ഭാഗം - 6
ചുവന്ന പൂവിന്റെ ചിത്രമുള്ള ചില്ലുഗ്ലാസ്സില്‍ പാല്‍ച്ചായയുമായി മുന്നില്‍ നില്‍ക്കുന്നു രമ.
'ഇതില് പഞ്ചാരയിട്ടിട്ട്ണ്ട്....ഏട്ടന്‍ മധുരം കുടിക്കില്ലേ'
'ഇയ്യി എപ്പളാ വന്നത്?'
'വൈകുന്നേരം എളേമ്മന്റെ കൂടെ'
ഒരിറക്ക് ചായകുടിച്ച് മറ്റൊന്നും ചോദിക്കാതെ ശംഭു മുറിയിലേക്ക് കയറി.
ഇത്തിരി കൂടി കഴിഞ്ഞപ്പോള്‍ കാഞ്ചന ചരമുറിയിലെത്തി. സിമന്റ് തറയില്‍ പായയില്‍ അലസമായി കിടക്കുന്നു ശംഭു.
'ഡാ.. ഇയ്യി അറിഞ്ഞോ.... രമക്ക് കോന്തനാരിയിലെ ഒര് പച്ചക്കറിപ്പീട്യക്കാരനും ആയിട്ട് ലോഹ്യാന്ന്... അതോണ്ടാ ഇപ്പളത്തെ കല്യാണം വേണ്ടാന്ന് പറയണതെന്ന്'
'എന്തിനാ ഇങ്ങട്ട് കുണ്ടോന്നത്'
'ഓളെ മനസ്സ് മാറ്റാന്‍'
രാത്രിയിലെ മാന്തള്‍ കൂട്ടാന് പ്രത്യേക രുചി.
'രമ ണ്ടാക്കിയതാ.. നന്നായിട്ട്ണ്ട് ല്ലേ'
അതേയെന്ന് തലയാട്ടി.
പിന്നീടുള്ള അധിക ദിവസങ്ങളിലും കൂട്ടാനില്‍ ഒരു രമ ടച്ച് വന്നു. മുന്‍തൂക്കംജീരകത്തിനാണെന്ന ഒരു കുറവ് ശംഭുവിന് തോന്നി. പക്ഷേ അത് പറഞ്ഞാല്‍ അവള്‍ക്ക് സങ്കടാവും.
കാഞ്ചന നിരന്തരം രമയോട് ഉത്‌ബോധന പ്രകിയ നടത്തുന്നു. കോന്തനാരിയിലെ കാമുകനെ മറക്കണമെന്ന് പലവട്ടം പറയുമ്പോഴും അവളുടെ ഭാവത്തിന് മാറ്റമൊന്നുമില്ല. പ്രസരിപ്പ് തന്നെ.
'കോന്തനാരിലെ ചെക്കന്റെ പേരെന്താ'
തനിച്ച് കിട്ടിയപ്പോള്‍ ശംഭു ചോദിച്ചു.
'ഏട്ടനത് വിശ്‌സിക്കണ്ട ട്ടോ... ഇപ്പം കല്യാണം കഴിക്യാന്‍ വര്ന്ന് ആള്‍ക്ക് നാല്പതിന്റട്ത്താ പ്രായം. അയാളെ ചെങ്ങായിമാരൊക്കെ വയസ്സമ്മാരാ. അതോണ്ട് കള്ളത്തരം പറഞ്ഞതാ ഞാന്‍'
ശംഭു അതിശയിച്ചു പോയി. അവള്‍ ഇപ്പോള്‍ പറയുന്നതാണ് സത്യമെന്ന് ശംഭുവിന് ബോധ്യപ്പെട്ടു. ഉള്ളിലെവിടെയോ രമ തന്നോട് കള്ളം പറയില്ലെന്ന ചിന്തുണ്ട്.
