൃഷ്ണൻ. 'സ്‌കൂളിലെ മികച്ച വിദ്യാർത്ഥിയും, നല്ല സുഹൃത്തുമെല്ലാമായിരുന്ന ഹരി. ഒരിയ്ക്കൽ തന്നോട്  ഇഷ്ടമാണെന്നു തുറന്നുപറഞ്ഞവൻ.

"ഹരീ ...നീയിവിടെ.?'' ഉണ്ണിമായ ജിജ്ഞാസയോടെ അവനെ നോക്കി.

"ഞാൻ എന്റെ അച്ഛനെ കാണാൻ വന്നതാണ്. മാസാമാസം കിട്ടുന്ന ചിലവുകാശ് മേടിക്കാൻ. നിന്നെ വേളി കഴിച്ചിരികുന്നത് എന്റെ അപ്പനാണ്.'' പറഞ്ഞിട്ട് ഹരി സഹതാപത്തോടെ അവളെ നോക്കി.

"ഈശ്വരാ..." ഞാനെന്താണ് ഈ കേട്ടത്. തന്റെ ഭർത്താവ് ഹരിയുടെ അച്ഛനാണെന്നോ ...? മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൾ ഹരിയെനോക്കി പുഞ്ചിരിക്കാനൊരു ശ്രമം നടത്തി.

"അച്ഛൻ ക്ഷേത്രത്തിനിന്ന് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഹരി കയറിയിരിക്കൂ ...!''പറഞ്ഞിട്ട് അവന് മുഖം കൊടുക്കാതെ ഉണ്ണിമായ വീടിനുള്ളിലേക്ക് നടന്നു.

ഏതാനുനേരം കഴിഞ്ഞപ്പോൾ ഉണ്ണിമായ ഹരിക്ക് ചായ കൊണ്ടുവന്നുകൊടുത്തു. അവൻ ചായ കുടിക്കുന്നതും നോക്കി ഉണ്ണിമായ വാതിലിനുമറവിൽ ചാരിനിന്നു.

''ഉണ്ണിമായേ ...'' ഹരി മെല്ലെ വിളിച്ചു. എന്താണിതൊക്കെ? എന്തിനാണ് നീ നിന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് .? വേറെയാരെയും കിട്ടിയില്ലേ നിനക്ക് ഭർത്താവാക്കാൻ .?'' ചോദിച്ചിട്ട് ഹരി ഉണ്ണിമായയെ നോക്കി.

വാതിലിനുപിന്നിൽ നിന്നുള്ള ഒരു തേങ്ങലായിരുന്നു അവന്റെ ചോദ്യത്തിനുള്ള ഉണ്ണിമായയുടെ മറുപടി.

"ഉണ്ണിമായ... കരയാൻ വേണ്ടിയല്ല ഞാനിതൊന്നും പറഞ്ഞത് . നിന്നെപോലൊരു പെണ്ണിന് ഈ അവസ്ഥവന്നല്ലോ എന്നോർത്തപ്പോൾ സഹിക്കണില്ല . എന്റെ അപ്പൻ ദുഷ്ടനാണ്. കണ്ണിൽ ചോരയില്ലാത്തവൻ. അപ്പന്റെ തല്ലും ചവിട്ടും കൊണ്ടാണ് എന്റെ അമ്മ രോഗിയായത്. ഒരിയ്ക്കലും സ്നേഹത്തോടെയുള്ള ഒരു നോട്ടമോ സംസാരമോ ഞാനും എന്റെ സഹോദരിയുമൊന്നും അറിഞ്ഞിട്ടില്ല .എന്നും അമ്മയെ സംശയമായിരുന്നു  അച്ഛന് .വീട്ടിലേക്ക് ആരും കടന്നുവരുന്നതോ ,ആരെങ്കിലുമായി സംസാരിക്കുന്നതോ ഒന്നും അച്ഛനിഷ്ടമല്ല .ഒടുവിൽ സഹികെട്ടാണ് അമ്മയും ഞാനും സഹോദരിയും കൂടി ഇവിടെനിന്നിറങ്ങി അമ്മയുടെ ഇല്ലത്തേയ്ക്ക് പോയത്. ഇപ്പോൾ മനസുണ്ടായിട്ടല്ല ഈ ചിലവുകാശുപോലും മേടിക്കുന്നത്. സ്വന്തംകാലിൽ നിൽക്കാനാകുന്നതുവരെ വേറെ നിർവ്വാഹമില്ലാഞ്ഞിട്ടാണ്.'' പറഞ്ഞുനിറുത്തിയിട്ട് ഒരു ധീർഘനിശ്വാസമുതിർത്തു ഹരി.

