(Yoosaf Muhammed)
സക്കറിയായ്ക്ക് ഒരു ആഗ്രഹം, മാർക്കറ്റിലെ എല്ലാ കടക്കാരെയും വിളിച്ച് ഒന്നു സൽക്കരിക്കണമെന്ന്. അതിന്അയാൾ മനസ്സിൽ ചില തയ്യാറെടുപ്പുകൾ ഒക്കെ നടത്തി അടുത്ത ഓണം വരെ കാത്തിരുന്നു. സക്കറിയാ മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിയാണ്. രണ്ടു മക്കളും, ഭാര്യയുമൊത്ത് കഴിയുന്ന ചെറിയ കുടുംബം.
ഒറ്റ മുറിയുള്ള, മറ്റു യാതൊരു വിധ സൗകര്യങ്ങളുമില്ലാത്ത ഒരു ചെറിയ വീട്ടിലാണ് താമസം. റോഡിൽ നിന്നും അല്പം മാറി, ഒരു തോടിനക്കരെയാണ് വീട് സ്ഥിതി ചെയ്യുന്നത്. ജോലി ഉണ്ടെങ്കിലും, ഇല്ലെങ്കിലും സക്കറിയ എന്നും രാവിലെ മാർക്കറ്റിലെത്തും. സക്കറിയായെ അറിയാത്തവർ ആരുമില്ല. ആളുകളുടെ എന്ത് ആവശ്യങ്ങൾക്കും അയാൾ മുൻ പന്തിയിലുണ്ടാവും.
സക്കറിയാ ഒരു രസികനും, അൽപ്പം കൂട്ടിപ്പിടിപ്പീരുകാരനുമാണ്. അങ്ങനെ ഓണം വരവായി.
തിരുവോണത്തിനു രണ്ടു ദിവസം മുൻപ്, മാർക്കറ്റിലെ പ്രധാന കടക്കാരെയെല്ലാം സക്കറിയാ ഓണസദ്യക്ക് തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. സദ്യക്ക് യാതൊന്നും ഉണ്ടാക്കാതെയാണ് അയാൾ എല്ലാവരെയും ക്ഷണിച്ചത്.
സക്കറിയായുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് സദ്യക്ക് ആരും ചെന്നതുമില്ല. പിറ്റേ ദിവസം രാവിലെ തന്നെ സക്കറിയാ മാർക്കറ്റിലെത്തി കടക്കാരോടെല്ലാം പരിഭവപ്പെട്ടു. "ഞാൻ ഒരു പാവപ്പെട്ടവനും, ഒന്നുമില്ലാത്തവനുമായതു കൊണ്ടായിരിക്കാം തൻ്റെ വീട്ടിൽ ആരും വരാതെ ഇരുന്നത്."
കടക്കാർ ഓരോരോ കാരണങ്ങൾ പറഞ്ഞ് അയാളെ സമാധാനിപ്പിച്ചു വിട്ടു.
പിന്നെയും ഒരു വർഷം കടന്നു പോയി. അടുത്ത ഓണം വരവായി. സക്കറിയാ നാലു ദിവസം മുൻപേ എല്ലാ കടക്കാരെയും ഓണസദ്യക്ക് ക്ഷണിച്ചു.
കച്ചവടക്കാരെല്ലാം, ഓണത്തിനു രണ്ടു ദിവസം മുൻപ് ഒത്തുകൂടി സക്കറിയായുടെ വീട്ടിൽ പോകുന്നതിനെക്കുറിച്ച് ചർച്ചയായി. ചിലർ പറഞ്ഞു. "അയാൾക്ക് എന്തെങ്കിലും ഗിഫ്റ്റു കൊടുക്കണം." എത്രയോ കാലമായി നമ്മുടെ മാർക്കറ്റിൽ അയാൾ പണി ചെയ്യുന്നു''
"നമ്മൾ ഒറ്റക്കൊറ്റക്ക് ഒന്നും കൊടുക്കണ്ട. എല്ലാവരും കൂടി നല്ല ഒരു സാധനം വാങ്ങി കൊടുക്കുക " - മറ്റു ചിലർ പറഞ്ഞു.
പിറ്റേ ദിവസം മാർക്കറ്റിൽ വന്ന സക്കറിയായോട് മൊയ്തു മുതലാളി ചോദിച്ചു "താങ്കൾക്ക് അത്യാവശ്യമുള്ള സാധനം എന്താണ്"?