'ന്നാ പിന്നെ അത് പറഞ്ഞാപോരായിരുന്നോ'
'ബസ്സ് കാത്ത് നിക്കുമ്പം ഞാനാ പീട്യക്കാരനോട് വര്‍ത്താനം പറയണത് വീട്ടിനട്ത്തള്ള ആരോ കണ്ട്. അയാള് ഏഷണി പറഞ്ഞ്വീട്ടിലറിഞ്ഞ്...ഞാനത് തിരുത്താന്‍ പോയില്ല'
രമ ചിരിച്ചു.
ശംഭു ചിരിച്ചു.
അത് കണ്ട് വന്ന കാഞ്ചന മാത്രംചിരിച്ചില്ല.
രമ അകത്തേക്ക് പോയി
'വേണ്ട മോനേ.... മനസ്സ് വ്രണാക്കാന്‍ ഇഞ്ഞിം ഓരോന്ന് ണ്ടാക്കണ്ട.'
മറുത്ത് പറയാതം ശംഭു അകത്തേക്ക് കയറിയെങ്കിലും കാഞ്ചനക്ക് ആധി കേറാന്‍ ഇക്കാരണം തന്നെ മതിയായിരുന്നു.
'ഇയ്യും ശംഭും ആങ്ങളേം പെങ്ങളും ആയതോണ്ടാ എളേമ്മ വെലങ്ങിട്ടത്. ഇങ്ങള് തമ്മില് ചേരാമ്പറ്റൂല.. ഇങ്ങക്ക് വിവരല്ല്യാത്ത കാലത്ത് തമ്മില് സ്‌നേഹിച്ചിണ്. അതൊക്കെ കുട്ടിക്കള്യായി കണ്ടാ മതി..ട്ടോ'
രമക്ക് ഒരക്ഷരവും മനസ്സിലായില്ല.
പക്ഷേ പുട്ടിന് തേങ്ങയെന്നോണം ടാക്‌സി ഡ്രൈവറെ ഭര്‍ത്താവായി സ്വീകിരക്കാനും അതേ സമയം പച്ചക്കറിക്കടക്കാരനെയും ശംഭുവിനെയും പ്രേമിക്കാതിരിക്കാനും കാഞ്ചന മനഃപാഠം ചൊല്ലിക്കൊടുത്തുകൊണ്ടേയിരുന്നു.
രണ്ട് മാസത്തോളം രമ പരിയാരത്ത് താമസിച്ചു. ഇഷ്ടമായാലും അനിഷ്ടമായാലും ശേഖരന് മുന്നില്‍ കഴുത്തുനീട്ടാന്‍ കണക്കാക്കി അവള്‍ തലപ്പാടത്തേക്ക് തിരിച്ചു പോയി.
കല്യാണത്തിന് രണ്ട് ദിവസം മുമ്പേ തന്നെ അപ്പുണ്ണിയും കാഞ്ചനയും മക്കളും തലപ്പാടത്തുണ്ട്. പന്തലിടീലും കസേരയും മേശയും കൊണ്ട് വരലും എല്ലാം തകൃതി. തലേന്ന് രാത്രി പാര്‍ട്ടി നടക്കുന്നു.
തിരക്കിനിടയില്‍ എപ്പോഴൊക്കെയോ ശംഭു ഒരു കാര്യം ശ്രദ്ധിച്ചു. അച്ഛന്‍ വാങ്ങിക്കൊടുത്ത പീകോക്ക്പട്ടുസാരിയുടുത്ത് രമ അതിഥികളെ സ്വീരിക്കുമ്പോഴൊക്കെ ഒരു ദൃഷ്ടി തനിക്ക് നേരെ പായിക്കുന്നു. രാത്രി ഏറെ വൈകി പാര്‍ട്ടി അവസാനിച്ചു.
ഒരു ഭാഗത്ത് പാചകത്തിരക്ക്, ചിലര്‍ അത്യാവശ്യം മദ്യസേവയില്‍ ആരൊക്കയോ മേശയും കസേരയും സൗകര്യപ്രകാരം വലിച്ചിട്ട് ഉറക്കം തുടങ്ങിയിരിക്കുന്നു.
