(Sohan KP)
ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ പഞ്ഞിത്തുണ്ടുകൾ പോലെ മഞ്ഞ് കണങ്ങൾ ആകാശത്ത് നിന്ന് പെയ്തു കൊണ്ടിരിക്കുകയാണ്. മനോഹരവും അത്ഭുതകരവുമായ ഒരു കാഴ്ച. പരന്നു വിശാലമായി കിടക്കുന്ന സമതലങ്ങളിലെ പുൽത്തകിടികൾ പച്ചപരവതാനി വിരിച്ച പോലെയുണ്ട്. അങ്ങകലെ അതിരിടുന്ന ഹിമത്തൊപ്പിയണിഞ്ഞ മലമടക്കുകൾ, അവ്യക്ത കാഴ്ചയായി നീണ്ടു നീണ്ടങ്ങനെ പോകുന്നു. മഞ്ഞ് വീഴ്ചയെ വക വയ്ക്കാതെ ഒറ്റക്കും കൂട്ടായും ആളുകൾ തെരുവിലൂടെ നടന്നു പോകുന്നു. അവർക്കിതൊരു പുതുമയേ അല്ലെന്ന മട്ടിലാണ് നടത്തം.
രണ്ടുദിവസത്തെ ദീർഘമായ തീവണ്ടി യാത്രക്ക് ശേഷം ഇന്നു വെളുപ്പിന് ഉത്തരേന്ത്യയിലെ അധികമൊന്നും അറിയപ്പെടാത്ത നഗരത്തിൽ വന്നു ചേർന്നതാണു ഗണേഷ്. അവിടെ നിന്ന് മലമുകളിലെ അതിപുരാതനമായ ക്ഷേത്രത്തിലേക്ക് പോകുന്ന, ഒരു പഴഞ്ചൻ ബസ്സിൽ യാത്ര തുടരുകയാണയാൾ.
ഉച്ച കഴിഞ്ഞു എകദേശം രണ്ട് മണി ആയിരിക്കുന്നു. ബസ്സിൽ യാത്രക്കാർ കുറവായിരുന്നു. ഏതാനും ഗ്രാമീണരോ, തീർഥാടകർ എന്ന് തോന്നിപ്പിക്കുന്ന ആളുകളെയോ മാത്രം കാൺമാനുള്ളൂ. മലമുകളിലെ ഒരു ക്ഷേത്രത്തിനു താഴെ വരെ പോകുന്ന ഈ ബസ്സിൽ മറ്റാരെങ്കിലുമിപ്പൊൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. സീസണ്‍ൻ്റെ അവസാനമായിരിക്കുന്നു. തീർത്ഥാടകരുടെ എണ്ണവും കുറഞ്ഞു വരുന്നു. കനത്ത ശൈത്യകാലത്തിന്‍ടെ മഞ്ഞു പുതപ്പിലേക്കീ പ്രക്യതി മറഞ്ഞ് അപ്രത്യക്ഷമാകാന്‍ തുടങ്ങുകയാണ്.
ഒരു മയക്കത്തിന്റെ ചെറിയ ഇടവേള വിട്ടുണരുമ്പോൾ ബസ്സ് അവസാന സ്റ്റോപ്പിൽ എത്തി നിൽക്കുകയാണ്. അവശേഷിച്ച ചുരുക്കം പേരോടൊപ്പം ഗണേഷും ഇറങ്ങി. കുന്നിന്മുകളിലേക്ക് ബസ്സ് പോകില്ല. ഇനി കാല്‍നടയായ് തന്നെ പോകണം.
ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഗണേഷിന്‍ടെ യാത്രകൾ ആരംഭിച്ചത്, ആദ്യമൊക്കെ പ്രസിദ്ധ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക്, പല സംഘങ്ങള്‍ക്കൊപ്പമായിരുന്നു. ഒരേ മട്ടിലും സ്വഭാവത്തിലുമുള്ള അത്തരം ടൂറുകളുടെ പരിമിതിയും വിരസതയും മനസ്സിലായി തുടങ്ങിയപ്പോൾ യാത്രകളുടെ സ്വഭാവവും മാറിവന്നു.
ഇപ്പോള്‍ തുടര്‍ച്ചയായി ഒറ്റക്കുള്ള സഞ്ചാരം തന്നെ. ഏകാന്തമായ, ശാന്തത വാഗ്ദാനം ചെയ്യുന്ന, പ്രകൃതിയുടെ വർണ്ണ ക്കാഴ്ചകളും, ചരിത്രവും, പുരാണവും, ഇടകലരുന്ന കഥകളും പറയുന്ന സ്മാരകങ്ങൾ, പുരാതനമന്ദിരങ്ങള്‍, ക്ഷേത്രങ്ങള്‍ തേടിയുള്ള ഒരു തരം അന്വേഷണത്തിലാണയാള്‍.