''ഹരീ ...എന്നോട് ക്ഷമിക്കൂ ...!എല്ലാം സംഭവിച്ചുപോയി .ഞാൻമൂലം ...എന്റെ ജീവിതം നശിച്ചിട്ടാണെങ്കിലും  സഹോദരിമാർക്കൊരു ജീവിതമുണ്ടാകുമല്ലോ എന്നോർത്തപ്പോൾ ... അച്ഛന്റേം അമ്മയുടേയും കണ്ണുനീരിന് അൽപമെങ്കിലും ശമനം വരുത്താൻ കഴിയുമല്ലോ എന്നോർത്തപ്പോൾ... ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല .അച്ഛന്റെ പ്രായമുണ്ടെന്നറിഞ്ഞിട്ടും ഞാൻ ഈ വിവാഹത്തിനായി സമ്മതം മൂളി .ഇപ്പോൾ എനിക്ക് തോന്നുന്നു എല്ലാം അവിവേകമായിപ്പോയെന്ന് .''പറഞ്ഞിട്ട് ഉണ്ണിമായ പൊട്ടിപൊട്ടിക്കരഞ്ഞു.

ഏതാനും നേരം ഇരുവർക്കുമിടയിൽ നിശ്ശബ്ദത വന്നുനിറഞ്ഞു .ഉണ്ണിമായയുടെ തേങ്ങലുകൾ മാത്രം ഇടക്കിടക്ക് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഉയർന്നു പൊങ്ങി .

''ഉണ്ണിമായേ ...അച്ഛൻ നിന്നെ വേളികഴിച്ചെന്നുള്ളത് ഞാൻ മറക്കാം ...ഞാൻ എന്റെ ജീവിതത്തിലേക്ക് നിന്നെ വിളിച്ചാൽ ഇറങ്ങിവരാൻ തയ്യാറാണോ നീ ...എങ്കിൽ നിന്നേം കൊണ്ട് ഈ ലോകത്തിന്റെ ഏതുകോണിൽ പോയിട്ടാണെങ്കിലും നമ്മൾ ജീവിക്കും ... ഇത് നിന്നോടുള്ള  സഹതാപത്തിന്റെ പുറത്തു പറയുന്ന വാക്കുകളല്ല. നന്നായി ആലോചിച്ചു ഞാനെടുത്ത തീരുമാനമാണിത്.

"വേണ്ട ഹരീ ... ഇത് ഉണ്ണിമായേടെ വിധിയാണ്. അച്ഛനേം സമൂഹത്തേമൊന്നും വെറുപ്പിച്ചുകൊണ്ട് എനിക്കൊരു ജീവിതം വേണ്ട .''അത് പറയുമ്പോൾ അവളുടെ ശബ്ദമിടറിപോയി .മിഴികൾ ഈറനണിഞ്ഞു.

''ഇപ്പോൾ ഞാൻ പോകുന്നു. പക്ഷേ ,അധികനാൾ കഴിയും മുന്പേ ഞാൻ മടങ്ങിവരും. അന്ന് തിരികെ പോകുമ്പോൾ...എന്റെ കൂടെ നീ ഉണ്ടാകും... ഉണ്ടാകില്ലേ.?'' ചോദിച്ചിട്ട് ഉണ്ണിമായയുടെ നിറമിഴികളിലേയ്ക്ക് നോക്കി ഹരി .അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളെ അവൻ കൈവിരലുകൾ കൊണ്ട് തുടച്ചു.

ഈ കാഴ്ച കണ്ടുകൊണ്ടാണ് ക്ഷേത്രത്തിൽപോയ മാധവൻ നമ്പൂതിരി വീട്ടിലേക്ക് കടന്നുവന്നത്. കയ്യിലിരുന്ന പ്രസാദവും മറ്റും മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ ഹരിക്ക് മുന്നിലേക്ക് പാഞ്ഞടുത്തു. എന്നിട്ട് അവന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് അവനെ മുറ്റത്തേക്ക് വലിച്ചിറക്കി.

"കുരുത്തംകെട്ട പട്ടി... അപ്പനിക്കിട്ടു പണിയാൻ ഇറങ്ങിയിരിക്കുന്നോ. മേലിൽ നിന്നെ ഇനി ഇവിടേക്ക് കണ്ടുപോകരുത്. കൊന്നുകുഴിച്ചുമൂടും ഞാൻ.'' അയാൾ അലറി.

തന്റെ ഭർത്താവ് ഹരിയെ പിടിച്ചുകൊണ്ട് മുറ്റത്തിനുവെളിയിലാക്കുന്നതും... ഹരി തന്നെ അനുതാപത്തോടെ നോക്കികൊണ്ട് നടന്നകലുന്നതും... ഉണ്ണിമായ വേദനയോടെ പൂമുഖത്തു നിന്നുകൊണ്ട് നോക്കിക്കണ്ടു.

അന്നുമുതൽ ഉണ്ണിമായയുടെ ജീവിതത്തിലെ കറുത്തദിനങ്ങൾ ആരംഭിക്കുകയായിരുന്നു. ക്ഷേത്രത്തിലും, മറ്റാവശ്യങ്ങൾക്കുമായി പുറത്തുപോയി വരുമ്പോഴുമെല്ലാം... മാധവൻ നമ്പൂതിരി ഉണ്ണിമായയെ സംശയത്തോടെ നോക്കി. ആ ഹരിയൊ, മറ്റോ എങ്ങാനും ഇവിടെ വന്നിരുന്നോടി മൂദേവി? നീയുമായിട്ടു ഇഷ്ടം കൂടാൻ?''