മുറ്റത്തു നിന്നും പാടത്തേക്കുള്ളനടവഴിയിലേക്ക് കയറിആരും കാണാതെ ഒരു സിഗരറ്റ് വലിക്കണം. ശംഭു പതിയെ ഇരുട്ടിലേക്ക് നീങ്ങി.
'ശംഭുഏട്ടന്‍ ഇന്നെ പറ്റിച്ച് ല്ലേ'
പന്തലിലുണ്ടായിരുന്ന വേഷത്തില്‍ തന്നെ രമ തൊട്ടു മുന്നില്‍
'എന്താ ണ്ടായത്'
'വേണ്ടായിരുന്ന് ട്ടോ.. '
'ഇയ്യിന്താ പറയണത്'
'എത്ര കാലം വേണെങ്കിലും കാത്ത് നിക്കേയിരുന്നു ട്ടോ... ഒന്ന് പറഞ്ഞൂടായിരുന്നോ'
ശംഭു ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി..ആരെങ്കിലും കേട്ടോ എന്ന്.
'ഇയ്യി പന്തലിലേക്ക് ചെല്ല്... ആള്‍ക്കാര് വേറെന്തെങ്കിലും വിചാരിക്കും..'
രമ വെളിച്ചമുള്ള ഭാഗത്തേക്ക് നടന്നു. ശംഭു എത്ര ഉരച്ചിട്ടും തീപ്പെട്ടിക്കൊള്ളി പൊടിഞ്ഞുകൊണ്ടേയിരുന്നു.
പിറ്റേന്ന് മംഗല്യപ്പന്തലില്‍ നാത്തൂന്മാരാല്‍ മുല്ലപ്പൂ ചൂടപ്പെട്ട് നിക്കുമ്പോഴും രമ ഒരാളെ മാത്രം പരതുന്നു. ആരും ശ്രദ്ധിക്കാത്തൊരു കോണില്‍ ഏറ്റവും സന്തോഷം മുഖത്ത് തേച്ചു പിടിപ്പിച്ച് ശംഭു മാറി നില്‍ക്കുന്നു.
മറ്റെവിടെക്കും നോക്കാന്‍ അവള്‍ക്കാവുന്നില്ല.
ശേഖരന്‍ താലികെട്ടാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ ഉണ്ടായ മറവില്‍, ശംഭു ആള്‍ക്കൂട്ടത്തില്‍ മറ്റൊരു കോണിലേക്ക് മാറി നിന്ന് കണ്ണു തുടച്ചു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ശംഭുവിന്റെ ആദ്യപ്രണയം വിജയം തന്നെ. പ്രണയം വിജയിക്കുന്നത്, വിവാഹത്തിലെത്താതെ പിരിയുമ്പോള്‍ മാത്രമാണല്ലോ.
ഡിഗ്രി ഫലം വന്നു. എന്തെങ്കിലും പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ച് ജോലി സമ്പാദിക്കണം. പിജിഡിസിഎ എന്നൊരു കോഴ്‌സുണ്ട്.
അച്ഛനോട് അതിനെ പറ്റി വിസ്തരിച്ചു.
'ആകെ ഒരു കൊല്ലത്തെ കോഴ്‌സാ... പന്ത്രണ്ടായിരം ആകെ ഫീസ് വേണം'
ഒരാഴ്ച കഴിഞ്ഞ് നാലിലൊന്ന് തുക അപ്പുണ്ണി ശംഭുവിന് കൊടുത്തു.
'പോയി ചേര്‍ന്നോ...ബാക്കി മാസാമാസം കൊടുക്കാ'
ദിവസം രണ്ട് മണിക്കൂറേ ക്ലാസ്സുള്ളൂ.