അത് ഒരു ഇടത്തരം അങ്ങാടി ആയിരുന്നു. പകുതിയിലധികം കടകളും അടഞ്ഞു കിടക്കുന്നു. മൂന്നോ നാലോ ഡാബകൾ മാത്രമാണ് തുറന്നിരിക്കുന്നത്. മരങ്ങൾ ഇല പൊഴിച്ചുകൊണ്ടിരുന്നു. മഞ്ഞ് വീഴ്ചയപ്പോഴും അവസാനിച്ചിരുന്നില്ല.
അതിരാവിലെ തുടങ്ങിയ നീണ്ട യാത്ര മൂലം അയാൾക്ക്നല്ല ക്ഷീണവും വിശപ്പും അനുഭവപ്പെട്ടു. കിടിലം കൊള്ളിക്കുന്ന ഒരു ശീതകാറ്റിടക്ക് ആഞ്ഞ് വീശിക്കൊണ്ടിരുന്നു. രണ്ടു ഷർട്ടിനു പുറമേ സ്വേറ്റർ ധരിച്ചിട്ടും കൊടുംതണുപ്പാണനുഭവപ്പെട്ടത്. ഭക്ഷണം കഴിക്കാൻ മുന്നില്‍ കണ്ട ഡാബയിൽ നേരെ ചെന്നു കയറി. ആ ചെറിയ കൂടാരത്തിനുള്ളിൽ, മൂന്നാലുപേർ, അടുക്കളയുടെ മൂലയിലെ വിറകടുപ്പിനു ചുറ്റും പുതച്ചുമൂടിയിരിക്കുന്നുണ്ടായിരുന്നു. കടക്കാരനും സഹായിയായ ഒരു പയ്യനും തിരക്കിട്ട ജോലിയിലാണ്. ആളിക്കത്തുന്ന തീജ്വാലകളുടെ ചുറ്റുമുള്ള അവരുടെ രൂപങ്ങള്‍ ഒരു മങ്ങിയ ഛായാചിത്രം പോലെ തോന്നിച്ചു. അയാളെക്കണ്ടപ്പോള്‍, കടയുടമസ്ഥൻ ഒരു പാത്രം ചൂടുവെള്ളവുമായി അടുത്തേക്ക് വേഗം തന്നെ വന്നു. മുഖം കഴുകിയപ്പോൾ തണുപ്പിനു ചെറിയൊരു ആശ്വാസം തോന്നി.
റൊട്ടിയും പരിപ്പുകറിയുമാണ് ആകെ കഴിക്കാൻ കിട്ടിയത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാളുടെ ചിന്ത വീട്ടിലേക്ക് പോയി. ഭാര്യയും രണ്ട് മക്കളുമാണ്. മക്കളൊക്കെ വളർന്നു വലുതായി എന്നേ വീടുവിട്ടു പോയി. ഗണേഷും ഭാര്യയും മാത്രമായി. ഭാര്യക്കാണെങ്കില്‍ ഇത്തരം യാത്രകളിൽ തീരെ താൽപ്പര്യവുമില്ല. അല്ലെങ്കിലും അറിയാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തികച്ചും വിചിത്രമായിട്ടാണ് അവര്‍ക്ക് തോന്നിയിട്ടുുള്ളത്. കുറ്റം പറയാനാവില്ല. യാത്രാസങ്കല്‍പ്പം പലർക്കും അങ്ങനെ തന്നെ. യാത്രകൾക്ക് കൃത്യമായ പ്ലാനും ലക്ഷ്യവും ചിലവും വേണമെന്നുള്ളൊരു ധാരണയാണിതിനൊക്കെ കാരണമെന്ന് പറയേണ്ടിയിരിക്കുന്നു.
