(Santhosh.VJ)
അത്തിമരത്തിൻ്റെ പൊത്തിൽ ശീലുത്തത്തമ്മ മുട്ടയിട്ടു. വയ്ക്കോലും,ഉണങ്ങിയ വള്ളികളും കൊണ്ട് പൊത്തിന് സുരക്ഷയൊരുക്കിയിട്ട് മുട്ടകൾക്കുമേൽ അവൾ അടയിരുന്നു .ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശീലുവിന് അതിയായ വിശപ്പു തോന്നി .പക്ഷേ മുട്ടകളെ ഉപേക്ഷിച്ചു തീറ്റയെടുക്കാൻ പോകാൻ മനസ്സുവന്നില്ല.
എന്തെന്നാൽ മരത്തിനു കീഴിലെ മാളത്തിൽ മുട്ടക്കൊതിയനായ നീലാണ്ടൻ പാമ്പ് പാർക്കുന്ന കാര്യം ശീലുവിനറിയാം. അപ്പോഴാണ് അടുത്തുള്ള മരത്തിൽ താമസിക്കുന്ന ചിക്കുക്കുരങ്ങൻ ആ വഴി വന്നത്. ശീലുവിന് പെട്ടെന്നൊരുപായം തോന്നി. മുട്ടകൾ കുറച്ചു നേരത്തേക്കു സൂക്ഷിക്കാൻ ചിക്കുവിനെ ഏല്പിച്ചാലോ?തത്തമ്മ ചിക്കുവിനോട് തൻറെ ആവശ്യം പറഞ്ഞു .''ശരി ശീലുചേച്ചീ നിങ്ങൾ വരുന്നത് വരെ മുട്ടകൾ ഞാൻ നോക്കിക്കോളാം, പക്ഷേ വേഗമിങ് വന്നേക്കണേ, എനിക്ക് ലാലൂർക്കാവിൽ വേല കാണാൻ പുവ്വാനുള്ളതാ. ''ചിക്കു മുട്ടകൾ നോക്കാനുള്ള ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ട് പറഞ്ഞു. ചിക്കുവിൻ്റെ മറുപടി കേട്ട് ശീലുവിനാശ്വാസമായി. എന്നാൽ ചിക്കുവിന്റെ ലക്ഷ്യം അതല്ലായിരുന്നു .ശീലു പോകുന്ന തക്കത്തിന് അത്തിമരത്തിൽ വിളഞ്ഞു പഴുത്തു നിൽക്കുന്ന പഴങ്ങൾ പറിച്ചു തിന്നാമല്ലോ എന്നായിരുന്നു അവൻ ചിന്തിച്ചത്. മുട്ടകൾ ചിക്കുവിനെ നോക്കാനേല്പിച്ചിട്ട് ശീലുതത്തമ്മ മാടത്തറപ്പാടത്തേയ്ക്ക് കതിരെടുക്കാൻ പോയി. ശീലു പോയ പാടേ ചിക്കുക്കുരങ്ങൻ അത്തിമരത്തിൽക്കയറിയിരുന്ന് പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങി. നന്നായി മുത്തു പഴുത്ത പഴങ്ങൾ തിന്ന് തിന്ന് മത്തുപിടിച്ച ചിക്കു അവിടെക്കിടന്ന് ഉറക്കവുമായി. ഇതു കണ്ടിട്ട് താഴെ മാളത്തിൽ തക്കം പാർത്തിരുന്ന നീലാണ്ടൻപാമ്പ് മുകളിലേക്കു കയറി വന്ന് ഒളിഞ്ഞു നോക്കി. ചിക്കു നന്നായികൂർക്കം വലിച്ചു വിട്ട് ഉറങ്ങുന്നതു കണ്ട് നീലാണ്ടനു സന്തോഷമായി. ഉടനേ അവൻ പൊത്തിലിരുന്ന മുട്ടകളെല്ലാം കൊത്തിയുടച്ച് ശാപ്പിട്ടു.
പാടത്തു നിന്ന് കതിരും കൊണ്ട് തിരികെ വന്ന ശീലു അന്തം വിട്ടു പോയി. അവൾ കണ്ടത് മരക്കൊമ്പിലിരുന്ന് കൂർക്കം വലിച്ചുറങ്ങുന്ന ചിക്കുവിനെയാണ്. മുട്ടകൾ പൊത്തിലൊട്ടു കാണാനുമില്ല. ഉത്തരവാദിത്വബോധമില്ലാത്തവരെ കാര്യങ്ങളേല്പിക്കുന്നത് ബുദ്ധിയല്ലെന്ന് ശീലുവിനു ബോദ്ധ്യമായി.