'ഇക്കൂട്ടത്തില്‍ യ്യി ടൈപ്പിങ്ങും കൂടി പഠിച്ചോ.... ടൈപ്പിസ്റ്റ് നല്ല ജോലിയാ'
കോളേജിനടുത്തുള്ള ഓറിയന്റല്‍ കോമേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ രാവിലത്തെ ബാച്ചില്‍ ടൈപ്പ് റൈറ്റിംഗ് ക്ലാസ്സ്. അത് കഴിഞ്ഞ് കമ്പ്യൂട്ടര്‍ ക്ലാസ്സ്.
പരിയാരത്ത് വീടിന്റെ പത്ത് വീടപ്പുറത്തുള്ള അമ്പിളി പ്രീഡിഗ്രി തോറ്റ് ടൈപ്പ് റൈറ്റിംഗ് പഠിക്കുന്നുണ്ട്. അമ്പിളിയെപ്പറ്റി അത്ര നല്ലതല്ലാത്ത കുറേ കഥകള്‍ ശംഭുവിന്റെ കാതിലുമെത്തിയിട്ടുണ്ട്. അമ്പിളി ഹൈസ്പീഡ് എത്തിയിത്തുണ്ട്. ശംഭു എ.എസ്.ഡി.എഫ് തപ്പിപ്പിടിച്ച് അടിച്ചുണ്ടാക്കുമ്പോഴേക്കും അമ്പിളി പ്രത്യേക താളത്തില്‍ കലാസില്‍ വാക്കുകള്‍ പതിപ്പിക്കുന്നു. ദിനന്റെ ക്ലാസ്സ്‌മേറ്റാണ് അമ്പിളി.
'ശംഭേട്ടന്‍ കമ്പ്യൂട്ടര്‍ന് പോണ് ണ്ട് ല്ലേ'
ശംഭേട്ടന്‍ എന്നുള്ള പ്രയോഗം കൊടുക്കുവ മേലായി പ്രതീതിയുണ്ടാക്കി.
'ശംഭേട്ടന്‍ പിജിക്ക് പോവാത്തതെന്തേ' വീണ്ടും കൊടുത്തുവ.
'ലതടീച്ചര്‍ ഇനി മുതല് പത്ത് മണിക്കേ വരൂ. രാവിലെ വരുന്നോര്‍ക്ക് ടൈപ്പിംഗ് പഠിപ്പിക്കാ ഇന്നെ ആണ് ഏല്പിച്ചത്'
അത് വേണ്ട എന്ന് മനസ്സപ്പോള്‍ തന്നെ പറഞ്ഞു.
അന്ന് ഉച്ചകഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഓറിയന്റില്‍ഡ കയറി ടീച്ചറോട് അടുത്ത ദിവസം മുല്‍ ഉച്ചക്കേ ടൈപ്പിന് വരൂ എന്ന് പറഞ്ഞു.
രണ്ടാം ദിവസം ഉച്ചക്ക് ശംഭു ഇരിക്കുന്നതിനടുത്ത സീറ്റില്‍ അമ്പിളി.
'യ്യി ടൈം മാറ്റ്യോ'
'മാറ്റി'
വൈകുന്നേരം പോരാന്‍ നേരത്ത് ടീച്ചറോട് വീണ്ടും അഭ്യര്‍ത്ഥന
'ഞാന്‍ നാളെ മുതല് രാവിലെ തന്നെ വരാം'
പിറ്റേന്ന് ശംഭുവിനെക്കാള്‍ മുമ്പേ അമ്പിളി ടൈപ്പിംഗ് തുടങ്ങിയിരിക്കുന്നു. ആരോടും ഒന്നും പറയാതെ ശംഭു പുറത്തേക്കിറങ്ങി
'ശംഭേട്ടന്‍ ടൈപ്പ് ചെയ്യുന്നില്ലേ'
'ഇയ്യെന്തിനാ ഞാന്‍ മാറ്റിന്ന സമയത്തൊക്കെ ന്റെ കൂടെ വരണത്...'