ഭക്ഷണം കഴിഞ്ഞു പണം കൊടുക്കുമ്പോൾ ഗണേഷ് കടക്കാരനെ പരിചയപ്പെട്ടു. രാംലാൽ കുറെ കാലമായി ഈ ഡാബ നടത്തുന്നു. വലിയ മെച്ചമൊന്നുമില്ല. കഷ്ടിച്ച് ചിലവ് കഴി്‌ഞ്ഞ് പോകും. സീസൺ അവസാനിച്ചാൽ പണിയൊന്നുമില്ല. മിച്ചം കിട്ടുന്നതെങ്കിലും അടുത്ത മഞ്ഞ് കാലത്തേക്ക് കരുതി വെക്കണം. മലമുകളിലേക്ക് കയറുന്ന വഴിക്ക് ഒരു ഗ്രാമത്തിൽ ആണ് വീട്. കുറച്ച് കൃഷിയും കന്നുകാലികളും ഉണ്ട്. വലിയൊരു കുടുംബത്തിന്റെ ഭാരം ആയാളുടെ തലയിൽ ആണ്. ഒട്ടുമിക്ക ഗ്രാമവാസികളും നിർധനരാണ്. അവരുടെ ഗതിയും ഇത് തന്നെ.
പുറത്തിപ്പോൾ മഞ്ഞ് മാറി കനത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഉയർന്ന മലമ്പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചനാതീതമാണ്. മഴയും മഞ്ഞും വെയിലും മാറി മാറി ഒരു ദിവസം തന്നെ വന്നുകൊണ്ടിരിക്കും.
എന്തായാലും ഇപ്പോള്‍ പോകാന്‍ കഴിയില്ല. തീ കായുന്ന ഗ്രാമീണര്‍ക്കൊപ്പം അയാളും ഇരിപ്പുറപ്പിച്ചു. കുന്നിന്‍മുകളിലേക്കുള്ള ക്ഷേത്രപാതയെക്കുറിച്ച് ഗണേഷ് അവരോടു ചോദിച്ചു. അടുപ്പിന് സമീപമിരുന്ന, ഒരാള്‍ ഉടനെ പ്രതികരിച്ചു. താടിയും മുടിയും വളര്‍ത്തിയ ഒരു കാഷായവസ്ത്രധാരി. കാഴ്ചയില്‍ ഒരു സന്ന്യാസി തന്നെ.
'ജയ് ഭോലേനാഥ്' അയാള്‍ ഉറക്കെ വിളിച്ചു. എന്നിട്ട് ഘനഗംഭീരമായ ശബ്ദത്തിലായിരുന്നു ചോദ്യം.
'താങ്കള്‍ മുകളിലേക്കാണോ?'
'അതെ. ക്ഷേത്രദര്‍ശനത്തിനായി എത്തിയതാണ്'.
'നല്ലത്. ശിവ് ജി നിങ്ങളെ അനുഗ്രഹിക്കട്ടെ. അങ്ങോട്ടുള്ള വഴി അതീവദുര്‍ഘടവും അപകടകരവുമാണ്.
ഇടക്ക് മണ്ണിടിച്ചിലും കല്ലു വീഴ്ചയുമുണ്ട്. മാത്രമല്ല, വനമദ്ധ്യത്തിലൂടെയും പോകണം. ചെറുമരക്കൊമ്പുകള്‍ കുറുകെ കിടക്കുന്നുണ്ടാകും. ചെങ്കുത്തായ കയറ്റങ്ങളും വഴുക്കുന്ന, ഒറ്റയടിപ്പാതകളുമുണ്ട്. ചെറിയ ജലപ്രവാഹങ്ങള്‍ ഇറങ്ങിക്കയറണം സന്ധ്യയാകുന്നതിനു മുന്‍പ് എത്തണമെങ്കില്‍ വേഗം തന്നെ തിരിക്കേണ്ടിയിരിക്കുന്നു. ജാഗ്രത വേണം.'
അയാള്‍ പറഞ്ഞവസാനിപ്പിച്ചു. എന്നിട്ട് മുന്‍വശത്ത് കുത്തിനിര്‍ത്തിയിരുന്ന ഈടുറ്റ ഒരു ത്രിശൂലവും ചെറിയൊരു കമണ്ഡലുവും,കൈയിലെടുത്തു .
'ഉദ്ദേശം എത്ര ദൂരമുണ്ട്?'
'നാലഞ്ചു കിലോമീറ്ററോളം. പഴയൊരു കണക്കാണ്. അപാരമായ കയറ്റമാണ്. അതു താണ്ടിയാല്‍ പിന്നെ ആയിരത്തോളം കുത്തനെയുള്ള പടിക്കെട്ടുകള്‍ കയറണം. എപ്പോള്‍, എത്തുമെന്നൊന്നും ക്യത്യമായി പറയാനാവില്ല. പക്ഷേ ഒന്നും ഭയപ്പെടാനില്ല തന്നെ.