ഇല്ലെന്ന് ഉണ്ണിമായ എത്രവട്ടം പറഞ്ഞാലും മാധവൻ നമ്പൂതിരിയുടെ സംശയം തീരില്ല. പിന്നെയും പിന്നെയും ഓരോന്ന് കിള്ളി ചോദിച്ചുകൊണ്ട് നമ്പൂതിരി ഉണ്ണിമായയെ വേദനിപ്പിച്ചു .പലപ്പോഴും അയാൾ ഉണ്ണിമായയ്ക്ക് ദേഹോദ്രപവും ഏൽപിച്ചുകൊണ്ടിരുന്നു.

''എല്ലാ പെണ്ണുങ്ങളും ശരിയാണ് തക്കം കിട്ടിയാൽ നീയൊക്കെ ഭർത്താക്കന്മാരെ വഞ്ചിക്കും. അന്യപുരുഷന്മാരെ കിടപ്പറയിൽ വിളിച്ചുകയറ്റും .നിനക്ക് മുന്നേ ഞാൻ വേളികഴിച്ചുകൊണ്ടുവന്ന അവൾമാർക്കും ഇതായിരുന്നു അസൂഖം. എന്തായാലും നിന്നെ ഞാനതിന് സമ്മതിക്കില്ല .കൊന്നുകളയും ഞാൻ .'' നമ്പൂതിരി ഉണ്ണിമായയോട് പറഞ്ഞു .

ദിവസങ്ങൾ കടന്നുപോകവേ മാധവൻ നമ്പൂതിരിയുമൊത്തുള്ള ജീവിതം ഉണ്ണിമായയ്ക്ക് ദുസ്സഹമായിക്കൊണ്ടിരുന്നു. അയാളുടെ തല്ലും, ചവിട്ടുംകൊണ്ട് അവളുടെ ആരോഗ്യവും, സൗന്ദര്യവും നശിച്ചുതുടങ്ങി . മാധവൻ നമ്പൂതിരിയെ ഭയന്ന് അയൽക്കാരാരും ഉണ്ണിമായയോട് സൗഹൃദത്തിന് വന്നില്ല. വല്ലപ്പോഴും ഇല്ലവളപ്പിന് വെളിയിൽ നിന്നുകൊണ്ട് വിശേഷങ്ങൾ തിരക്കുന്നത് ലക്ഷ്മിയേടത്തി മാത്രമാണ്. അച്ഛനെയും,  അമ്മയേയും കാണാൻ ഇല്ലത്തേക്ക് ഒന്നു പോകണമെന്ന് പറഞ്ഞിട്ട് അതിനും നമ്പൂതിരി അവളെ അനുവദിച്ചില്ല. നരകത്തിലെന്നവണ്ണം അവൾ ആ വീടിനുള്ളിൽ സർവ്വതും സഹിച്ചുകൊണ്ട് കണ്ണുനീരൊഴുകി കഴിഞ്ഞുകൂടി.
        
ഇന്ന് ഉണ്ണിമായയുടെ ഏക പ്രതീക്ഷ ഹരിയാണ്. തെറ്റാണെന്നറിയാമെങ്കിലും അവളുടെ മനസ്സ് ഇന്ന് ഹരിക്കുവേണ്ടി ... അവന്റെ സാമീപ്യത്തിനായി കൊതിക്കുന്നു .അവനൊന്നു വന്നിരുന്നെങ്കിൽ ...തന്നെ കൂട്ടിക്കൊണ്ടു പോയിരുന്നെങ്കിൽ ...അവൾ വെറുതേ ആഗ്രഹിച്ചു.

ദിവസങ്ങളും ആഴ്ചകളും  കടന്നുപോയതല്ലാതെ ഉണ്ണിമായയെ തേടി പിന്നൊരിക്കലും ഹരി അവിടേക്ക് വന്നില്ല .രോഗിയായ അമ്മയേയും, അനുജത്തിയേയും ഇട്ടിട്ട് എങ്ങനാണ് ഹരി തനിക്കൊരു ജീവിതം തരിക .ഇനി അവൻ അതിന് തയാറായാൽ തന്നെ ആരെങ്കിലും അതിന് തങ്ങളെ അനുവദിക്കുമോ .? ഉണ്ണിമായ മനസ്സിൽ ചിന്തിച്ചു.

എങ്കിലും ഇന്നും ഉണ്ണിമായ ഹരിയെ കാത്തിരിയ്ക്കുന്നു. വീടിനുവെളിയിൽ നിന്ന് ഒരിയ്ക്കൽക്കൂടി അവന്റെ വിളിയൊച്ച കേൾക്കാനായി അവൾ ഇന്നും കാതോർത്തിരിക്കുന്നു.!
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