'അതിനെന്താ കൊഴപ്പം'
'ഇനിക്കിഷ്ടല്ല്യ'
'ഇനിക്കിഷ്ടാണ്'
മേലാസകലം കൊടുത്തുവ ഉരച്ചപോലെ. താന്‍ കേട്ട കഥകളില്‍ ഒരുപാട് കാമുകന്മാരുള്ള പെണ്‍കുട്ടിയാണ് അമ്പിളി. എല്ലാരുടെയും കൂടെ സിനിമക്കും കൂള്‍ബാറിലും ചുറ്റി നടക്കുന്ന പെണ്ണ്. തന്നെയും അവളുടെ വലയത്തിലേക്ക് പിടിച്ചു വലിക്കുന്നു.
'ഇയ്യി ഇന്നെ അങ്ങനെ വിചാരിക്കണ്ട ട്ടോ...'
കുറച്ച് നാളേക്ക് അമ്പിളി ഇന്‍സ്റ്റിറ്റൂട്ടില്‍ മറ്റൊരു സമയത്ത് വരികയും ശംഭുവിന്‍ സ്വസ്ഥത തിരിച്ചു കിട്ടുകയും ചെയ്തു.
ക്ലാസ്സില്ലാത്ത സമയത്ത് അധിക നേരവും നാസറിന്റെ സലൂണിലാണ് ശംഭു ക്യാമ്പ് ചെയ്യുന്നത്. സജീവും അവിടുത്തെ കൂട്ടാണ്.
സജീവിന്റെ വീട് പന്നിക്കുളത്താണ്. അമ്പിളിയും മച്ചൂനന്‍. അവന്‍ നിരന്തരം കോളേജിനടുത്ത വരുന്നത് അമ്പിളിയെ കാണാനാണ്.
'അമ്മാമന്‍ അമ്പിളിനെ ഇനിക്ക് കെട്ടിച്ച് തരൂല. ശംഭു സഹായിക്കോ'
'അയ്യേ ഞാനൊന്നും പറയൂല അന്റമ്മാമന്‍ മദ്യപിച്ചാല് തെറി മാത്രമേ പറയു. ഇനിക്കയാള ഇഷ്ടല്ല'
'അതിനല്ല... ഞങ്ങള് രജിസ്റ്ററ് ചെയ്യാമ്പോവാ..സാക്ഷി ആയിട്ട് വരോ'
'ഇനിക്ക് പറ്റൂല.. ഓരോ പ്രശ്‌നങ്ങള് ണ്ടാക്കാനായിട്ട്'
'ശംഭു മാത്രല്ല, പോസ്റ്റാഫീസെ ഇഡി സുരനും ഇവടത്തെ നസറും ണ്ടാവും. പിന്നെ അമ്പിളിന്റെ കൂട്ടുകാരികളും ണ്ടാവും'
ശംഭുവിന് അരമനസ്സ് പോലും ഇല്ല. എന്നാലും പാകപ്പെടുത്തിയെടുത്തു. പക്ഷേ ശംഭുവിന്റെ ആശങ്ക ശമിപ്പിച്ചു കൊണ്ട് സജീവന്‍ കോളേജിനടുത്തേക്കുള്ള വരവ് കുറച്ചു.