മുകളിലേക്ക് മിഴിയുയര്‍ത്തി കൈകള്‍ ഉയര്‍ത്തി, അദ്ദേഹം വീണ്ടും ഉറക്കെ വിളിച്ചു. 'ജയ് ഭോലേനാഥ്... 'എല്ലാം ശങ്കര്‍ജി നോക്കിക്കൊള്ളും.'
ഇതു കേട്ട രാംലാല്‍ പറഞ്ഞു, 'സാബ് ഒരു,കൂട്ടെപ്പോഴും നല്ലതാണ്. ഇൗ സന്ന്യാസിയെ വര്‍ഷങ്ങളായി എനിക്കറിയാം. കിഷന്‍ ബാബ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇദ്ദേഹം ഇത്തരം മാര്‍ഗ്ഗങ്ങളില്‍ സ്ഥിരസഞ്ചാരിയും, അനുഭവസമ്പന്നനുമാണ്. ഇവിടെ എല്ലാ കൊല്ലവും എപ്പോഴെങ്കിലും ഒരു തവണ സന്ദര്‍ശിക്കാനെത്താറുണ്ട്. മുകളിലെത്തുമ്പോള്‍ ഒരു വേള നേരം വൈകിയേക്കാം. വൈകുന്നേരത്തെ ശക്തമായ കാറ്റ് അത്യന്തം അപകടമാണ്. ആളുകളെ താഴ്വരയിലേക്കെടുത്തെറിയപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ കാറ്റടിച്ചാല്‍ ഭൂമിയില്‍ കമിഴ്ന്നൂ,കിടക്കുകയാണ് ഏക വഴി.'
'അങ്ങനയാണെങ്കില്‍ തിരിച്ചു വരവും, ഒരു പ്രശ്നമാകുമല്ലോ?', ഗണേഷ് ചോദിച്ചു
'അതിനു വഴിയുണ്ട്. മുകളില്‍ പൂജാരിമാര്‍ താമസിക്കുന്നുണ്ട്. അവരോടു പറഞ്ഞാല്‍ താമസി്ക്കാനിടം നല്‍കും. പഴയൊരു സത്രമുണ്ട്. എല്ലാം ശുഭമാകട്ടെ. രാംലാല്‍ ആശംസകള്‍ നേര്‍ന്നു.
അയാളോട് നന്ദി പറഞ്ഞ്, ഗണേഷ്, സന്ന്യാസിക്കൊപ്പം ഡാബക്ക് പുറത്തിറങ്ങി.
മഴ തീര്‍ത്തും ശമിച്ചിരുന്നു. അന്തരീക്ഷത്തിന് തണുപ്പ് കൂടിക്കൂടി വരികയാണ്. ആകപ്പാടെ മങ്ങി വിളറിയ അന്തരീക്ഷം. താഴ്‌വരയിൽ നിന്ന് കുത്തനെ കയറ്റം ആരംഭിച്ചു. വീണ്ടും ചാറിചാറി മഴ തുടങ്ങിയിരുന്നു. ചെളിയും മണ്ണും കുഴഞ്ഞ വഴിയാണെങ്കിലും പല വർണ്ണങ്ങളിലും ഉള്ള ഭംഗിയുള്ള പൂക്കൾ ഓരത്ത് വിടർന്നു നിൽക്കുന്നു. കിഷൻ ബാബ അല്പം പുറകിലായി പതുക്കെ നടന്നു വരുന്നുണ്ടായിരുന്നു.
"എന്നെ നോക്കണ്ട. താഴെയുള്ള ഭൂമിയിൽ നോക്കി, കാലു നന്നായി ഉറപ്പിച്ച് സാവകാശം മുകളിലേക്ക് കയറിക്കൊള്ളൂ" എന്നാണ് അദ്ദേഹം ഉപദേശിച്ചത്.
കുറച്ചു ദൂരം പോയപ്പോൾ ഒരു ഹെയർപിൻ വളവ് പ്രത്യക്ഷപ്പെട്ടു. ഒരു ഭാഗത്ത് വഴിയിലേക്ക് തള്ളി നില്‍ക്കുന്ന പാറകെട്ടുകൾ. മറു ഭാഗത്ത് അഗാധമായ താഴ്‌വര. താഴ്‌വരയിലൂടെ ഒഴുകുന്ന ഒരു നദിയുടെ കുത്തൊഴുക്കിന്റെ ഭീതിദമായ ആരവം ഉയർന്നു കേൾക്കാം.