"തൻ്റെ വീട്ടിൽ എല്ലാ സാധനങ്ങളുമുണ്ട്. ഒന്നിനും ഒരു കുറവുമില്ലാതെയാണ് ജീവിക്കുന്നത്." സക്കറിയാ പറഞ്ഞു.
മൊയ്തു മുതലാളി മറ്റു കടക്കാരെ സക്കറിയാ പറഞ്ഞ വിവരം ധരിപ്പിച്ചു'', എങ്കിലും അവർ ഒരു തീരുമാനമെടുത്തു.
പുതിയതായി മാർക്കറ്റിൽ തുടങ്ങിയ ഫർണിച്ചർ കടയിൽ നിന്നും നല്ലൊരു ''കട്ടിൽ 'വാങ്ങി കൊടുക്കാം എന്ന്. അതിനിടയിൽ പലചരക്കു കച്ചവടക്കാരനായ പൈലി മാപ്ലക്ക് ഒരു സംശയം " സക്കറിയാ ഇത്രയും ആളുകളെ വിളിച്ചു കൂട്ടിയിട്ട് ഒരു സാധനം പോലും തൻ്റെ കടയിൽ നിന്നും വാങ്ങിയില്ലല്ലോ എന്ന്."
കാരണം പൈലിയുടെ കടയിൽ നിന്നാണ് സക്കറിയാ വീട്ടു സാധനങ്ങൾ വാങ്ങുന്നത്.
ഏതായാലും ഓണത്തിൻ്റെ അന്ന് ഉച്ചയായപ്പോൾ മാർക്കറ്റിലെ കടക്കാരെല്ലാം ഒത്തുകൂടി. ഫർണിച്ചർ കടയിൽ നിന്നും കിട്ടലുമായി സക്കറിയയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. മുറിയിൽ കുട്ടികളോട് തമാശ പറഞ്ഞു കൊണ്ടിരുന്ന സക്കറിയായോട്, ഭാര്യ ഓടി വന്നു പറഞ്ഞു "ആരാണന്നറിയില്ല, കുറെ ആൾക്കാർ ഒരു കട്ടിലും ചുമന്ന് നമ്മുടെ വീട്ടിലേക്ക് വരുന്നുണ്ട്."
ഭാര്യയുടെ സംസാരം കേട്ട് വെളിയിലേക്ക് എത്തി നോക്കിയ സക്കറിയാഞെട്ടി! തൻ്റെ വീട്ടിലേക്ക് നടന്നു വരുന്നത്, മാർക്കറ്റിലെ പ്രമുഖരായ കച്ചവടക്കാർ, കൂടെ അവരുടെ ശിങ്കിടികളും
ഒരു നിമിഷം സക്കറിയാ ചിന്തിച്ചു. "താൻ എങ്ങനെ ഇവരെ അഭിമുഖീകരിക്കും. ഒരു വെള്ളം കൊടുക്കാൻ പോലും ഒന്നും ഇല്ല." വെറുതെ ഒരു തമാശക്ക് എല്ലാവരെയും വിളിച്ചതാണ്."
പിന്നെ ഒന്നും ആലോചിച്ചില്ല., സക്കറിയാ പുറകുവശത്തുകൂടി വെളിയിലേക്ക് ഒറ്റ ഓട്ടം. അച്ഛൻ ഓടുന്നതു കണ്ട് പകച്ചു നിന്ന കുട്ടികൾ കേട്ടത് ഒരലർച്ചയായിരുന്നു.
ഓട്ടത്തിനിടയിൽ പുറകിലത്തെ വാതിൽപ്പടിയിൽ കാൽ തട്ടി സക്കറിയാ തലയടിച്ചു വീണു. കുട്ടികളുടെ നിലവിളി കേട്ട് ഓടി വന്ന മാർക്കറ്റിലെ കച്ചവടക്കാർ കണ്ടത്, രക്തത്തിൽ കുളിച്ചു കിടക്കുന്ന സക്കറിയായേയാണ്.
അവർ കൊണ്ടുവന്ന കട്ടിൽ മുറ്റത്തിട്ട് സക്കറിയായേ അതിൽ കിടത്തി. അപ്പോഴേയ്ക്കും അയാളുടെ ജീവൻ പോയിരുന്നു. അന്ന് ആദ്യമായി സക്കറിയയുടെ വീട്ടിൽ ഒരു കട്ടിൽ ഉണ്ടായി. അതിൽ സക്കറിയയുടെ മരവിച്ച ശരീരവും.