കോളേജില്‍ നിന്നും പരിയാരത്തേക്കുള്ള ഇറക്കവും വളവുമുള്ള റോഡില്‍ പണ്ടകശാല അമ്പലത്തിലേക്ക് റോഡ് തിരിയുന്ന മൂലയില്‍ ഒരു വൈകുന്നേരം അമ്പിളി നില്‍ക്കുന്നു. ശ്രദ്ധിക്കാതെ പോകാന്‍ ശംഭു തല താഴ്തി
'ശംഭേട്ടാ.... ഒര് ഹെല്പ് ചെയ്യോ'
'എന്തേ'
'നാളെ രാവിലെ പുതിയമ്പലത്തിനട്ത്ത് വരോ'
'എന്തിനാ'
'സജീവ് അവിടെ വെരും. ഞങ്ങള് നാട് വിട്ട് പോവ്വാ. അമ്പലത്തിന്ന് മാല ഇടണെങ്കില് സാക്ഷികള് വേണം'
'ഇന്ക്ക് വയ്യട്ടോ..പ്രശ്‌നാകും'
'നാട് വിട്ട് പോയില്ല്യെങ്കില് വേറെ ആളെക്കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കും. ഒര് ഫാര്‍മസിസ്റ്റ് ആലോചന ഉറച്ച പോലാ... അത് നടക്കൂല ഞാനും സജീവും ആത്മഹത്യ ചെയ്യും'
ഒരു ആത്മഹത്യ ഒഴിവാക്കുക എന്നതിലുപരി, ഒരു രജിസ്റ്റര്‍ കല്യാണത്തിന് സാക്ഷിയാവാന്‍ മാത്രം പക്വത തനിക്ക് വ്ന്നുവെന്ന ആത്മരതിയില്‍ ശംഭു ചെല്ലാമെന്നേറ്റു.
സമയം തെറ്റാതെ അമ്പലനടയിലെ ആല്‍ചോട്ടില്‍ എത്തി.
അരമണിക്കൂറോളം കഴിഞ്ഞു. ശംഭുനെ ഞെട്ടിച്ചു കൊണ്ട് നാട്ടിലെ ഇസാഖിന്റെ ബജാജ് ഓട്ടോയില്‍ വലിയൊരു ബാഗുമായി അമ്പിളി വന്നിറങ്ങി. ഇസാഖ് ശംഭുവിനോട് പരിചയം കാണിക്കാന്‍മാത്രം ചിരിച്ചു, തിരിച്ചു പോയി.
'എവ്‌ടെ സജീവും ചങ്ങായ്മാരും'
'ഇപ്പം വരും'
അപ്പോഴും വന്നില്ല പിന്നെയും വന്നില്ല.
'സജീവ് വരൂല ട്ടോ അമ്പിളി വീട്ടിലേക്കി പൊയ്‌കോ.. ഞാമ്പൂവ്വാ '
ശംഭു ബസ് സ്റ്റാന്റിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു.
'സജീവ് വന്നില്ല്യെങ്കില് ഞാന്‍വീട്ടില് പോവൂല. കത്തെഴ്തി വച്ചിട്ടാ ഞാന്‍ പോന്നത്. തിരിച്ച് ചെന്നാ അച്ഛന്‍ കൊല്ലും ആ ഫാര്‍മസിസ്റ്റ് ഇന്നെ കല്യാണം കഴിക്കും'
'പിന്നെ ഇയ്യി എങ്ങട്ടാ പോണത്'
'തീവണ്ടിക്ക് ചാടും'
ഒരു ഞെട്ടല്‍ ശംഭുവിന്റെ ഇടത്തെ നെഞ്ചിലേത്ത് ഇരച്ചു കയറി. ഇവള് പറഞ്ഞത് പ്രകാരം ചെയ്താല്‍ കുടുങ്ങുന്നത് താനാവും. താനും അമ്പിളിയും സംസാരിക്കുന്നത് ഇസാഖ് കണ്ടതാണ്. വന്ന് പെട്ടത് വലിയൊരു കെണിയില്‍.
'വേണ്ടാത്തത് പറയാതെ വീട്ടിക്കി പൊയ്‌കോ'
'പോവൂല'
'ഞാമ്പോയി വീട്ടില്‍ പറയും'
'ഞാന്‍ മരിക്കും'
പതിഞ്ഞ വാഗ്വാദങ്ങള്‍.
അവസാനം അന്ന് പക്വവും പിന്നീട് അപക്വവും ശംഭുവിനെ മരണവക്കത്തേക്ക് നടത്തിച്ചതുമായ തീരുമാനം പിറന്നു.