മുൻപോട്ട് പോകുന്തോറും വളഞ്ഞുപുളഞ്ഞ് അപാരമായ കയറ്റങ്ങളാണ്. ഇടക്കിടെ ഉണ്ടകല്ലുകളും മണ്ണും മുകളിൽ നിന്ന് കുത്തനെ താഴേക്ക് വഴിയുടെ വശങ്ങളിൽ തട്ടി താഴ്‌വരയിൽ പതിക്കുന്നുണ്ട്. മലമുകളില്‍ നിന്ന് പ്രവഹിക്കുന്ന ഒരു വെള്ളച്ചാട്ടം, വഴി മുറിച്ചൊഴുകി, താഴേക്ക് പതിക്കുന്നു. ഈ കാഴ്ച കണ്ടപ്പോള്‍, അല്പം വിശ്രമിക്കാനായി, ഒരു പാറമേൽ കുറച്ചുനേരമിരുന്നു. ആ ചോലയിൽ നിന്ന് ആവോളം ശുദ്ധജലം കുടിച്ച് ക്ഷീണമകറ്റി.
കിഷൻ ബാബയെ കാണാനേയില്ല. പ്രായമായ ആളാണ്. പതുക്കെ നടന്നു വരുന്നുണ്ടാവാം. ആരൊക്കെ ഒന്നിച്ചു യാത്ര ചെയ്താലും ഓരോരുത്തരുടെ മാർഗവും സമയവും വ്യത്യാസമാണെന്ന ചിന്തയിലാണ് അവിടെ നിന്നും എഴുന്നേറ്റത്. പതുക്കെ വശത്തുള്ള പാറയിൽ പിടിച്ച്, കാലു വഴുക്കാതെ ചോല മുറിച്ചുകടന്നൂ. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് അഗാധമായ താഴ്‌വരയിലേക്കുള്ള പതനമായിരിക്കും ഫലം. മലമടക്കുകളിൽ എപ്പോഴും അപകടങ്ങൾ പതിയിരിക്കുന്നു.
സമയം നാലുമണി കഴിഞ്ഞിരുന്നു. തുടർന്നുള്ള യാത്ര ഇരുളടഞ്ഞ വനത്തിൽ കൂടി ആയിരുന്നു. ദേവദാരു മരങ്ങൾ കണ്ടുതുടങ്ങി. കൂടാതെ വള്ളിപടർപ്പുകളും മറ്റ് ചെറു വൃക്ഷങ്ങളും അടിക്കാടുമൊന്നിക്കുകയാണ്. പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. വലുതല്ലെങ്കിലും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള സ്ഥലമാണ്. എപ്പോള്‍ വേണമെങ്കിലും അവ മുന്‍പില്‍ വന്ന് പെട്ടേക്കാം.
ചെളി നിറഞ്ഞ വഴിയും നീരൊഴുക്കുകളും യാത്ര ദുസ്സഹമാക്കി കൊണ്ടിരുന്നു. ഇടക്ക് ശക്തിയായ കാറ്റ് ചെവികളിലേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മഴ കനത്തു പെയ്തെങ്കിലോ എന്ന ഭയമുണ്ടാ യിരുന്നെങ്കിലും അന്തരീക്ഷം തെളിഞ്ഞു തന്നെ നിന്നു.
കയറ്റങ്ങൾ, വളവുകൾ, പിന്നെയും കയറ്റങ്ങൾ, വളവുകൾ. പല ചെറിയ ഗ്രാമങ്ങളുടെയും ദൃശ്യങ്ങൾ വന്നു പൊയ്ക്കൊണ്ടിരുന്നു. പത്ത് മുതൽ അമ്പത് വരെയുള്ള കൊച്ചു വീടുകളുടെ സമൂഹം. തട്ടു തട്ടായ് തിരിച്ച സ്ഥലങ്ങളിൽ, പല തരത്തിലുമുള്ള പച്ചക്കറികളും, ധാന്യങ്ങളും കൃഷി ചെയ്തിരിക്കുന്നു.
മുകളിലേക്ക് കയറും തോറും, ഹിമശിഖരങ്ങൾ വ്യക്തമായി തുടങ്ങി. നേരിയ ഒരു മൂടൽ മഞ്ഞ് അന്തരീക്ഷത്തിൽ തളം കെട്ടി നിന്നിരുന്നു. പഞ്ഞികെട്ടുകൾ പോലെ വെൺമേഘങ്ങൾ തൊട്ടടുത്തുകൂടി കടന്നു പോകുന്ന സുന്ദരവും അപൂർവുമായ കാഴ്ച കണ്ട് അമ്പരന്ന് നിന്ന് പോയി. ഒരു നിരപ്പിലെത്തിയപ്പോൾ പച്ചപ്പരവതാനി വിരിച്ച പോലെ അനന്തമായ പുൽത്തകിടികൾ നീണ്ടു നിവർന്നു കിടക്കുന്നു. അവയിൽ യഥേഷ്ടം മേയുന്ന ആടുകളെയും യാക്കുകളെയും കണ്ടു. പുല്‍മൈതാനത്തിന്‍ടെ സൗന്ദര്യത്തെ അതിരിടുന്നത് മഞ്ഞുകീരിടമണിഞ്ഞ് നില്കുന്ന കൂറ്റൻ പർവതങ്ങൾ ആണ്. കാറ്റ് നിലച്ചിരുന്നു.