'ഇവടന്ന് അരമണിക്കൂറ് പോയാല് ന്റെ മാമന്റെ വീടാ. അന്നെ ഞാനവിടെ എത്തിക്കും. ന്നിട്ട് അന്റെ പാപ്പന്മാരോട് കാര്യം പറയും. പാപ്മ്മാര് നല്ല സൊഭാവള്ളോരല്ലേ, അതിനെടക്ക് ഞാന്‍ സജീവിന്റെ വീട്ടിലേക്കി ഫോണ്‍ വിളിച്ച് നോക്കാം....സജീവ് എവ്‌ടെങ്കിലും കുടുങ്ങി കെടക്കാണെങ്കിലോ '
പാതിമനസ്സോടെ ശംഭുവിന്റെ തീരുമാനത്തെ അംഗീകരിച്ച് അമ്പിളി തട്ടാറമ്പത്ത് വിരിപ്പിലേക്ക് പോകുന്ന ബസ്സില്‍ ശംഭുവിന് പിന്നാലെ കയറി.
രാഗിണിചേച്ചിയോട് കാര്യമവതരിപ്പിച്ചു.
അമ്പിളിയെ രാഗിണിക്കൊപ്പം വിട്ട് ശംഭു വിരിപ്പിലെ ഫോണ്‍ ബൂത്തില്‍ ചെന്ന് സജീവിനെ വിളിച്ചു. ഫോണ്‍ എടുത്തത് സജീവ് തന്നെ. ശംഭുവിന് പേയിളകി. വായില്‍ തോന്നിയതൊക്കെ പറഞ്ഞു.
'ഞാന്‍ കണ്ടക്ടറായി പോണ ബസിന്റെ മൊതലാളിയുടെ അമ്മ മരിച്ച്. അതാ വരാഞ്ഞത്'
കത്തിജ്വലിക്കുന്ന പ്രേമവും ഉരുകിയൊലിക്കുന്ന ഉത്തരവാദിത്തവും.
'ഇനി അമ്പിളിനെ അങ്ങട്ടിക്ക് വിടണ്ട. രാത്രി ഞാനും ചങ്ങായ്മാരും ജീപ്പ് വിളിച്ച് വരാ അത് വരെ ശംഭു അവടെ ണ്ടാവണേ'
മറ്റ് വഴികളില്ല. സന്ധ്യായാല്‍ അമ്മ അന്വേഷിക്കും.
ഒരു സമയപരിധി കഴിഞ്ഞാല്‍ അമ്പിളിയെയും അന്വേഷിക്കും. അമ്പിളി ഒളിച്ചോടുന്ന കത്ത് കണ്ടെത്തും. നാട്ടില്‍ പതുക്കെ പരക്കും..അത് ഇസാഖിന്റെ ചെവിയിലെത്തും..ഇസാഖ് തന്നെ അമ്പിളിക്കൊപ്പം കണ്ട കാര്യം പുറത്ത് പറയും.... ശംഭുവിന്റെ ഭൂമി കുലുങ്ങുന്നു ശംഭുവിന്റെ നെഞ്ചില്‍ പൊട്ടിയൊലിക്കാന്‍ഒരഗ്നിപര്‍വ്വതം പുകയുന്നു..
രാത്രി....
സജീവ് വന്നില്ല.
വീട്ടില്‍ നിന്നിറങ്ങിയ അതേ അവസ്ഥയിലാണ് ശംഭുവും അമ്പിളിയും.
വരാത്ത സജീവ് ഒരു സാങ്കല്‍പ്പിക കഥാപാത്രമായി അമ്മാവന്റെ വീട്ടിലുള്ളവര്‍ തീരുമാനിക്കുന്നു.
അതേ സമയം ശംഭു കണക്ക് കൂട്ടിയതൊക്കെ നടന്നു.
സജീവ് നാട്ടുകാരുടെ മുന്നില്‍ കൈ മലര്‍ത്തി.
'ശംഭുന്റെ കൂടെ തട്ടാറമ്പത്ത് ഒര് വീട്ടില്‍ അമ്പിളിണ്ട്'
അമ്മാവന്മാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് സജീവ് ഉത്തരം കൊടുത്തു.