നേരെ ചെന്നെത്തിയത് മുകളിലേക്ക് അന്തമില്ലാതെ കയറി പോകുന്ന നൂറുകണക്കിന് കരിങ്കൽ പടവുകളുടെ താഴെയാണ്.
അതീവ ശ്രദ്ധയോടെ ആണ് ഒരോ പടവുകളും കയറിയത്. നല്ല വഴുക്കലുണ്ടായിരുന്നു. മുകളിലേക്ക് കയറും തോറും മൂടൽ മഞ്ഞും മേഘങ്ങളും മാറി മാറി വന്നു കൊണ്ടിരുന്നു. ഒടുവിലത്തെ പടവും കയറിയപ്പോൾ വളരെ വിശാലമായൊരു അങ്കണത്തിലാണ് എത്തിയത്. അതോടെ വല്ലാതെ ക്ഷീണിച്ചിരുന്നു.
മുന്നോട്ടു നടക്കും തോറും ക്ഷേത്രസമുച്ചയവും അരികിലെ ചെറിയ തടാകവും വ്യക്തമായി തുടങ്ങി. ക്ഷേത്രത്തിന്റെ മുൻവശത്തായി നീളത്തിൽ ഒരു കെട്ടിടമുണ്ട്. വശത്ത് തിടപ്പിള്ളി എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു കെട്ടിടം. ക്ഷേത്ര മുറ്റത്ത് മിനുസമേറിയ ചെങ്കല്ലുപാകി വൃത്തിയാക്കിയിരിക്കുന്നു.മൂന്ന് നിലകളിലായി കരിങ്കല്ലിൽ അപൂർവമായ കൊത്തുപണികളാൽ അലംകൃതമായി, ശാന്ത ഗംഭീരമായി ആ ക്ഷേത്രം നിലകൊള്ളുകയാണ്. സായാഹ്ന വെയിലേറ്റ് താഴികക്കുടം വെട്ടി തിളങ്ങുന്നു. ഈ ശിവ ക്ഷേത്രത്തിന്റെ പഴക്കം പോലും ഇതുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്.
പരിസരം നിശ്ശബ്ദമാണ്. മുറ്റത്ത് നിന്ന്, ഇരുട്ട് കട്ട പിടിച്ച ഇടനാഴിയിലേക്കാണ് കയറിയത്. കുറച്ച് നടന്നപ്പോൾ ശ്രീകോവിലിന്റെ മുന്നിൽ എത്തിചേർന്നു. സായാഹ്ന പൂജക്കായി നട തുറന്നിരിക്കുകയാണ്. ഗംഭീരവും തേജസ്സ് സ്ഫുരിക്കുന്നതും അതിപുരാതനവുമായ ശിവ പ്രതിഷ്ഠ ആണ് ദർശിച്ചത്. നാലു വശങ്ങളിലും കൊളുത്തി വച്ചിട്ടുള്ള കല്‍വിളക്കുകളുടെ നാളങ്ങളിൽ അങ്ങനെ തിളങ്ങി നിൽക്കുകയാണ്. നിശ്ചലവും നിശബ്ദവുമായ ശൂന്യത അവിടെയെങ്ങും വ്യാപിച്ചിരുന്നു. ആ പ്രകാശത്തോടക്കുന്തോറും ഉയരം കൂടിയ ചുവരുകൾ തെളിഞ്ഞു വന്നു. എണ്ണകറുപ്പാർന്ന ശിലയിൽ ഭസ്മം കൊണ്ട് അർദ്ധചന്ദ്രാകൃതിയിൽ ഭംഗിയായി വരച്ച മൂന്നു വരകൾ ദൃശ്യമായിരുന്നു. ഉദാത്തമായ ആ മഹാ നിശ്ശബ്ദതയിൽ തൊഴുതു നിൽക്കെ, മനസ്സേകാഗ്രമായി.
മഹാദേവനെ വണങ്ങി ഗണേഷ് പുറത്ത് കടന്നു. ക്ഷേത്രത്തിനു പുറകിലായി അല്പം ഉയർന്ന തട്ടിലെ ഒരു വലിയ പാറയാണദ്യം ശ്രദ്ധിച്ചത്. മഞ്ഞിന്റെ പുകപടലങ്ങള്‍ക്കിടയിലൂടെ ക്ഷേത്രത്തിനടുത്ത് കണ്ട നീളൻ കെട്ടിടത്തിനു നേരെ നടന്നു.
പഴകിദ്രവിച്ച വാതിലും ജനലുകളും ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. നേരെ വരാന്തയില്‍ കയറി അല്പം നടന്നപ്പോൾ ഒരു മുറിയിലെ പകുതി ചാരിയ വാതിലിലൂടെ മങ്ങിയ വെളിച്ചം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
' ജയ് ഭോലെ നാഥ് ' ഗണേഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
' ആരാണ്? കടന്നു വരൂ!' അകത്ത് നിന്ന് പ്രതികരണം ഉണ്ടായി.
ഗണേഷ് മുറിയിലേക്ക് കടന്നു. ഒരു ചെറിയ മുറിയാണ്. ഒരു ഭാഗത്ത് ഒരു വലിയ നിലവിളക്ക് കൊളുത്തി വെച്ചിരിക്കുന്നു. കൂടാതെ ഒരു അടുപ്പിൽ തീക്കനലെരിയുന്നുണ്ട്. ഒരാള്‍ കട്ടിലിലും രണ്ടു പേർ താഴെയും പുതച്ചു ഇരിക്കുന്നുണ്ടായിരുന്നു. ഗണേഷിനെ അൽഭുതപ്പെടുത്തിയ കാര്യം അതിലൊരാൾ താഴേ വെച്ച് കണ്ടു മുട്ടിയ കിഷൻ ബാബ ആയിരുന്നു എന്നതാണ്.
'അദ്ദേഹം എങ്ങനെ എനിക്ക് മുന്‍പെത്തി? വഴിയിലെങ്ങും പിന്നെ കണ്ടതായി ഓർക്കുന്നുമില്ല. സന്യാസിമാരല്ലേ അവർക് അറിയാത്ത വഴികളുണ്ടോ? അതു തന്നെ കാര്യം. 'എന്നൊക്കെ ഒരു നിമിഷം കൊണ്ട് ചിന്തിച്ച് പോയി.
നിങ്ങളിങ്ങോട്ട് വരുന്നുണ്ടെന്ന കാര്യം ഇദ്ദേഹം പറഞ്ഞു. കട്ടിലിൽ ഇരിക്കുന്ന വൃദ്ധൻ പറഞ്ഞു.
'ഞാനീ അമ്പലത്തിലെ പൂജാരിയാണ്. മഞ്ഞും മഴയും കൊണ്ട് വഴി വലിയ അപകടത്തിൽ ആയിരുന്നു. ഏതായാലും ഭഗവാൻ ഒരപത്തും കൂടാതെ നിങ്ങളെ ഇവിടെയെത്തിച്ചു.
'ജയ് ഭോലെ നാഥ് '.
ഇത്തവണ കിഷൻ ബബയാണ് വിളിച്ചത് '
'ജയ് ശങ്കർ ജി' താഴെയിരുന്ന ചെറുപ്പക്കാരും ഏറ്റു ചൊല്ലി.
'ഏതായാലും ഇനി രാത്രി ഇവിടെ വിശ്രമിക്കാം. താഴേക്ക് ഇന്നിനി മടങ്ങാൻ കഴിയില്ല.' യുവാവ് പറഞ്ഞു. ആയാൾ പൂജാരിയുടെ സഹായിയാണ്. തല മുണ്ഡനം ചെയ്ത്, സമുദ്ധമാ യി ധാരാളം ഭസ്മം പൂശി, രുദ്രാക്ഷ മാലകളണിഞ്ഞ ഒരു ചെറുപ്പക്കാരൻ.