ചൂട്ട്... ടോര്‍ച്ച് എന്തല്ലാമാണ് അര്‍ദ്ധരാത്രിക്ക് മുമ്പ് തന്നെ തട്ടാറമ്പത്തെ വീട്ടിലേക്ക് ഇരച്ച് വന്നതെന്ന് ശംഭുവിന് തെളിഞ്ഞില്ല. മൂന്നോ നാലോ മിടുട്ടുകള്‍.
പോസീല് റെയ്ഡില്‍ പിടിക്കപ്പെട്ട പോലെ തിരച്ചിലുകാര്‍ വന്ന ജീപ്പില്‍ ഒരു സീറ്റില്‍ ആദ്യമായും അവസാനമായും അവരിരുന്നു.. ശംഭുവും അമ്പിളിയും.
സാഹചര്യവിസ്താരം രണ്ട് ദിവസംകൊണ്ട് തീര്‍ന്നു. ശംഭു നിരപരാധിയെന്ന് ആത്മാര്‍ത്ഥ സ്‌നേഹമുള്ളവര്‍ ബോധ്യപ്പെട്ടു. പക്ഷേ നാട്ടിലെ ആദ്യ സയന്‍സ് ബിരുദക്കാരനോട് അലിവ് തോന്നാത്ത ചിലരൊക്കെ ശംഭു ഒളിച്ചോട്ടക്കാരനെന്നും പെണ്ണിനെ തട്ടിക്കൊണ്ടുപോയവനെന്നും സ്ഥാപിച്ചെടുക്കാന്‍ മത്സരിച്ചു.
അമ്പിളിയെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റി നട്ടു.
നാട്ടുകാര്‍ചിരിച്ചു.
പല അര്‍ത്ഥതലങ്ങളില്‍ ശംഭു വീട്ടില്‍ ഒറ്റപ്പെടുന്നു.
'മാനം കെട്ടവന്‍'
'ഇനി ഞങ്ങളെങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും'
'ആണത്തം വേണെടോ...സ്‌നേഹിച്ച് ഇറങ്ങിപ്പോന്നവളെ ആവശ്യം കഴിഞ്ഞ് കൈവിടുന്നത് ആണത്തമല്ല'
പല ഭാവനകള്‍..
പക്ഷേ അപ്പുണ്ണിയോ കാഞ്ചനയോ ശംഭുനെ പഴിച്ചില്ല.
'കേക്കാനുള്ളത് കേക്കും. അത് വിധ്യായിട്ട് കൂട്ടിക്കോ... സാരല്ല്യട്ടോ'
ജോലിക്ക് പോകാന്‍ നേരം അപ്പുണ്ണി കാഞ്ചനയുടെ അടുത്ത് വന്ന് സ്വകാര്യം പറയും.
'ഓനെ ശ്രദ്ധിക്കണം ട്ടോ...'
ആദ്യമാദ്യം ശംഭു പുറത്തിറങ്ങിയെങ്കിലും ചില ചിരികള്‍. ചില മുനയുള്ള വാക്കുകള്‍...
തലക്കകത്ത് മുരളുന്ന വണ്ടുകള്‍ താന്‍ ഭ്രാന്തനാവുന്നു എന്ന് തോന്നിയനിമിഷം പരിചയമുള്ള സൈക്കാട്രിസ്റ്റിമുന്നില്‍ അഭയം.
'രാത്രി ഒരെണ്ണം കഴിച്ചാല് നല്ല ഒറക്കം കിട്ടും'
നാല് മെഡിക്കല്‍ ഷോപ്പുകളില്‍ കയറി നാലിരട്ടി ഉറക്കഗുളിക വാങ്ങി.
ഒരു രാത്രി ചരുമുറിയില്‍ നിര്‍ത്താതെ ഉറങ്ങാനായി കുറേ ഉറക്കഗുളികകള്‍ ഒന്നിച്ച് വായിലിട്ട് ശംഭു വെള്ളം കുടിച്ചു...
(തുടരും)