വിഷ്ണു ശർമ എന്നതാണ് പ്രധാന പൂജാരിയുടെ പേര്. ആറു മാസം നീളുന്ന സീസൺ മുഴുവൻ മലമുകളിൽ തന്നെയാണ് താമസം. ഇടയ്ക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ താഴേ നിന്നും ക്ഷേത്ര ഭാരവാഹികൾ എത്തിക്കും. നട അടച്ചാൽ മാത്രമേ, കർണ്ണാടകത്തിലുള്ള അദ്ദേഹത്തിന്റെ വിദൂര ഗ്രാമത്തിലേക്ക് മടങ്ങൂ. സഹായിയായി വന്നിരിക്കുന്നത് മകനും അമ്പലത്തിലെ അടുത്ത പൂജാരിയും ആണ്. തലമുറകളായി ഇവരുടെ കുടുംബത്തിൽ പെട്ടവരാണ് ഇവിടുത്തെ പൂജാരിമാർ.
'നമുക്കിനി അത്താഴത്തിന്റെ കാര്യങ്ങൾ നോക്കാം' വൃദ്ധന്റെ വാക്കുകൾ കേട്ടതോടെ, മകൻ എഴുന്നേറ്റ് പോയി റൊട്ടിക്ക് മാവ് കുഴക്കാൻ തുടങ്ങി. സന്യാസി ചായ തിളപ്പിക്കാൻ അയാളെ സഹായിച്ചു.
അവിടെ നിരയായി സാമാന്യം വീതിയുള്ള മര ബെഞ്ചുകൾ ഉണ്ടായിരുന്നു. രണ്ടെണ്ണം കൂട്ടിയിട്ട്, ഗണേഷ് ബാഗിനുള്ളിൽ നിന്നും ഒരു കമ്പിളി പുതപെടുത്ത് വിരിച്ചു. മറ്റൊരെണ്ണമെടുത്ത് പുതച്ചു.
വിറകുകഷണങ്ങൾ ആളികത്താൻ തുടങ്ങി. തണുപ്പകലുന്നതായി തോന്നി. അസഹ്യമായ ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. പൂജാരിമാർ കനിഞ്ഞു നൽകിയ ഭക്ഷണം കഴിച്ചു കിടന്നതു മാത്രമേ ഓർമയൂള്ളു. പെട്ടെന്ന് ഉറങ്ങിപ്പോയി.
രാത്രിയുടെ ഏതോ യാമത്തിൽ ഗണേഷ് ഉണർന്നു. മുറിയിൽ അപ്പോഴും എരിയുന്ന തീക്കനലുകളുടെ വെളിച്ചമുണ്ടായിരുന്നു. വിളക്കിലെ എണ്ണ തീരാറായി. എല്ലാവരും അഗാധനിദ്രയിൽ ആണ്.
പതിയെ, ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. ഗണേഷ് പുറത്തിറങ്ങി. മൂടൽ മഞ്ഞും മഴയും തീർത്തും മാറിയിരിക്കുന്നു.കുന്നും ക്ഷേത്രത്തിനുമപ്പുറം അനന്തമായി, അതിരുകൾ കാണാനാവാതെ ചുറ്റും പരന്നു കിടക്കുന്ന ഉയർന്ന ഭൂമി.
എങ്ങും തെളിഞ്ഞ നിലാവു പരന്നൊഴുകുന്നു. സർവത്ര നിശബ്ദം. നിശബ്ദമായ അന്തരീക്ഷം. കാറ്റ് വീശുന്നില്ല. ഒരില പോലും അനങ്ങാത്ത ഗംഭീരമായ ശാന്തത.
ക്ഷേത്രത്തിനു പുറകിൽ നേരത്തെ കണ്ട ചരിവിലെ പാറ ക്കെട്ടിനടുത്തേക്ക് അയാൾ നടന്നു. പാറയുടെ ഒരു വശത്ത് നിന്നു ഒരു നീരുറവ അവിഘ്നം ഒഴുകുന്നു. നിലാവ് പ്രതിഫലിച്ചു അതിനു ഒരു വെള്ളനിറവും വ്യാപിച്ചിരിക്കുന്നു.
അല്പം പരന്ന ഒരു പാറയുടെ മുകളിലേക്ക് അയാൾ കയറി. അവിടെയിരുന്നു ചുറ്റുമുള്ള വിശാലമായ അൽഭുതലോകത്തിലേക്ക് ഒന്ന് കണ്ണോടിച്ചു.
ശേഷം കണ്ണുകളടച്ച് ആ ശ്രേഷ്ഠവും അനിര്‍വ്വചനീയവുമായ ആ കനത്ത നിശ്ശബ്ദതയിലേക്ക് , സാവധാനം മുഴുകി. ചിന്തകൾ പൂർണ്ണമായും ഒഴിഞ്ഞ, മനസ്സിന്റെ അഗാധ തലങ്ങളിലേക്ക് .
മെല്ലെ, ഒരു ധ്യാനത്തിലേക്കാണ്ടു പോയി.